Wednesday, 10 January 2018

ഭാഗം 2: ട്രെയിനിലെ അനുഭവങ്ങൾ | കലിംഗ ദേശത്തേക്ക് ഒരു സെക്കൻഡ് ക്ലാസ് യാത്ര! Part - 2Click here to read Part 1

ഭാഗം 2: ട്രെയിനിലെ അനുഭവങ്ങൾ

ജൂലൈ ഇരുപതാം തീയതിയായി.  എറണാകുളത്തുനിന്ന് യാത്ര തുടങ്ങാനാണ് തീരുമാനം. ഞാൻ എറണാകുളത്ത് രാവിലെ തന്നെ എത്തി. തലേന്ന് രാത്രിയിലും രാവിലെ ബസ്സിലുമായിരുന്ന് അത്യാവശ്യം ഒഡീഷയെപ്പറ്റി വായിച്ചു. പൗരാണികമായി പ്രസക്തിയുള്ള കുറെ സ്ഥലങ്ങൾ ഭൂഭനേശ്വർ ചുറ്റിപ്പറ്റിയുണ്ട്. അതുകൊണ്ട് പുരി മാത്രമായി ഒതുക്കാതെ ഭൂഭനേശ്വർ കൂടി യാത്രയിൽ ഉൾപ്പെടുത്താമെന്ന് ഞങ്ങൾ വാട്ട്സ്ആപ് ഗ്രൂപ്പിൽ തീരുമാനിച്ചു. നല്ല ത്രില്ലിൽ ആണ്. ഞാൻ പഠിച്ച പള്ളിമുക്കിലെ കുസാറ്റ് ലേക്സൈഡ്  ക്യാമ്പസ്സിൽ പകൽ സമയം ചിലവിട്ടതിനുശേഷം രാത്രി എട്ടുമണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. രാത്രി  09:10നുള്ള തിരുവനന്തപുരത്തുനിന്നും ബംഗാളിലെ ഷാലിമാർ വരെ പോകുന്ന ഷാലിമാർ എക്സ്പ്രസിനു പോകാനാണ് തീരുമാനം. ഞാനും ഡെന്നിസും റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടും. അരുൺ ആലുവയിൽ നിന്നും കയറാം എന്നാണ് പറഞ്ഞിരിക്കുന്നത്.

സെക്കൻഡ് ക്ലാസ്സിലുള്ള ഒരു ദീർഘദൂരയാത്ര ആയതിനാൽ വളരെക്കുറച്ച് സാധനങ്ങൾ മാത്രമേ കരുതിയിട്ടുള്ളു. അതും ആകെ കൈയിൽ വിലപിടിപ്പുള്ള സാധനം മൊബൈൽ ഫോൺ മാത്രമാണ്.  സൗത്ത് സ്റ്റേഷനിൽ ഡെന്നിസ് കാത്തുനിൽപ്പുണ്ടായിരുന്നു. വളരെകാലങ്ങൾക്കുശേഷമുള്ള കണ്ടുമുട്ടലായിരുന്നെങ്കിലും അതിൻറെ ഒരു ആവേശമൊന്നും ഞങ്ങൾക്ക് തോന്നിയില്ല. പഠനകാലം കഴിഞ്ഞു കോളേജിൽ നിന്ന് വിട്ടുപോന്നതിന്റെ വിഷമത്തിൽനിന്നും ഡെന്നിസ് മുക്തനായിട്ടില്ല. തലേന്ന് രാത്രി കോളേജ് ഹോസ്റ്റലിൽ കൂട്ടുകാരുമൊത്തുള്ള കൂട്ടക്കരച്ചിലിനെപ്പറ്റിയും അവൻ പറയുന്നുണ്ടായിരുന്നു. പക്ഷെ ഹോസ്റ്റൽ ഒഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ തന്നെ അടുത്ത യാത്ര തുടങ്ങിയപ്പോൾ വീട്ടിൽ നിന്ന് കേട്ട വഴക്ക് ആശാനേ തീരെ തളർത്തിയിട്ടില്ല. ഞങ്ങൾ സംസാരത്തിനിടെ തന്നെ ടിക്കറ്റങ്ങെടുത്തു. 3 സെക്കന്റ് ക്ലാസ്സ് സൂപ്പർ ഫാസ്റ്റ് ടിക്കറ്റ്.

ടിക്കറ്റ് 

ട്രെയിൻ റൂട്ട്. ചിത്രം: (വിക്കിപീഡിയ)

ഷാലിമാർ എക്സ്പ്രസ്സ് എന്നല്ല ബംഗാൾ ഭാഗത്തേക്കുള്ള ട്രെയിനുകളെല്ലാം നമ്മളുടെ നാട്ടുകാർക്കു തീരെ താല്പര്യമില്ലാത്തവയാണ്. ഒരു സൂചിയിട്ടാൽ നിലത്തുവീഴാത്തയത്ര ഭായിമാരുടെ തിരക്കും, അന്യഭാഷയും, മൂക്ക് പൊതിക്കുന്ന കടുകെണ്ണയുടെ മണവും കാരണം മിക്ക മലയാളികളും ഈ ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ്സ് യാത്ര ഒഴിവാക്കാനാണ് പതിവ്. പക്ഷെ ഞങ്ങൾ എന്തായാലും ഇതിൽ തന്നെയേ ഉള്ളൂ. രണ്ടു കാരണങ്ങളാണ് പ്രധാനമായുമുള്ളത്.  ഒന്ന്, യാത്ര ചെലവ് പറ്റുന്നയത്രയും കുറയ്ക്കുക എന്നത് തന്നെ. എന്നാൽ രണ്ട്, ഇന്ത്യ ശരിക്കൊന്ന് അടുത്ത് തന്നെ അറിയുക എന്നതാണ്. ഗാന്ധി സിനിമയിൽ ഗാന്ധിജി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് എന്റെ മനസ്സിലൂടെ കടന്ന് പോയത്.

ഗാന്ധി സിനിമയിലെ ഭാഗം (യൂട്യൂബ്)

അധികം വൈകാതെതന്നെ ട്രെയിൻ എത്തി. വേഗംതന്നെ ജനറൽ കംപാർട്മെന്റിൽ കയറി സീറ്റ് പിടിച്ചു. ഭായിമാരുടെ ഭയങ്കര തള്ളിക്കയറ്റമൊന്നുമില്ല. സീറ്റുകളും ബെർത്തുകളുമെല്ലാം നിറഞ്ഞിരിക്കുന്നു, കൂടാതെ കുറച്ചാളുകൾ നിൽക്കുന്നുമുണ്ട്.  ഞങ്ങളുടെ അടുത്തിരിക്കുന്നയാൾ ആലുവായിൽ ഇറങ്ങുന്നതിനാൽ അരുണിന് ഞങ്ങളുടെ അടുത്ത് തന്നെ ഇരിക്കാനുമാകും. അങ്ങനെ ട്രെയിൻ നീങ്ങി തുടങ്ങി. ആലുവയിൽ നിന്ന് അരുൺ കൂടി എത്തിയതോടെ ഞങ്ങൾ ഫുൾ എനർജിയിലായി. സ്ഥിരം മണ്ടത്തരങ്ങളും കോമഡികളും പറഞ്ഞു നമ്മൾ ആഘോഷം തുടങ്ങി. അപ്പോളാണ് ഒരു ചങ്ങാതി എന്നെ തോണ്ടി വിളിക്കുന്നത്. ഒരു 25 വയസ്സ് തോന്നിക്കുന്ന ഒരു ചേട്ടൻ. "എങ്ങോട്ടാ?" എന്നായിരുന്നു ചോദ്യം. ഞങ്ങൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ പുള്ളിക്ക് ഇരിക്കാനാണ് ചോദിക്കുന്നതെന്ന് മനസ്സിലായി. പുള്ളിയുടെ പ്രതീക്ഷകളെയെല്ലാം തകിടം മരിച്ചുകൊണ്ട് "ഭൂഭനേശ്വർ" എന്ന് മറുപടി കൊടുത്തു. പക്ഷെ പണി കിട്ടിയത് ഞങ്ങൾക്കാണ്. ചങ്ങാതി കരുതിയത് ഞങ്ങൾ പുള്ളിയെ കളിയാക്കിയെന്നാണ്. "ഒന്ന് പോടാ.. നിങ്ങൾ ഷൊർണുർക്ക് അല്ലേ?" പുള്ളിക്ക് പിന്നെയും സംശയം. അവസാനം നല്ല കോമഡി ആയി. പുള്ളിയെ വിശ്വസിപ്പിക്കാൻ ടിക്കറ്റ് എടുത്ത് കാണിക്കേണ്ടി വന്നു. ഇതിനിടക്ക് ഇതെല്ലാംകേട്ടു അടുത്തിരുന്ന ഭായിയും ആകാംക്ഷ മറച്ചുവച്ചില്ല. "സേട്ടൻമാർ എങ്ങോട്ടാ?" എന്നുള്ള ഭായിയുടെ സംശയവും തീർത്തേച്ചു. പോകുന്ന സ്ഥലം കേട്ടപ്പോൾ നമ്മടെ ചങ്ങാതിക്ക് കൗതുകമായി. സുകാന്ത് എന്നാണ് കക്ഷിയുടെ പേര്. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പഠിച്ചിറങ്ങി ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു. കക്ഷി ഞങ്ങളുടെ പ്ലാനുകളെക്കുറിച്ച് ചോദിച്ചു മനസിലാക്കി. പുള്ളിക്കും ഇതുപോലെ ഒരു യാത്ര പോകണമെന്നുണ്ട്. പക്ഷെ സെക്കൻഡ് ക്ലാസ്സ് യാത്ര അൽപ്പം കടുപ്പമാണെന്നാണ് പുള്ളിയുടെ അഭിപ്രായം. ഏതായാലും ഞങ്ങളുടെ ഇനിയുള്ള വിവരങ്ങൾ അറിയാൻ ഫേസ്ബുക്കിൽ ഫ്രണ്ട് ആക്കിയതിനു ശേഷം പുള്ളി ഷൊർണുർ ഇറങ്ങി. ഇനി ഞങ്ങളും ഭായിമാരും കുറച്ചു തമിഴ്നാട്ടുകാരും മാത്രം. 

യാത്ര തുടങ്ങാൻ നേരം ആലുവയിൽ വച്ചെടുത്ത സെൽഫി, വലതു നിന്നും ഡെന്നിസ്, (ഇടയ്ക്ക് ആരോ), അരുൺ, ഞാൻ. 

ഭായിമാര് ഇനി അവരുടെ നാട്ടിൽ എത്തുമ്പോൾ സ്വഭാവം മാറുമോയെന്ന് കണ്ടറിയണം. ഇതുവരെ പ്രശ്നമൊന്നുമില്ല. ഉള്ളയിടയിൽ നല്ല അഡ്ജസ്റ്റ് ചെയ്തതാണ് ഞങ്ങളിരിക്കുന്നത്. ഈയൊരു സഹകരണത്തിൽ ഭായിമാരെ സമ്മതിച്ചേ മതിയാകൂ. അവർ പരമാവധി ഒതുങ്ങി നമുക്ക് സ്ഥലം തരും. ഞങ്ങൾ കത്തിയടി തുടർന്നു. ഡെന്നീസാണ് ആദ്യം ഒരു പ്രധാനപ്പെട്ട സംശയം എടുത്തിട്ടത്. ട്രാൻസ്-ജെൻഡേഴ്‌സ് വന്നാൽ എന്ത് ചെയ്യും? അവരു പിടിച്ച്പറിച്ച് പൈസ വാങ്ങും. "ചത്താലും ശരി ഞാൻ  പൈസ കൊടുക്കൂല" ഞാൻ എൻ്റെ ഭാഗം പറഞ്ഞു. പലതവണ ട്രെയിനിൽ അവരെ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും ഉപദ്രവിച്ചിട്ടുമില്ല, പൈസയും കൊടുത്തിട്ടില്ല. ആ ഒരു ഉറപ്പിലായിരുന്നു എൻ്റെ അഭിപ്രായം. ട്രെയിൻ തമിഴ് നാട്ടിൽ കയറി, കോയമ്പത്തൂർ വഴി നീങ്ങിക്കൊണ്ടേയിരിക്കുന്നു. ഞങ്ങൾ കുറച്ച് ഉറക്കവും പിടിച്ചിരിക്കുന്നു. അപ്പോളാണ് ഒരു കൈയ്യടി ശബ്ദം കേൾക്കുന്നത്. ഞങ്ങൾ ബോഗിയുടെ നടുഭാഗത്തായാണ് ഇരിക്കുന്നത്. ഡോർ സൈഡിൽ നിന്നും കൈയ്യടി ശബ്ദം അടുത്ത് വന്നോണ്ടേയിരിക്കുന്നു. ട്രാൻസ്-ജെൻഡേഴ്‌സ് ആണ്. ഞാൻ മൈൻഡ് ആക്കാതെയിരുന്നു. ട്രെയിനിലെ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കാൻ പാടില്ലല്ലോ. ഭിക്ഷക്കാർക്ക് പൈസ കൊടുക്കാറില്ലാത്തതുകൊണ്ടു ഇവർക്കും കൊടുക്കില്ല. എല്ലാവരോടും ഒരേ സമീപനം, ഇതൊക്കെയാണ് എൻറെ കാഴ്ചപ്പാടുകൾ. ഇത് തുടരാൻ തന്നെയാണ് തീരുമാനം. ഏതായാലും അവര് വന്നു പണി തുടങ്ങി. ഞാൻ പരമാവധി ശ്രദ്ധിക്കാതെയിരുന്നു. പക്ഷെ ശരീരത്തിൽ തൊടലും പിടുത്തവുമായപ്പോൾ അരുൺ 10 രൂപാ എടുത്ത് കൊടുത്തു. 3 പേർക്കുകൂടി 10 രൂപ. അവർക്ക് അത് മതി. എല്ലാ ഗ്രൂപ്പിൽ നിന്നും എന്തെങ്കിലും കിട്ടണം, അത്രയേ ഉള്ളു. ഏതായാലും ഒന്ന് രണ്ടു തവണകൂടി അവർ വന്നെങ്കിലും 10 രൂപ കൊടുത്ത് ഒഴിവാക്കി. ശരീരത്തിൽ പിടിച്ചുള്ള കളി മാത്രം സഹിക്കാൻ പറ്റില്ല. അവരുമായി ഒരു വഴക്കിനും മനസ്സ് വന്നില്ല. പിന്നെ എപ്പോളോ ഞങ്ങൾ 3 പേരും സീറ്റിൽ ഇരുന്നുതന്നെ ഉറങ്ങിപ്പോയി.

ഇടയ്ക്കിടെ എണീറ്റുള്ള സുഖമില്ലാത്തയൊരു ഉറക്കമാണ്. അടുത്ത ദിവസം  പകലായിട്ടും പ്രത്യേകിച്ച് രസമുള്ളതായി ഒന്നും തോന്നിയില്ല. ഞങ്ങൾ ഓരോന്ന് സംസാരിച്ച് സമയം കളയും, അത്ര തന്നെ. മൊബൈൽ ഫോൺ ചാർജ് തീർക്കണ്ടയെന്ന് കരുതി അതിന്റെ ഉപയോഗവും കുറവാണ്. ഭക്ഷണം കഴിപ്പും കുറവാണ്. വെള്ളം മാത്രം വാങ്ങും. പിന്നെ അതിൽ അധികം പൈസ കളയണ്ടായെന്ന് കരുതി, റെയിൽവേ സ്റ്റേഷനുകളിലുള്ള IRCTC Water Vending Machine ഇൽ പോയി വെള്ളം നിറയ്ക്കാൻ തുടങ്ങി, കുപ്പിയുണ്ടെകിൽ ഒരു ലിറ്റർ വെള്ളത്തിന് 5 മാത്രമേ ആവുകയുള്ളൂ. ഉച്ചക്ക് ചെന്നൈ എത്തിയപ്പോളാണ് ഭക്ഷണം കഴിക്കുന്നത്. ഡബിൾ എഗ്ഗ് ബിരിയാണി. ബിരിയാണി കഴിക്കുമ്പോളാണ് ആ ടെക്‌നിക് പിടികിട്ടിയത്. ഒരു  ട്രാൻസ്-ജെന്റർ ആള് ട്രെയ്നിൽ വന്നു കയറി. ട്രെയിനിൽ തിരക്കും കുറവാണു. പുള്ളി ആണാണോ എന്നുവരെ സംശയം തോന്നി, മുഖത്തു ഷേവ് ചെയ്‌തതിന്റെ പാട് കാണാനുണ്ട്. കുറ്റി താടികൾ നിൽപ്പുമുണ്ട്. പുള്ളിക്ക് പൈസ കൊടുക്കാനെടുത്തപ്പോളാണ് അറിയുന്നത്, അവര് ഭക്ഷണം കഴിക്കുന്നവരുടെ കൈയിൽ നിന്ന് പൈസ വാങ്ങില്ലാ എന്ന്. "എന്തുനല്ല ആചാരങ്ങൾ" മനസ്സിലോർത്തുപോയി. ഇനിയങ്ങോട്ട് ഈ ടെക്‌നിക് ഉപയോഗിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അല്ലെങ്കിൽ  ട്രാൻസ്-ജെൻഡേഴ്‌സിനു പൈസ കൊടുത്തുതന്നെ കുറെ പൈസ തീരും. പക്ഷെ പേടിച്ചപോലെ പിന്നെ അവർ ട്രെയിനിൽകയറിയില്ല.


യാത്രക്കിടെ പകർത്തിയ വീഡിയോ ഇഷ്ടപെട്ട സംഗീതത്തോപ്പം 

ട്രെയിൻ ചെന്നൈ കഴിഞ്ഞു ഓങ്കോലെ വഴി കിഴക്ക് ലക്ഷ്യമാക്കി കുതിക്കുകയാണ്. ചെന്നൈ കഴിഞ്ഞപ്പോൾമുതലാണ് നമ്മളുടെ ഭായിമാരുടെ മാറ്റം ശ്രദ്ധിക്കുന്നത്. ആശാന്മാർ സീറ്റിലിരുന്ന് തന്നെ ബീഡിവലി തുടങ്ങി. അരമണിക്കൂർ കൂടുമ്പോൾ ഓരോന്ന് കത്തിക്കും. അതുംകൂടാതെ പാൻ ആണ് അവരുടെ മറ്റൊരു വിനോദം. എന്തോ ഒരു വെള്ള പൊടിയൊക്കെ ചേർത്ത് കൈയിൽവച് തിരുമ്മിയാണ് അവർ പാൻ തയ്യാറാക്കുന്നത്. എന്തായാലും കേരളത്തിൽനിന്ന് പൊന്നതിന്റെ കാണാനുണ്ട്. കേരളത്തിൽ ഒരിക്കലും നടക്കില്ലാത്ത കാര്യങ്ങളാണല്ലോ ഇപ്പോൾ ട്രെയിനിൽ നടക്കുന്നത്. ഇനിയെന്തൊക്കെ കാണാനിരിക്കുന്നു എന്ന് മനസ്സിൽ കരുതി. സാധാരണ തമിഴ് നാട്ടിലൂടെയും ആന്ധ്രായിലൂടെയും യാത്രചെയ്യുമ്പോൾ കാണുന്ന കൃഷിയിടങ്ങളുടെ കാഴ്ചകളാണ് പുറത്ത്. കൃഷിയിടങ്ങളിലുള്ള ഒറ്റപെട്ടവീടുകളും അതിനുചുറ്റിപ്പറ്റി നടക്കുന്ന ആളുകളെ നിരീക്ഷിക്കുന്നതുമൊക്കെ ഒരു കൗതുകമാണ്. വൈകുന്നേരം ആയപ്പൊളേക്കും ട്രെയിൻ  വിജയവാഡ എത്താറായി. കൃഷ്ണ നദിയിലെ റയിൽപാലം കടന്ന് സൂര്യാസ്തമയത്തെ സാക്ഷിനിർത്തി ട്രെയിൻ വിജയവാഡ റെയിൽവേ സ്റ്റേഷനിലേക്ക്കടന്നു. ഏകദേശം 15 മിനിറ്റോളം ട്രെയിൻ വിജയവാഡ സ്റ്റേഷനിൽ നിർത്തിയിടും. സ്റ്റേഷൻ അടുക്കാറായപ്പോളാണ് ഒരു കാഴ്ച കാണുന്നത്. ഞങ്ങളുടെ സീറ്റിന്റെ അടിയിൽ ഒരാൾ കിടപ്പുണ്ട്. ഏകദേശം 55 വയസോളം പ്രായം തോന്നിക്കുന്ന ആ ഭായ് ചിത്രശലഭം കൂടുപൊട്ടിച്ചു പുറത്ത് വരുന്നതുപോലെ തിങ്ങിയിരിക്കുന്ന ഞങ്ങളുടെ കാലുകൾക്കിടയിലൂടെ ഇഴഞ്ഞിറങ്ങി വന്നു. അയാളുടെ ശരീരത്തിലെ നാറ്റം ഞങ്ങളെല്ലാവരും നല്ലതുപോലെ അറിഞ്ഞു. എന്തൊക്കെയായാലും പുള്ളി സേഫ് ആണല്ലോ, കിടന്ന് സഞ്ചരിക്കാം, ട്രാൻസ്-ജൻഡേഴ്‌സ് പിഴിയില്ല. പക്ഷെ ഉഷ്ണവും, വിയർപ്പും, നിലത്തെ ചെളിയും പൊടിയും, പിന്നെ ഞങ്ങൾ ഇടക്ക് അറിയാതെ കൊടുക്കുന്ന തൊഴിയും മാത്രം സഹിക്കണം. 


ട്രെയിൻ കേറിയിട്ട് ഏകദേശം 19 മണിക്കൂർ ആയിരിക്കുന്നു. ഇരുന്നിട്ട് ഇതുവരെ കാര്യമായിട്ട് സീറ്റിൽനിന്ന് എണീറ്റ് നടക്കാത്തതുമൂലം കാലിൽ നീരുവച്ചപോലെ ഞങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങി. കാര്യം ശരിയാണ്. എൻറെ റബ്ബർ ചെരുപ്പ് മുറുകിയിട്ടുണ്ട്. കാലിൽ ഞെക്കുമ്പോളും കുഴിയുന്നുമുണ്ട്. അതുകൊണ്ട് ഇനി ഇടയ്ക്കൊക്കെ എണീറ്റ് നിൽക്കണം. വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ബ്രെഡ് ഓംലറ്റ് വിൽപ്പന തകൃതിയായി നടക്കുകയാണ്. ട്രെയിനിലുള്ള മിക്കവരും വാങ്ങുന്നുണ്ട്. നല്ല വലുപ്പമുള്ള ബ്രെഡ്ഓമ്ലെറ്റ്, 15 രൂപ മാത്രമേ വിലയുമുള്ളൂ. വൃത്തിയിൽ അൽപ്പം സംശയം തോന്നിയതിനാൽ ഞങ്ങൾ മേടിക്കാതെയിരിക്കുകയാണ്. അപ്പോളാണ് അടുത്തിരുന്ന ഭായ് ഞങ്ങൾക്കും കൂടി ഒരെണ്ണം വാങ്ങി തന്നത്. ഒരു നിമിഷം അയ്യടാ എന്നായിപോയെങ്കിലും ഞങ്ങൾ അതുവാങ്ങി കഴിച്ചു. നല്ല രുചിയുള്ളവ തന്നെയായിരുന്നു അവ.

വിജയവാഡ കഴിഞ്ഞതോടെ ട്രെയിനിൽ വിവിധതരം സിഗററ്റുകളുടെയും പാൻ മസാലകളുടെയും വിപണി സുലഭമായി. ഇടയ്ക്കിടെ ഓരോത്തർ ഒരു ബേസിൻ നിറയെ സാധനങ്ങളുമായി എത്തുന്നത് പതിവായി. കേരളത്തിൽ നിന്ന് വരുന്ന നമ്മൾക്ക് ഇത് ശരിക്കും പുതിയ അനുഭവമാണല്ലോ. ട്രെയിനിൽ പലതരത്തിലുള്ള കച്ചവടങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. പഴങ്ങൾ, ഇലക്ട്രോണിക് ഉപകാരണങ്ങൾ, കീ ചെയിനുകൾ എന്നിങ്ങനെയാണ് ലഹരിയുൽപ്പന്നങ്ങൾ കൂടാതെയുള്ള ക്യാറ്റഗറികൾ. ഏറ്റവുംകൂടുതൽ വിറ്റുപോയത് പവർ ബാങ്ക്, ഇയർഫോണുകൾ, മൊബൈൽ സ്ക്രീൻ എൻലാർജിങ് സ്റ്റാൻഡ് എന്നിവയായിരുന്നു. എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് അറിയാതെയാവണം ഭായിമാരിതെല്ലാം വാങ്ങിക്കൂട്ടുന്നത്. പ്രായംകുറഞ്ഞ ഭായിമാരാണ്‌ പ്രധാന കസ്റ്റമേഴ്സ്. അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികൾ ഡ്യൂട്ടി-പെയ്ഡ് ഷോപ്പിൽ കയറി സാധനങ്ങൾ വാങ്ങുന്നതുപോലെതന്നെയാണ് ഇവരും എന്ന് എനിക്ക് തോന്നി. നാട്ടിലെത്തി ആളുകൾക്ക് നൽകുവാനും കാണിക്കാനുമൊക്കെയാവാം ഇതെല്ലാം വാങ്ങിക്കൂട്ടുന്നത്. ഇതെല്ലാം കൊണ്ടുനടന്ന് വിറ്റുതീർത്ത യുവതിക്ക് കോളടിച്ചു എന്നുപറഞ്ഞാൽ മതിയല്ലോ. ഉരുളയ്ക്ക് ഉപ്പേരിയെന്നോണം മറുപടി കൊടുത്ത് നല്ലപോലെ വായിട്ടലച്ചാണ് അവൾ കച്ചവടം നടത്തിയത്. ജീവിക്കാനുള്ള ഓരോരോ നെട്ടോട്ടങ്ങൾ കണ്ട് ഞങ്ങളിരുന്നു.

ട്രെയിനിൽ ഞങ്ങളുമായി ഏറ്റവുംകൂടുതൽ പരിചയമായ  ഭായി ഒരു ആവശ്യം പറഞ്ഞു. "ജിയോ ആണോ മൊബൈൽ കണക്ഷൻ? എനിക്ക് ഒരു വീഡിയോ ഡൗൺലോഡ് ചെയ്‌തു തരുമോ?" 'എന്ത് വീഡിയോ ആണോ എന്തോ?' ഞാൻ മനസ്സിൽ വിചാരിച്ചു. അദ്ദേഹത്തിന്റെ മകൾക്ക് കാണുവാന് ഒരു കാർട്ടൂൺ ആണ് ആൾക്ക് വേണ്ടത്. എത്ര മധുരമുള്ള ആവശ്യം! അദ്ദേഹം പാതിരാത്രി എത്തിച്ചേരുന്ന ഏതോ സ്റ്റേഷനിൽ ഇറങ്ങിപോകുമത്രേ.  വീട്ടിലേക്ക് പോകുന്ന അയാളുടെ ആകാംക്ഷ ഞങ്ങൾക്ക് ശരിക്കും മനസ്സിലായി. ഞങ്ങൾ ഡൗൺലോഡ് ചെയ്തു കൊടുക്കുന്ന ആ വീഡിയോ ഒഡിഷയിൽ എവിടോ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഒരു കുട്ടിക്ക് അൽപ്പനേരം ആനന്ദം പകരാൻ പറ്റിയാൽ നമുക്കത് എത്ര സന്തോഷം നൽകുന്നതായിരിക്കും! ഞങ്ങൾ പല കാർട്ടൂൺ വീഡിയോസ് ഡൗൺലോഡ് ചെയ്ത് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് അയച്ചുകൊടുത്തു.

സോണിയ

 രാജ്മുന്ദ്രി കഴിഞ്ഞപ്പോളാണ് ഞങ്ങളെ ശരിക്കൊന്ന് അലട്ടിയ സംഭവം ഉണ്ടാകുന്നത്. സെൻറ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ക്ലാസ്സിലെ പ്രധാന മൊബൈൽ ഗെയിം ആയിരുന്നു ചെയിൻ റിയാക്‌ഷൻ. ഗെയിമിൽ മൊബൈൽ സ്‌ക്രീനിൽ സമചതുരത്തെ പല സമചതുരങ്ങളായി ഭാഗിച്ചിരിക്കുകയാണ്. ഓരോ ചതുരത്തിലും അമർത്തുമ്പോൾ ഓരോ കുമിളകൾ രൂപപ്പെടും. എത്രയാളുകൾ കളിക്കുന്നുവെന്ന് എണ്ണം ആദ്യമേ നൽകണം, അത്ര തന്നെ നിറങ്ങളിലുള്ള കുമിളകളാവും കളിയിൽ ഉണ്ടാവുക. ഓരോത്തർക്കും മാറി മാറിയാണ് അവസരം. ഓരോത്തർക്കും അവരുടേതായ നിറമുള്ള കുമിളകൾ അതിനനുസരിച്ചു വരും. ഒരു ചതുരത്തിൽ 3 കുമിളകളാണ് പരമാവധി പറ്റുക, അതു കഴിഞ്ഞും അമർത്തിയാൽ അവ പൊട്ടി അടുത്തുള്ള ചതുരങ്ങളിൽ അതെ നിറത്തിലുള്ള കുമിളകൾ രൂപപ്പെടുത്തും. ഇതുപോലെ മുഴുവൻ ചതുരങ്ങളും താൻ തിരഞ്ഞെടുത്ത നിറത്തിലുള്ള കുമിള നിർമാക്കുന്നയാൾ വിജയിക്കും. ഇതാണ് കളി. 


ചെയിൻ റിയാക്ഷൻ ഗെയിം (യൂട്യൂബ്)


ഞങ്ങൾ സമയം കൊല്ലാൻ ചെയിൻ റിയാക്ഷൻ കളി ആരംഭിച്ചു. ഞാൻ ഒരു വശത്തെ സീറ്റിലും അരുണും ഡെന്നിസും എതിർവശത്തെ സീറ്റിലുമാണ് ഇരിക്കുന്നത് (ആലുവയിൽച്ചെടുത്ത സെൽഫിയിൽ കാണുന്നതുപോലെ). അടുത്തുള്ള ബംഗാളി ഭായിമാരെല്ലാം ഇപ്പോൾ നല്ല കമ്പനിയാണ്. ഞങ്ങളുടെ കളിയും സംസാരവും നോക്കിയിരുപ്പാണ് അവരുടെ പണി. ഇതിനിടയ്ക്കാണ് ട്രെയിനിൽനിന്ന് ഒരു പാട്ടുകേൾക്കുവാൻ തുടങ്ങിയത്. മലയാളികൾക്ക് സുപരിചിതമായപോലെ രണ്ടു കാൽപ്പാളികൾ കൂട്ടിയടിച്ച് താളംപിടിച്ചുള്ള പാട്ടാണ്. പാട്ടിൻറെ ശബ്ദം അടുത്തടുത്തുവന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോളാണ് കാണുന്നത്, അതൊരു പെൺകുട്ടിയാണ്. ഒരു 10 വയസ്സ് മാത്രം പ്രായംതോന്നിക്കുന്ന അവളൊറ്റയ്ക്കാണ് രാത്രി 8 മണിയോടടുത്ത സമയത്ത് തിരക്കുള്ള ജനറൽ കംപാർട്മെന്റിൽ പാട്ടുപാടി നടക്കുന്നത്. ഞങ്ങൾ മൊബൈലിൽ പണിയുന്നതുകണ്ട്‌ അവൾ ആളുകളെ വകഞ്ഞുമാറ്റി ഞങ്ങളുടെ അടുത്തേക്ക് വന്നു. പാട്ട് നിർത്തി  ഒരു കുഞ്ഞുകുട്ടിയുടെ കൗതുകത്തോടെ അവൾ ഞങ്ങളുടെ ഗെയിംകളി കാണുവാൻ തുടങ്ങി. അവൾ പാട്ടു നിർത്താൻമാത്രം എന്താണെന്നുള്ളതെന്നറിയാൻ മറ്റു യാത്രക്കാരും നോക്കുവാൻ തുടങ്ങി. ഏകദേശം 2  മിനിറ്റോളം അവൾ ഞങ്ങളുടെ കളി ശ്രദ്ധിച്ചശേഷം അവളും ഫോണിൽ അമർത്തുവാൻ തുടങ്ങി. ഒരു കൗതുകം തോന്നിയതുകൊണ്ട് അവളെയും ഞങ്ങൾ കളിക്ക് കൂട്ടി. അരുണും ഡെന്നിസും കുട്ടിയുമാണ് ഇപ്പോൾ കളി. ഞങ്ങളേവരേയും ഞെട്ടിച്ചുകൊണ്ടു അവൾ ഒരു വിദഗ്ധയെപോലെ കളിക്കുന്നത്. ഇതുകണ്ട് ചുറ്റും ഇരുന്നവരും നിന്നവരുമെല്ലാം എത്തിവലിഞ്ഞു കളികാണുവാൻ തുടങ്ങി. എല്ലാവർക്കും കൗതുകം. അവളാണെങ്കിൽ മുഴുവനായും കളിയിൽത്തന്നെ മുഴുകിയിരിക്കുന്നു. എന്റെയടുത്ത്‌ അൽപ്പം സ്ഥലമുണ്ടാക്കി അവൾ സീറ്റിലിരുന്നു. ശരിക്കും ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഈ കളിയിലെ സ്ഥിരം ജേതാക്കളായ ഡെന്നിസിനെയും അരുണിനെയും അവസാനം അവൾ തോൽപ്പിച്ചു. അവന്മാർ തോറ്റുകൊടുത്തതാണോ എന്നെനിക്ക് തോന്നി. എന്തൊക്കെയായാലും നിമിഷനേരംകൊണ്ട് അവൾ അൽപ്പം ബുദ്ധിയുപയോഗിക്കേണ്ട കളി മനസിലാക്കിയെടുത്തത് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് അവളെപ്പറ്റി കൂടുതൽ അറിയുവാൻ തോന്നി. 

സോണിയയോടൊപ്പം ഗെയിം കളിക്കുന്ന അരുണും ഡെന്നിസും. ഇതെല്ലാം നോക്കി കാണുന്ന ഭായിമാരും 
ഇത്രയ്ക്ക് കഴിവുള്ളയവൾ ഇങ്ങനെ ട്രെയിനിൽ പാട്ടുപാടി നടക്കേണ്ടതാണോ? ഞങ്ങളുടെകൂടെ ഏറ്റവും നന്നായി ഹിന്ദി സംസാരിക്കുന്നത് ഡെന്നീസാണ്. അവൻ തന്നെ അവളെപ്പറ്റി ചോദിച്ചു. വളരെ മിടുക്കിയായി അവൾ മറുപടിയും തന്നുകൊണ്ടിരുന്നു. സോണിയ എന്നാണ് അവളുടെ പേര്. രാജ്മുന്ദ്രിയാണ് വീട്. അവളുടെ അച്ഛനും അമ്മയും ഇതേ ട്രെയിനിൽതന്നെയുണ്ടത്രേ. പല കോച്ചുകളിലായി പാട്ടുപാടി നടക്കുകയാണ്. സ്കൂളിൽ പോകുന്നുണ്ട് എന്നാണ് അവൾ പറഞ്ഞത്. സത്യമാണോ എന്ന് പരീക്ഷിക്കാൻ സ്കൂളിൻറെ പേര് ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെതന്നെ അവൾ ഉത്തരവും തന്നു (സ്കൂളിന്റെ പേര് ഓർക്കുന്നില്ല). വൈകുന്നേരം സ്കൂൾ വിട്ടതിനുശേഷം രാജ്മുന്ദ്രിയിൽ നിന്ന് ട്രെയിനിൽ കയറി ജോലി ആരംഭിക്കും, വിശാഖപട്ടണം വരെ പോയതിനുശേഷം വീണ്ടും തിരിച്ചുവരും. ഏകദേശം പുലർച്ചയോളമാകും വീട്ടിൽ തിരിച്ചെത്താൻ. അവൾ പറഞ്ഞത് ഏതായാലും വിശ്വസിക്കുകയേ ഞങ്ങൾക്ക് വഴിയുണ്ടായിരുന്നുള്ളൂ. ഇതെല്ലാംകേട്ടു അടുത്തിരുന്ന ഭായിമാർ ശോകം മൂഡിലായപോലെ തോന്നി. ഏതായാലും സമയം പോയി, പണി തീരില്ല എന്നുപറഞ്ഞു ടാറ്റായും തന്നു അവൾപോയി. കുറച്ച് പണവും ഞങ്ങൾ അവൾക്ക് നൽകി. അൽപ്പനേരം ഞങ്ങൾ പരസ്പരം മിണ്ടിയില്ല. ഇതാണോ ശരിക്കുമുള്ള ഇന്ത്യാ എന്ന് ആലോചിച്ചുപോയി. കോടികളുടെ അഴിമതി കേസുകളും, മറ്റു മേഖലകളിൽ ചിലവാക്കുന്ന പൈസയുടെ കണക്കും, രാഷ്ട്രീയക്കാരുടെ പരസ്പ്പരമുള്ള ചെളിവാരിയെറിയലും തട്ടിച്ചു നോക്കുമ്പോൾ ഇങ്ങനെ കുറെ ജന്മങ്ങൾ അവഗണിക്കപെട്ടുപോകുന്നല്ലോയെന്ന് തോന്നിപ്പോയി. നമ്മളുടെ കൊച്ചു കേരളത്തിൽ ഏതായാലും ഇപ്പോളിങ്ങനെത്തെ കാഴ്ചകളില്ലാത്തത് ഒരു ആശ്വാസമാണ്, എങ്കിലും ഈ നാടുകളും എന്ന് അതേനിലയിലേക്കെത്തും എന്ന് ആലോചിച്ചുപോയി. ഈ അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി പോയതിൽ ഒത്തിരി വിഷമം തോന്നി. ശരിക്കും നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്. എങ്കിലും കൊച്ചു കൊച്ചു പ്രശ്നങ്ങൾവരെ വലുതാണെന്ന് കരുതി തളർന്നുപോകുന്നവരാണ് നമ്മളിൽ പൂരിഭാഗവും. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാൻവേണ്ടി, വിശപ്പടക്കുവാൻ വേണ്ടി, കഷ്ടപ്പെടുന്ന എത്ര സോണിയയും കുടുംബങ്ങളും കാണും നമ്മളുടെ രാജ്യത്ത്? ഇന്ന് ടാബ്‌ലറ്റ് ഫോണും ഫേസ്ബുക്കും ഒക്കെയായി നടക്കുന്ന കുട്ടികളെ നമുക്ക് കാണുവാൻ കഴിയും. ഇത്രയുമില്ലെങ്കിലും കുറഞ്ഞത് പണിയെടുക്കാതെ പഠിക്കാനുള്ള അവസരമെങ്കിലും അവൾക്ക് കിട്ടേണ്ടത് ന്യായമല്ലേ? അത്യാവശ്യം സുഖസൗകങ്ങളോടെ ജീവിക്കുന്ന എന്നെ ഞാൻ  സ്വയം ബൂർഷ്വാസി എന്ന് വിളിച്ചു.

ട്രെയിൻ വിശാഖപട്ടണം എത്തുന്നു. വിശാഖപട്ടണം വലിയ ഒരു സിറ്റിയാണെന്ന് ട്രെയ്‌നിലിരുന്നപ്പോൾ തന്നെ തോന്നി. ദൂരെ വലിയ കെട്ടിടങ്ങളിൽനിന്നുള്ള വെളിച്ചം കാണാനാകുന്നുണ്ട്. തിരിച്ച് വരുമ്പോൾ ഇവിടെയൊന്ന് ഇറങ്ങികണ്ടാൽ കൊള്ളാമെന്നുണ്ട്. ട്രെയിനിൽ ഉഷ്ണം കൂടിയിരിക്കുന്നു. വിശാഖപട്ടണത്ത് സോണിയ ഇറങ്ങിപോയിക്കാണണം. ഇനി ട്രെയിനിൽ ട്രാൻസ്-ജൻഡർസ് കേറുമോ എന്നാണ് ഞങ്ങളുടെ .പേടി. ഏതായാലും അങ്ങനെയൊന്നും ഉണ്ടായില്ല. വിശാഖപട്ടണത്ത് നിന്ന് ഞങ്ങൾക്ക് ഷെയറിങ് ആണെങ്കിലും ഒരു ബെർത്ത് കിട്ടി. ഡെന്നിസ് അവിടെ കയറി ഒരു 50 വയസ്സ് തോന്നിക്കുന്ന ആളുടെകൂടെ കിടന്നു. ഞങ്ങൾക്കു ഉറക്കം പിടിച്ചിരിക്കുന്നു, പതിയെ മയക്കത്തിലേക്ക് വീണു. 

ദുരനുഭവങ്ങൾ

സുഖമുള്ളയൊരു ഉറക്കമൊന്നുമല്ല. ഇടയ്ക്കിടെ എന്തെങ്കിലുമൊരു അസ്വസ്ഥത തോന്നി എണീക്കുമെങ്കിലും എപ്പോളുമൊരു പാതിയുറക്കം കിട്ടിയിരുന്നു. ഇടക്ക് ട്രെയിനിൽ എന്തോ ഒരു ശബ്ദംകേട്ടാണ് ചെറുതായിട്ടൊന്ന്  ഉറക്കമുണർന്നത്. ട്രെയിനിൽ അൽപ്പം തിരക്ക് കൂടിയിരിക്കുന്നു, കുറച്ചാളുകൾ നിന്നാണ് യാത്ര ചെയ്യുന്നത്. ആരോ ഡോർ സൈഡിൽ നിന്ന് ഉറക്കെ സംസാരിക്കുന്നുണ്ട്. ട്രാൻസ്-ജൻഡർസ് ആണോ എന്ന് സംശയം തോന്നി. എന്നാൽ അവരുടെ സ്ഥിരം കൈയടി കേൾക്കുന്നില്ല. സമയം രാവിലെ 3 മാത്രമേ ആയിട്ടുള്ളു. ഞാൻ പതിയെ വീണ്ടും മയക്കത്തിലേക്ക് വീണു. "ടപ്പ്, ടപ്പ്" - കൈയടി ശബ്ദം, അമ്മേ, ട്രാൻസ്-ജൻഡർസ് തന്നെ. ഞാൻ നോക്കിയപ്പോൾ അരുണും പേടിച്ച് കണ്ണുതുറന്ന് 'പെട്ടു' എന്നമട്ടിൽ ഇരിപ്പുണ്ട്. ഡെന്നിസും എണീറ്റു. ട്രെയിൻ ഒഡിഷയിലെ ആദ്യ സ്റ്റേഷൻ ആയ ബ്രെഹ്മപുർ കഴിഞ്ഞിരിക്കുകയാണ്. ട്രാൻസ്-ജൻഡർസിനെ ഇതുവരെ കുറച്ച് കണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് ഒഡിഷയിലെത്തിയപ്പോളാണ്. അവരൊരു ഗ്രൂപ്പായിട്ടാണ് എത്തിയിരിക്കുന്നത്, ഒരു 5-6 ആളുകൾ കാണും. ആദ്യം ഒരു 35-40 വയസു തോന്നിക്കുന്ന 6 അടിയോളം പൊക്കവും ഒത്ത തടിയുമുള്ള ആളുവന്നു ചിരിച്ചോണ്ട് മര്യാദക്ക് 10 രൂപ ചോദിച്ചു. 'പല ഭിക്ഷാടകർ വന്നു പൈസ ചോദിച്ചു, അവർക്കൊന്നും ഞങ്ങൾ പൈസ കൊടുത്തില്ല. ട്രെയിനിലെ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കാൻ പാടില്ലല്ലോ, അവർക്ക് കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനു ഇവർക്ക് കൊടുക്കണം'. എൻറെ ചിന്ത വീണ്ടും ഉണർന്നു. 10 രൂപ ഡിമാൻഡ് ചെയ്‌തത്‌ എനിക്ക് തീരെ പിടിച്ചില്ല. അതുംകൂടാതെ, നല്ല ഉറക്കം പിടിച്ചിരിക്കുന്ന സമയത്തു എണീപ്പിച്ചതിൻറെയും കലിപ്പുണ്ട്. അടുത്തിരുന്ന ഭായിമാർ ആദ്യം ചോദിച്ചപ്പോൾ തന്നെ 10 കൊടുക്കുന്നത് കണ്ടിട്ടും ഞങ്ങൾ അപകടം മനസ്സിലാക്കിയില്ല. "അരേ, സോണിയ" എന്ന് പഞ്ചാബി ഹൌസിൽ ജനാർദ്ദനൻ വിളിക്കുന്നപോലെ അവരും ഒരാളെ വിളിച്ചു. എന്ത് വൃത്തികേടും കാണിക്കാൻ കൊണ്ടുനടക്കുന്നപോലെ ആ ഒരാൾ ഞങ്ങളുടെ സീറ്റുകൾക്ക് ഇടയിലേക്ക് വന്നു. മുഖം കണ്ടിട്ട് ആണാണ്, എന്നാൽ സാരിയാണ് ഉടുത്തിരിക്കുന്നത്. ആദ്യം വന്നയാൾ എന്നെ ചൂണ്ടിക്കാണിച്ചു. അവർ അപ്പോൾ തന്നെ ബ്ലൗസ് അഴിച്ച് സ്തനങ്ങൾ പുറത്തിട്ടു, എന്നിട്ട് മുലപ്പാൽ ഇറ്റിക്കുവാൻ തുടങ്ങി. ഇതേവരെ കണ്ടിട്ടില്ലാത്ത ആ കാഴ്ച്ചകൾ ഞങ്ങളെ ശരിക്ക് ഞെട്ടിച്ചു. അതിനുശേഷം അവർ കാലുകൾ മാറി മാറി ചാടി ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി നൃത്തം ചവിട്ടാൻ തുടങ്ങി. ഞങ്ങളുടെ സഹനശേഷി ശരിക്ക് പരീക്ഷിച്ച അവർ പിന്നീട് ദേഹത്ത് സ്പർശിക്കാൻ തുടങ്ങിയപ്പോൾ ഞാൻ 10 രൂപ എടുത്ത് നൽകി. സാധാരണ ഇതുവരെ (സൗത്ത് ഇന്ത്യയിൽ) ഒരു ഗ്രൂപ്പ് 10 നൽകിയാൽ മതിയെങ്കിൽ, ഇവിടെ ഓരോത്തരും 10 രൂപാ വീതം നൽകണം പോലും. അവസാനം ഞങ്ങൾ 30 രൂപ നൽകി രക്ഷപെട്ടു. അവരുമായി തർക്കിച്ച് യാത്രയുടെ മൂഡ് കളയാനും താൽപ്പര്യമില്ല. ഇതിൽ പ്രത്യേകം എടുത്ത് പറയേണ്ടത്, പറയുന്ന പണം മാത്രമേ വാങ്ങു എന്നുള്ളതാണ്. 100 രൂപ കൊടുത്താൽ ബാക്കി 90 തിരിച്ചുനൽകും. 

ഞങ്ങളെപ്പോലെ ആ കംപാർട്മെന്റിലുള്ള എല്ലാവരെയും അവർ പിഴിഞ്ഞു. കൊടുക്കാൻ തയ്യാറല്ലെങ്കിൽ ഉപദ്രവം. ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ ഞെക്കി വേദനിപ്പിക്കുക, മടിയിൽ കയറിയിരിക്കുക, ഉമ്മ വെക്കുക, ഇതൊക്കെയാണ് അവരുടെ രീതി. പക്ഷെ സ്ത്രീകളെയും തലമുടി നരച്ചവരെയും അവർ നോക്കുകപോലും ചെയ്യില്ല. എനിക്ക് വരെയധികം അമർഷം തോന്നി, നമ്മളുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറുന്ന ഒരു ക്രിമിനൽ രീതിയാണ് അവരുടേത്. ഇത് നിയന്ത്രിക്കാൻ ആ നാട്ടിലാരുമില്ലേ എന്ന് തോന്നിപ്പോയി. അവരുപോയല്ലോ എന്നോർത്തിരിക്കുമ്പോളാണ് അടുത്ത സ്റ്റേഷൻ എത്തുന്നത്, അവിടെ നിന്ന് പുതിയ ഗ്രൂപ്പ് കേറിയിരിക്കുന്നു. അവർക്കും കൊടുക്കേണ്ടിവന്നു 10 രൂപ. അടുത്ത സ്റ്റേഷനാണ് ഘോർദ്ധ. ഒരിക്കലും മറക്കാനാകാത്ത അനുഭവം കിട്ടിയ സ്റ്റേഷനാണത്. അവിടുന്നും കയറി പുതിയ ഗ്രൂപ്പ്. കുറെ പൈസ അനാവശ്യമായി പോകുന്നല്ലോയെന്നോർത്ത് ഡെന്നിസിനോട് ഉറങ്ങികിടക്കുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. എന്ത് ശബ്ദം കേട്ടാലും എണീക്കാൻ പാടില്ലായെന്ന് ചട്ടം കെട്ടി. ഞങ്ങളും ഉറങ്ങിയപോലെ ഇരുന്നു. ഇത്തവണയും ആദ്യത്തെപോലെ ഒരു ആജാനബാഹു വന്നു മര്യാദക്ക് പൈസ ചോദിച്ചു. ഇവർ 20 രൂപയാണ് ആവശ്യപ്പെട്ടത്. ഞങ്ങൾ കൊടുക്കാൻ തയ്യാറായില്ല. ഇതുകണ്ട് അടുത്തിരുന്ന ഭായ് പറഞ്ഞു രൂപാ കൊടുക്കുന്നതാണ് നല്ലത്, വേണമെകിൽ ഭായ് തന്നെ ഞങ്ങളുടെയും കൊടുക്കാമെന്നുവരെ പറഞ്ഞു. ഞങ്ങൾ മലയാളികളാണ്, ഇതൊന്നും അറിയില്ല, ഉപദ്രവിക്കരുത് എന്നൊക്കെ ഭായ് അവരോടു പറഞ്ഞു. ഭായിമാരുടെ ഈ സ്നേഹം കണ്ട് ശരിക്കും അവരെ ഭായ് എന്ന് വിളിച്ച് പോയി. എന്തായാലും അപ്പോളേക്കും "അരേ സോണിയാ" എന്നപോലെ എന്തിനുംപോന്ന ആളെ അവർ വിളിച്ചു. സീറ്റിനു അറ്റത്തിരുന്ന ഒരാളും ഞങ്ങളെപ്പോലെ പൈസ കൊടുത്തു മടുത്തിരിക്കുകയാണ്. ഞങ്ങൾ സേഫ് ആയിട്ട് സീറ്റിനു നടുക്കാണ് ഇരിക്കുന്നത്. പുള്ളി പൈസ കൊടുക്കില്ലായെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ അവർ ചീത്തവിളി നിർത്തി സാരി പൊക്കി. എന്നിട്ട് അയാളുടെ മുഖത്തേക്ക് അവരുടെ രഹസ്യ ഭാഗം മുട്ടിക്കാൻ ശ്രമിച്ചു. എല്ലാവരും ഇതുകണ്ട് ഞെട്ടിയിരിക്കുന്നു. ഞങ്ങൾക്കാണേൽ ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. അവസാനം അവർ അവരുടെ രഹസ്യ ഭാഗത്തു കൈവച്ചു തുടച്ച് ആ കൈ അദ്ദേഹത്തിന്റെ മുഖത്തേക്ക് തേച്ചുവച്ചു. ഇതുകണ്ട് എൻറെ സകലമാന എന്തൊക്കെയോ പോയി എന്ന് പറയാം. മുഖത്തു തേച്ചപ്പോൾ തന്നെ പുള്ളിക്കാരൻ 20 രൂപ എടുത്തു കൊടുത്ത് അവരെ ഒഴിവാക്കി. ഇതുകണ്ട് ഞാൻ പെട്ടെന്ന് തന്നെ 20 റെഡിയാക്കി വച്ചു. വിചാരിച്ചപോലെ എന്നെത്തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. "ഏയ്, സെക്സി ഹീറോ.." എന്നുവിളിച്ച് എന്റെ മടിയിലിരിക്കാൻ വന്ന അവരെ കഴുത്തിനുപിടിച്ച് മാറ്റി 20  രൂപാ കൊടുത്ത് ഒഴിവാക്കേണ്ടി വന്നു. ഇതൊക്കെ ഒളികണ്ണിട്ടുകണ്ട് ഡെന്നിസ് മുകളിലിരിക്കുകയാണ്. അവർ പലതവണ വിളിച്ചെങ്കിലും അവൻ ആത്മാർത്ഥമായിത്തന്നെ ഉറങ്ങി. പിന്നെ കൂടുതൽ മെനക്കെടാതെ അവരൊരു സേഫ്റ്റി പിൻ എടുത്ത് അവനിട്ട് കുത്തി. അത് ഞങ്ങൾക്ക്  എന്തെന്നില്ലാത്ത ദേഷ്യമുണ്ടാക്കി. ഇതുവഴി എന്തെങ്കിലും അസുഖം പകർന്നാലോ? എന്ത് ശുദ്ധ പോക്രിത്തരമാണ് അവർ കാണിക്കുന്നത്. ഹേയ് എന്ന് ശബ്ദമുണ്ടാക്കി ഞങ്ങൾ എണീറ്റെങ്കിലും 20 രൂപ കൊടുത്ത് ഒഴിവാക്കുകയെ വഴിയുണ്ടായിരുന്നുള്ളൂ. ശരിക്കും ആത്മരോഷം തോന്നിയ നിമിഷങ്ങൾ. എത്രവലിയ കൊള്ളയാണ് ട്രെയിനിൽ നടക്കുന്നത് എന്താണ് ആരും പ്രതികരിക്കാത്തതെന്ന് ഞാൻ ഭായിമാരോട് ചോദിച്ചു. നമുക്ക് ഒറ്റകെട്ടായി നിന്ന് ഇനി ചെറുക്കാം  എന്നുവരെ പറഞ്ഞു. പക്ഷെ അവർക്ക് ഭയമാണ്. ട്രാൻസ്-ജൻഡേർസ് ഒരു മാഫിയ ആണെന്നാണ് അവർ പറയുന്നത്. തടി കേടാകുമത്രേ. പിന്നെ സമാധാനമായി വീട്ടിൽ പോകുന്നവഴിക്ക് അടിയുണ്ടാക്കാൻ മനസ്സും കാണില്ല. തികച്ചും നിസ്സഹായനായ അവസ്ഥ. എനിക്ക് ഭായിമാരുടെ അവസ്ഥ ഓർത്തു ദുഃഖം തോന്നി. കേരളത്തിൽ ഏറെ നാളുകൾ പണിയെടുത്ത്, വീട്ടുകാരെ കാണാൻ പുറപ്പെട്ട പാവങ്ങളെയാണ് അവർ പിഴിയുന്നത്. ഇതുപോലെ മൃഗീയമായ പണം പിരിവു സ്ലീപ്പറിലും ACയിലും ഒരിക്കലും നടക്കാൻ സാധ്യതയില്ല. വീണ്ടും ഞാൻ ചോദിച്ചുപോയി, ഇതാണോ നമ്മളുടെ ഇന്ത്യാ? ഇതാണോ നമ്മളുടെ സംസ്കാരം? പിന്നീടങ്ങോട്ട് ഉറക്കവും നഷ്ടപ്പെട്ടു. കാലിൽ നീരും കൂടിയിരിക്കുന്നു. 

രാവിലെ 06:30 ആയപ്പൊളേക്കും ഭുബനേശ്വർ എത്തി. പെട്ടെന്ന് തന്നെ ഞങ്ങൾ സ്റ്റേഷനിലിറങ്ങി. രാവിലെ തന്നെയുണ്ടായി മോശമനുഭവങ്ങളുടെ എഫക്ട് മാറിയിട്ടില്ല. ട്രാൻസ്-ജൻഡേർസിനെ കണ്ടാൽ ഇടിച്ച് കൊല്ലാനുള്ള ദേഷ്യമാണ് മനസ്സിൽ. എത്ര മോശമായ ജീവിതമാണ് അവരുടേത് എന്ന് ശരിക്കും ആലോചിക്കാനിടയായ അവസരമായിരുന്നു അത്. എല്ലാ രാജ്യത്തെയും  ട്രാൻസ്-ജൻഡേർസ്‌ ഇങ്ങനെയാവുമോ? സൗത്ത് ഇന്ത്യയിലെ ട്രാൻസ്-ജൻഡേർസ്‌ പൊതുവെ പാവങ്ങളായിരുന്നു. എന്നാൽ നോർത്തിൽ എത്തിയപ്പോൾ ക്രിമിനലുകളെപോലെയും. എറണാകുളത്ത് വളഞ്ഞമ്പലത്തുനിന്ന് സൗത്തിലേക്കുള്ള വഴിയിൽ നിരന്നു നിൽക്കുന്ന ട്രാൻസ്-ജൻഡേർസിനെ കണ്ടിട്ടുണ്ട്. വേശ്യാവൃത്തിയാണ് അവരുടെ തൊഴിൽ. അന്നൊന്നും ഇതിനെപറ്റി കൂടുതൽ അന്വേഷിച്ചിട്ടില്ല. എന്നാൽ ഒഡിഷയിലെ ആ സംഭവത്തിനുശേഷം കുറേയാളുകളോട് സംസാരിച്ചപ്പോളാണ് ഒരു ധാരണ കിട്ടിയത്. സമൂഹമാണ് അവരെ അങ്ങനെയാക്കിയത്. എല്ലായിടത്തുനിന്നുമുള്ള അവഗണന! ഗവണ്മെന്റ് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താതെ ഈ അവസ്ഥയയ്ക്ക് മാറ്റമുണ്ടാകില്ല. സർക്കാർ ജോലികൾ നൽകി പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേണം. കൊച്ചി മെട്രോയിൽ ജോലി നൽകിയതൊക്കെ നല്ല നീക്കങ്ങൾ തന്നെ. പക്ഷെ ഒഡീഷയിലെ അവസ്ഥയിൽ, ഒരു ട്രെയിനിൽ നിന്ന് അവർക്ക് കിട്ടുന്ന വരുമാനം ഭീമമായ ഒരു തുക തന്നെയാകും. ഒരു കോച്ചിൽ നിന്നുതന്നെ കുറഞ്ഞത് 1500 രൂപയെങ്കിലും കിട്ടുന്നുണ്ടാവണം. ഇങ്ങനെ എത്രയെത്ര കോച്ചുകൾ, ട്രെയിനുകൾ.. ഇത്രയും വലിയ ഒരു വരുമാനം വേണ്ടെന്ന് വച്ച് ജോലി ചെയ്യാൻ അവർ തയ്യാറാകുമോ എന്നത് വേറെയൊരു സംശയം. ഒരു മാറ്റം അനിവാര്യമാണ്. സിനിമയിൽ കണ്ടതും, പുസ്തകത്തിൽ വായിച്ചതും, ടീച്ചർമാർ പഠിപ്പിച്ചതും, സ്ലീപ്പർ ക്ലാസ്സിലും ഫ്ലൈറ്റിലും യാത്ര ചെയ്‌തപ്പോളും കണ്ടതും അറിഞ്ഞതും മാത്രമല്ല ഇന്ത്യയെന്ന് ശരിക്കങ്ങു മനസ്സിലായി. നല്ല കാര്യങ്ങൾ കുറെയുണ്ടെങ്കിലും കുറേനേരത്തെ ഈ അനുഭവംകൊണ്ടു അതൊന്നും ഓർമ്മവന്നില്ല എന്നുതന്നെ പറയാം. എന്തായാലും ഞങ്ങൾക്കു ഈ യാത്രയോടെ കേരളത്തിൻറെ മഹത്വം ശരിക്കങ്ങു മനസ്സിലായി.

ഭുബനേശ്വർ എത്തിയിട്ടും ഞങ്ങൾക്കു വലിയ സന്തോഷമില്ലേ. കാരണം ഇതുവരെയുള്ള അനുഭവങ്ങൾ തന്നെ. ഇനിയൊരു ചെറിയ ചിലവിലുള്ള റൂം കണ്ടെത്തണം, കുളിക്കണം, അൽപ്പനേരം നടുവൊന്നു ചായ്ക്കണം, സ്ഥലം കാണാൻ ഇറങ്ങണം.


ഒഡിഷ വിശേഷങ്ങൾ തുടരും...
2 comments :

 1. Akhil Chandran16 May 2018 at 19:57

  ഇതിന്റെ ബാക്കി ഭാഗം എവിടെ?

  ReplyDelete
  Replies
  1. ബാക്കി എഴുതാൻ സമയം കിട്ടിയില്ല. ഉടനെ എഴുതാം.

   Delete

Related Posts Plugin for WordPress, Blogger...