Sunday, 18 August 2019

മണാലിയിൽനിന്നും റോഹ്‌താങ് പാസ്സ് കടന്ന് ജിസ്പയിലേക്ക് | Himalayas 2019 | C#02


----------------------------
Himalayas 2019 ഇലെ മറ്റുഭാഗങ്ങളിലെക്കുള്ള ലിങ്കുകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക  👇


----------------------------യാത്രയുടെ relive വീഡിയോ:-
ജൂലൈ ഏഴാം തീയതി. ലുധിയാന തുടങ്ങി റോഹ്‌താങ് പാസ്സ് വരെയുള്ള സർവ്വേ 2018ഇൽ മൂന്നുമാസംകൊണ്ട് ഞങ്ങൾ സർവ്വേ പൂർത്തിയാക്കിയിരുന്നു. ഇനി റോഹ്‌താങ് പാസ്സ് കടന്ന് ഹിമാചൽ പ്രദേശിലെ തന്നെ കെയ്‌ലോങ് മുതൽ ജമ്മു കാശ്മീർ സംസ്ഥാനത്തിലെ (ഈ ഭാഗം എഴുതുമ്പോൾ ജമ്മു കാശ്മീർ ആയിരുന്നു, ഇപ്പോൾ ലഡാക്ക്) ലേഹ് വരെയുള്ള സർവേയാണ് തീർക്കുവാനുള്ളത്. റോഡുമാർഗം ഏകദേശം നാനൂറു കിലോമീറ്ററോളം ദൂരമാണ് ഇനി മൂന്നുമാസംകൊണ്ടു സർവ്വേ ചെയ്‌തു തീർക്കേണ്ടത്. യാത്രാ സൗകര്യത്തിന് കെയ്‌ലോങ്ങിൽനിന്നും ഏകദേശം ഇരുപതു കിലോമീറ്റർ ദൂരെയുള്ള ജിസ്പ എന്ന സ്ഥലമാണ് താൽക്കാലികമായി base camp ആയി ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. നാനൂറു കിലോമീറ്ററിലെ പകുതിയോളം ദൂരം ജിസ്പയിൽ താമസിച്ചു സർവ്വേ ചെയ്തു തീർക്കുവാനാണ് തീരുമാനം.


സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ലേയിലേക്ക് എത്തിച്ചേരുവാൻ പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത്. ഒന്ന് ശ്രീനഗർ വഴിയും, രണ്ടു മണാലി വഴിയുമാണ്. സാധാരണ ബൈക്കിലും മറ്റും ലേയിലേക്ക് റോഡ് ട്രിപ്പ് നടത്തുന്നവർ ശ്രീനഗർ വഴി ലേയിലെത്തി തിരികെ മണാലി വഴി ഡൽഹിയിലേക്ക് വരികയാണ് പതിവ്.

മണാലിയിൽനിന്നും ലേയിലേക്കുള്ള നാഷണൽ ഹൈവേ 3 ഇന്റെ ഏറ്റവും വലിയ പ്രത്യേകത 4000 മീറ്ററിലധികം ഉയരമുള്ള 5 വലിയ പാർവതനിരകൾ താണ്ടണമെന്നുള്ളതാണ്.

ആ അഞ്ചു പർവത നിരകളും ഉയരവും താഴെപറയുന്ന വിധമാണ്.

Rohtang La : 4000 m
Baralacha La: 4890 m
Nakee La: 4739 m
Lachulung La: 5064 m
Tanglang La: 5328 m

La എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ടോപ്പ് (Top) എന്നാണെന്നാണ് ഒരു ഹിമാചൽ സുഹൃത്ത് പറഞ്ഞത്.

ഞങ്ങൾക്ക് ജിസ്‌പ വരെയെത്തുവാൻ റോഹ്താങ് പാസ്സ് മാത്രമാണ് ഇപ്പോൾ മറികടക്കേണ്ടത്.

ഏകദേശം 4000 മീറ്റർ കഴിയുമ്പോൾ തന്നെ ഓക്സിജൻ കുറവ് അനുഭവപെട്ടു തുടങ്ങും. ഉയരം കൂടുംതോറും അന്തരീക്ഷ മർദ്ദം കുറയുന്നതാണ് ഇതിനു പ്രധാന കാരണം. ഓക്സിജൻ കുറവായതിനാൽ ഇവിടങ്ങളിൽ ആദ്യമായി പെട്ടെന്ന് എത്തിച്ചേരുന്ന ഒരാൾ വേഗത്തിൽ കുറച്ചു ദൂരം നടക്കുകയോ പണികൾ ചെയ്യുകയോ ചെയ്താൽ പെട്ടെന്നു ക്ഷീണവും തലവേദനയും അനുഭവപ്പെടും.

അങ്ങനെ ഞങ്ങൾ മണാലിയിലെ ഹോട്ടലിൽനിന്നും യാത്ര ആരംഭിച്ചു. വഴിയിൽ കണ്ട ഒരു കടയിൽ നിന്നും ഹിമചലിലെ ഞങ്ങളുടെ പ്രധാന breakfast ആയ ആലു പറാട്ടയും തൈരും അച്ചാറും അകത്താക്കി. ഹിമചലിലെത്തിയാൽ കൂടുതലും ഞാൻ വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കാറുള്ളത്. കാര്യം പറയാമല്ലോ, നല്ല രുചികരമായ വിഭവങ്ങളാണുള്ളത്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കണമെന്ന് ഇവിടെവന്നാൽ തോന്നാറേയില്ല.

മണാലി അന്തർ സംസ്ഥാന ബസ് സ്റ്റാൻഡ്മണാലിയിൽ നിന്നും ലേയിലേക്കുള്ള റോഡ് ഡിഫെൻസ് മിനിസ്ട്രിയുടെ കീഴിലുള്ള Border Road Organization (BRO) ആണ് പരിപാലിക്കുന്നത്. വളരെ തന്ത്രപ്രധാനമായ റൂട്ട് ആയതിനാലാണ് ഈ റോഡ് BRO കൈകാര്യം ചെയ്യുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് സാധാരണ ഈ വഴി തുറന്നു കിട്ടുക. ബാക്കിയുള്ള മാസങ്ങളിൽ കനത്ത മഞ്ഞു വീഴ്ച മൂലം ഈ വഴി മൂടിക്കിടക്കുകയായിരിക്കും. മെയ് മാസം BRO ഈ മഞ്ഞു നീക്കം ചെയ്യുകയും അറ്റകുറ്റപണികൾ നടത്തി സഞ്ചാര യോഗ്യമാക്കി തീർക്കുകയും ചെയ്യും. മേയ് മാസം മുതൽ നവംബർ പകുതി വരെ ലഡാക്കിലെ ആർമിക്ക് ആവശ്യമായ സാധനങ്ങളുമായുള്ള ട്രക്കുകളും കൂടാതെ ഇന്ധന ട്രക്കുകളും മറ്റു അവശ്യ സാധനങ്ങളുമായുള്ള ട്രാക്കുകളും മറ്റും ഇതുവഴി കടന്നുപോകുവാൻ തുടങ്ങും. ജൂൺ മുതലുള്ള സമയം മണാലിയിലെത്തുന്ന സഞ്ചാരികൾ രോഹ്താങ് സന്ദർശിക്കും. കാരണം, ജൂലൈ പകുതിയോളംവരെ റോഹ്താങ് മഞ്ഞു മൂടികിടക്കുകയായിരിക്കും. മഞ്ഞിൽ കളിക്കുവാനും, കണ്ടാസ്വദിക്കാനുമാണ് ഇവിടെ വിനോദസഞ്ചാരികൾ എത്തുന്നത്. റോഹ്താങ് സന്ദർശിക്കുവാൻ നിശ്ചിത വാഹനങ്ങൾ മാത്രമേ ഒരു ദിവസം കടത്തിവിടുകയുള്ളതിനാൽ പ്രത്യേക പാസ്സ് എടുക്കേണ്ടതാണ്. അല്ലെങ്കിൽ വീതികുറഞ്ഞ ഈ മലമ്പാതയിൽ ഗതാഗത കുരുക്ക് സംഭവിക്കും. ഓൺലൈൻ വഴി ലഭിക്കുന്ന പാസ്സ് മണാലിയിലെ ഹോട്ടലുകളിൽനിന്നും എടുത്തു തരുന്നതാണ്.


ഞങ്ങൾ മണാലി കടന്ന് റോഹ്താങ് ലക്ഷ്യമാക്കി നീങ്ങി. ഏകദേശം 150 കിലോമീറ്ററോളമാണ് യാത്ര ചെയ്യേണ്ടത്. വിചാരിക്കുന്നതുപോലെ സന്തോഷം മാത്രം നൽകുന്ന ഒരു വഴിയല്ല റോഹ്താങിലേക്കുള്ളത്. ചെറിയ വീതി കുറഞ്ഞ ഈ വഴിയിൽ ഏതുസമയവും കിലോമീറ്ററുകൾ നീളുന്ന ബ്ലോക്ക് പ്രതീക്ഷിക്കാം! ലേയിലേക്ക് പോകുന്ന സൈന്യത്തിന്റെ ട്രക്കുകൾ, അവശ്യ സാധനങ്ങളും ഇന്ധനവുമായി പോകുന്ന നിരവധി ട്രക്കുകൾ, ഇതെല്ലാം കൂടാതെ നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളും. വിചാരിച്ച പോലെ മണാലി ടൗൺ കടന്നപ്പോൾ തന്നെ ബ്ലോക്കിൽപെട്ടു. മണാലിക്ക് തൊട്ടടുത്ത് വെറും 12 കിലോമീറ്റർ മാത്രം ദൂരെയുള്ള Solang വാലിയിലേക്ക് തിരിയുന്ന സ്ഥലത്തു റോഡ് ബ്ലോക്ക് ആയിരിക്കുന്നു. ഏകദേശം രണ്ടു മണിക്കൂറോളം ബ്ലോക്കിൽ പെട്ട് കിടക്കേണ്ടി വന്നു. പ്രധാനമായും ആളുകളുടെ ക്ഷമയില്ലായ്മയാണ് മണിക്കൂറുകളോളം റോഡ് തടസപ്പെടാൻ കാരണമാകുന്നത്. ഒരു ലൈനിൽ ക്ഷമയോടെ കാത്തിരിക്കാതെ കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് പോകാൻ മാത്രം ഇടയുള്ള റോഡിൽ കാത്തുകിടക്കുന്ന വാഹനങ്ങളെ മറികടന്ന് wrong സൈഡിൽ കയറിപോകുന്ന വാഹനങ്ങളാണ് പ്രധാനമായും ബ്ലോക്ക് ഉണ്ടാക്കുന്നത്.

ട്രാഫിക്ക് ബ്ലോക്ക്

ഞാൻ ഒരു വർഷം കൊണ്ട് ഈ വഴിയിലുണ്ടായിരിക്കുന്ന മാറ്റങ്ങൾ തന്നെ നോക്കിയിരുന്നു. ഒരു മാറ്റവുമില്ല. എല്ലാം അതേപടി തന്നെ. ഞാൻ റോഹ്താങ് പാസ്സ് വരെയാണ് ഇതിനുമുന്നേ സഞ്ചരിച്ചിട്ടുള്ളത്. അന്നുപക്ഷെ മഞ്ഞെല്ലാം ഉരുകിപ്പോയിരുന്നു. എന്നാൽ ഇത്തവണ ഇപ്പോളും റോഹ്താങ് മഞ്ഞിൽ മൂടിക്കിടക്കുന്ന വാർത്തയാണ് കേൾക്കുന്നത്. ആദ്യമായി മഞ്ഞു മൂടിക്കിടക്കുന്ന കാഴ്ച കാണുവാനുള്ള ആകാംഷയാണ് എനിക്ക്. സോളാങ് വാലിയിലേക്ക് തിരിയുന്ന സ്ഥലം കഴിഞ്ഞു ഏതാനും കിലോമീറ്ററുകൾ കഴിയുമ്പോൾ റോഹ്‌താങ് ചെക്ക്പോസ്റ്റ് എത്തും. റോഹ്‌താങ് സന്ദർശിക്കാനുള്ള പാസ്സ് ഉള്ളവരെ മാത്രമേ അവിടെനിന്നും കയറ്റിവിടുകയുള്ളൂ. ഇവിടെയെത്തുമ്പോൾ ഒരുതരം കച്ചവടക്കാരെ കാണാം. കഴിഞ്ഞ വർഷവും കണ്ടിരുന്നു. നല്ല ഒന്നാംതരം വ്യാജ കുങ്കുമം വിൽക്കുന്ന ആളുകൾ. നല്ല ഒറിജിനൽ മണമൊക്കെയാണ് പക്ഷെ വെള്ളത്തിലിട്ടുനോക്കിയാൽ വെള്ളം ചുവപ്പു നിറമാകുമെന്നു മാത്രം. കഴിഞ്ഞ വർഷം കൂടെയുള്ള ഒരാൾ വാങ്ങി പരീക്ഷിച്ചതാണ്. ഇവരുടെ കെണിയിൽ പെടാതിരിക്കുക.

റോഹ്താങ് ചെക്ക് പോസ്റ്റ്

നല്ല ഡ്യൂപ്ലിക്കേറ്റ് കുങ്കുമം


ചെക്ക്പോസ്റ്റോക്കെ കടന്നങ്ങനെ റോഹ്‌താങ് പാസ്സിന് തൊട്ടുമുന്നെയുള്ള മാടി എന്ന സ്ഥലത്തെത്തി. ഇവിടെനിന്നായിരുന്നു കഴിഞ്ഞ വർഷം ഞങ്ങൾ ഭക്ഷണവും മറ്റും കഴിച്ചിരുന്നത്. റോഹ്താങ് സന്ദർശിക്കാൻ എത്തുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ലഭിക്കുന്ന ഏക സ്ഥലമാണ് മാടി. ഭക്ഷണത്തിനു വില കൂടുതലാണിവിടെ, പക്ഷെ വിശപ്പ് അടക്കണമെങ്കിൽ ഇതുമാത്രമേ രക്ഷയുള്ളൂ. BSNL, JIO 4G സിഗ്നൽ എല്ലാം ഇവിടെ ലഭിക്കും. മാടിയിൽ നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയാൽ രോഹതാങ് ടോപ്പ് എത്തുകയായി. മലകളെ കീറി ചുറ്റി വളഞ്ഞു കയറിപോകുന്ന റോഡ്. ഭക്ഷണം കഴിച്ച ശേഷം റോഹ്താങ് കയറി. കഴിഞ്ഞ വർഷത്തിൽ നിന്നും വളരെ വ്യത്യസ്തമായി മുഴുവൻ മഞ്ഞു മൂടികിടക്കുന്ന റോഹ്‌താങ്.

മാടി
റോഹ്താങ് മല കയറുമ്പോൾ മണാലി സൈഡിലെ കാഴ്ചകളാണ് കൂടുതൽ ആകർഷകമായി തോന്നിയിട്ടുള്ളത്. ഒരുവശത്ത് ചെങ്കുത്തായ കൊക്കയും അതുപോരാതെ മനസിനെ കുളിർമകൊള്ളിക്കുന്ന കോടമഞ്ഞു മൂടുന്ന മലകളും. വണ്ടി ഓടിക്കാൻ താൽപര്യമുള്ളവർക്ക് ഈ വഴിയൊരു ഹരമായി മാറുമെന്നതിന് സംശയം വേണ്ട. എതിരെ വലിയ ലോറിയും മറ്റും വരുമ്പോൾ കൊക്കയുള്ള വശത്തേക്ക് വണ്ടിയൊതുക്കി വഴിയൊരുക്കുമ്പോൾ ഏതാനും ഇഞ്ചുകൂടി മാറിയാൽ വണ്ടി താഴെ കിടക്കും.

റോഹ്താങ് കാഴ്ചകൾ

റോഹ്താങ് കാഴ്ചകൾ

റോഹ്‌താങിലേക്ക് കയറിയപ്പോളേക്കും വീണ്ടും ഞങ്ങൾ ബ്ലോക്കിൽ പെട്ടു. റോഡിന്റെ ഒരുവശം ഇടിഞ്ഞുപോയതിനാൽ ഒരു സമയം ഒരുവാഹനമേ കടന്നുപോവുകയുള്ളൂ. ഏതെങ്കിലും വാഹനത്തിന്റെ ചക്രങ്ങൾ പുതഞ്ഞുപോയാൽ അതുമായി. അവിടെ വാഹനങ്ങൾ മുഖാമുഖം വന്നതിനാൽ കിലോമീറ്ററുകൾ ബ്ലോക്കാണ്‌. പെട്ടെന്നാണ് ഞാനത് ശ്രദ്ധിക്കുന്നത്. ഒരു ബുള്ളറ്റിൽ രണ്ടു പൊലീസുകാർ. കമാൻഡോസിന്റെ ബലിദാൻ ബാഡ്ജ് ഒക്കെ ധരിച്ച ഹിമാചൽ പൊലീസുകാർ. അവർ ബ്ലോക്ക് മാറ്റാനായി പടിച്ചപണി പതിനെട്ടും പയറ്റുകയാണ്‌. പലതവണ ഇതിലെ പോയിട്ടും കാണാത്ത കാഴ്ച. എനിക്ക് അവരോടു വല്ലാത്തൊരു മതിപ്പ് തോന്നി. സകല ഊർജവുമെടുത്ത് ഓടിനടന്ന് കഷ്ടപ്പെടുകയാണ്. സഞ്ചാരികൾ തന്നെ ഇടപെട്ടിട്ടാണ് സാധാരണ ബ്ലോക്ക് ശരിയക്കാറുള്ളത്. പൊലീസുകാർ ആദ്യം കുറെ ദൂരം മുന്നിലേക്ക് പോയി എന്തൊക്കെയോ ചെയ്തിട്ട് ശേഷം പുറകിലേക്ക് പോകും. ഒരു രക്ഷയുമില്ലാത്ത ജോലി. ഇതൊക്കെ കണ്ട് അടിപൊളി എന്നൊക്കെ മനസ്സിൽ വിചാരിച്ച് നിൽക്കുകയാണ് ഞാൻ. ഒരുതവണ പുറകിൽ പോയി വന്നപ്പോളാണ് കാണുന്നത് ബൈക്കിന്റെ പുറകെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്ററിന്റെ വാഹനവും ഉണ്ട്. ആഹാ, പുള്ളീനെ കടത്തിവിടാനായിരുന്നോ ഇത്രയ്ക്ക് അഭ്യാസം! ബാക്കിയുള്ളവരൊക്കെ ആരായി? പെട്ടെന്ന് വണ്ടിക്ക് അകത്തേയ്ക്ക് കയറിക്കോ, റോബിൻജി പറഞ്ഞു. റോബിൻജി വണ്ടി സ്റ്റാർട്ട് ആക്കി മജിസ്‌ട്രേറ്റിന്റെ പൈലറ്റ്‌ വാഹനംപോലെ പുറകേ പിടിച്ചു. അൻപതോളം വാഹനങ്ങളെ പുറകിലാക്കി ഞങ്ങളും മജിസ്‌ട്രേറ്റിന്റെ കൂടെ ബ്ലോക്കിൽനിന്നും രക്ഷപെട്ടു.


റോഹ്താങിൽ കിട്ടിയ ബ്ലോക്ക്. ഒരുവശം റോഡ് ഇടിഞ്ഞുപോയ നിലയിൽ

രോഹ്താങ് മലമുകളിൽ എത്തിയപ്പോൾ കഴിഞ്ഞ വർഷം നടക്കാതെ പോയ എന്റെ ഒരു ആഗ്രഹം ഇത്തവണ സാധിച്ചു. വീഡിയോകളിലും ഫോട്ടോകളിലും മാത്രം കണ്ടിട്ടുള്ള മഞ്ഞുമൂടികിടക്കുന്ന കാഴ്ച നേരിട്ട് കാണാൻ കഴിഞ്ഞിരിക്കുന്നു. വർഷങ്ങളായിട്ടുള്ള ഒരു ആഗ്രഹം സഭലമായിരിക്കുന്നു. ഞങ്ങൾ വാഹനം നിർത്തി മതിവരുവോളം മഞ്ഞിൽ നടന്നും പരസ്പരം മഞ്ഞെടുത്തെറിഞ്ഞും കളിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം റോഹ്താങ് പാസ്സിൽ സർവേയുടെ ഭാഗമായി ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്‌ത സ്ഥലം ഇപ്പോൾ ഏതാണെന്ന് പോലും മനസിലാക്കാനാകാത്ത നിലയിൽ മഞ്ഞിന്റെ അടിയിലാണ്. കഴിഞ്ഞ വര്ഷത്തേക്കാളും കൂടുതൽ മഞ്ഞു ഇത്തവണ വീണിട്ടുണ്ടെന്നാണ് ഈ നാട്ടിലുള്ളവർ പറയുന്നത്. റോഡിലെ മഞ്ഞു നീക്കിയാണ് BRO റോഡ് തുറന്നിരിക്കുന്നത്. ചിലയിടങ്ങളിൽ റോഡിന്റെ രണ്ടുവശത്തും മതിലുപോലെ മഞ്ഞുകാണുവാൻ സാധിക്കും. Gloves ഇല്ലാതെ മഞ്ഞു കൈയിലെടുത്താൽ കിട്ടുന്ന പണി അപ്പോളാണ് മനസിലായത്. കൈ മരവിച്ചു ഒരു വികരവുമില്ലാത്ത അവസ്ഥയായി. അൽപം ചൂടിനു വേണ്ടി ഞങ്ങൾ ആഗ്രഹിച്ചുപോയി. അവസാനം കിട്ടിയ ഐഡിയ ആണ് വണ്ടി സ്റ്റാർട്ട് ആക്കി എൻജിനിൽ കൈ വെക്കുക എന്നത്. വണ്ടി സ്റ്റാർട്ട് ആക്കിയിട്ടും എൻജിൻ ചൂടാകുന്നുമില്ല. കുറച്ചു ആശ്വാസം കിട്ടുന്നത് വരെ കൈ അവിടെ വച്ചു ചൂടാക്കി ഞങ്ങൾ യാത്ര തുടങ്ങി.

റോഡിനിരുവശവും മതിലുപോലെ മഞ്ഞു

റോബിൻജി

റോഹ്താങ് റോഡ് കാഴ്ചകൾ


റോഹ്താങ് റോഡ് കാഴ്ചകൾ

റോഹ്താങ് റോഡ് കാഴ്ചകൾറോഹ്‌താങിൽ മണാലിയുടെ വശത്തേക്കാളും റോഡ് മോശമാണ് എതിർ വശത്ത്. റോഡിൽ ചെളി നിറഞ്ഞു കിടക്കുന്നതിനാൽ പല വണ്ടികളും അവിടെ പുതഞ്ഞു പോകാറുണ്ട്. ചെറിയ കുഴിയിലും മറ്റും പെട്ടുകിടക്കുന്ന ലോറികളുടെ കാഴ്ച ഇവിടെ സർവ സാധാരണമാണ്. അങ്ങനെ റോഹ്താങ് മലയിറങ്ങി കോക്‌സർ എന്ന സ്ഥലത്തെത്തി. ഇവിടെയും ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. റോഹ്താങ് കാണാനുള്ള പസ്സും കൈയിൽ വച്ച് ആരും ലേഹ് വരെ പോകാമെന്ന് കരുതണ്ട. മണാലി ലേഹ് റോഡിൽ ഇങ്ങനെ പല ചെക്ക് പോസ്റ്റുകൾ ഉണ്ട്. ആയതിനാൽ കൃത്യമായുള്ള പാസ്സുമായെ ഇവിടമൊക്കെ കടക്കുവാൻ സാധിക്കുകയുള്ളു. ഞങ്ങൾ മുൻകൂട്ടി ഞങ്ങൾ സഞ്ചരിക്കുന്ന ജില്ലകളിലെ കളക്ടറുടെ അനുമതി നേടിയിട്ടുള്ളതിനാൽ കുഴപ്പമില്ലാതെ സഞ്ചരിക്കുവാൻ സാധിക്കും. കോക്‌സറിലെ ഒരു ചായക്കടയിൽ നിന്നും ചൂട് ചായ വാങ്ങി കൈ ചൂടാക്കി. ആഹാ, സമാധാനം. ജിസ്‌പ എത്താൻ ഇനിയുമുണ്ട് 67 കിലോമീറ്റർ യാത്ര. സമയം 4 ആയിരിക്കുന്നു. ഇരുട്ടുന്നതിനു മുന്നേ എത്താനായി ഞങ്ങൾ പെട്ടെന്ന് തന്നെ യാത്ര തുടർന്നു. ഇനി ചന്ദ്ര ഭാഗാ നദിയുടെ ഒരംപറ്റിയുള്ള നല്ല റോഡാണുള്ളത്. ചന്ദ്രാ, ഭാഗാ എന്നീ നദികൾ സംയോജിച്ചാണ് ചന്ദ്ര ഭാഗാ നദിയാണ് മാറുന്നത്.


കോക്‌സർ. സൂക്ഷിച്ചുനോക്കിയാൽ മഴവില്ല് കാണാം.

ചന്ദ്ര ബാഗ നദി

Sissu എത്തുമ്പോൾ ഏവരെയും അതിശയിപ്പിക്കുന്ന റോഹ്ടാങ് ടണൽ കാണാൻ സാധിക്കും. റോഹ്താങ് മല തുരന്ന് 8.8 കിലോമീറ്റർ ദൂരമുള്ള ഈ ടണൽ പണി പൂർത്തിയാകുമ്പോൾ ദുർഘടം പിടിച്ച റോഹ്ടാങ് മല കയറിയുള്ള യാത്ര ഓർമായാകും. മണാലിയിൽ നിന്ന് കെയ്‌ലോങ് എത്താൻ ദൂരം വെറും 46 കിലോമീറ്റർ ആയി ചുരുങ്ങും. നിലവിൽ 115 കിലോമീറ്റര് ആണ് ദൂരം എന്ന് ഓർക്കുക! ലോകത്തിലെ തന്നെ ഒരു എന്ജിനീറിങ് വിസ്മയമാണ് ഈ ടണൽ. ചുവടെയുള്ള വീഡിയോ കണ്ടാൽ അത് മനസിലാകും.പിന്നീട് ലഡാക്കിലേക്ക് പോകുവാൻ ഈ വഴി ഉപയോഗിക്കാം. റോഹ്ടാങ് പിന്നീട് ഒരു വിനോദ സഞ്ചാര സ്ഥലം മാത്രമാകും. റോബിൻജി ജിസ്‌പ മാത്രം മനസ്സിൽ ഓർത്തു വണ്ടി കത്തിച്ചു വിടുകയാണ്. എല്ലാവർക്കും വിഷമം അവിടെ ഫോൺ സിഗ്നൽ ഇല്ല എന്നുള്ളതാണ്. BSNL 3G ഉണ്ടെങ്കിലും കാറ്റടിക്കുമ്പോൾ മാത്രമാണ് കിട്ടുക എന്നാണ് പറയുന്നത്. ഒരാഴ്ച്ച മുന്നേതന്നെ കൂടെയുള്ളവരെത്തി ജിസ്പയിൽ റൂമെടുത്തിരുന്നു. 2G ആണെങ്കിലും call കണക്ട് ആകാൻ പാടാണത്രേ. ഇതൊക്കെ എന്ത് എന്നും വിചാരിച്ചാണ് ഞാനിരിക്കുന്നത്. അപ്പോളാണ് റോബിൻജി വണ്ടി പെട്ടെന്ന് നിർത്തുന്നത്. "ടയർ പഞ്ചർ ഹൊഗയ" റോബിൻജി പറഞ്ഞു. ബെസ്റ്റ്. സമയം ഇരുട്ടാനും തുടങ്ങിയിരിക്കുന്നു. ഇനിയുള്ള മൂന്ന് മാസം ഇന്ത്യയിലെ തന്നെ ഏറ്റവും ദുർഘടം പിടിച്ച വഴിയിൽ പണി എടുക്കണ്ടിവരുമ്പോൾ കിട്ടാൻപോകുന്ന പണികളുടെ ഒരു ട്രെയ്‌ലർ ആയിട്ടാണ് എനിക്ക് അത് തോന്നിയത്. എല്ലാവരും ഇറങ്ങി പെട്ടെന്നുതന്നെ ടയർ മാറ്റിയിട്ടു.റോബിൻജി ആകെ മൂഡ് ഓഫായി. ഒരു ടയർ കൂടി പഞ്ചർ ആയാൽ എന്ത് ചെയ്യും? മെക്കാനിക്ക് ഇല്ലെങ്കിലോ? ഇതൊക്കെയാണ് സംശയങ്ങൾ. കെയ്‌ലോങ്ങിനു മുന്നേ താണ്ടി എന്ന സ്ഥലത്തു ഒരു പഞ്ചർ കട കണ്ടു നിർത്തി. ട്യൂബ് ചീത്തയായിരിക്കുന്നു. പുതിയതാണേൽ അവരുടെ കൈയിൽ ഇല്ലതാനും. റോബിൻജിക്ക് വീണ്ടും ടെൻഷനായി. വണ്ടിയുടെ ടയറുകളൊന്നും മെച്ചമില്ല എന്നു എല്ലാവർക്കുമറിയാം. എന്തെങ്കിലും ആകട്ടെ ഇനി വരുന്നപോലെ കാണാം എന്നൊക്കെപറഞ്ഞു യാത്ര തുടർന്നു. താണ്ടിയിലാണ് അവസാനത്തെ പെട്രോൾ പമ്പ് ഉള്ളത്. ഈ പമ്പ് കഴിഞ്ഞാൽ പിന്നെ ഒരു പമ്പ് കാണണമെങ്കിൽ 365 കിലോമീറ്റർ കഴിഞ്ഞു ലേഹ് എത്തണം. അടിപൊളി! പമ്പിൽ നിന്ന് ജിസ്‌പ വരെ എത്തണമെങ്കിൽ 32 കിലോമീറ്ററാണുള്ളത്. ഇതൊരു പണി ആയിരിക്കുമെന്ന് മനസിലായി. ഞങ്ങളുടെ വർക്ക് പ്രധാനമായും ജിസ്‌പ കഴിഞ്ഞിട്ടാണ്. അതിനാൽ ഇടയ്ക്കിടെ ഇവിടെ വരേണ്ടി വരുമോ എന്നാണ് സംശയം.


അവസാന പെട്രോൾ പമ്പ്


പമ്പിൽ നിൽക്കുമ്പോൾ ഇരുട്ടാണെങ്കിലും ചെറിയൊരു നിലാവത്ത് ചുറ്റുമുള്ള മലകൾ കാണാം. ഞാൻ ഫോൺ തുറന്നു നോക്കുമ്പോൾ സിഗ്നലില്ല. ആഹാ. ഇനിയുള്ള മൂന്നുമാസം ഇങ്ങനെ ഏതോ അറിയാത്ത ഒരു സ്ഥലത്തു ഒരു ഫോൺ പോലും ചെയ്യാതെ നടക്കണമല്ലോ എന്നു മനസ്സിൽ വിചാരിച്ചു. MSc ക്ക് പഠിക്കുമ്പോൾ 25 ദിവസം കടലിൽ സർവേ ചെയ്യാൻ പോയപ്പോളാണ് ഇതിനുമുന്നേ ഇങ്ങനെ ഒരു അനുഭവം. ഇതൊക്കെ എന്ത്! ഞാൻ മനസ്സിൽ പറഞ്ഞു. ഫുൾ ടാങ്ക് ഡീസൽ അടിച്ച് വണ്ടി എടുത്തു. കെയ്‌ലോങ്ങിൽ എത്തിയപ്പോൾ ഭാഗ്യത്തിന് വണ്ടിയുടെ ട്യൂബ് കിട്ടി. കെയ്‌ലോങ്ങിൽ സർക്കാർ ഓഫീസുകളും ഒരു BSNL ടവറും കാണാം. 2G സിഗ്നൽ ഉണ്ട്. പക്ഷെ callഉം പോകുന്നില്ല internet ഉം കിട്ടുന്നില്ല. ഏകദേശം കാര്യങ്ങളൊക്കെ എനിക്ക് മനസിലായി. അങ്ങനെ ഇരുട്ടത്ത് വണ്ടിയുടെ വെളിച്ചം മാത്രമായി 25 കിലോമീറ്റർ ദൂരെയുള്ള ജിസ്പയിലേക്ക്. കുറെ നേരം സഞ്ചരിച്ചതിനു ശേഷം ദൂരെ ഒരു വെളിച്ചം കണ്ടു. ജിസ്‌പ തന്നെ! വൈദ്യുതിയും മൊബൈൽ സിഗ്നലും എത്തുന്ന അവസാന ഗ്രാമം.


കുറ്റാകുറ്റിരുട്ടായതിനാൽ ഒന്നും മനസിലാകുന്നില്ല. റോബിൻജി ഒരു ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി. ഏകദേശം 150 കിലോമീറ്റർ 12 മണിക്കൂറോളം യാത്ര ചെയ്‌തതാണ്‌ എത്തിയിരിക്കുന്നത്. ഇതിൽ ഏകദേശം 7 മണിക്കൂറോളം ബ്ലോക്കിലായിരുന്നു എന്നാണ് എന്റെ GPS ട്രാക്കറിൽനിന്നും മനസിലായത്. "ഇറങ്ങിക്കോ, സ്ഥലമെത്തി". റോബിൻജി പറഞ്ഞു. നല്ല അടിപൊളി തണുപ്പാണ് പുറത്ത്. ഭക്ഷണവും കഴിച്ച് എല്ലാവരും പുതപ്പും പുതച്ച് ഒരൊറ്റയുറക്കം. മൊബൈൽ സിഗ്നൽ ഇല്ലാത്തൊണ്ടു വീട്ടിൽ വിളിച്ച് വിശേഷം പറയണ്ട കാര്യവും ഇല്ലാലോ!

2 comments :

 1. Hey dear...
  Oru yaatra cheytha feel muzhuvan vaayich kazhinjapol...
  I liked the way u added the infos nd pics...
  And I could recollect some which u shared with me

  ReplyDelete
  Replies
  1. അമ്പടി ജിൻജിന്നാക്കടി.. So ഫാസ്റ്റ് ആണല്ലോ.. 😂

   Delete

Related Posts Plugin for WordPress, Blogger...