Saturday, 6 July 2019

ഹൈദരാബാദിൽ നിന്നും മണാലിയിലേക്ക് | Himalayas 2019 | C#01

----------------------------
Himalayas 2019 ഇലെ മറ്റുഭാഗങ്ങളിലെക്കുള്ള ലിങ്കുകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക  👇


----------------------------


റിസേർച്ചിന്റെ ഭാഗമായാണ് ഹിമാലയത്തിലേക്ക് പോകേണ്ടത്. ലുധിയാനയിൽ നിന്നും ലേ വരെയാണ് പഠനവിധേയമാക്കേണ്ട സ്ഥലങ്ങൾ. ഹിമാചൽ പ്രദേശിലെ റോഹ്താങ് പാസ്സ് വരെയുള്ള വിവര ശേഖരണം 2018 ജൂലൈയിലെ പൂർത്തിയാക്കിയിരുന്നു. ഇനി റോഹ്താങ് പാസ്സ് മുതൽ ലേ വരെയുള്ള സ്ഥലങ്ങളിലേക്കാണ് സഞ്ചരിക്കേണ്ടത്. ജൂലൈ അഞ്ചാം തീയതി രാവിലെ ഹൈദരാബാദിൽ നിന്നും പുറപ്പെടണം. നാലാം തീയതി ഞാൻ ജോലിചെയ്യുന്ന നാഷണൽ ജോഫിസിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു ഇന്റർവ്യൂ ഉം അറ്റൻഡ് ചെയ്യേണ്ടതുണ്ട്. CUSAT ഇൽ ജൂനിയർ ആയിരുന്ന രാഹുൽ യാദവ് എത്തിയിട്ടുണ്ട്, അവനുമുണ്ട്‌ ഇന്റർവ്യൂ. കുറച്ച് ദിവസങ്ങളായിട്ട് ഉറക്കമൊന്നും ശരിയാകുന്നില്ല. അവസാന ദിവസമെങ്കിലും ഒന്നു നന്നായി ഉറങ്ങണമെന്നുണ്ടെങ്കിലും നടക്കുമെന്ന് തോന്നുന്നില്ല. വേനൽ ചൂടിന് അറുതിയായി മൺസൂൺ എത്തിയതിനാൽ എൻറെ പ്രിയപ്പെട്ട ക്വാർട്ടേഴ്‌സ് റൂമിൽ മതിവരുവോളം കിടന്നുറങ്ങാൻ ഒരു പ്രത്യേക സുഖമാണ്. നാലാം തീയതിയിലെ ഇന്റർവ്യൂന് ശേഷം അവസാന ദിവസത്തെ യാത്രയയപ്പ് കലാപരിപാടി കഴിഞ്ഞപ്പോളേക്കും നേരം വൈകി. യാദവിന്റെ കവിതയുമൊക്കെയായി കൂടിയപ്പോൾ പഴയ CUSAT ഹോസ്റ്റൽ കാലഘട്ടം മനസ്സിലൂടെ കടന്നുപോയി. ഹരിശാന്ത്, തമ്മൻ, അജയ്, നിപിൻ, വിവേക് പിന്നെ യാദവുമായി ഒരു നല്ല രാത്രി കടന്നുപോയി. എല്ലാം കഴിഞ്ഞു ഉറങ്ങിയപ്പോളേക്കും രാത്രി 2 മണി. എനിക്ക് രാവിലെ 7:15 ഓടെ റൂമിൽനിന്നും ഇറങ്ങണം. 10 മണിക്കാണ് ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ്. രാവിലെ എണീക്കുമോ എന്ന് നല്ല ഭയമുണ്ട്. എന്നും രാവിലെ തന്നെ എണീക്കുന്ന വിവേകിനോട് രാവിലെ എന്നെ വിളിക്കണം എന്ന് പറഞ്ഞതിന് ശേഷം ഞാനും യാദവും എന്റെ റൂമിൽ വന്നു കിടന്നുറങ്ങി. രാവിലെ 6 മണിക്കും 6:15 നും ഓരോ അലാറം വച്ചിട്ട് 6 മണിക്ക് തന്നെ എണീക്കണം എന്ന് മനസ്സിൽ പലതവണ പറഞ്ഞിട്ടാണ് കിടക്കുന്നത്. അതാണല്ലോ രാവിലെ എണീക്കാനുള്ള ഒരു ടെക്‌നിക്‌.

5:45 ആയപ്പോൾ ഫോണിൽ വന്ന കാൾ കേട്ടാണ് ഉണരുന്നത്. വിവേകാണ്. "ഞാൻ എണീറ്റെടാ" ഞാൻ പകുതി ഉറക്കത്തിൽ പറഞ്ഞു. ഫോൺ വച്ചിട്ട് 6 മണി വരെ ഉറങ്ങാമെന്നു കരുതി. 6 മണിക്ക് അലാറം ഉണ്ടല്ലോ. പക്ഷെ റൂമിന്റെ വാതലിൽ ആരോ വന്നു തട്ടുന്നു. ആത്മാർത്ഥതയുടെ നിറകുടമായ വിവേക് തന്നെ. എന്നെ എണീപ്പിക്കാൻ വന്നതാണ് ആള്. സുഖമായി കിടന്നുറങ്ങുന്ന യാദവിനെ കണ്ടപ്പോ ഒരു തൊഴിവച്ചു കൊടുക്കുവാൻ തോന്നി 😂. ഏതായാലും പെട്ടെന്നെണീറ്റ് ബാഗ് ഒക്കെ പാക്ക് ചെയ്തു നേരെ എയർപോർട്ടിലേക്ക്.

10 മണി ആയപ്പൊളേക്കും വിമാനം ടാക്സി വേയിലേക്ക്  ഇറക്കി നിറുത്തി. പുറത്തെ ശക്തമായ കാറ്റിൽ വിമാനം ചെറുതായി ആടുന്നുണ്ട്. ഈ വിമാനമാണല്ലോ 12 കിലോമീറ്റർ ഉയരത്തിലൂടെ 900 km/hr  വേഗത്തിൽ പറക്കുന്നത് എന്നോർത്തുപോയി. അടുത്ത സീറ്റിലിരിക്കുന്നത് ഒരു അമ്മച്ചിയാണ്, അമ്മച്ചിക്കാണേൽ അറിയേണ്ടതായിട്ടൊന്നുമില്ല. അടുത്തിരിക്കുന്ന എല്ലാവരോടും സംസാരമാണ് പ്രധാന പരിപാടി. ടോയ്‌ലെറ്റിൽ പോകാൻ എണീറ്റാൽ വരെ നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയണം. ഹിന്ദിയും തെലുങ്കു അറിയില്ലയെന്നു പറഞ്ഞു ഞാൻ കുറച്ച് ഒഴിവായി നിന്നു. പിന്നെ ഉറക്കക്ഷീണംകൊണ്ടു മയങ്ങിയും പോയി. കണ്ണുതുറക്കുമ്പോൾ ഡൽഹി എത്താറായിരിക്കുന്നു. ഡൽഹിയിൽ മൺസൂൺ തകർക്കുകയാണ്. Turbulence കാരണം കുട്ടികളൊക്കെ പേടിച്ച് ബഹളം വയ്ക്കുന്നുണ്ട്. അടുത്തുള്ള അമ്മച്ചി പേടിച്ചിട്ടാണെന്നു തോന്നുന്നു, നിശബ്ദമായി ഇരിക്കുന്നു. പുറത്തേക് നോക്കിയാൽ കാണാൻ പറ്റുന്നത് ഇരുണ്ട മേഘവും ആടിയുലയുന്ന വിമാന ചിറകും മാത്രം.അങ്ങനെ വിമാനം ഉച്ചയ്ക്ക് 12 മണിയോടെ ഡെൽഹിയിലിറങ്ങി. ഇനി വൈകുന്നേരം 6 മണിക്കാണ് മണാലിയിലേക്കുള്ള ബസ്സ്. അപ്പോളാണ് യാദവിന്റെ മെസ്സേജ് വരുന്നത്. ഡൽഹി IIT യിൽ ശരൺ ഉണ്ട്. എൻറെ ബാച്ചിൽ CUSAT ഇൽ പഠിച്ചയാളാണ് ശരൺ. അവിടെപോയാൽ അവനെയും കാണാം വൈകുന്നേരം വരെ സമയവും ചിലവഴിക്കാം. നേരെ IIT Delhi യിലേക്ക്.

ഡൽഹിയിൽ

ഡൽഹി മെട്രോയിലാണ് യാത്ര. ഡൽഹി മെട്രോ സർവീസ് എടുത്തുപറയേണ്ടതാണ്. ചെറിയ ഇടവേളകളിൽ എത്തുന്ന മെട്രോ ട്രെയിനുകൾ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും പെട്ടെന്ന് എത്തിച്ചേരുവാന് സഹായകരമാണ്. ഞാൻ IIT സ്റ്റോപ്പിൽ ഇറങ്ങി. IIT യ്ക്കുള്ളിലേക്ക് കയറിപ്പോരുവാനാണ് ശരൺ പറഞ്ഞത്. അവൻ മെയിൻ ഗേറ്റിലേക്ക് നടന്നെത്തുന്നതേയുള്ളു. IIT ബോംബയിലൊക്കെ  പുറത്തുനിന്നൊരാൾക്ക് കയറിച്ചെല്ലാൻ അൽപ്പം പാടാണ്. പക്ഷെ ഇവിടെ സെക്യൂരിറ്റിയോട് എന്തെങ്കിലും പറഞ്ഞാമതിയെന്നാണ് ശരൺ പറഞ്ഞത്. ഞാൻ ഒരു IIT ക്കാരനെപോലെ ഫുൾ കോണ്ഫിടെൻസിൽ ഒരു ഫോണും വിളിച്ച്  അകത്തോട്ട് നടന്നു, സെക്യൂരിറ്റി പുറകിൽനിന്നു വിളിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. അവരോട്ട് പുറകെ വന്നതുമില്ല. പിന്നെ വൈകുന്നേരം വരെ ശരണുമായി IIT യിൽ അൽപ്പനേരം. CUSAT ഇൽ ഒരേ ബാച്ചിലും, ജൂനിയർ ബാച്ചിലും ഉണ്ടായിരുന്ന ചിലരെയൊക്കെ കാണുവാൻ സാധിച്ചു. പിന്നീട് വൈകുന്നേരം നേരെ ഹിമാചൽ പരിവാഹാൻ ബസ്സുകൾ (ഹിമാചൽ ഗവണ്മെന്റ് ബസ്സുകൾ) വരുന്ന ISBT (Inter State Bus Terminal) കാശ്മീരി ഗേറ്റിലേക്ക്.

ഹിമാചൽ പരിവാഹാന്റെ 'ഹിംസുത' ബസ് ആണ് ബുക്ക് ചെയ്തിരിക്കുന്നത്. വോൾവോ അല്ലെങ്കിൽ സ്‌കാനിയ ബസ് ആയിരിക്കും സർവീസ് നടത്തുക. 5:30 ഓടെ ഞാൻ ISBT യിൽ എത്തി. ബസ് നമ്പറോ കണ്ടക്ടറുടെ നമ്പറോ മെസ്സേജ് ആയി ലഭിക്കാറില്ലാത്തതിനാൽ നമ്മൾതന്നെ ബസ് കണ്ടുപിടിച്ചു കേറേണ്ടതുണ്ട്. നേരത്തെ ഈ ബസ്സുകളിൽ യാത്രചെയ്തു പരിചയമുള്ളതിനാൽ സ്ഥലം അറിയാം. അവിടെപ്പോയി HRTC (Himachal Road Transport Corporation) ഓഫീസിലോ അവിടെ നിർത്തിയിട്ടിരിക്കുന്ന ബസ്സിലെ ഡ്രൈവറോടോ പുറപ്പെടുന്ന സമയം പറഞ്ഞു ബസ് കണ്ടെത്തണം.

രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു ബസ് ടെർമിനലാണ് ISBT. വലിയ കെട്ടിട സമുച്ചയം തന്നെ, പക്ഷെ വൃത്തിഹീനമായ ടോയ്ലറ്റും മുറുക്കി തുപ്പിയ ചുമരുകളും ഈ ബസ് ടെർമിനലിന്റെ പ്രത്യേകതകളാണ്. ജനസാന്ദ്രമായ ഇവിടെ തട്ടിപ്പുകളും അനേകമാണ്. ഞാൻ ബാഗുകൾ താഴെവച്ചു ബസ് വരുന്നതുംനോക്കി നിന്നു, ഏതെങ്കിലും വോൾവോ അല്ലെങ്കിൽ സ്‌കാനിയ വരുമ്പോൾ 6 മണിയുടേതാണോ എന്ന് ഡ്രൈവറോട് ചോദിക്കണം. ഈ സമയത്താണ് അതിലെ കറങ്ങി നടന്ന ഒരു പട്ടി എൻറെ ബാഗിൽ വന്നു മണത്തുനോക്കുന്നത് കാണുന്നത്. സ്വാഭാവികം! ഇത് ചിന്തിച്ചു തീരുന്നതിനുമുന്നേതന്നെ ആശാൻ കാലുപൊക്കി എൻറെ ബാഗിലേക്കു നീട്ടിയങ്ങു മുള്ളിവിട്ടു. മനസ്സിൽ പത്തു തെറിയും വിളിച്ച്, പട്ടിയെയും ഓടിച്ച്, അവിടെനിന്നും വാങ്ങിയ Birseli (Bisleri യുടെ വ്യാജൻ) വെള്ളമൊഴിച്ചു ബാഗ് കഴുകി. വാട്ടർപ്രൂഫ് ബാഗ് ആയതു ഭാഗ്യം. ഇതെല്ലാംകണ്ടുകൊണ്ട് ISBT യുടെ ഹോസ്പിറ്റാലിറ്റി അനുഭവിച്ചു നിൽക്കുന്ന വിദേശീയരെ കാണുമ്പൊൾ നമുക്ക് ലജ്ജ തോന്നും. രാജ്യ തലസ്ഥാനം കണ്ട അവർക്ക് മുഴുവൻ രാജ്യത്തിനെപ്പറ്റിയുള്ള അഭിപ്രായം എന്തായിരിക്കുവോ എന്തോ! അപ്പോളേക്കും ബസ് എത്തി. 6 മണിയുടേത് തന്നെ.

വലിയ ബാഗ് Luggage കംപാർട്മെന്റിൽ വയ്ക്കണം. ഒരു ബാഗ് എടുത്ത് അകത്തോട്ട് വയ്ക്കുവാൻ 10 രൂപ ചോദിച്ചു വാങ്ങുന്ന ഒരാൾ! കമ്മീഷൻ കണ്ടക്ടർക്കും ഡ്രൈവറിനും അവിടുത്തെ  ഉദ്യോഗസ്ഥർക്കും കൊടുക്കുന്നുണ്ടാവണം. ഹിന്ദിയിൽ രണ്ടു ഡയലോഗ് പറയാൻ അറിയാത്തതുകൊണ്ട് ഒന്നും പറയാൻ പറ്റിയില്ല. ഇനിയിപ്പോ പറഞ്ഞാലും അവരുടെ ചറപറാ മറുപടി കൃത്യമായി മനസിലായില്ലെങ്കിലും പണിയാണ്. അതാണ് പ്രധാന പ്രശ്നം! ബാഗ് ബസ്സിനുള്ളിൽ വച്ചതിനുശേഷം പുറത്തുനില്കുമ്പോളാണ് ഒരു യാചകൻ വരുന്നത്. മുൻപിലുള്ള പെൺകുട്ടികളെ മാത്രം കാണുവാൻ സാധിക്കാത്ത ഒരു പ്രത്യേകതരം അന്ധനായ യാചകൻ. പെൺകുട്ടികൾ മാത്രം കണ്ണിൽ പെടാത്ത അയാൾ എല്ലാ പെൺകുട്ടികളുടെ ദേഹത്തും കൃത്യമായി ചെന്നിടിക്കും. ഇതുകണ്ട് പലരും ഓടി മാറും, കാണാത്തവർ ഇടികൊള്ളും. ഈ പ്രത്യേകതരം അന്ധനെ ഞങ്ങൾ സ്ത്രീകളില്ലാത്ത വശത്തേക്ക് മാറ്റിവിട്ടു, ഏതോ ഒരു കാന്ത ശക്തി ആകർഷിക്കുന്നപോലെ പെൺകുട്ടികൾക്കിടയിലേക്ക് തന്നെ ആള് നീങ്ങിപോകും! ഇതൊക്കെയാണ് നമ്മളുടെ നാട്!

അപ്പോളതാ അടുത്തയാൾ. ഇദ്ദേഹം ചെവി ക്ലീൻ ചെയ്തു തരുന്നയാളാണ്. തലയിൽ കെട്ടിവച്ചിരിക്കുന്ന തോർത്തിനിടയിൽ ഒരു Ear Bud തിരുകി വച്ചിട്ടുണ്ട്. ഞാൻ ആ സഹായം നിരസിച്ചു. അപ്പോളേക്കും വീണ്ടും അടുത്തേക്കുവന്നു ഫ്രീ ആയി ചെയ്തു തരാമെന്നു അയാൾ! "ഇയാൾ ആരാ ഡോക്ടർ ആണോ? തന്നോടല്ലേ വേണ്ടായെന്നു പറഞ്ഞത്."  എനിക്കല്പം പരുക്കനാകേണ്ടി വന്നു. ഇതുപോലെ അൽപനേരം നിന്നാൽ ഭ്രാന്താകുന്ന ഒരിടമാണ് ISBT.

മണാലിയിലേക്ക്ഹിമാചൽ പരിവാഹൻ ബസ് സർവീസ് Hi-Tech ഒന്നുമല്ലെങ്കിലും നല്ല കൃത്യനിഷ്ഠ പാലിക്കുന്നവയാണ്. കൃത്യം 6 മണിക്കുതന്നെ ബസ് എടുത്തു. പക്ഷെ നല്ല ചെളിപിടിച്ച്, AC ഓൺ അല്ലെങ്കിൽ ദുർഗന്ധം വമിക്കുന്ന  സീറ്റാണുള്ളത്. ഇതിൽ കേറിയ ഒരു സായിപ്പിന്റെ മുഖഭാവമാണ് കാണേണ്ടത്. അടുത്തിരുന്ന ഋഷി എന്ന പുണെക്കാരനെ പരിചയപെട്ടു. നല്ലതുപോലെ സംസാരിക്കുന്ന അദ്ദേഹം മണാലിയിൽ ട്രെക്കിങ്ങിനുവേണ്ടി വരുന്നതാണ്. അൽപ്പനേരം സംസാരിച്ചതിനുശേഷം ഞാൻ മയക്കത്തിലേക്ക് വീണു. രാത്രി ഭക്ഷണത്തിനായി ബസ് നിർത്തി. എയർപോർട്ടിൽ പോലുമില്ലാത്ത വിലയുള്ള ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലാവും ഇങ്ങനെയുള്ള ബസ്സുകൾ നിർത്തുകയെന്നു അറിയാമല്ലോ? ഒരു വില നിയന്ത്രണങ്ങളുമില്ലാത്ത ഹോട്ടലുകൾ, കമ്മീഷൻ വാങ്ങി കൃത്യം അവിടെത്തന്നെ നിർത്തുന്ന ബസ് ജീവനക്കാരും!

വീണ്ടും ബസ്സിൽ കയറി ഉറക്കംതന്നെ. രാവിലെ എണീക്കുമ്പോളേക്കും ബസ് മാണ്ടി എത്തിയിരിക്കുന്നു. കൃത്യസമയത്തുതന്നെയാണ് ബസ് ഓടുന്നത്. മാണ്ടിയിൽനിന്നും കുളുവിലെക്കുള്ള വഴി അതിമനോഹരമാണ്. മാനംമുട്ടിനിൽകുന്ന മലകളെ കീറിയുണ്ടാക്കിയിരിക്കുന്ന റോഡിലൂടെ ബസ് നീങ്ങി. ദൂരെ സൂര്യൻ മലകൾക്കിടയിലൂടെ എത്തിനോക്കുന്നു. സൂര്യ രശ്മികൾ മലകൾക്കിടയിലൂടെ കലങ്ങിയൊഴുകുന്ന ബിയാസ് നദിയെ തിളക്കി നിർത്തിയിരിക്കുകയാണ്. ദാറ്റ് മോമെന്റ്റ്! നല്ല പ്രഭാത കാഴ്ച തന്നെ. ഇനിയങ്ങോട്ട് പരിചിതമായ സ്ഥലങ്ങളാണ്. ഒരുമാസത്തോളം കറങ്ങി നടന്നയിടങ്ങൾ. 2018 ജൂലൈയിൽ ഇവിടെയായിരുന്നു ജോലിയുണ്ടായിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അവിടെ എന്തൊക്കെ മാറ്റങ്ങളാണ് വന്നതെന്ന് ഞാൻ നോക്കിയിരുന്നു. റോഡ് പണിയൊക്കെ തീർന്നിരിക്കുന്നു. കൂടാതെ പ്രവർത്തനം ആരംഭിക്കാത്ത ഒരു പുതിയ ടോൾ പ്ലാസയും കാണാനായി.

മാനംമുട്ടെ ഉയർന്നുനിൽക്കുന്ന മലകൾക്കിടയിലൂടെ ഉദയ സൂര്യനും, മലകൾക്കിടയിലൂടൊഴുകുന്ന ബിയാസ് നദിയും 

മണാലി എത്തുന്നതിനു മുന്നേയുള്ള 17-ആം മൈൽ എന്ന സ്ഥലത്താണ് എനിക്ക് ഇറങ്ങേണ്ടത്. 2018 ഇൽ ഒരു മാസം താമസിച്ച ശർമ്മാസ് ഹോട്ടൽ അവിടെയാണ്. ഇത്തവണ ഒന്നാം തീയതി തന്നെയെത്തിയ എൻറെ ടീമിലെ ബാക്കി രണ്ടാൾക്കാരും കൂടാതെ ഞങ്ങളുടെ ഹിമാചൽ ഡ്രൈവർ റോബിൻജിയും ഇപ്പോൾ ആ ഹോട്ടലിലാണ് ഉള്ളത്. ഊണ എന്ന സൗത്ത് ഹിമാചലിലെ ടൗണിൽ താമസിക്കുന്ന ആളാണ് റോബിൻജി എന്ന് ഞങ്ങൾ വിളിക്കുന്ന റോബിൻ ഠാക്കൂർ. ഇപ്പോൾ ഞങ്ങൾ ഹിമാചലിൽ എവിടെ വന്നാലും റോബിൻജി അദ്ദേഹത്തിന്റെ മഹീന്ദ്രാ ബൊലേറോയുമായി അവിടെ എത്തും.  തിരുവനന്തപുരത്ത് ഉള്ള ഒരു ഡ്രൈവർ കണ്ണൂരിൽ വന്നാൽ എങ്ങനെയുണ്ടാകും? അങ്ങനെതന്നെ. റോബിൻജിയുമായും കുടുംബവുമായുമൊക്കെ ഞങ്ങൾക്ക് നല്ല ആത്മബന്ധമാണുള്ളത്.

ഹിമാചലിലെ റോബിൻജിയുടെ ബൊലേറോ  

രാവിലെ 8:30 ആയപ്പോൾ തന്നെ ഞാൻ ഹോട്ടലിനു മുന്നിലിറങ്ങി. ചെളിയിൽ മുങ്ങി വന്നപോലെ ഞങ്ങളുടെ സ്ഥിരം വണ്ടിയായ ബൊലേറോ ഹോട്ടലിനു മുന്നിൽ തന്നെയുണ്ട്. ഹോട്ടലിനു അടുത്തുള്ള പഴയ സുഹൃത്തായ പയ്യന് ഒരു സലാമും പറഞ്ഞു നേരെ റൂമിലേക്ക്. ഒരു വർഷത്തിനു ശേഷം റോബിൻജിയുമായുള്ള കണ്ടുമുട്ടൽ! റെഡ്‌ഡി സാർ കുളിക്കുന്നു, ശിവ കൃഷ്ണ ധ്യാനത്തിൽ! ഇതെപ്പോൾ തുടങ്ങിയോ എന്തോ?! ഫീൽഡിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നും  കൊറിയർ ആയിട്ടാണ് അയച്ചിരിക്കുന്നത്. അത് എത്താത്തതിനാൽ പണി തുടങ്ങാനാകില്ല. അതിനാൽ ഒരു ദിവസം വിശ്രമം. എല്ലാവരും അടുത്തുള്ള ടൗണിൽ സാധനങ്ങൾ വാങ്ങുവാൻ പോയപ്പോൾ ഞാൻ ഹോട്ടൽ മുറിയിലെ ജനാലയിലൂടെ പുറത്തെ മലകളും ആസ്വദിച്ച് മയക്കത്തിലേക്കും.

ഹോട്ടൽ റൂമിൽനിന്നും പുറത്തേയ്ക്കുള്ള കാഴ്ച്ച 
ഇനിയുള്ള മൂന്നു മാസം ഹിമാലയത്തിൽ. ഏഴാം തീയതി, ഞായറാഴ്ച റോഹ്താങ് പാസ്സ് കടന്നു ജിസ്പ എന്ന ചെറിയ ഒരു സ്ഥലത്തേക്ക് മാറണം. കുറച്ചു നാൾ അവിടെയാകും ഇനി താമസം.

തുടരും..8 comments :

Related Posts Plugin for WordPress, Blogger...