Saturday, 7 October 2017

കലിംഗ ദേശത്തേക്ക് ഒരു സെക്കൻഡ് ക്ലാസ് യാത്ര! Part - 1മൗര്യ ചക്രവർത്തിമാർ ഇന്നത്തെ ഇന്ത്യ കൂടാതെ അങ്ങ് പാകിസ്ഥാനും അഫ്ഘാനിസ്ഥാനും ബംഗ്ലാദേശുമെല്ലാം കീഴടക്കിയെങ്കിലും അവസാനം ശേഷിച്ചത് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളം, തമിഴ്നാട് തുടങ്ങിയ ചില പ്രദേശങ്ങളും കൂടാതെ ഇന്നത്തെ ഒഡീഷ ഉൾപ്പെടുന്ന കലിംഗ ദേശവുമായിരുന്നു.


സ്വാതന്ത്യ്രം ഇഷ്ടപ്പെട്ടിരുന്ന കലിംഗ ദേശക്കാർ തങ്ങളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റങ്ങൾ ഏതുവിധേനെയും ചെറുക്കാൻ പോന്നവരായിരുന്നു. ചരിത്രാതീത കാലം മുതൽക്കേ തന്നെ കടൽ കടന്ന് കച്ചവടം നടത്തിയിരുന്ന അവർക്ക് ബർമയിൽ വരെ കോളനികൾ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. 

നിരവധി  നദികളാലും ഫലഭൂഷ്ടമായ ഭൂമിയാലും സമ്പന്നമായ ആ നാട്ടിലെ ജനങ്ങൾ സമൃദ്ധിയിലാണ് ജീവിച്ചിരുന്നത്. ഇതൊക്കെ തന്നെയാകാം ബി.സി. 261 ൽ അന്നത്തെ മൗര്യ സാമ്രാജ്യത്തിന്റെ ഭരണാധികാരി അശോക ചക്രവർത്തിക്ക് കലിംഗ രാജ്യത്തിനെ ആക്രമിക്കാൻ പ്രേരണയായതും. ശക്തനായ ചക്രവർത്തിയും, ജീവൻ നഷ്ടപ്പെട്ടാലും പിറന്ന നാട് സംരക്ഷിക്കുമെന്ന് ദൃഢനിശ്ചയവുമുള്ള കലിംഗ ദേശക്കാരും ഇന്നത്തെ ഒഡീഷയിലെ ഭൂബനേശ്വരിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെയുള്ള ധൗളിയിൽ, ദയാ നദിക്കരയിൽ ഏറ്റുമുട്ടിയപ്പോൾ ചരിത്രാതീത കാലം കണ്ട ഏറ്റവും വലിയ യുദ്ധമായി അത് മാറി.

ദയാ നദി. ധൗളിയിൽ നിന്നുള്ള ദൃശ്യം (Pic: Wikipedia)

യുദ്ധം വിജയിച്ചെങ്കിലും ഭീകരയുദ്ധത്തിന്റെ ഫലമായി ചുവന്നൊഴുകിയ  ദയാ നദി അശോക ചക്രവർത്തിയെ മാറ്റി ചിന്തിപ്പിച്ചു. അദ്ദേഹം പിന്നീട് ബുദ്ധ മതം സ്വീകരിച്ചുവെന്നും അക്രമപാത അവസാനിപ്പിച്ചുവെന്നുമാണ് ചരിത്രം. അങ്ങനെ ധൗളി അശോക ചക്രവർത്തിയുടെ കാലത്തെ പ്രധാന ബുദ്ധ കേന്ദ്രമായി മാറുകയും അദ്ദേഹത്തിൻറെ പ്രധാനപ്പെട്ട 14 ശിലാലിഖിതങ്ങളിൽ ഒരെണ്ണം ധൗളിയിലും ഉണ്ടാക്കപ്പെട്ടു. ഇതിൽ ധൗളിയിലെ ശിലാലിഖിതത്തിനു ചേർന്നുള്ള ആനയുടെ കൽപ്രതിമ അവിടുത്തെ ആദ്യത്തെ ബുദ്ധ ശില്പവുമായി അറിയപ്പെടുന്നു. ഇതുപോലെ ചരിത്രങ്ങൾ ഒട്ടനവധി പറയുവാനും നേരിട്ട് കാണിച്ചുതരുവാനും പോന്ന നാടാണ് ഇന്നത്തെ ഒഡീഷ.


എം.എസ്സി പഠനം കഴിഞ്ഞു വീട്ടിലിരിക്കുന്നു. നീണ്ടനാളത്തെ പ്രൊജക്റ്റ് വർക്കും അവസാനത്തെ പ്രെസെന്റഷനും കഴിഞ്ഞു വീട്ടിൽ എത്തിയിക്കുകയാണ്. എങ്ങോട്ടെങ്കിലും ഒന്ന് ലക്ഷ്യമില്ലാതെ ഇറങ്ങി തിരിക്കാൻ മനസ്സ് നിർബന്ധിച്ചുകൊണ്ടേയിരിക്കുമ്പോളാണ് സുഹൃത്ത് അരുൺ വിളിക്കുന്നത്. ഡിഗ്രിക്ക് ശേഷം  ഞങ്ങൾ ഒരുമിച്ച് യാത്രകളൊന്നും പോയിട്ടില്ല. പണ്ട് ഒരു കാര്യവുമില്ലാതെ തെക്കൻ  കേരളത്തിലൂടെ ട്രെയിനിൽ അങ്ങോട്ടുമിങ്ങോട്ടും  പോകുന്ന ഒരു പതിവ് ഞങ്ങൾക്കുണ്ടായിരുന്നു. ഏതായാലും ഇപ്പോൾ ഞാൻ വെറുതെയിരിക്കുന്നു, അവനും അവധിയാണ്. വിശേഷങ്ങളൊക്കെ അറിഞ്ഞപ്പോൾ തന്നെ ഒരു ട്രിപ്പ് വിട്ടാലോ എന്നാണ് അവൻ ചോദിച്ചത്. കുറച്ച് ലോങ്ങ് പിടിക്കാം എന്നായി ഞാൻ. 'നോർത്ത് ഈസ്റ്റ്', ഞാനെൻ്റെ ഏറെ നാളത്തെ ആഗ്രഹം   മറച്ചുവെച്ചില്ല. പക്ഷെ അത്രയും ദിവസം ചിലവഴിക്കാൻ പറ്റുമോ എന്ന് ഉറപ്പില്ല. 'പുരി' ആയാലോ എന്നായി അവൻ. പുരിയെങ്കിൽ പുരി. ഏതായാലും സെക്കന്റ് ക്ലാസ്സ് ട്രെയിനിൽ പരമാവധി ചെലവ് കുറച്ചേ പോകൂ എന്ന് തീരുമാനമെടുത്തു. ഞങ്ങളുടെ ഡിഗ്രീ സമയത്തെ പ്രധാന കറക്ക കമ്പനിയിലും  കംബൈൻഡ്‌ സ്റ്റഡി ടീമിലും പെട്ട, പെട്ടെന്ന് വിളിച്ചാൽ വരും എന്ന് ഉറപ്പുമുള്ള ആൾക്കാരെയൊക്കെ വിളിച്ചു. 'അടുത്ത ആഴ്ച്ച പുരിക്ക് പോയാലോ?' ഇതാണ് ചോദ്യം. പക്ഷെ ട്രിപ്പ് എന്ന് കേട്ടപ്പോൾ തന്നെ 'ഓക്കേ' പറഞ്ഞത് ഡെന്നിസ് ആണ്. ആശാൻ സിക്കിം, നേപ്പാൾ ഒക്കെ കറങ്ങി എത്തിയിട്ടേ ഉള്ളൂ.. എന്നാലും ആള് റെഡി ആണ്. 


അങ്ങനെ ഞാനും, അരുണും, ഡെന്നിസും ഒറീഡീഷയ്ക്ക് ജൂലൈ ഇരുപതാം തീയതി പോകാൻ തന്നെ  തീരുമാനിച്ചു.  എത്ര ദിവസമെന്നോ എന്ന് മടങ്ങുമെന്നോ ഒരു പ്ലാനും ഇല്ല. എല്ലാം വരുന്നതുപോലെ..

2 comments :

  1. ചരിത്രം പറഞ്ഞ് തുടങ്ങിയത് നന്നായിട്ടുണ്ട്.

    ReplyDelete

Related Posts Plugin for WordPress, Blogger...