Monday, 1 September 2014

A trip to Bonacaud, Thiruvananthapuramബോണക്കാട് എന്ന് പറയുമ്പോൾ ഏവരും എന്നോട് അത്ഭുതപൂർവം ചോദിക്കുന്ന ഒരു ചോദ്യമാണ് "അതെവിടെയാണ്?" ഈയൊരു ചോദ്യമാണ് എന്നെ ഈ യാത്രാവിവരണം എഴുതാൻ പ്രേരിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് ബോണക്കാട്. ലോകമെമ്പാടും പ്രശസ്തമായ ജൈവവൈവിധ്യങ്ങളുടെ കാലവറയായി അറിയപ്പെടുന്ന അഗസ്ത്യാർകൂടത്തിലേക്കുള്ള പ്രവേശനകവാടമായി ബോണക്കാടിനെ കാണാം. ബോണക്കാട്ടിൽനിന്നും 20 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാൽ മാത്രമേ അഗസ്ത്യാർകൂടത്തിലെത്താൻ സാധിക്കുകയുള്ളൂ.

രണ്ടു വർഷം മുന്നേ ഒരു ക്രിസ്തുമസ് അവധിക്കാലം ചിലവഴിക്കാൻ തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തുള്ള  ആന്റിയുടെ വീട്ടിലെത്തിയതായിരുന്നു ഞാൻ. കസിനുമൊത്ത് എപ്പോളും പുറത്തുപോകാറാണ് പതിവ്. എന്നാൽ അടുത്ത ദിവസം കസിന് ആലപ്പുഴ വരെ പോകേണ്ടിയിരിക്കുന്നു. അപ്പോഴാണ് തന്നെ ഒന്ന് കറങ്ങാം എന്ന് കരുതിയത്. ഞാൻ ഇൻറർനെറ്റിൽ തിരഞ്ഞു. അവസാനം പണ്ടേ മനസ്സിൽ കിടക്കുന്ന അഗസ്ത്യാർകൂടത്തിലേക്ക് പോകാമെന്ന് തീരുമാനത്തിൽ എത്തി. രാവിലെ അങ്കിളിനെ ഓഫീസിൽ വിടണമെന്ന് പറഞ്ഞു. ബാറ്ററി ചാർജ് ചെയ്യാൻ കൊടുത്തിരിക്കുന്നതിനാൽ ഹോൺ, സ്പീഡ് മീറ്റർ, ഫ്യുവൽ മീറ്റർ, സെല്ഫ് സ്റ്റാർട്ട് എന്നിവയൊന്നും പ്രവർത്തിക്കാത്ത ഡിയോ സ്കൂട്ടർ മാത്രമാണ് ഉള്ളത്. കാറിലുള്ള യാത്ര മുതലാകില്ല. എങ്കിൽ അതിൽത്തന്നെ വിടാമെന്ന് കരുതി.

അങ്കിളിനെ കാവടിയാറിൽ വിട്ട് ഞാൻ എന്റെ യാത്ര തുടങ്ങി. പേരൂർക്കട, നെടുമങ്ങാട് വഴിയാണ് യാത്ര. പൊന്മുടിക്ക് പോകാനുള്ള വഴിയാണിത്. എന്നാൽ വിതുരയിൽനിന്നും തിരിഞ്ഞുപോകണം. ഗൂഗിൾ മാപ്പിൽ തിരഞ്ഞാണ് എന്റെ എന്നത്തേയും യാത്ര. ബോണക്കാട് എന്നാണ് മാപ്പിൽ അവസാനം കാണിച്ചിരിക്കുന്നത്. അഗസ്ത്യാർകൂടം നോക്കിയപ്പോൾ എങ്ങനെ ബോണക്കാട് വന്നു എന്ന്  ഞാൻ ആലോചിച്ചു.  ആദ്യമായി കേൾക്കുന്ന സ്ഥലം. ഞാൻ ഏതായാലും മുന്നോട്ടുതന്നെ നീങ്ങി.

വിതുരയിൽനിന്നു തിരിഞ്ഞു മുന്നോട്ട് പോയപ്പോഴേക്കും ആളുകുറഞ്ഞ സ്ഥലങ്ങളായിരുന്നു. പിന്നീട് വഴി ചോദിച്ചപ്പോളാണ് അറിയുന്നത് അഗസ്ത്യാർകൂടത്തിലേക്ക് പ്രത്യേക പാസ്സ് എടുക്കാതെ കയറ്റിവിടില്ല, വേണമെങ്കിൽ ബോണക്കാട് വരെ പോയിവരാം. പക്ഷെ  ബോണക്കാട്ടിലേക്ക് ഇപ്പോൾ പ്രവേശനം ഉണ്ടാകില്ല എന്ന സംശയവും അവർ പങ്കുവച്ചു. ഏതായാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല. 

കുറേക്കൂടി മുന്നോട്ടുചെന്നപ്പോൾ ഒരു ഡയറി ഫാം കാണാനിടയായി. ഏതോ യക്ഷി സിനിമകളിൽ കണ്ടുമറന്ന സ്ഥലങ്ങൾപോലെ എനിക്ക് അവിടം തോന്നി. വിജനമായ ആ സ്ഥലത്ത് ഒറ്റപ്പെട്ട ഒരു ഡയറി ഫാം. അവിടെ കുറച്ച് മരങ്ങൾ വെട്ടി അടുക്കി വച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
 അതിനുശേഷം വനം ആരംഭിക്കുകയാണ്. മുൻപോട്ട് പോകുമ്പോഴാണ് ഒരു ചെക്‌പോസ്റ് മുന്നിൽപെടുന്നത്. വനംവകുപ്പിന്റെയാണ് ചെക്‌പോസ്റ്. അവിടെ ഏതാനും യുവാക്കൾ പോസ്റ്റായി നിൽക്കുന്നതും കണ്ടു. മുന്നോട്ടുപോകരുതെന്ന് ബോർഡുമുണ്ട്. ഫോറെസ്റ് വാച്ചറായ ഒരു ചേട്ടനെ അവിടെ കാണാനായി. വാച്ചറോടു അകത്തോട്ടുള്ള പ്രവേശനത്തിനെപറ്റി അന്വേഷിച്ചു. ഒരു രക്ഷയുമില്ല. ബോണക്കാട്ടിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണത്രെ. ബോണക്കാട്ടിലെ നിവാസികൾ അല്ലാത്തപക്ഷം മതിയായ കാരണവുമായി എത്തുന്നവർക്കോ അഗസ്ത്യാർകൂടത്തിലേക്കുള്ള പാസ്സുള്ളവർക്കോ മാത്രമാണ് അവിടേക്ക് സ്വന്തം വാഹനത്തിൽ പോകാനാവുക. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ബസ്സിൽപോയി അതിൽത്തന്നെ മടങ്ങിയെത്തണം. ബോണക്കാട് കാണാനെത്തിയ ഞാനുൾപ്പെടെയുള്ള യുവാക്കളെല്ലാം നിരാശരായി നിൽക്കുകയാണ്. ചിലർ മടങ്ങിപ്പോയി. മറ്റുചിലർ അടുത്തുള്ള വെള്ളച്ചാട്ടത്തിനു സമീപം മദ്യപാനത്തിനുള്ള സ്ഥലം കണ്ടെത്തി അങ്ങോട്ട് നീങ്ങുന്നു. ഞാൻ ആ ചെക്‌പോസ്റ്റിൽ ഒറ്റയ്ക്കായി. പ്രവേശിക്കുവാനുള്ള എന്റെ ശ്രമങ്ങളെല്ലാം വിഫലമായല്ലോ എന്നോർത്തു ഞാൻ നിന്നു. ഏതായാലും ഇവിടംവരെ എത്തിയ നിലയ്ക്ക് ഏതായാലും കണ്ടിട്ടേ മടങ്ങുന്നുള്ളു എന്നുറപ്പിച്ചു.


വാച്ചറെ  ഒന്ന് പരിചയപ്പെടാമെന്ന് കരുതി.  പേര് സോമൻ. ഞാൻ സോമൻ ചേട്ടനോട് മറ്റു വഴികളെപ്പറ്റി അന്വേഷിച്ചു. വേണമെങ്കിൽ ബസ്സിൽ പോയിട്ട് മടങ്ങിവരാൻ അദ്ദേഹം പറഞ്ഞു. ഞാൻ അങ്ങോട്ട് പ്രവേശിപ്പിക്കാത്തതിന്റെ കാരണം ചോദിച്ചറിഞ്ഞു. ഇനിയുള്ള 12 കിലോമീറ്റർ ദൂരം കൊടുംകാടാണത്രെ. വഴിയിൽ എപ്പോൾ വേണമെങ്കിലും കാട്ടാനക്കൂട്ടവും കരടികളും പ്രത്യക്ഷപ്പെടാം. കൂടാതെ ബോണക്കാട്ടെ തേയില മാനേജ്‌മന്റ് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിൽ അതൃപ്തിയും അറിയിച്ചത്രെ. ഏതായാലും ബസ്സിനാണെങ്കിലും പോയിക്കാണാൻ തന്നെ ഞാൻ തീരുമാനിച്ചു. ഞാൻ കേരളത്തിലൊട്ടാകെ യാത്ര ചെയ്‌ത വനങ്ങളെപ്പറ്റിയും അവിടുത്തെ കാഴ്ചകളും കൂടാതെ ഇതുനുമുമ്പ് വന്യമൃഗങ്ങളുമായി മുഖാമുഖം കണ്ട നിമിഷങ്ങളും അദ്ദേഹത്തിനോട് പറഞ്ഞു. സോമൻ ചേട്ടനും അദ്ദേഹത്തിന്റെ അനുഭവങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. വനത്തിന്റെ ഭീകരതയിൽ നിന്ന് കാട്ടിലെ കഥകൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്. ചെക്‌പോസ്റ്റിൽ കഴിഞ്ഞയാഴ്ച ആനക്കൂട്ടം വന്ന കഥയാണ് അതിൽ പുതിയത്. ഞാൻ പരോക്ഷമായി, എന്റെ അനുഭവങ്ങൾ അദ്ദേഹത്തെ അറിയിച്ച് എങ്ങനെയും ബോണക്കാട്ടേക്ക് പ്രവേശിക്കുവാനാണ് ശ്രമിച്ചത്. ഏതായാലും പദ്ധതി വിജയിച്ച ലക്ഷണമുണ്ട്. ഞാൻ ബസ്സിനായി കാത്തിരുന്നു. അപ്പോഴാണ് ഒരു ബൈക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചത്.

ഓടിക്കുന്ന ആളെ കണ്ടിട്ട് അവിടെയുള്ള ആളെപ്പോലെ ഉണ്ട്. പുറകിൽ ഒരു അമ്മൂമ്മയും. ബോണക്കാട്ടുകാരാണെന്ന്  ഞാൻ ഊഹിച്ചു. ആ വണ്ടി ചെക്ക്പോസ്റ്റിനു സൈഡിലൂടെയുള്ള ചെറിയ വിടവിലൂടെ അകത്തേക്ക് കയറ്റിക്കൊണ്ടുപോയി. ഞാൻ സോമൻ ചേട്ടന്റെ മുഖത്തേക്ക് നോക്കി. "ഞാൻ അവരുടെ പുറകേ പൊക്കോട്ടെ ചേട്ടാ" ഞാൻ പ്രതീക്ഷയോടെ ചോദിച്ചു. "പൊക്കോ" സോമൻ ചേട്ടൻ. പിന്നെ നിന്നില്ല. ഓടി വണ്ടി സ്റ്റാർട്ടാക്കി പുറകേ വിട്ടു. മോശം ഉദ്ദേശം ഒന്നുമില്ല എന്ന്  മനസ്സിലാക്കിയതിനാലാവണം അദ്ദേഹം എന്നെ പോകാൻ അനുവദിച്ചത്. വനത്തിനുള്ളിലേക്ക് കടന്നു. മുൻപേ ഉള്ളവർ ബൈക്കിലായതിനാൽ വേഗത്തിൽ പോയി. അവരുടെ പൊടിപോലും കാണാനില്ല. ഞാൻ ഏതായാലും പതുക്കെ കാഴ്ച്ചയൊക്കെ കണ്ട് പോകാമെന്നുകരുതി. വഴിയിൽ ഇടയ്‌ക്കൊക്കെ ആനപ്പിണ്ടം കിടപ്പുണ്ട്. എങ്ങും നിശബ്ദത മാത്രം. വനത്തിന്റെ ഭയാനകമുഖം അടുത്തറിയാൻ സാധിക്കുന്ന നിമിഷങ്ങൾ. 12 കിലോമീറ്റർ  ദൂരത്തിൽ ഞാനും മുന്നേ പോയ ബൈക്കും മാത്രം. മനസ്സിൽ ഒരു ഉന്മേഷം തോന്നി. ഇതുപോലെയൊരു അവസരം കേരളത്തിൽ വേറെയെവിടെയും ലഭിക്കില്ല എന്ന് എനിക്ക് തോന്നി. വൃക്ഷങ്ങൾ ഇടതൂർന്നു നിൽക്കുന്ന വനം മുതൽ ഒരു വശം ചെങ്കുത്തായ കൊക്കവരെയുള്ള കാഴ്ചകൾ വന്നുപോയ്ക്കൊണ്ടിരുന്നു.

അങ്ങനെ വനത്തിലൂടെയുള്ള ആ നീണ്ട ഏകാന്തയാത്രയ്ക്കൊടുവിൽ ബോണക്കാടെന്ന ആ സുന്ദരഗ്രാമം എന്റെ മുന്നിലേയ്ക്ക് തെളിഞ്ഞുവന്നു. തീർത്തും ഒരു ഒറ്റപ്പെട്ട ഗ്രാമം. ഏതാനും ചില പഴയ കടകളും ഒരു പോസ്റ്റോഫീസും, ഗവൺമെന്റ് സ്കൂളുമാണ് അവിടെ എനിക്ക് കാണുവാനായത്.

സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. ചെറുതായി വിശപ്പും ആരംഭിച്ചിരിക്കുന്നു. ചായക്കടകൾ മാത്രമേ അവിടെ കണ്ടെത്തുവാൻ സാധിച്ചുള്ളൂ. ഞാൻ സ്കൂട്ടറിൽ മുന്നോട്ട്തന്നെ യാത്ര തുടർന്നു. കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോഴാണ് ബോണക്കാട്ടെ ആ പ്രധാന കാഴ്ച കണ്ടത്. കാലം ബാക്കിനിർത്തിയ ഒരു ചരിത്രസ്മാരകമെന്നോണം നീണ്ടുനിവർന്നു നിൽക്കുന്ന ഒരു പഴയ തേയില ഫാക്ടറി.

വനത്തിന്റെ ബാക്‌ഗ്രൗണ്ടിൽ ത്രീ ഡി ഇഫക്റ്റാണ് ആ ഫാക്ടറിക്ക് ഉള്ളത്. ഞാൻ സ്കൂട്ടർ ഒതുക്കി ചില ചിത്രങ്ങൾ പകർത്തി. ഇനി എന്തുചെയ്യണം എന്നും മനസ്സിൽ അതോടൊപ്പംതന്നെ ആലോചിക്കുന്നുണ്ടായിരുന്നു. മുന്നോട്ട് വഴികൾ കാണുവാനില്ല. ചുറ്റുപാടും ആരെയും കാണുന്നുമില്ല. അപ്പോഴാണ് എന്തോ ഒരു അദ്ഭുതംപോലെ പുറകിൽ ഒരാൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത്. ഒരു 26 വയസ്സ് പ്രായംതോന്നിക്കുന്ന ചേട്ടൻ. എന്തോ നിധി കിട്ടിയപോലെ ഞാൻ ചോദിച്ചു "ചേട്ടാ, ഇവിടെ ഇനിയെന്താണുള്ളത്". എന്റെകൂടെ പോരെ, അടുത്ത് കോവിലുണ്ട്. ഇത്രയും പറഞ്ഞു പുള്ളി എന്നെ കൂടെക്കൂട്ടി. ഞാൻ ആദ്യമൊന്ന് അമ്പരന്നെങ്കിലും കൂടെപ്പോകാൻ തീരുമാനിച്ചു. കുന്നിന്റെ മുകളിൽനിന്നും അമ്പലത്തിൽനിന്നെന്നപോലെ പാട്ട് കേൾക്കാം. ഞാൻ തേയിലത്തോട്ടങ്ങളിലൂടെ ആ ചേട്ടന്റെകൂടെ നടന്നു. അങ്ങനെ ഞങ്ങൾ ചങ്ങാത്തത്തിലായി. പേര് അനിൽകുമാർ. ടെക്നോപാർക്കിൽ ടെക്‌നീഷ്യനാണ്. അദ്ദേഹം എന്നെപ്പറ്റിയും ചോദിച്ചു മനസിലാക്കി. ഞാൻ ബോണക്കാടിനെപ്പറ്റി കൂടുതൽ ചോദിച്ചറിഞ്ഞു. ബോണക്കാട് എസ്റ്റേറ്റിന്റെ ഉത്ഭവമാണ് ഇങ്ങനൊരു ഗ്രാമം ഉണ്ടാകുവാൻ കാരണം. എസ്റ്റേറ്റ് തൊഴിലാളികളായി എത്തിയവരാണ് ഇവിടുത്തെ ജനങ്ങൾ. നഷ്ടത്തിലായ എസ്റ്റേറ്റിന്റെ ഫാക്ടറി വർഷങ്ങൾക്ക് മുൻപ് അടച്ചുപൂട്ടി. എങ്കിലും തേയില പറിച്ച് കമ്പനിയുടെ മറ്റു ഫാക്ടറികളിലേക്ക് അയക്കുന്നുണ്ട്. 

വനത്താൽ ചുറ്റപ്പെട്ട ആ ഗ്രാമത്തെ ഞാൻ കുന്നിൻമുകളിൽ കയറിനിന്ന് ശരിക്കൊന്ന് വീക്ഷിച്ചു. മനസ്സിന് കുളിരേകുന്ന കാഴ്ചകൾ. പട്ടണങ്ങളുടെ പുരോഗതിയൊന്നും തട്ടിയിട്ടില്ലാത്ത ഗ്രാമം. എനിക്ക് മമ്മൂട്ടി അഭിനയിച്ച 'മൃഗയ' എന്ന സിനിമയിലെയും കുഞ്ചാക്കോയും ബിജു മേനോനും അഭിനയിച്ച 'ഓർഡിനറി' എന്ന സിനിമയിലെയും സാഹചര്യങ്ങളാണ് പെട്ടെന്ന് മനസ്സിൽ ഓടി വന്നത്. 

ഞങ്ങൾ കോവിലിലേക്ക് പ്രവേശിച്ചു. അമ്പലം പുതുതായി നിർമിച്ച മട്ടുണ്ട്. അമ്പലത്തിലേക്ക് പ്രവേശിക്കുന്ന പടവിനു മുൻപിലൂടെ ഒരു ചെറിയ കൈത്തോടു ഒഴുകുന്നുണ്ട്. കാലുകഴുകിയാണ് ആളുകൾ അകത്തേക്ക് പ്രവേശിക്കുന്നത്. അമ്പലത്തിലെ പവിത്രത കാത്തുസൂക്ഷിക്കുന്നതിലെ വിശ്വാസികളുടെ ശ്രദ്ധ ഞാൻ കണ്ടു. എന്നാൽ അമ്പലത്തിന്റെ കോമ്പൗണ്ടിനകം വിചാരിച്ചയത്ര വൃത്തിയിലായിരുന്നില്ല. എങ്ങും പൊടിമണ്ണായിരുന്നു . കാലുകഴുകിയതിന്റെ പ്രസക്തി നഷ്ടപെട്ടതുപോലെ എനിക്ക് തോന്നി. എന്നാൽ പുറത്തെ അഴുക്കുകൾ കളഞ്ഞു അകത്തേക്ക് പ്രവേശിക്കുക എന്ന ഒരു വീക്ഷണം ഉചിതമായിരിക്കുമെന്ന് എനിക്ക് തോന്നി. അപ്പോഴാണ് ആനിലുച്ചേട്ടൻ എന്നെ ഊണിനു ക്ഷണിച്ചത്.
അമ്പലത്തിൽ പുനഃപ്രതിഷ്ഠയോടനുബന്ധിച്ചുള്ള പരിപാടികളാണ് നടക്കുന്നത്. വിശന്നിരുന്ന എനിക്ക് ഏതായാലും അത് ആശ്വാസമായി. അവിയലും തോരനും അച്ചാറും സലാഡും പുളിശ്ശേരിയും പായസവുമൊക്കെയായി ഒരു നല്ല സദ്യ തന്നെയായിരുന്നു. എനിക്ക് തൃപ്തിയായി. ഏതായാലും ഈശ്വരവിശ്വാസം ഇല്ലാത്ത ഞാൻ അന്ന് ആദ്യമായി അമ്പലത്തിന്റെ ഭണ്ടാരത്തിൽ കുറച്ച് പണം നിക്ഷേപിച്ചു.

ഞങ്ങൾ തിരിച്ചിറങ്ങി. അനിൽ ചേട്ടൻ ബോണക്കാടിനെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. വനത്തിൽ ധാരാളം കരടിയുള്ളതായി അദ്ദേഹവും സാക്ഷ്യപ്പെടുത്തി. സമയം നാല് മണിയാകുന്നു. സിറ്റി വരെ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ബോണക്കാടാണെങ്കിൽ മൊബൈലിനു റേഞ്ചും ഇല്ല. ഞാൻ തിരികെ യാത്രയാകാൻ തീരുമാനിച്ചു. ഞാൻ അനിൽ ചേട്ടന്റെ നമ്പരും  മറ്റും വാങ്ങി തിരികെ യാത്രയായി. അവിടെ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ലാൻഡ്‌ലൈൻ ആണ് ഉപയോഗിക്കുന്നത്.

അന്നെനിക്ക് ലഭിച്ച ആ പുത്തൻ അനുഭവങ്ങളും കാഴ്ചകളും ഞാൻ മനസ്സിൽ തിരികെയുള്ള യാത്രയിൽ ഓർത്തുകൊണ്ടേയിരുന്നു. ചിലപ്പോളൊക്കെ കാടുവെട്ടി നശിപ്പിച്ച് കയറിയ പഴയ കാലത്തിന്റെ ശബ്‌ദങ്ങൾ എന്നെ അശ്വസ്‌തമാക്കി. ആനയുടെ അലർച്ചയും കടുവയുടെ ഗർജ്ജനവും വെടിയൊച്ചകളും കേൾക്കുന്നതുപോലെ. എല്ലാം ഒരു സ്വപനംപോലെ തോനുന്നു. ബോണക്കാട് ഒരു സ്വപ്നഗ്രാമം പോലെ അകന്നുപോയി.

മനസ്സിൽ കുറെയേറെ സ്ഥലം മിച്ചം നിൽക്കുകയാണെന്ന ഒരു അനുഭൂതി യാത്ര ചെയ്യുന്നതിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. അതാണ് ഞാൻ അന്ന് ഞാൻ ആസ്വദിച്ചത്. 

തിരികെയുള്ള യാത്രയിൽ സോമൻ ചേട്ടനെക്കണ്ട് ഞാൻ തിരികെയെത്തിയ കാര്യം അറിയിച്ച് നന്ദിയും പറയാൻ മറന്നില്ല. വീട്ടിലെത്തിയപ്പോൾ വീട്ടുകാർക്കുമൊരു അത്ഭുതം. ഞാൻ കഥ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. എല്ലാവര്ക്കും ആ സ്ഥലം കാണണമെന്ന് ആഗ്രഹം. സന്തോഷം.

2 comments :

  1. നന്നായിട്ടുണ്ട്....��

    ReplyDelete
  2. നന്നായിട്ടുണ്ട്....��

    ReplyDelete

Related Posts Plugin for WordPress, Blogger...