Tuesday, 13 September 2016

Trip to Uluppuni, Vagamon, Idukki


കോളേജിൽ നിന്നും അവധിക്ക് വീട്ടിൽ വന്നപ്പോളാണ് ഉളുപ്പുണി എന്ന സ്ഥലത്തെ പറ്റി കേൾക്കുന്നത്. സുഹൃത്ത് അവന്റെ ക്ലാസ്മേറ്റ്സുമായി പോയപ്പോൾ പകർത്തിയ  ചിത്രങ്ങൾ കാണിച്ചു. വാഗമണ്ണിനു അടുത്താണത്രേ സ്ഥലം. പാലായിൽ ജീവിക്കുന്ന ഞാൻ ഈ സ്ഥലത്തെ പറ്റി അറിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ വിഷമം തോന്നി. എങ്കിൽ അടുത്ത പോക്ക് അങ്ങോട്ട് തന്നെ എന്ന് തീരുമാനിച്ചു. ആന ഇറങ്ങുന്ന സ്ഥലമാണ് എന്ന് കേട്ടപ്പോൾ കൂടുതൽ ആകാംക്ഷ ആയി. 

2016 സെപ്റ്റംബർ  11, ഞായറാഴ്ച്ച. അച്ഛൻ യാത്ര പോയിരിക്കുകയാണ്. ബൈക്ക് വെറുതേയിരിക്കുന്നു. ഡിസ്കവർ 100 ആണ് സാധനം. പെട്രോൾ മണപ്പിച്ചാൽ മതി എന്നൊക്കെ ആൾക്കാർ തമാശക്ക് പറയാറുണ്ട്. പായിക്കാനൊന്നും പറ്റില്ലായെന്നേ ഉള്ളൂ. നല്ല മൈലേജ് ആണ്. 11 മണിയോടെ യാത്ര ആരംഭിച്ചു. ഈരാറ്റുപേട്ട വഴി വാഗമൺ, അവിടെനിന്ന് ഉളുപ്പുണി. ഇതാണ് റൂട്ട്. ഈരാറ്റുപേട്ടയിൽ നിന്ന് 50 രൂപയ്ക്ക് പെട്രോൾ അടിച്ചു. നിലവിൽ ആവശ്യത്തിന് പെട്രോൾ ഉണ്ടെന്നാണ് ധാരണ. എങ്കിലും ധൈര്യത്തിന് ഇരിക്കട്ടെ എന്നുവച്ചു. റിസർവ് അല്ല. യാത്ര തുടർന്നു. 

വാഗമൺ യാത്ര എന്നും ഒരു സുഖമാണ്. വെള്ളികുളം കഴിഞ്ഞാൽ നല്ല ഉന്മേഷം പകരുന്ന തണുത്ത കാറ്റുവീശും.  വാഗമൺ നിരവധി തവണ പോകുന്നതാണെങ്കിലും എല്ലാതവണയും ഒരു ആവേശമാണ്. പക്ഷെ ഇത്തവണ മനസ്സിനു അൽപ്പം വിഷമം ഉണ്ടാക്കുന്ന കാഴ്ച കണ്ടു. കുഞ്ഞുനാളു മുതലേ കാണുന്ന കാഴ്ച ആയിരുന്നു വാഗമൺ വഴിയിലുള്ള വ്യൂ പോയിന്റിലെ ബസ് സ്റ്റോപ്പ്. പല സിനിമകളിലും ആ ബസ് സ്റ്റോപ്പ് ജനങ്ങൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഞാൻ ബൈക്ക് നിർത്തി ഐസ് ക്രീം വിൽക്കുന്ന ചേട്ടനോട് കാര്യം തിരക്കി.  റോഡ് പണിയുടെ ഭാഗമായി ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കിയിരിക്കുന്നു. മനസ്സിന് അൽപ്പം ഭാരം തോന്നി. ഞാൻ ഒരു ചോക്കോബാർ വാങ്ങികഴിച്ച് ആവർത്തന വിരസത തോന്നിക്കാത്ത മലനിരകളിൽ നോക്കി അൽപ്പനേരം നിന്നു. ചോക്കോബാർ  വാങ്ങിയപ്പോളാണ് ശ്രദ്ധിച്ചത് പേഴ്സ്ൽ ആകെ 40 രൂപയേ ബാക്കി ഉള്ളൂ. 400 രൂപയായിരുന്നു കൈയിൽ ഉണ്ടായിരുന്നത്. ഞാൻ ജീൻസ്‌ പോക്കറ്റിൽ തപ്പി. രക്ഷയില്ല. അപ്പോളാണോർത്തത് നേരത്തെ ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിലാണ് പൈസ. ഞാൻ അമ്മയെ വിളിച്ച് പറയാൻ ഫോണെടുത്തു. BSNL ചതിച്ചു. സിം കാർഡ് പ്രവർത്തിക്കുന്നില്ല. സാരമില്ല. വാഗമൺ ടൗൺ വഴിയാണ് പോകേണ്ടത്. എടിഎം ഉപയോഗിച്ച് കുറച്ച് പൈസ എടുക്കാമെന്ന് കരുതി. അവിടുന്ന് സെക്കൻഡ് സിം ആയ എയർടെൽ റീചാർജ്ജും ചെയ്യാം. കുരിശുമലയൊക്കെ കടന്ന് ഞാൻ വാഗമൺ ടൗണിൽ എത്തി. എസ്.ബി.ടി എടിഎം കണ്ടെത്തി ഉള്ളിൽ കയറി പേഴ്സ് നോക്കിയപ്പോൾ എടിഎം കാർഡ് കാണുന്നില്ല. തലേന്ന് ഹോസ്റ്റലിൽ സുഹൃത്തിന് കൊടുത്തിട്ട് തിരികെ വാങ്ങാൻ മറന്നിരിക്കുന്നു. ആകെ പെട്ടല്ലോയെന്നോർത്തുപോയി. ബൈക്കിൽ ആവശ്യത്തിന് പെട്രോളും മൈലേജ് ഉള്ളതുകൊണ്ടും പേടിക്കാനില്ല. കൈയിൽ ഉള്ള 40 രൂപയിൽ നിന്ന് 30 രൂപയ്ക്ക് എയർടെൽ റീചാർജ് ചെയ്ത് യാത്ര തുടർന്നു.
വാഗമൺ ടൗണിൽ നിന്ന് പുള്ളിക്കാനം റൂട്ടിൽ ആണ് പോകേണ്ടത്. വാഗമണ്ണിൻറെ ഒരു വന്യമായ മുഖമാണ് നമുക്ക് പുള്ളിക്കാനം റൂട്ടിൽ കാണാനാവുന്നത്. വാഗമൺ ടൗണിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ കഴിഞ്ഞു ചോറ്റുപാറ എന്ന കവലയിൽ നിന്ന് വലത്തേക്ക് കിടക്കുന്ന വഴി ആണ് ഉളുപ്പുണിയിലേക്ക് ഉള്ളത്.
ഉളുപ്പുണിയിലേക്ക് തിരിയേണ്ട ചോറ്റുപാറ ജംഗ്ഷൻ. വലത്തേക്കുള്ള വഴിയാണ് ഉളുപ്പുനിയിലേക്കുള്ളത് 
ചോറ്റുപാറ കവലയിൽ ബസ് കാത്തു നിന്നവരോട് ചോദിച്ച് വഴി ഉറപ്പ് വരുത്തി യാത്ര തുടർന്നു. അധികം പ്രശസ്തമാകാത്തതിനാൽ വഴി കാണിക്കുന്ന ബോർഡുകൾ ഒന്നുമില്ല. ഉളുപ്പുണി  വഴിയിലേക്ക് കേറിയാൽ പിന്നെ വഴി വിചനമാവുകയാണ്. ചില റിസോർട്ടുകൾ ആ വഴിക്ക് കാണാനാകും. വഴി അൽപ്പം മോശമാണ്. എന്നാൽ ബെൻസ് കാർ വരെ ഞാൻ അവിടെ കാണാനിടയായി. റിസോർട്ട് ഉടമയുടെയോ താമസത്തിനു വന്നവരുടെയോ ആകാം. വഴിക്ക് ഇരുവശവും തേയിലക്കാടുകൾ തഴച്ച് നിൽക്കുന്നു. ചിലയിടങ്ങളിൽ അവ ദൂരെ മലകളിലേക്ക് നീണ്ടു പോകുന്നു. ഉച്ചയ്ക്കത്തെ വെയിലിൽ തിളങ്ങി നിൽക്കുകയാണ് തേയിലക്കാടുകൾ. കുന്നിന്റെ മുകളിൽ നിവർന്നു നിൽക്കുന്ന ചില റിസോർട്ടുകൾ കാണുവാൻ പ്രത്യേക ഭംഗി ആണ്. അവിടുത്തെ കുളിരേകുന്ന തണുപ്പത്ത് വശ്യതയാർന്ന കാഴ്ചകളിൽ മുഴുകി ഏകാന്തമായി ഇരിക്കാൻ ആർക്കും കൊതി തോന്നും. വാഗമണ്ണിൻറെ അത്രയും തിരക്ക് ഇല്ലാത്തതിനാൽ ഈ വഴിയുള്ള യാത്രയ്ക്ക് ഒരു പ്രത്യേക സുഖമാണ്. ഏതോ അപരിചിതമായ സ്ഥലത്ത് എത്തിപ്പെടുമ്പോളുള്ള ഉള്ള രസം. ഞാൻ മുന്നോട്ട് നീങ്ങി.

ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ അത്യാവശ്യം വീടുകളുള്ള സ്ഥലമെത്തി. ഉളുപ്പുണി ആണെന്ന് ഞാൻ ഊഹിച്ചു. ഏകദേശം നാല് കിലൊമീറ്റർ എന്നാണ് ചോറ്റുപാറയിൽ വഴി ചോദിച്ചപ്പോൾ അറിഞ്ഞത്. ഉളുപ്പുണിയിൽ കാണാൻ എന്തൊക്കെയുണ്ടെന്നാണ് ഇനി അറിയേണ്ടത്. ഗൂഗിൾ മാപ്പിലൊന്നും ഒന്നും ലഭ്യമല്ല. സുഹൃത്ത് പറഞ്ഞ അറിവ് വച്ച് രണ്ടു കാര്യങ്ങൾ ആണ് കാണാനുള്ളത്. ഒരു ടണലും പിന്നെ പുൽമേടുകളും. ഏതോ വഴി പോയാൽ ഇടുക്കി  ഡാം റിസർവോർ കാണാം എന്നും കേട്ടു. പക്ഷെ അവൻ പോയില്ല. ആനക്കാടാണത്രേ. ഇതൊക്കെ എവിടെയാണെന്ന് കണ്ടുപിടിക്കണം. അപ്പോളാണ് ഒരു ചേട്ടൻ നടന്ന് വരുന്നത് കാണുന്നത്. കണ്ടിട്ട് നാട്ടുകാരൻ ആണ്. 60 വയസോളം പ്രായം തോന്നിക്കും. തോട്ടത്തിൽ പണി എടുക്കുന്ന ആളാണെന്ന് തോന്നി. ഞാൻ കാര്യം ചോദിച്ചു. 'ചേട്ടാ ഇവിടെ എന്തൊക്കെയാണ് കാണാൻ ഉള്ളത്'. ഞാൻ കേട്ടിട്ടുള്ള സ്ഥലങ്ങളെ പറ്റി ചോദിച്ചു. ആള് നല്ല സന്തോഷത്തിലാണ്. ഷാജി എന്നാണ് പേര്. 50 അടിച്ചിട്ട് വരുവാണ്‌ എന്ന് ആദ്യമേ പറഞ്ഞു. പുള്ളിയുടെ ആ എനർജി കണ്ടാലും തോന്നും 😅. പണിക്ക് പോവുകയാണ്. അദ്ദേഹം വഴി വിശദമായി വിവരിച്ചു. ഉളുപ്പുണി പള്ളിയുള്ള സ്ഥലമാണ് ഉളുപ്പുണി കവല. അവിടെ നിന്ന് നേരെയുള്ള വഴി പോയാൽ ഉപ്പുതറ എത്തും.  കവല കഴിഞ്ഞു കുറച്ച് മുന്നോട്ടുചെന്ന് ഇടത്തോട്ട് തിരിഞ്ഞാൽ പുൽമേടാണ്. കമന്ത എന്നാണ് അവിടം അറിയപ്പെടുന്നത്. ബൈക്ക് കേറി ചെല്ലും. ആ വഴി പോയാൽ മൂലമറ്റം എത്താം. 10 കിലോമീറ്റർ മാത്രമാണുള്ളത്. പുള്ളിക്കാനം വഴി പോയാൽ ഏകദേശം 20 കിലോമീറ്ററുണ്ട്. പക്ഷെ കമന്ത കഴിഞ്ഞുള്ള വഴി മോശമാണ്. യഥാർത്ഥത്തിൽ കമന്ത എന്നത് മൂലമറ്റത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന ഒരു വലിയ മലയുടെ ഉച്ചിയാണ്. ആ മല കുത്തനെ താഴേക്ക് ഇറങ്ങിയാണ് മൂലമറ്റത്ത് എത്തേണ്ടത്. പക്ഷെ വഴി വളരെ മോശമാണത്രേ. ഓഫ് റോഡ് ആണ്. ധൈര്യമുണ്ടെങ്കിൽ ബൈക്കിൽ പോകാം എന്നാണ് ഷാജി ചേട്ടൻ പറയുന്നത്. ഞാൻ ഏതായാലും ആ പ്ലാൻ കൂടി മനസ്സിൽ കുറിച്ചു. ഒരു കൈ നോക്കാം. ഡിസ്കവർ 100 ഇതൊക്കെ താങ്ങുമോ എന്നൊരു സംശയം മാത്രമേ ഉള്ളൂ. ഷാജി ചേട്ടൻ തുടർന്നു. ഇനി കവലയിൽ നിന്ന് നേരെ ഉപ്പുതറ വഴി പോയി  കുറച്ച് ദൂരം ചെന്നിട്ട് ഇടത്തോട്ട് തിരിഞ്ഞു മൺ-റോഡിലൂടെ പോയാൽ കപ്പക്കാനം എന്ന സ്ഥലത്ത് എത്തും. അവിടെയാണ് ടണൽ ഉള്ളത്. എന്ത് ടണൽ ആണ് എന്നായി എന്റെ സംശയം. ഷാജി ചേട്ടൻ വിവരിച്ചു. വാഗമണ്ണിൽ ഉള്ള കൂട്ടാർ ചെക്ക് ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കാനുള്ള ടണൽ ആണത്. 4 കിലോമീറ്റർ നീളമാണുള്ളത്. ഭൂമിക്കടിയിലൂടെ 4 കിലോമീറ്റർ നീളമുള്ള ടണൽ ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കാൻവേണ്ടി മാത്രം ഉണ്ടാക്കി എന്നറിഞ്ഞപ്പോൾ ശരിക്കും ഒരു അത്ഭുതമായി തോന്നി. ടണൽ തീരുന്ന ഭാഗം കപ്പക്കാനത്ത് ചെന്നാൽ കാണാം. അവിടെ നിന്ന് ഡാമിലേക്ക് തോടായിട്ടാണ് വെള്ളമൊഴുകുന്നത്. അപ്പോൾ ഡാം റിസർവോയർ കാണുന്നതിനെപ്പറ്റി ആയി എന്റെ സംശയം. അത് മാത്രം ഷാജി ചേട്ടൻ പ്രോത്സാഹിപ്പിക്കുന്നില്ല.  പക്ഷെ വഴി പറഞ്ഞു തന്നു. കാട്ടിലൂടെ നടന്നാൽ മാത്രമേ അവിടെ എത്താൻ സാധിക്കുകയുള്ളു. കപ്പക്കാനത്ത് ടണൽ ഭാഗത്തു ചെല്ലുമ്പോൾ റോഡിലൂടെ ഒരു തോട് ഒഴുകുന്നത് കാണാനാകും. വെള്ളം അധികമാണെങ്കിൽ ബൈക്ക് കടക്കാൻ ആകില്ല. ആ വഴി നേരെ പോയാൽ ഡാം റിസർവോയർ എത്താം. പക്ഷെ അങ്ങോട്ട് ഒറ്റയ്ക്ക് പോകേണ്ട എന്നാണ് ഷാജി ചേട്ടൻ പറയുന്നത്. ഏതു സമയവും ആന മുന്നിൽ പെടാം എന്നതാണ് പ്രശ്നം. ഞാനേതായാലും വഴിയൊക്കെ മനസ്സിൽ കുറിച്ചു. ഷാജി ചേട്ടൻ വേണമെങ്കിൽ കമന്തയിൽ കൊണ്ടുവിടാം എന്നാണ് പറയുന്നത്. പക്ഷെ ആരോ ഫോണിൽ വിളിച്ച് എവിടെപ്പോയി കിടക്കുവാ എന്ന ചോദിക്കുന്നത് ഞാൻ കേട്ടതുകൊണ്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ടായെന്നും കരുതി സ്നേഹപൂർവ്വം ആ ഓഫർ ഞാൻ നിരസിച്ചു. ഞാൻ ഏതായാലും ആദ്യം നിലവിൽ ദൂരെയുള്ള കപ്പാക്കാനത്ത് പോയി ടണലും പറ്റിയാൽ റിസർവോയറും കണ്ട് തിരിച്ച് വരുമ്പോൾ കമന്ത കൂടി ഓഫ് റോഡ്  ഇറങ്ങി മൂലമറ്റം വഴി പാലായ്ക്ക് പോകാം എന്ന പ്ലാൻ മനസ്സിൽ കുറിച്ചു. ഷാജി ചേട്ടന് നന്ദി പറഞ്ഞു ഞാൻ യാത്ര തുടർന്നു.

ഉളുപ്പുണി കവലയിൽ ഷാജി ചേട്ടൻ പറഞ്ഞ പള്ളി കണ്ടു. സെയിന്റ് അൽഫോൻസാ ദേവാലയം. കവലയിൽ ചെറിയ ചായക്കട ഉൾപ്പടെ കുറച്ച് കടകൾ മാത്രമേ ഉള്ളൂ. അവിടെയാകട്ടെ മൊത്തത്തിൽ വിരലിൽ എണ്ണാവുന്ന ആളുകളെ മാത്രമേ കാണാനുമുള്ളൂ. അവരൊക്കെ എന്നെ ഏതോ അന്യ ഗ്രഹത്തിൽ നിന്നു വന്ന ആളെന്നപോലെ രൂക്ഷമായി നോക്കുന്നുണ്ട്. ഞാൻ ബൈക്ക് നിർത്തി പള്ളിയുടെ ഒരു ചിത്രം പകർത്തി യാത്ര തുടർന്നു. ഷാജി ചേട്ടൻ പറഞ്ഞ വഴി ആണ് ഊഹം. കയറ്റമാണ് അങ്ങോട്ട്. റോഡ് വശങ്ങളിൽ തേയില തോട്ടങ്ങളും. തേയില തോട്ടം വന്നതുകൊണ്ടാണ് ഈ ഗ്രാമം ഉണ്ടായത് എന്ന് എനിക്ക് തോന്നി. വഴിയിൽ വേറെ വാഹനങ്ങളൊന്നുമില്ല. ഇടക്ക് ഓരോ ജീപ്പ് മാത്രം വരും. ഗ്രാമത്തിലെ ആളുകളെ ബസ് ഉള്ള  ചോറ്റുപാറയിൽ എത്തിക്കുന്ന ട്രിപ്പ് ജീപ്പുകളാണവ. ഒരു വണ്ടിക്ക് മാത്രം സുഗമായി കടന്നു പോകാവുന്ന വീതിയെ റോഡിനുമുള്ളൂ. പരസ്പ്പരം വണ്ടിയൊതുക്കി വഴി ഒരുക്കിയതിന്റെ സന്തോഷത്തിൽ ജീപ്പ് ഡ്രൈവർമാരും ഞാനും ചിരിച്ച് കാണിച്ച് യാത്ര തുടരുകയാണ് പതിവ്. സിറ്റിയിലാണെങ്കിൽ എങ്ങോട്ടാടാ എന്നമട്ടിലുള്ള ഒരു രൂക്ഷമായ നോട്ടമാണല്ലോ ഉണ്ടാകാറു. എന്നാൽ ഈ രീതി എനിക്ക് സന്തോഷം നൽകി. പിന്നെയും റിസോർട്ടുകൾ മുന്നിലെത്തി. പിൽഗ്രിം റിട്രീറ് എന്നുപേരുള്ള ഒരു റിസോർട്ടിന്റെ ബോർഡ് കണ്ടു. ഗൂഗിൾ മാപ്പിൽ ഉളുപ്പുണി തിരഞ്ഞപ്പോൾ ഈ റിസോർട്ട് ആണ് കാണിച്ചിരുന്നത്. അതിനാൽ ആ സ്ഥലത്തെ ശ്രദ്ധിക്കാൻ ഇടയായി. കുറേക്കൂടി മുന്നോട്ട് എത്തിയപ്പോൾ കൃഷിയുടെ രീതി മാറി. തേയില തോട്ടങ്ങൾ അവസാനിച്ചു, കുറേകൂടി വന്യമായിരിക്കുന്നു കാഴ്ചകൾ. മഞ്ഞളും ഇഞ്ചയും കവുങ്ങുകളുമായി കൃഷികൾ.  കാട്ടു ചോലകൾ ഒഴുകിയെത്തുന്ന കൃഷിയിടങ്ങൾ.
വഴിയിൽ കണ്ട ഒരു നാടൻ  കൃഷിയിടം
 കുറേക്കൂടി മുന്നോട്ട് ഏതോയപ്പോൾ മനോഹരമായ ഒരു കാട്ടരുവി മുന്നിൽ പെട്ട്. വഴിയിലുള്ള കലിങ്കിനടിയിലൂടെ അവൾ സുന്ദരമായി ഒഴുകുന്നു. അവിടെ രണ്ടു സഞ്ചാരികളെയും കാണാനായി. കൂളിംഗ് ഗ്ലാസും വച്ച് അരുവിയിൽ ഇറങ്ങി ബാക്ക്ഗ്രൗണ്ടിൽ ഉള്ള ചെറിയ കുന്നും കൂട്ടി ഫോട്ടോ എടുക്കുന്ന തിരക്കിലാണ് അവർ. ഞാനല്ലാതെ അന്ന് അവിടെ ഞാൻ കണ്ട ആദ്യത്തെ സഞ്ചാരികൾ. 'ചേട്ടാ, മുന്നോട്ട് പോയാൽ കാണാൻ മാത്രം ഉണ്ടോ?' ഞാൻ ചോദിച്ചു. 'ഒന്നുമില്ല' എന്ന് ഉറക്കെ പറഞ്ഞു അവർ പല ആംഗിളുകളിൽ ഫോട്ടോ പിടുത്തം തുടർന്നു. ഏതു സ്ഥലത്ത് പോയാലും അവിടുത്തേതായി എന്തെങ്കിലും പ്രത്യേകതകൾ കാണും. അത് കണ്ടെത്തി ആസ്വദിക്കുന്നതിലാണ് രസം. അതിനു അവിടുത്തെ നാട്ടുകാരുമായി സംസാരിക്കണം. വെറുതെ ചോദിച്ചാൽ ആരും പറഞ്ഞു തരില്ല. ആത്മാർത്ഥമായി നല്ല മനസ്സോടെ കളങ്കമില്ലാത്ത ചോദിച്ചാൽ ഏതു നാട്ടുകാരും അവിടുത്തെ പ്രത്യേകതകൾ കാണിച്ച് തരും എന്നാണു എന്റെ വിശ്വാസവും അനുഭവവും. ഒന്നുമില്ല എന്ന് പറഞ്ഞു അവർ ആ സ്ഥലത്തെ ഒന്നുമല്ലാതാക്കിയപ്പോൾ എനിക്ക് അൽപ്പം ദേഷ്യം തോന്നി.
വഴിയിൽ കണ്ട സുന്ദരമായ കാട്ടരുവി 
 ഞാൻ അവരോടു യാത്ര പറയാതെ മുന്നോട്ട് നീങ്ങി. റോഡിൻറെ രീതി മാറി. ഞാൻ ഉളുപ്പുണിയിൽ നിന്ന് കുറെ ദൂരവും മുന്നോട്ട് എത്തിയിരിക്കുന്നു. ഏകദേശം ഏഴു കിലോമീറ്റർ. ഷാജി ചേട്ടൻ പറഞ്ഞ വഴി കഴിഞ്ഞു എന്ന് തോന്നി. ചില സ്ഥലങ്ങളിൽ എത്തുമ്പോൾ ചെറിയ മൺവഴികൾ കാണാനാകും. അത് ഏതെങ്കിലും റിസോർട്ടിലോട്ട് ഉള്ളതാണോ അതോ കപ്പാക്കാനത്തോട്ട് ഉള്ളതാണോ എന്ന സംശയം ഉള്ളതിനാൽ നേരെ തന്നെ പോയിക്കൊണ്ടിരുന്നു. വഴി ചോദിക്കാൻ ആരെയും കാണുന്നുമില്ല. മുന്നോട്ട് ചെന്നപ്പോൾ വഴിയുടെ രീതി മാറി. തികച്ചും മൺവഴിയായി. ഒരു സ്ഥലത്ത് ചെന്നപ്പോൾ രണ്ടു വഴികൾ കണ്ടു. കുറച്ച് മാറി ഒരു വീട്ടിൽ ഒരു ചേച്ചി കുഞ്ഞിന് ചോറ് കൊടുത്ത് നിൽക്കുന്നത് കണ്ടു. 'ചേച്ചി, വഴി എങ്ങോട്ടാ?' ഞാൻ ഉറക്കെ ചോദിച്ചു. മുകളിലേക്ക് ചേച്ചി കൈകാണിച്ചു. എന്റെ മനസ്സിൽ കപ്പക്കാനത്തോട്ട് ഉള്ള വഴി ആണ്. ചേച്ചിക്ക് ഞാൻ അങ്ങോട്ടാണ്  വഴി ചോദിച്ചത് എന്ന്  മനസ്സിലായി കാണില്ല എന്ന് തോന്നി. ഞാൻ ഏതായാലും മുന്നോട്ട് തന്നെ നീങ്ങി. റോഡ് മോശമായി തുടങ്ങി. പല സ്ഥലങ്ങളിലും ചെറിയ വെള്ള ചാലുകൾ റോഡിലൂടെ ഒഴുകി. കുറച്ച് കൂടി മുന്നിൽ എത്തിയപ്പോളാണ് ഒരു കട കണ്ടത്. അത്യാവശ്യ സാധങ്ങൾ ഒക്കെ വിൽക്കുന്ന കടയാണ്. ആ മേഖലയിലുള്ള ആളുകൾ ആശ്രയിക്കുന്ന കടയാണെന്ന് തോന്നി. അത്യാവശ്യം തെളിഞ്ഞ സ്ഥലം. ഞാൻ കടയുടെ മുന്നിൽ ബൈക്ക് നിർത്തി കപ്പക്കാനത്തോടുള്ള  വഴി ചോദിച്ചു. കാക്കി ഉടുപ്പിട്ട് ഒരു ജീപ്പ് ഡ്രൈവർ എന്ന് തോന്നിക്കുന്ന ആളാണ് കക്ഷി. കപ്പാക്കാനത്തോട്ട് തിരിയേണ്ട വഴി കഴിഞ്ഞിരിക്കുന്നു. ഉപ്പുതറ റൂട്ടറിൽ ഞാൻ വഴി തെറ്റി കുറെ എത്തി എന്ന് എനിക്ക് മനസ്സിലായി. ഞാൻ ആ ചേട്ടനുമായി ചങ്ങാത്തത്തിലായി. ബിനു എന്നാണ് ആളുടെ പേര്. ഒരു ജീപ്പും പിക്ക്-അപ്പും ഉണ്ട്. ഇന്ന് കടയിൽ ഇരിക്കാൻ ആളില്ലാത്തതിനാൽ കടയിലാണ് ഡ്യൂട്ടി. അമ്പലമേട് എന്നാണ് സ്ഥലത്തിന്റെ പേര്. എനിക്ക് ലൊക്കേഷൻ എടുത്ത് ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യണം എന്ന് തോന്നി. പക്ഷെ ഫോണിന്റെ ജി.പി.എസ് തകരാറിലാണ്. ഇന്റർനെറ്റ് ഇല്ലാതെ ലൊക്കേഷൻ ലഭിക്കുകയില്ല. എയർടെൽ സിമ്മിൽ ബാലൻസ് കുറവായതിനാൽ ആ ശ്രമം ഒഴിവാക്കി. അല്ലെങ്കിൽ ഇനി ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഉപകാരമാകുവായിരുന്നു.
അമ്പലമേട് (തിരികെ വന്നപ്പോൾ പകർത്തിയ ചിത്രം)
ഞാൻ വഴി തെറ്റിയെത്തിയല്ലോ എന്ന് വിചാരിച്ച് ഇരിക്കുമ്പോളാണ് ബിനു ചേട്ടൻ ഈ കാര്യം പറയുന്നത്. കവലയിൽ നിന്ന് താഴോട്ട് കാണുന്ന വഴി പോയാൽ രണ്ടെലി എന്ന സ്ഥലമുണ്ട്. പോകുന്ന വഴിക്ക് ആന കാണും, സൂക്ഷിച്ച് വേണം പോകുവാൻ. അദ്ദേഹം ജീപ്പിൽ പോകുമ്പോൾ എട്ട് ആന വരെ മുന്നിൽ പെട്ടിട്ടുണ്ട് എന്നാണ് പറഞ്ഞത്. അവിടെ നിന്ന് കാട്ടിലൂടെ നടന്നാൽ ഇടുക്കി ഡാം റിസർവോയർ കാണാമത്രേ. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വഴി തെറ്റിയാണേലും എനിക്ക് ആവശ്യമുള്ള സ്ഥലത്താണല്ലോ എത്തിയത്. പക്ഷെ ബിനു ചേട്ടനും ഒറ്റക്ക് കാട്ടിലൂടെയുള്ള യാത്ര വേണ്ട എന്നാണ് പറയുന്നത്. എപ്പോളും ആനയെ കാണുന്ന സ്ഥലമാണ്. രണ്ടെലി വരെ പോയി തിരിച്ച് വരാനാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ മുന്നേ രണ്ടു പിള്ളേർ ആ വഴി പോയിട്ടുണ്ടത്രേ. വഴിയും മോശമാണ്. സൂക്ഷിച്ച് വേണം പോകുവാൻ. ഞാൻ പോയി വരാം എന്ന് പറഞ്ഞു വണ്ടിയെടുത്തു.

റോഡ് പറഞ്ഞപോലെ വളരെ മോശമാണ്. ചിലയിടത്ത് കുത്തനെയുള്ള ഇറക്കവും ഇളകിക്കിടക്കുന്ന കല്ലുകളുമാണ് (അവിടങ്ങളിൽ വണ്ടി നിർത്തി ഫോട്ടോയെടുക്കാൻ നിർവ്വാഹമില്ലായിരുന്നു). ഇത്ര ദൂരം പോയാൽ പെട്രോൾ തീരുമോ എന്ന് സംശയം ഉള്ളതിനാൽ ഇറക്കത്തിൽ വണ്ടി ഓഫ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഫസ്റ്റ് ഗിയറിൽ സ്ഥിരമായ വേഗത്തിൽ ഇറങ്ങുന്നതാണ് നല്ലത്. ബ്രേക്ക് ഉപയോഗിച്ചാൽ തെന്നിവീഴാൻ  സാധ്യത ഉണ്ട്. ചിലയിടങ്ങളിൽ റോഡിലൂടെ തോട് ഒഴുകുന്നുണ്ട്. വളരെ നല്ല ഒരു ബൈക്ക് യാത്രാ അനുഭവമാണ് അവിടെ നിന്ന് കിട്ടിയത്. ഇടക്കിക്കെ വരുന്ന തോട്ടിൽ ഇറങ്ങി കാലു നനയ്ക്കാൻ ഞാൻ മറന്നില്ല. തോട്ടപുഴുക്കൾ കാണാൻ സാധ്യത ഉണ്ട്. കാട്ടിൽ വന്നാൽ തൊട്ടപ്പുഴുവിന്റെ കടി കൊള്ളണം. അല്ലെങ്കിൽ വരരുത്. അതാണ് എൻറെ അഭിപ്രായം. പിന്നെ തോട്ടപ്പുഴു ഉണ്ടെങ്കിൽ ആ സ്ഥലം ഏറ്റവും നല്ലതാണു എന്നാണ് അർത്ഥം. വിഷം കലർന്ന മണ്ണുള്ള സ്ഥലത്ത് തോട്ടപ്പുഴുക്കൽ ജീവിക്കില്ലല്ലോ. തേയില തോട്ടങ്ങളിൽ അവ ഇല്ലാത്തതിന്റെ കാരണവും അതാണ്. ഏതായാലും ചെറിയൊരു കുപ്പിയിൽ ഉപ്പുവെള്ളം കരുതിയിട്ടുണ്ട്.
വഴിയിലൂടെ ഒഴുകുന്ന തോട് 
താല്പര്യം തോന്നിയിടങ്ങളിലെല്ലാം ബൈക്ക് നിർത്തി ഞാൻ യാത്ര ആസ്വദിച്ചു. മുന്നിലേക്ക് ചെല്ലുംതോറും ഭംഗി കൂടി കൂടി വന്നു. രണ്ടു വശങ്ങളിലും ഇളംപച്ച നിറത്തിലുള്ള പുൽമേടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇളം വെയിലേറ്റ് തിളങ്ങി നിൽക്കുന്ന ആ പുമേടുകൾ എന്റെ കണ്ണിനെയും മനസ്സിനേയും ഒരുപോലെ ഹരം കൊള്ളിച്ചു. ഇവിടെയാകാം ബിനു ചേട്ടൻ പറഞ്ഞപോലെ ആന കാണാനിടയുളള സ്ഥലം എന്ന് എനിക്ക് തോന്നി. പുല്ലു തിന്നാൻ  ആനകൾ സാധാരണ പുൽമേടുകളിൽ കൂട്ടമായി എത്താറുണ്ട്. ഞാൻ ബൈക്ക് നിർത്തി സ്ഥലം മുഴുവൻ സൂക്ഷ്മമായി നോക്കി. ഒന്നിനേം കാണാനില്ല. ആനയിറങ്ങുന്ന ആ സ്ഥലത്ത് ഞാൻ ഒറ്റയ്ക്കാണല്ലോ എന്ന ഒരു രസം ഉണ്ട്. പുൽമേടുകൾ കാണാൻ പ്രത്യേക ഭംഗി തന്നെയാണ്. കാറ്റത്തു പാറിപ്പറന്ന് നിൽക്കുന്ന പുൽമേടും ഇടയ്ക്കിടെ പൊട്ടുപോലെ കാണുന്ന ഇരുണ്ട പാറകളും ചോല വനങ്ങളും നല്ലയൊരു കാഴ്ച്ച തന്നെയാണ്.

പുൽമേടുകളും ചോല വനങ്ങളും ചേർന്നുള്ള കാഴ്ച്ചകൾ
ഞാൻ അധികം സമയം കളയാൻ നിന്നില്ല. സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. തിരികെ വന്ന് കപ്പക്കാനാവും കമന്തയും കാണേണ്ടതാണ്. പുൽമേടുകൾ അവസാനിച്ചിരിക്കുന്നു. വീണ്ടും വന്യത. രണ്ടെലിയിൽ മാത്രമേ ജനവാസം ഉള്ളു. മൂന്ന് നാല് കിലോമീറ്റർ ഇങ്ങനെ വിജനമായി കിടക്കുന്നു.

കാട്ടുവഴിയിലൂടെയുള്ള ഏകാന്ത യാത്രക്ക് അന്ത്യമായി, ഒരു ചെറിയ വീട് എന്റെ മുന്നിൽ പെട്ടു. കാടിന് നടുവിൽ ഒതുങ്ങി നിൽക്കുന്ന ഒരു വീട്. വീട്ടിൽ നിന്ന് പുക ഉയരുന്നുണ്ട്. പണ്ട് ബാലരമയിലും മറ്റും വായിച്ചിട്ടുള്ള കുട്ടികഥകളിൽ കാണുന്ന കാർട്ടൂൺ യഥാർത്ഥമായി മുന്നിൽ വന്നപോലെ. വീട്ടിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കേണ്ട എന്നുകരുതി ചിത്രം പകർത്തിയില്ല. വീടിനു മുന്നിൽ ഒരു ചെറിയ കൃഷിയിടം ഉണ്ട്. കാടിന് നടുവിൽ ഒരു ചെറിയ കൃഷിയിടവും അതിനുമുന്നിൽ ഒരു കൊച്ചു വീടുമൊക്കെ എല്ലാവരുടെയും മനസ്സിൽ ഉള്ള സ്വപ്നം ആണല്ലോ. 
കാടിനു നടുവിലെ കൃഷിയിടം
രണ്ടെലി ആകാറായി എന്ന് എനിക്ക് മനസ്സിലായി. മുന്നോട്ട് ചെല്ലുംതോറും ഓരോരോ ചെറിയ വീടുകൾ കാണുവാൻ തുടങ്ങി. ഏകദേശം അഞ്ചാറു വീടുകൾ വഴി സൈഡിൽ തന്നെ കണ്ടു. ആ സമയത്താണ് രണ്ടുപേർ നടന്നു വരുന്നത്. തലയിൽ സാധനങ്ങളും ചുമന്നുള്ള വരവാണ്. ഞാൻ ബൈക്ക് നിർത്തി ഡാമിലേക്കുള്ള വഴി ചോദിച്ചു. ഒറ്റയ്ക്കാണോ വരവ് എന്നാണു അവരുടെയും ചോദ്യം. തന്നെ കാട്ടിലൂടെ നടന്നുപോകുന്നത് അപകടമാണെന്നാണ് അവർ പറയുന്നത്. കുറച്ച് മുന്നേ വന്നിരുന്നെങ്കിൽ തൊട്ടുമുന്നേ വന്ന മൂലമറ്റംകാരുടെ കൂടെ വിടാമായിരുന്നത്രേ. പക്ഷെ അവർ വേറെ വഴി ആണ് പോയിരിക്കുന്നത്. ഏതായാലും വഴി തീരുന്ന സ്ഥലത്ത് ഒരു ഗ്രൗണ്ട് ഉണ്ട്. അവിടേക്ക് ഒരു നാട്ടുകാരൻ നടന്ന് പോയിട്ടുണ്ട്, അദ്ദേഹത്തോട് ചോദിക്കുവാനാണ് അവർ പറഞ്ഞത്. അവർക്ക് നന്ദി പറഞ്ഞു ഞാൻ മുന്നോട്ട് നീങ്ങി. അവിടെയും ഉണ്ട് ഒരു പള്ളി. ഇത് സി.എസ്.ഐ സഭയുടെ പള്ളിയാണ്. ഏതു കാട്ടിൽ ചെന്നാലും അവിടെ കുറഞ്ഞത് ഒരു കുരിശെങ്കിലും കാണുക പതിവാണ്. പക്ഷെ ആ കാടിന്റെ അന്തരീക്ഷത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്ന ഒരു സ്ഥലം എന്ന നിലയ്ക്ക് പള്ളി ഒരു നല്ല കാര്യമായി തോന്നി.
സി.എസ്.ഐ. ദേവാലയം 
രണ്ടെലി എന്നതും ഏതോ ഒരു പ്രദേശത്തിന്റെ പേരാണെന്ന് എനിക്ക് ബോധ്യമായി. കാരണം റോഡ് അവസാനിക്കുന്ന സ്ഥലത്തിന്റെ പേര് മുല്ലക്കാനം എന്നാണ്. അവിടെ വച്ച് മുന്നേ കണ്ടവർ പറഞ്ഞ ആളെ ഞാൻ കണ്ടു. ബാബു ചേട്ടൻ. ഭാര്യക്ക് പകരം കുടുംബശ്രീക്ക് പോവുകയാണ് അദ്ദേഹം. എനിക്ക് ഈ യാത്രയിൽ കിട്ടിയ ഒരു പ്രത്യേക അനുഭവം ആ നാട്ടുകാരുടെ സ്നേഹമാണ്. എന്ത് ചോദിച്ചാലും സ്നേഹപൂർവവും ആത്മാർത്ഥവുമായ മറുപടികൾ. സഹായിക്കാൻ പരമാവധി ശ്രമിക്കും. ഇപ്പോൾ അധികം സഞ്ചാരികൾ എത്താത്തതിനാൽ ആവാം ഇങ്ങനെയുള്ള പെരുമാറ്റമെന്ന് എനിക്ക് തോന്നി. ആളുകൾ എത്തുന്നതിന്റെ എണ്ണം കൂടുമ്പോൾ സ്വഭാവം മാറാൻ സാധ്യത ഉണ്ട്. 
കുടുംബശ്രീ കൂടുന്ന കെട്ടിടം 

റോഡ് അവസാനിക്കുന്ന ഗ്രൗണ്ട് 
റോഡ് മുല്ലക്കാനത്തോടെ അവസാനിക്കുകയാണ്. ഇനി പതിനഞ്ചു മിനിറ്റോളം വനത്തിലൂടെ നടന്നാൽ മാത്രമേ ഡാം റിസർവോയർ കാണാൻ സാധിക്കുകയുള്ളൂ. തന്നെ കാട്ടിലൂടെ നടക്കുന്നത് പന്തിയല്ലാ എന്നാണ് ബാബു ചേട്ടൻ പറയുന്നത്. എപ്പോൾ വേണമെങ്കിലും ആന മുന്നിൽ പെടാം. ഗ്രാമവും വനവും ഒന്നിക്കുന്ന സ്ഥലമാണ് ഇത്. ആനകൾക്ക് ഗ്രാമമെന്നോ വനമെന്നോ ഇല്ലല്ലോ. ഉപദ്രവമൊന്നുമില്ല എന്നാണ് ബാബു ചേട്ടൻ പറയുന്നത്. ഏതായാലും ഞാൻ ഇവിടെ വരെ വന്നതിനാൽ ഡാം കണ്ടിട്ട് പൊക്കോട്ടെ എന്ന് അദ്ദേഹവും കരുതി. എനിക്ക് വഴി കാണിച്ചു തന്നു. കുടുംബശ്രീ കൂടുന്ന കെട്ടിടത്തിന്റെ അടുത്ത് തന്നെയാണ് വഴി അവസാനിക്കുന്ന ഗ്രൗണ്ട് ഉള്ളത്. അവിടെ നിന്ന് ഒരു ഒറ്റയടി പാതയാണ് റിസെർവോയറിലേക്ക്. ആ വഴി തന്നെ നേരെ പോയാൽ മതി. പതിനഞ്ചു മിനിറ്റോളം നടക്കണം. ആന കാണും ശ്രദ്ധിച്ചുവേണം പോകുവാൻ എന്ന അദ്ദേഹം ആവർത്തിച്ചു. ഇവിടെവരെ വന്നിട്ട് ആനയെ പേടിച്ച് തിരിച്ച് പോകുവാൻ എൻ്റെ മനസ്സ് സമ്മതിച്ചില്ല. എന്തുവന്നാലും റിസർവോയർ കണ്ടിട്ടേ ഉള്ളൂ, തീരുമാനിച്ചു. തിരികെ വരുമ്പോൾ വഴി തെറ്റാതെയും സൂക്ഷിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കാരണം പശുക്കൾ കേറി മറ്റു ചെറിയ വഴികളും രൂപപ്പെട്ടിട്ടുണ്ട്. ഞാൻ സർവ്വ ധൈര്യവും ആവാഹിച്ച് ബാബു ചേട്ടന് തിരികെ വരാമെന്ന് വാക്ക് കൊടുത്ത് കാട്ടിലേക്ക് ഇറങ്ങി.
വഴി കാണിച്ച് തന്നതിന് ശേഷം മടങ്ങിപ്പോകുന്ന ബാബു ചേട്ടൻ 
അത്യാവശ്യം മോശമല്ലാത്ത വനം. ഇടതൂർന്ന വനം എന്നൊന്നും പറയാനാകില്ല. ഗ്രാമവുമായി അടുത്തു കിടക്കുന്നതിനാൽ നാട്ടുകാർ കയറി നടക്കുന്നതാണ്. എൻ്റെ മുന്നോട്ടുള്ള നീക്കങ്ങൾ വളരെ സൂക്ഷിച്ചാണ്. കുറച്ച് മുന്നോട്ട് ചെന്നപ്പോൾ ഗ്രാമത്തിലെ പശുക്കളെ കെട്ടിയിട്ടിരിക്കുന്നത് കണ്ടു. മേയാൻ വിട്ടിരിക്കുകയാണ്. ഞാൻ സൂക്ഷിച്ച് തന്നെ നീങ്ങി. മൃഗങ്ങളുള്ള വനത്തിൽ കയറിയാൽ ശബ്ദാമുണ്ടാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആനകൾ ശബ്ദം കേട്ടാൽ അനങ്ങാതെ നിൽക്കും. മുന്നിൽ പെടുമ്പോളേ നമ്മൾ അറിയുകയുള്ളൂ. എന്നാൽ ശബ്ദം ഉണ്ടാക്കാതെ പോയാൽ നമുക്ക് ആനയുടെ സാമിപ്യം മനസ്സിലാകും. ഒന്നെങ്കിൽ ആനച്ചൂര് ലഭിക്കും, ആനപ്പിണ്ടത്തിന്റെ മണം തന്നെ. വനത്തിനു ഒരു നല്ല ഗന്ധമുണ്ട്, മൂക്കിൽ ഒരൽപം തണുപ്പ് തോന്നിക്കുന്ന ഗന്ധം. അതല്ലാതെ കൂടുതലായി ഏതു മണം വന്നാലും ഏതോ മൃഗം അടുത്തുണ്ടെന്ന് മനസ്സിലാക്കാം. അല്ലെങ്കിൽ എന്തെങ്കിലും ചീഞ്ഞു കിടക്കുന്നതാവാം. കടുവയുടെയും പുലിയുടെയും മണം കുളിപ്പിക്കാത്ത പട്ടിയുടേതുപോലെയാണ്. ഇങ്ങനെ ഏതു മൃഗത്തിന്റെയും സാമിപ്യം മണത്തിലൂടെ നമുക്ക് മനസ്സിലാക്കാം. എന്നാൽ നമ്മളേക്കാൾ സെന്സിറ്റിവ് ആണ് മൃഗങ്ങൾ. പെർഫ്യൂമും മറ്റും ഉപയോഗിച്ച് വനത്തിൽ കേറിയാൽ ഒരു മൃഗത്തെയും കാണാൻ സാധിക്കില്ല. മണം തിരിച്ചറിഞ്ഞു അവ നേരത്തെ തന്നെ സ്ഥലം കാലിയാക്കും. ആനച്ചൂര് അല്ലെങ്കിൽ വേറൊരു മാർഗ്ഗം ശബ്ദമാണ്. ആന എപ്പോളും എന്തെങ്കിലും തിന്നുകൊണ്ടാവും നിൽക്കുക. അതിനാൽ എന്തെങ്കിലും ഒടിക്കുന്നതിന്റെയോ മറ്റോ ശബ്ദം കേൾക്കാനാകും. ഇങ്ങനെ രണ്ടു വിധത്തിൽ ആനയുടെ സാമിപ്യം മനസ്സിലാക്കാം. പറ്റിയാൽ ഒരു ആനയെ കാണണം എന്നാണ് എൻ്റെ ആഗ്രഹം. ശ്രദ്ധിച്ചാണ് നീങ്ങുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആനക്കാട്ടിലൂടെ ഒറ്റയ്ക്ക് നടക്കുന്നത്. കണ്ണും  ചെവിയും മൂക്കും നല്ലപോലെ പ്രവർത്തിപ്പിച്ചാണ് നീങ്ങുന്നത്. മുന്നോട്ട് ചെല്ലുംതോറും കാടിന്റെ മുഖം മാറിത്തുടങ്ങി. സമയം മൂന്നരയോടടുക്കുന്നു. ചിവീടുകളുടെ ശബ്ദം കാടിനെ കുറെക്കൂടി ഭയാനകമാക്കുന്നു. ഈ ഭീകരതയാണ് ഇങ്ങനെയുള്ള യാത്രകളുടെ ത്രില്ലും. പോകുന്ന വഴികളിൽ തോടുണ്ടാകുമെന്നും അതിലൊക്കെ കാലു മുക്കാമെന്നും നേരത്തെ കരുതിയതിനാൽ ചപ്പൽ ഇട്ടാണ് ഇറങ്ങിയിരിക്കുന്നത്. തൊട്ടപ്പുഴു കടിച്ചാലും സൗകര്യം ചപ്പൽ ആണ്. പക്ഷെ കാട്ടിലൂടെയുള്ള നടത്തത്തിനു ഷൂ ആണ് ഉത്തമം.
വനത്തിനുള്ളിലെ ദൃശ്യം
ചപ്പലിട്ടു നടക്കുമ്പോൾ ശബ്ദവും ഉണ്ടാകുന്നുണ്ട്. ചെറിയ ഇറക്കമായിരുന്നു തുടക്കത്തിലെങ്കിൽ പിന്നീടത് കുത്തിറക്കമായി. മൂന്നോ നാലോ കാൽ വച്ചാല് ഒരു മീറ്ററോളം താഴേക്ക് എത്തും. അങ്ങോട്ട് വേഗം പോകാമെങ്കിലും തിരികേ ഇതിലെ തന്നെ തിരികെ കയറിവരണമല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു. ആന ആക്രമിക്കാൻ വന്നാൽ എങ്ങോട്ട് ഓടണമെന്നും വലിയ നിശ്ചയമില്ല. ഒരു കാര്യം മാത്രമറിയാം, ആ വനത്തിൽ നിലവിൽ ഞാൻ മാത്രമാണുള്ളത്. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. സമയം കുറവാണ്. തിരികെ പോയി കപ്പാക്കാനവും കമന്തയും കാണേണ്ടതാണ്. വേഗത്തിലുള്ള നടത്തം വെറുതെയായില്ല ദൂരെ മരങ്ങൾക്കിടയിലൂടെ വെള്ള നിറത്തിൽ എന്തോ കാണാൻ തുടങ്ങിയിരിക്കുന്നു. അതെ, ഡാം റിസർവോയർ തന്നെയാണതെന്ന് എനിക്ക് ബോധ്യമായി. വെള്ളം ലക്ഷ്യമാക്കി മുന്നോട്ട് തന്നെ നീങ്ങി.

കാടിനുള്ളിൽ നിന്ന് പുല്ലുകൾ വകഞ്ഞു മാറ്റി ഞാൻ റിസർവോയറിലേക്ക് ഇറങ്ങി. പുല്ലുകൾ നിറഞ്ഞ ചെറിയ ഒരു  മുട്ടക്കുന്ന്. മലയുടെ ഭാഗം തന്നെയാണ്. മരമെല്ലാം പണ്ട് വെട്ടി കളഞ്ഞതാവാം. ഞാൻ വെള്ളത്തിനടുത്തേക്ക് നടന്നു. അപ്പോളാണ് അവിടെ രണ്ട് ആൾക്കാരെ ഞാൻ കാണുന്നത്. ചെറിയ വള്ളത്തിൽ മീൻ പിടിക്കുകയാണ് അവർ, നാട്ടുകാരാണ്.
റിസർവോയരിന്റെ ദൃശ്യം
ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. ഒരാൾ കരയിലും മറ്റേയാൾ വള്ളത്തിൽ വല വിരിക്കുകയുമാണ്. പുതിയ കാഴ്ചകൾ എന്തെങ്കിലും ഇവിടെയുണ്ടോയെന്ന് അന്വേഷിച്ചു. ഇതൊക്കെ തന്നെ കാഴ്ചകൾ എന്നാണ് ആള് പറയുന്നത്. വരുന്ന വഴിക്ക് ആനയെ ഒന്നും കാണാത്തത് എനിക്ക് സംശയമായി. ഇനി എല്ലാവരും ചുമ്മാ പേടിപ്പിക്കാൻ പറഞ്ഞതാണോ...! ഞാൻ ഏതായാലും അവിടെ കണ്ട ആളോട് കാര്യം ചോദിച്ചു. ജോമേഷ് എന്നാണ് ആളുടെ പേര്. യുവാവാണ്. ഇവിടെ എന്തൊക്കെ മൃഗങ്ങൾ ഉണ്ടെന്നായിരുന്നു ചോദ്യം. 'എല്ലാമുണ്ട്' ഉത്തരം വന്നു. 'പുലിയും കടുവയും ഉണ്ടോ?' എല്ലാം ഉണ്ട് എന്നങ്ങു തള്ളിയപ്പോൾ വെറുതെ വിടാൻ തോന്നിയില്ല. അതൊന്നും ഇല്ല, ഇതുവരെ മുന്നിൽ പെട്ടിട്ടില്ല എന്നായി ഉത്തരം. ആന, മ്ലാവ്, കേഴ, പന്നി മുതലായവ ഉണ്ടത്രേ. വഴിയിൽ ആനയെ കാണാത്തതിനാൽ ഇതിലേയൊക്കെ ആന വരുന്നതാണോ എന്ന് ജോമേഷിനോട് ചോദിച്ച് ഉറപ്പു വരുത്താമെന്ന് കരുതി. ജോമേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'മുകളിൽ ബൈക്ക് വച്ച ഗ്രൗണ്ട് ഇല്ലേ, അവിടെ വൈകുന്നേരങ്ങളിൽ സ്ഥിരം ആന വരുന്നതാണ്'. ആ ഉത്തരം എന്നെ ഞെട്ടിച്ചു. സകല അതിർവരമ്പുകളും കടന്ന് ആനയുടെ സാമ്രാജ്യത്തിലാണ് ഞാനിപ്പോൾ എന്ന് എനിക്ക് നല്ല ബോധ്യമായി. ഞാൻ സമയം നോക്കി. നാല് മണി, തൃപ്തിയായി. 'തന്നെയാലേ വരവ്, വേണ്ടായിരുന്നു' എന്നുകൂടി ജോമേഷ് കൂട്ടിച്ചേർത്തു. ഇങ്ങനെ പെട്ട് പോയി എന്ന് മനസ്സിലാക്കുമ്പോൾ ഒരു പ്രത്യേക രസമാണ് 😅. അതെല്ലാം തരണം ചെയ്ത് മുന്നേറുമ്പോൾ വേറൊരു സുഖവും. ആ സുഖം കിട്ടണമെങ്കിൽ ഇനി ബൈക്ക് ഇരിക്കുന്ന ഗ്രൗണ്ടിൽ ചെല്ലണം. ഏതായാലും ഞാൻ അതൊക്കെ മറന്ന് കുറച്ച് നേരം കാഴ്ചകൾ ആസ്വദിച്ചു. എല്ലാത്തരം പുഴ മീനുകളും കിട്ടുമെന്നാണ് ജോമേഷ് പറയുന്നത്. ഞാൻ മുന്നിൽ കാണുന്ന വെള്ളത്തിൽ ദ്വീപ് പോലെ പൊങ്ങി നിൽക്കുന്ന കുന്നുകളിൽ സൂക്ഷിച്ച് നോക്കി നിന്നു. ഏതെങ്കിലും മൃഗങ്ങൾ വെള്ളം കുടിക്കാൻ വന്നെങ്കിൽ കാണാമല്ലോ. ആ കുന്നുകളിൽ മരങ്ങൾ നിൽക്കുന്നത് കാണുവാനും ഒരു ഭംഗിയാണ്. തിങ്ങി ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ. നാട്ടിലെ ഫ്രീക്കൻ ഹെയർ സ്റ്റൈൽ പോലെ. താഴ്ഭാഗം തെളിഞ്ഞും, മുകിലിൽ തിങ്ങി നിൽക്കുന്ന മരങ്ങളും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആഴമാണ്. വെള്ളം കെട്ടിനിൽക്കുന്നത് മലയ്ക്ക് ഇടയിലാണല്ലോ. കുത്തനെ കിടക്കുന്ന മലകൾ ആണ്. നേരത്തെ സൂചിപ്പിച്ചപോലെയാണ് ആഴം കൂടുന്നത്. മൂന്നോ നാലോ മീറ്റർ മുന്നോട്ട് വെള്ളത്തിലൂടെ നടന്നാൽ തന്നെ ഒരാൾ പൊക്കത്തിൽ ആഴം കാണാനിടയുണ്ട്. കടും പച്ച നിറത്തിലാണ് വെള്ളം കിടക്കുന്നത്. അതിൽനിന്ന് തന്നെ ആഴം ഊഹിക്കാമല്ലോ. അങ്ങനെയുള്ള സ്ഥലത്താണ് നല്ലപോലെ ബാലൻസ് വേണ്ട ചെറിയ വള്ളത്തിൽ അവർ മീൻ പിടിക്കുന്നത്.

റിസർവോയർ കാഴ്ച്ച 

ജോമേഷ്
ഞാൻ കുറച്ചുനേരം കാഴ്ചകൾ കണ്ട ശേഷം ജോമേഷിനോടും സുഹൃത്തിനോടും യാത്ര പറഞ്ഞു തിരികെ നടന്നു. സൂക്ഷിച്ചു പോകുവാൻ അവരുടെയും വക നിർദേശം കിട്ടി. തിരികെയുള്ള നടപ്പ് വിചാരിച്ചപോലെ തന്നെ അത്ര സുഖകരമല്ലായിരുന്നു. കുത്തനെയുള്ള കയറ്റമാണ്. സമയവും അതിക്രമിച്ചിരിക്കുന്നു. ഞാൻ വേഗത്തിൽ തന്നെ നടന്നു. നല്ലപോലെ കിതയ്ക്കുന്നുണ്ട്. പഴയപോലെ സ്റ്റാമിനാ ഇല്ലാല്ലോ എന്ന് തോന്നി. വ്യായാമമൊക്കെ കുറഞ്ഞതുകൊണ്ടാണ്. ഏതായാലും മടുപ്പുകളെ മാറ്റിവച്ച് പെട്ടെന്ന് തന്നെ ഞാൻ നടന്നു. തിരികെ പോകുമ്പോൾ ആന മുന്നിൽപെട്ടാലാണ് ഏറ്റവും പ്രശ്നം. പിന്നെ തിരികെ പോകാൻ പറ്റില്ലല്ലോ. ഏതായാലും തിരികെയുള്ള നടത്തത്തിൽ ആനയുടെ കാര്യം അധികം ഓർത്തില്ല. ആന വന്നാലും ഓടാൻ വയ്യ എന്ന അവസ്ഥയിലാണ്. ഇരുപത് മിനുറ്റോളം നടന്നതിന് ശേഷം ഞാൻ പഴയ ഗ്രൗണ്ടിൽ തിരിച്ചെത്തി. ആന പോയിട്ട് ഒരു എലിപോലും മുന്നിൽ പെട്ടില്ല. ഏതോ മൃഗത്തിന്റെ നഖം ഉരഞ്ഞ പാട് മാത്രം കണ്ടു, വല്ല പട്ടിയുടെയുമാകാം.

കാട്ടിൽ കണ്ട നഖപ്പാട്
എന്തായാലും സുരക്ഷിതമായി മുകളിലെത്തി. ബൈക്കിനു അടുത്തെത്തി കൂടെ കരുതിയ വെള്ളം കുടിച്ച് അൽപ്പനേരം അവിടെ നിന്നു. വേറെയും തെളിഞ്ഞ നടപ്പ് വഴികളൊക്കെ ഉണ്ട്. കമ്പുകൾ കൂട്ടിക്കെട്ടി വേലികളും ഉണ്ട്. വീടുകൾ വേറെയും ഉണ്ടെന്ന് തോന്നി. സമയമില്ല, തിരികെ വേഗം വണ്ടിയെടുത്തു. കുടുംബശ്രീ കൂടുന്ന പഞ്ചായത്ത് കെട്ടിടത്തിൽ ഇരുന്ന ബാബു ചേട്ടന് യാത്ര പറഞ്ഞു ഞാൻ തിരികെ നീങ്ങി. തിരികെയുള്ള യാത്ര സുഖകരമായിരുന്നു. വരുന്ന വഴിക്ക് ബൈക്ക് തിരികെ കയറ്റാൻ ബുദ്ധിമുട്ടുണ്ടാകും എന്നുകരുതിയ സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തിരികെ വന്നപ്പോൾ ആ ബുദ്ധിമുട്ടുകൾ തോന്നിയില്ല. തിരികെ അമ്പലമേട് കവലയിലെത്തി ബിനു ചേട്ടനെയും കണ്ടു. അവിടെ കടയിൽ അൽപ്പം  ആളുകളൊക്കെ എത്തിയിരിക്കുന്നു. ഞാൻ റിസർവോയർ കണ്ട കാര്യം പറഞ്ഞപ്പോൾ അവിടെയുള്ളവർ ഒറ്റയ്ക്ക് പോകണ്ടായിരുന്നു എന്ന് പരസ്പ്പരം പറയുന്നത് കേട്ടു. ഞാൻ കപ്പാക്കാനത്തേക്കുള്ള വഴി ചോദിച്ചു. വരുന്ന വഴിക്ക് പിൽഗ്രിം റിട്രീറ്റ് എന്ന റിസോർട്ടിന്റെ ബോർഡ് കണ്ടിരുന്നു. അവിടെ നിന്ന് താഴേക്കുള്ള മൺ വഴിയിലൂടെവേണം ടണലുള്ള  കപ്പാക്കാനത്തേക്ക് പോകുവാനെന്ന് നാട്ടുകാർ പറഞ്ഞുതന്നു. ഞാൻ ബിനു ചേട്ടനോടും നാട്ടുകാരോടും വഴി പറഞ്ഞു തന്നതിന് നന്ദിയും പറഞ്ഞു വണ്ടിയെടുത്തു. തിരികെയുള്ള യാത്ര പെട്ടെന്ന് എത്തുന്നുണ്ട്. ഒരുപക്ഷെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിനെപ്പറ്റി ധാരണയുള്ളതിനാലാവാം. റിസോർട്ടിന്റെ ബോർഡ് കണ്ട സ്ഥലമെത്തി. താഴേക്ക് മൺവഴിയുണ്ട്. വഴി ഉറപ്പിക്കണം. കൃത്യസമയത്ത് ഒരു അപ്പൂപ്പൻ ആ വഴി വന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ച് വഴി ഉറപ്പുവരുത്തി. അപ്പൂപ്പനും നല്ല സന്തോഷവാനാണ്. താഴെ കെട്ടിടം പണിയുന്ന പിള്ളേരുണ്ട്, അവരോടു ചോദിച്ചാൽ ടണൽ കാണിച്ചുതരുമെന്ന് അപ്പൂപ്പൻ പറഞ്ഞു. ഞാൻ ബൈക്ക് മുന്നോട്ടെടുത്തു.
കപ്പാക്കാനത്തേക്ക് തിരിയേണ്ട വഴി 
വഴി മോശമാണ്. ചെറിയ കല്ലുകൾ ഇളകി കിടക്കുന്നു. വഴിയുടെ വശങ്ങളിൽ വീടുകളുണ്ട്. ഇറക്കം ഇറങ്ങിയിറങ്ങി റോഡിലൂടെ ഒഴുകുന്ന തോട് എത്തി. റോഡ് രണ്ടായി തിരിയുന്നു. ഒന്ന് ചെറുതാണ്. നേരെ കിടക്കുന്നു. ആ വഴി ഉടനെ അവസാനിക്കുമെന്ന് തോന്നി. രണ്ടാമത്തേത് തോട്ടിലൂടെ കാട്ടിലേക്ക് കിടക്കുന്നു. ഡാം വരെയുള്ള വഴിയാണത്. എല്ലാം ആദ്യംകണ്ട ഷാജി ചേട്ടൻ പറഞ്ഞപോലെ തന്നെ! നേരത്തെ കണ്ടതുപോലെയല്ല, ഇതല്പം വലിയ തൊടാണ്‌, എന്റെ ബൈക്ക് ഇറക്കുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. ഇവിടെ ബൈക്ക് നിർത്തി അൽപ്പം മുന്നോട്ട് നീങ്ങിയാലാണ് ടണൽ എന്നറിയാം. എന്നാലും കൃത്യം സ്ഥലം മനസ്സിലാകുന്നില്ല. കുറച്ച് മുകളിലായി ഒരു ഷെഡ്ഡ് കണ്ടു. അതിൽ ഒരു പയ്യനും ഒരു ചേട്ടനും ഉണ്ട്. അച്ഛനും മകനുമാണെന്ന് തോന്നി. ഒരു പണിക്കാരനേയും കണ്ടു. ഞാൻ ടണൽ എവിടെയാണെന്ന് ഉറക്കെ ചോദിച്ചു. ചേട്ടൻ മകനെ എന്റെ കൂടെ വിട്ടു. തിരികെകൊണ്ടുവന്ന് വിടണേ എന്നേ അപേക്ഷയുള്ളൂ. അരുൺ എന്നാണ് പയ്യന്റെ പേര്. എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ടണലിനു തൊട്ടുമുന്നേവരെ ബൈക്ക് പോകും. അരുണിനെയും പുറകിലിരുത്തി കാട്ടുവഴിയിലൂടെ മുന്നോട്ട് നീങ്ങി. ഒരു ഇരുന്നൂറ് മീറ്റർ എത്തിയപ്പോളേക്കും വഴി അവസാനിച്ചു.
കപ്പക്കാനം. ഇടത്തേക്ക് പോയാൽ ടണൽ, വലത്തേക്ക് പോയാൽ തോട്ടിലൂടെ ഡാമിലേക്ക്.
ഞാനും അരുണും ബൈക്കിൽ നിന്നിറങ്ങി നടന്നു. അമ്പതു മീറ്റർ നടന്നപ്പോളേക്കും സ്ഥലമെത്തി. നാല് കിലോമീറ്റർ ഭൂമിക്ക് അടിയിലൂടെ പാറതുരന്നുണ്ടാക്കിയെടുത്ത ടണൽ. ഇടുക്കി ഡാമിൽ വെള്ളമെത്തിക്കാൻതന്നെ എത്ര പണിപ്പെട്ടു എന്ന് ഞാൻ ഓർത്തുപോയി. ആ കാലത്ത് ഇത്രയും വലിയ ഒരു നിർമാണം നടത്തിയത് തന്നെ വലിയ അത്ഭുതമാണ്. ടണലിൽ നിന്നുള്ള വെള്ളം ഇവിടം കഴിഞ്ഞാൽ തോടായി ഒഴുകുകയാണ്. തൊട്ടിപ്പുറത്തുകൂടി വേറൊരു തോട് ഒഴുകുന്നുണ്ട്. രണ്ടു വെള്ളപ്പാച്ചിലിന്റെയും ഫലമായി നടുക്കുള്ള സ്ഥലവും ഒളിച്ച് പോവുകായാണ്. അധികം താമസിക്കാതെ ശേഷിക്കുന്ന മണ്ണുംകൂടി ഇടിഞ്ഞു രണ്ടു തോടുകളും ഒന്നായി ഒഴുകും എന്ന് തോന്നിപ്പോയി. തണലിനു മുകളിൽ പുൽമേടാണ്. അവിടെയും ആന വരാറുണ്ടെന്നാണ് അരുൺ പറയുന്നത്.
ടണൽ തീരുന്ന സ്ഥലം 

അരുണും തോടുകളും. വലത് വശത്തെ വെള്ളം ടണലിൽ നിന്ന് വരുന്നതാണ്.
ടണൽ കണ്ട് ഞങ്ങൾ തിരികെ റോഡുകൾ തിരിയുന്ന സ്ഥലത്തെത്തി. ഞാൻ തോട്ടിൽ ബൈക്ക് ഇറക്കി വച്ച് അൽപനേരം വെള്ളത്തിലൂടെ നടന്നു. അരുൺ തിരികെ വീട്ടിലേക്ക് പോയി. ആ തണുത്ത മലിനമാകാത്ത വെള്ളത്തിൽ നിന്നും തിരികെ കേറുവാൻ തോന്നിയില്ല.
ബൈക്ക് തോട്ടിലിറക്കിയപ്പോൾ 

കാട്ടിലൂടെ ഡാമിലേക്കുള്ള വഴി
തോട്ടിലൂടെ നേരെ കിടക്കുന്ന വഴി റിസർവോയറിലേക്കുള്ളതാണ്. ഞാൻ നേരത്തെ ഡാം കണ്ടതിനാൽ അതിലെ പോകേണ്ട എന്ന് കരുതി. അൽപ്പനേരം അവിടെ നിന്നതിനു ശേഷം  വണ്ടിയെടുത്തു. ഇനി കമന്തയിലേക്ക്. ഉളുപ്പുണി ചെന്നിട്ട് വേണം കമന്തക്ക് പോകുവാൻ. ഞാൻ വഴിയിൽ വച്ച് വീണ്ടും പഴയ അപ്പൂപ്പനെ കണ്ടു. അദ്ദേഹം എനിക്ക് കമന്തയിലേക്കുള്ള വഴി പറഞ്ഞു തന്നു. അതിലെ മൂലമറ്റത്തേക്കുള്ള വഴിയേപ്പറ്റി ഞാൻ അന്വേഷിച്ചു. ആ വഴി മുഴുവൻ പൊളിഞ്ഞു കിടക്കുകയാണെന്നാണ് അപ്പൂപ്പൻ പറയുന്നത്. രണ്ടു കിലോമീറ്ററോളമാണ് പ്രധാന പ്രശ്നം. പിന്നെ കുഴപ്പമില്ല. അതിലേ പോയാൽ പത്ത് കിലോമീറ്റർ മാത്രമാണ് മൂലമറ്റത്തേക്ക്. തിരിച്ച് വാഗമൺ വഴി പോകാതെ ഇതുവഴി പോയാൽ വ്യത്യസ്തമായിരിക്കും എന്നെനിക്ക് തോന്നി. തൊട്ടുമുന്നേ അവിടുത്തെ റേഷൻ കടക്കാരൻ ആ വഴി പോയി, അതിനാൽ വേണെങ്കിൽ ഒരു കൈ നോക്കുവാനാണ് അപ്പൂപ്പൻ പറയുന്നത്. മഴക്കാലം ആയിരുന്നതിനാൽ കുറേ നാളുകൾക്ക് ശേഷമാണ് അതിലെ ബൈക്ക് പോകുന്നത് പോലും. ഇപ്പോളും ഇടയ്ക്കിടെ മഴയുള്ളതിനാൽ റോഡ് നല്ല മോശമായിരിക്കാം. ബൈക്ക് ഓടിക്കാത്ത അപ്പൂപ്പന്റെ വാക്കുകേട്ട് ആ വഴി പോകണോ എന്ന് ഞാൻ ആലോചിച്ചു. ഏതായാലും പോയി നോക്കാം. കമന്തയിലേക്ക് വിട്ടു.

മനോഹരമായ സ്ഥലം. വഴിക്കുവച്ച് അനീഷ് എന്ന ഒരു പയ്യന് ലിഫ്റ്റ് കൊടുത്തു, കമന്തയിലാണ് അവന്റെ വീട്. ഇളം പച്ച നിറത്തിലുള്ള പുൽമേട് നീണ്ട് കിടക്കുന്നു. അതിനു നടുവിലൂടെ റോഡ്. ഈ പുൽമേടുകളിലും ആനകൾ കൂട്ടമായി എത്താറുണ്ടത്രേ. മൂലമറ്റത്തേക്കുള്ള വഴി ഓഫ് റോഡ് ആണെന്നാണ് അനീഷ് പറയുന്നത്. മഴക്കാലം ആയിരുന്നതിനാൽ കുറെ നാളുകളായി ആരും ബൈക്കുമായി അതിലെ പോകാറില്ല പോലും. അനീഷിനെ വീടിനടുത്ത് ഇറക്കി. അവന്റെ വീടിരിക്കുന്ന സ്ഥലം കണ്ടപ്പോൾ അവനോടു അസൂയ തോന്നിപ്പോയി. അത്ര മനോഹരമാണ് ആ സ്ഥലം. ചുറ്റിനും പുൽമേടുകളും. ദൂരെ  തല ഉയത്തി നിൽക്കുന്ന മലകളുടെ കാഴ്ചയും. അതിമനോഹരം. ഞാൻ മുന്നോട്ട് നീങ്ങി. കോൺക്രീറ്റ് റോഡ് അവസാനിച്ചു. മൺവഴിയാണ്. 

കമന്ത 

കമന്ത 

കമന്ത. ദൂരെ പുൽമേട്ടിൽ പശുവാണോ പോത്താണോ എന്ന് മനസ്സിലായില്ല, ഏതോ ഒന്ന് മെയ്യുന്നു .
കമന്തയുടെ ഭംഗി ഇടയ്ക്കിടെ എന്നെ ബൈക്ക് നിർത്തുവാൻ പ്രേരിപ്പിക്കും. നല്ല കാറ്റത്ത് പുല്ലുകൾ ഇളകിയാടുന്നത് കണ്ടുനിൽക്കാൻ ഒരു സുഖമാണ്. ദൂരെ പുൽമേട്ടിൽ പശുവാണോ പോത്താണോ എന്ന് മനസ്സിലാക്കാൻ പറ്റിയില്ല, ഇതിലേതോ ഒന്ന് മെയ്യുന്നത് കാണാനായി. അങ്ങനെ മലയുടെ മുകളിൽ എത്തിയിരിക്കുന്നു. മല കീറിയാണ് അപ്പുറത്തെ വശത്തേക്കുള്ള വഴി. ഇയ്യോബിൻറെ പുസ്തകം സിനിമയിൽ ഫഹദ് ഫാസിൽ പൊലീസിന്റെ കൈവിരൽ മുറിക്കുന്ന ഭാഗം ഇവിടെവച്ചാണ് ചിത്രീകരിച്ചത്.


ഇയ്യോബിന്റെ പുസ്തകത്തിലെ സീനുകൾ

മലയുടെ മറുവശം ഇറങ്ങിപ്പോയാലാണ് മൂലമറ്റം. മുകളിൽ നിന്ന് നോക്കിയാൽ മൂലമറ്റവും കാഞ്ഞാർ ഭാഗവും കാണാനാകും. മലങ്കര ഡാമിന്റെ റിസർവോയർ തിളങ്ങി നിൽക്കുന്നത് ഒരു നല്ല കാഴ്ചയാണ്. ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം മൂലമറ്റം പവർ ഹൌസ്സിൽ വൈദ്യുതി ഉത്‌പാദിപ്പിച്ചതിന് ശേഷം ഒഴുകിയെത്തുന്നതാണ് മലങ്കര ഡാമിൽ ശേഖരിക്കുന്നത്. മലങ്കര ഡാമിലെ വെള്ളം ഇറിഗേഷൻ ആവശ്യത്തിനും 10  മെഗാ വാട്ട് വൈദ്യുതി  ഉത്‌പാദിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. ഈ യാത്രയോടെ ഇടുക്കി ഡാമിന്റെ കിടപ്പും, അതിനോട് അനുബന്ധിച്ചുള്ള ഒത്തിരിയേറെ കാര്യങ്ങളും മനസ്സിലാക്കാനായി.

മൂലമറ്റം ഭാഗത്തേക്കുള്ള കാഴ്ച. കാഞ്ഞാർ ഭാഗം ചിത്രത്തിൽ വ്യക്തമല്ല.
ഞാൻ ഓഫ് റോഡ് തന്നെ ഇറങ്ങാൻ തീരുമാനിച്ചു. ഇതുവരെ റോഡ് മോശമായിരുന്നു എന്നുള്ള എൻ്റെ അഭിപ്രായങ്ങൾ പാടേ മാറ്റിയ യാത്രയായിരുന്നു പിന്നീടുണ്ടായത്. എൻ്റെ ജീവിതത്തിൽ ഇതുപോലൊരു വഴിയിലൂടെ ഞാൻ ബൈക്ക് ഓടിച്ചിട്ടില്ല എന്നുതന്നെ പറയാം. ഒന്ന് തെന്നിയാൽ കുത്തനെ താഴെ അടിവാരത്ത് ചെല്ലും. ചിലയിടങ്ങളിൽ കഷ്ടിച്ച് ബൈക്ക് പോകാൻ വരമ്പ് പോലെയേ സ്ഥലം കാണുകയുള്ളൂ. ബാലൻസ് തെറ്റിയാൽ കാലുകുത്താൻ പോലും പറ്റില്ല, നേരെ കൊക്കയിലേക്ക് വീഴും, മഴപെയ്‌തു മണ്ണിനും ഉറപ്പില്ല. ഏതായാലും മുന്നോട്ട് തന്നെ, പുറകോട്ട് പിന്മാറുന്നതിനെപ്പറ്റി ആലോചിച്ചില്ല. മുന്നേ പോയ ആൾക്ക് പറ്റുമെങ്കിൽ എനിക്കും പറ്റും, അത്രതന്നെ. റോഡ് വീണ്ടും മോശമായിക്കൊണ്ടിരുന്നു. ചിലയിടത്ത് ചെളി നിറഞ്ഞു കിടക്കുന്നു. വണ്ടിയുടെ ടയർ ചെളിയിൽ താന്നു നിന്നുപോയാൽ കുടുങ്ങിയത് തന്നെ. മല ഇറങ്ങുകയായതിനാൽ ഹെയർപിൻ വളവുകൾ ആണുള്ളത്. പലയിടങ്ങളിലും വഴിയില്ലാ എന്നുതന്നെ പറയണം. അവിടെയൊന്നും ബൈക്ക് നിർത്താൻ പറ്റാത്തതിനാൽ ചിത്രങ്ങൾ പകർത്താനായില്ല. എന്നാൽ ചിലയിടത്തിറങ്ങി ചിത്രങ്ങൾ പകർത്താനും മറന്നില്ല. മൂലമറ്റത്തിന്റെ നല്ല കാഴ്ചകളും മുന്നിൽത്തന്നെയുണ്ട്.

ഓഫ് റോഡ് 

ഓഫ് റോഡ് 

ഇടക്ക് വണ്ടി നിർത്തി കാഴ്ച്ച കണ്ടുനിൽക്കുമ്പോളാണ് കാലിൽ സുഗമായിരുന്ന് ചോര കുടിക്കുന്ന തോട്ടപ്പുഴുവിനെ കാണുന്നത്. കാട്ടിൽ വന്നിട്ട് ഒരു തൊട്ടപ്പുഴുവെങ്കിലും കടിച്ചില്ലെങ്കിൽ മോശമാണ്. ഏതായാലും കൈയിലുള്ള ഉപ്പുവെള്ളം ഒഴിച്ച് അവനെ ഒഴിവാക്കി. അപ്പോളേക്കും രക്തം വരുവാൻ തുടങ്ങി. കൈയിൽ കരുതിയിരുന്ന പേപ്പർ മുറിവിൽ വച്ചു. തൊട്ടപ്പുഴു കടിച്ചാൽ ഏറ്റവും നല്ല രീതി ഇതാണ്. പത്രം ഒട്ടിക്കാതിരിക്കുക. കാരണം പത്രത്തിന്റെ മഷി ലെഡ് ആണ്. അത് രക്തത്തിൽ കലരുന്നത് ആരോഗ്യത്തിനു നല്ലതല്ല. ഞാൻ യാത്ര തുടർന്നു.

കാലിൽ തൊട്ടപ്പുഴു കടിച്ചപ്പോൾ 

തൊട്ടപ്പുഴുവിനെ ഉപ്പുവെള്ളം ഒഴിച്ച് കളഞ്ഞതിനു ശേഷം പേപ്പർ ഉപയോഗിച്ച് മുറിവ് അടച്ചപ്പോൾ 
മുന്നിലേക്ക് ചെല്ലുംതോറും വഴി മോശമായി വന്നു. ഒരു ഭാഗത്തെത്തിയപ്പോൾ വലിയ കല്ലുകൾ ഇളകി കിടക്കുന്നു. ഡിസ്‌കവർ 100 അത് ചാടി കടക്കുമോ എന്ന് എനിക്ക് സംശയം തോന്നിപ്പോയി. ഞാനിറങ്ങി കുറച്ച് പ്രശ്നക്കാരായ കല്ലുകൾ മാറ്റിയിട്ട് സർവ ധൈര്യവും സംഭരിച്ച് ബൈക്ക് മുന്നോട്ടെടുത്തു. വളരെ അപകടം പിടിച്ച വഴിതന്നെയായിരുന്നു അത്. ചിലപ്പോളൊക്കെ ടയറുകൾ രണ്ടു വലിയ കല്ലുകളിൽ ഒരേസമയം കയറുമ്പോൾ കാലെത്താതെ വരുന്നത് അപകടം ക്ഷണിച്ചുവരുത്തേണ്ടതായിരുന്നു. എന്തോ ഭാഗ്യത്തിന്റെ ഫലമായി ഞാൻ ആ രണ്ടു കിലോമീറ്റർ നീണ്ട ഓഫ് റോഡ് കടന്നു. ഈ ബൈക്കിനു ഇത്രയും ചെയ്യാനായല്ലോ എന്നോർത്തപ്പോൾ ആശ്ചര്യം തോന്നി. ഒരു കുഴപ്പവുമില്ല. അച്ഛൻ ഇപ്പോളും ഈ ബൈക്ക് കൊണ്ടുനടക്കുന്നതിന്റെ കാര്യം മനസ്സിലായി. മൈലേജുമുണ്ട് എതിലേയും പോവുകയും ചെയ്യാം. അങ്ങനെ വലിയൊരു കൃത്യം നിർവഹിച്ചിരിക്കുന്നു.
ഏറ്റവും കഠിനമായ ഭാഗം 
മോശം വഴി കഴിഞ്ഞപ്പോൾ കണ്ട കാഴ്ച്ച റോഡ്‌ പണിയാണ്. മൂലമറ്റത്ത് നിന്ന് ഉളുപ്പുണി, ഉപ്പുതറ വഴി കുമിളിക്കുള്ള വഴിയാണ്. അമ്പലമേട് കവലയിലെ ബോർഡ് ഞാൻ ശ്രദ്ധിച്ചിരുന്നു. ഈ വഴി യാഥാർഥ്യമാകുന്നതോടെ വലിയൊരു ടൂറിസം മേഖലയായി ഉളുപ്പുണി മാറുമെന്നതിൽ സംശയമില്ല.  ഇലവീഴാ പൂഞ്ചിറയും ഉളുപ്പുണിയും വാഗമണ്ണുമൊക്കെ ചേർക്കുന്ന ഈ വഴി വളരെ ഉപകാരപ്രദമായിരിക്കും.

റോഡ് പണി നടക്കുന്നു 
അമ്പലമേട്ടിൽ കണ്ട ബോർഡ് 

അൽപ്പംകൂടി മുന്നോട്ടെത്തിയപ്പോൾ ടാർ റോഡ് ആയിരിക്കുന്നു. വന്യവും അന്യവുമായ ഒരു സാഹചര്യത്തിൽ നിന്ന് നാഗരികതയിലേക്ക് പെട്ടെന്ന് ഓടിയിറങ്ങിയപ്പോൾ ആ വ്യത്യാസം നല്ലപോലെ മനസ്സിലാക്കാനായി. മൂലമറ്റമെത്തി. തിരക്ക് പിടിച്ച് പായുന്ന വാഹനങ്ങൾ. ഒത്തിരിയേറെ സൗകര്യങ്ങൾ. പേടിക്കുവാൻ ഒന്നുമില്ല. അതേസമയം ഏതാനും കിലോമീറ്ററുകൾ മാത്രം അപ്പുറത്തുള്ള ഉളുപ്പുണിയിലെ ജീവിതം മനസ്സിലൂടെ കടന്നുപോയി. ദുസ്സഹമായ സാഹചര്യത്തിൽ എത്ര ആളുകളാണ് അവിടെ താമസിക്കുന്നത്, ചുറ്റും വന്യജീവികളും. അവിടുത്തെ സുന്ദരകാഴ്ചകൾ എത്രനാൾ അവരെ രസിപ്പിക്കും? അതോ അവർക്കു അതൊരു രസമാണോ? കുറെയേറെ ചോദ്യങ്ങൾ മനസ്സിൽ വന്നുപോയി. ഏതായാലും ഞാൻ വീട്ടിലേക്ക് നീങ്ങി. കാഞ്ഞാർ - മുട്ടം  - നീലൂർ - കൊല്ലപ്പള്ളി വഴി തിരികെ പാലായിലേക്ക്.

മൂലമറ്റം കോളേജ് 

6 comments :

 1. Nicely written travelogue of an adventurous journey! I too suffer from wanderlust (especially the least explored places), just that do not get enough time to hit the road :(

  ReplyDelete
  Replies
  1. Thank you so much. Just now only I am seeing this comment, sorry. :)

   Delete
 2. എടാ bheekara ....
  കൊള്ളാം..

  ReplyDelete

Related Posts Plugin for WordPress, Blogger...