Sunday, 15 September 2019

ജിസ്പയും യാത്രയ്ക്കിടെ കേട്ട ചില കഥകളും | Himalayas 2019 | C#03

----------------------------
Himalayas 2019 ഇലെ മറ്റുഭാഗങ്ങളിലെക്കുള്ള ലിങ്കുകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക  👇


----------------------------


ജിസ്പയും യാത്രയ്ക്കിടെ കേട്ട ചില കഥകളും

സ്നേഹം, ആഗ്രഹം, വെറുപ്പ്, ദേഷ്യം, ഇതെല്ലാം ഇല്ലാതാകാൻ ഒരു നിമിഷം മതി. ചിന്ത അവസാനിക്കുന്ന നിമിഷം അതും അവസാനിക്കുന്നു, പിന്നെ ശൂന്യത 😅 

എന്നോട് തന്നെ: "ഡാ ഉവ്വേ, ഈ ലോകത്തിൻറെ കേന്ദ്രം നീയല്ല.. കോടാനുകോടി ആകാശഗംഗകളിൽ ഒരെണ്ണത്തിലെ കോടാനുകോടി നക്ഷത്രങ്ങളിലൊന്നിനെ ചുറ്റിത്തിരിയുന്ന ഒരു ഗ്രഹത്തിലെ കോടിക്കണക്കിനു ജീവചരാചരങ്ങളിൽ ഒരാള് മാത്രമാണ് നീ. അതുകൊണ്ട് നീയൊന്ന് അടങ്ങു. നീ പുറത്തോട്ടിറങ്ങൂ, നിന്റെ ചുറ്റുമുള്ള ആളുകളെ ഒന്നു ശ്രദ്ധിക്കൂ.. നിൻറെ അഹങ്കാരങ്ങളും വിഷമങ്ങളുമൊക്കെ പിന്നെ വല്യ കാര്യമായി നിനക്കുതന്നെ തോന്നില്ല." ഈയൊരു തിരിച്ചറിവിന്റെ കാര്യം മാത്രമേയുള്ളൂ. 
ജിസ്പ, ഹിമാലയത്തിൻറെ മടിത്തട്ടിലെ ഒരു കൊച്ചു സുന്ദര ഗ്രാമം. മാനംമുട്ടെ ഉയർന്നുനിൽക്കുന്ന മലകൾക്കിടയിലൂടെ ഒഴുകിവരുന്ന ബാഗാ നദിയുടെ തീരത്ത് നല്ലവരായ ഒരു കൂട്ടം ബുദ്ധമതക്കാരായ ആളുകൾ വസിക്കുന്ന സ്ഥലം. ഹിമാചൽ പ്രദേശിലെ ലാഹൂൾ-സ്പിതി ജില്ലയിയിൽ പെടുന്ന ഗ്രാമം. നൂറ്റിയമ്പതിനോടടുത്ത് മാത്രം ജനസംഖ്യയുള്ള ഇവിടെ ഏതാനും വീടുകളും അവരുടെ കൃഷിയിടങ്ങളും ഒരു പലചരക്ക് കടയും വിനോദ സഞ്ചാരികൾക്കായുള്ള ഹോട്ടലുകളും ടെന്റുകളും മാത്രം. ജൂൺ മുതൽ നവംബർ വരെ മണാലിയിൽ നിന്നും ലേയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ ഒരു രാത്രി തങ്ങാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ജിസ്പ. അതാണ് ജിസ്പയിൽ കൃഷി കൂടാതെയുള്ള മറ്റൊരു വരുമാനം. മണാലിയിൽ നിന്നും രോഹ്താങ് പാസ്സ് കടന്നെത്തുന്നവർ സാധാരണ ജിസ്പയ്ക്ക് മുന്നേയുള്ള കെയ്‌ലോങ്ങിലോ ജിസ്പയിലോ ആണ് യാത്രയുടെ ആദ്യത്തെ രാത്രി തങ്ങുന്നത്. മണാലി - ലേഹ് ഹൈവേയിൽ ജിസ്പ വരെയാണ് വൈദ്യതിയും മൊബൈൽ സിഗ്നലുകളും ലഭിക്കുക. അതിനു ശേഷം ഇതൊക്കെ ലഭ്യമാകണമെങ്കിൽ ഏകദേശം ഇരുനൂറ്റിയമ്പത് കിലോമീറ്ററോളം യാത്ര ചെയ്തു ലഡാക്കിലെ 'റുംസേ' എന്ന സ്ഥലത്തെത്തണം.


ബാഗാ നദിക്കരയിലെ ജിസ്പ എന്ന സുന്ദര ഗ്രാമം

ഞങ്ങളുടെ ജോലിക്ക് ബാറ്ററി ചാർജ് ചെയ്യേണ്ടതുള്ളതിനാൽ വൈദ്യതിയുള്ള സ്ഥലം അത്യാവശ്യമാണ്. അതിനാൽ ജിസ്പയിൽ താമസിച്ചുവേണം ലഡാക്കിലേക്കുള്ള പകുതി ദൂരത്തേക്കുള്ള പണികൾ തീർക്കുവാൻ. അങ്ങനെ ഒന്നരമാസത്തോളം ഞങ്ങൾ ജിസ്പയിലെ 'Rolling Stone' എന്ന ഹോട്ടലിൽ താമസിക്കാനിടയായി. രണ്ടാമത്തെ  ഭാഗത്തിൽ  പറഞ്ഞതുപോലെ രാത്രി വൈകിയാണ് ആദ്യമായി ജിസ്പയിലെത്തിയത്. ഹോട്ടലിൻറെ പേര് 'Rolling Stone' എന്ന് മാത്രം കണ്ടു, നല്ല യാത്രാ ക്ഷീണമുണ്ട് എല്ലാവർക്കും. നല്ല തണുപ്പും. നല്ല ചൂട് ചോറും കറികളും അകത്താക്കി രണ്ടു കമ്പിളിയും പുതച്ച് നല്ലൊരു ഉറക്കം. രാവിലെ കണ്ണുതുറക്കുമ്പോൾ ചില്ല് പിടിപ്പിച്ച വലിയ ജനാലയിലൂടെ വെയിൽ റൂമിലേക്ക് എത്തിയിരിക്കുന്നു. പുറത്തിറങ്ങി കുറച്ച് വെയിലുകാഞ്ഞാൽ നന്നായിരിക്കില്ലേ? ഞാൻ പുറത്തേക്കിറങ്ങി. എന്റയമ്മേ.. ഞാൻ സ്വപ്നത്തിലാണോ? Déjà vu! ഹോട്ടലിനു ചുറ്റും മാനംമുട്ടേ നിൽക്കുന്ന മലകൾ. മലകളുടെ ചുവട്ടിൽ മുകളിൽനിന്നും ഉരുണ്ടുവീണു കൂടികിടക്കുന്ന കല്ലുകളും കാണാം. ഒരു കാറ്റടിച്ചാൽ ഇനിയും വീഴാൻ തയ്യാറായി നിൽക്കുന്ന കല്ലുകളും മലഞ്ചെരുവിൽ കാണാം. ഹോട്ടലിന്റെ പേര് തിരഞ്ഞെടുത്ത ഹോട്ടൽ ഉടമകളെ സമ്മതിക്കണം. ഈ ഹോട്ടലിനു ഇതിലും പറ്റിയ നല്ല പേരില്ല. ഹോട്ടലിനു മുന്നിലെ നല്ല വിസ്താരമുള്ള മുറ്റത്തും വഴിയിലുമെല്ലാം 'ഓം മണി പദ്‌മേ ഹും' എന്നെഴുതിയ ടിബറ്റൻ ഫ്ലാഗ്ഗുകൾ കാറ്റത്ത് ആടിപറക്കുന്നു. 'ഓം മണി പദ്‌മേ ഹും', ഈ ബുദ്ധ മന്ത്രത്തെ പറ്റി പതിനാലാമത്തെ ദലൈലാമയായിരുന്ന ടെൻസിൻ ഗ്യാട്സോ പറഞ്ഞത് ഇങ്ങനെയാണ് 'The six syllables, OM MANI PADME HUM, mean that in dependence on the practice which is in indivisible union of method and wisdom, you can transform your impure body, speech and mind into the pure body, speech, and mind of a Buddha..' (Click here for reference) ഈ ബുദ്ധമന്ത്രം സ്ഥിരമായി മൊബൈലിൽ കേൾക്കാറുള്ള എനിക്ക് എനിക്ക് ഇതിലും കൂടുതൽ ഇനിയെന്തുവേണം. 'Hilight Tribe' ൻറെ 'Free Tibet' ഗാനമിട്ടു ആ ഒരു അന്തരീക്ഷത്തിലങ്ങു അലിഞ്ഞഞ്ഞിരുന്നു. മനസ്സിൽ positive vibes മാത്രം. ചൈനയുടെ അധീനതയിൽനിന്നും ടിബറ്റിനെ മോചിപ്പിക്കുക എന്ന campaign ആയ 'ഫ്രീ ടിബറ്റ്' ഇന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുവാൻ Hilight Tribe ൻറെ ഈ ഗാനം വഹിച്ച പങ്ക് ചെറുതല്ല.
അപ്പോളേക്കും ബാക്കിയുള്ളവരും വെയിലുകായാൻ പുറത്തേക്കിറങ്ങിവന്നു. റെഡ്‌ഡി സാർ (Technical Officer), ശിവ കൃഷ്ണ (Technical Assistant), പിന്നെ ഞങ്ങളുടെ ഹിമാലയത്തിലെ സ്ഥിരം സാരഥി റോബിൻജി. 'പ്രകാശ്ജീ, ചാർ ചായ്' റെഡ്‌ഡി സാർ വിളിച്ചുപറഞ്ഞു. നേപ്പാളിയായ പ്രകാശാണ് അവിടുത്തെ എല്ലാമെല്ലാം. പാചകം മുതൽ മാനേജർ പണിവരെ അവനാണ് ചെയ്യുന്നത്. നല്ല ഒന്നാന്തരം ചായ എത്തി. കൂടെ ആലു പറാട്ടയും. എല്ലാത്തിനും നല്ല രുചി. പ്രകാശ് അടിപൊളി! 💓 സമയം കളയാനില്ല. സർക്കാരിന്റെ പൈസയും വാങ്ങി സുഖിച്ചു ഇരിക്കാൻ പറ്റില്ലല്ലോ. ഇന്നുതന്നെ കെയ്‌ലോങ് മുതൽ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുവാനായി പരമാവധി 10 സ്ഥലമെങ്കിലും കണ്ടുപിടിക്കണം. പ്രധാനമായും, സ്ഥലത്തെ ജിയോളജി മനസ്സിലാക്കി electromagnetic data എടുക്കുക എന്നതാണ് എൻ്റെ ജോലി. പരമാവധി 5 കിലോമീറ്റർ ഇടവിട്ടാണ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യേണ്ടതും. ഇതുവഴി ഭൂമിക്കടിയിലെക്ക് ഇരൂനൂറു കിലോമീറ്ററോളം താഴത്തേക്കുള്ള ഘടന മനസിലാക്കുവാൻ സാധിക്കും. ഹൈദരാബാദിൽനിന്നും കൊറിയറായി അയച്ച ഉപകരണങ്ങൾ എത്താൻ ഇനിയും നാല് ദിവസമെങ്കിലുമെടുക്കും. ഏതായാലും ഒരു കുളി പാസ്സാക്കി നേരേ വണ്ടിയുമെടുത്തിറങ്ങി. എവിടെയൊക്കെ ഉപകരണങ്ങൾ സ്ഥാപിക്കണം എന്നതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കണം.


Rolling Stone, Jispa 


ജിസ്പയിൽ നിന്ന് ലേയിലേക്കുള്ള വഴിയിലെ രണ്ടാമത്തെ mountain pass ആയ ബാരലാച്ച ലായിലേക്ക് പോകാമെന്നു തീരുമാനിച്ചു. അങ്ങോട്ടേക്കുള്ള വഴിയിൽ ജിസ്പ കഴിഞ്ഞു ഏകദേശം മൂന്നു കിലോമീറ്റർ കഴിഞ്ഞപ്പോൾ ദാർച്ച എന്ന സ്ഥലത്തിനടുത്ത് റോഡിനു താഴെ നദിയുടെ കരയിൽ വലിയ പാറ കഷണങ്ങൾ കൂടി കിടക്കുന്നത് കാണുന്നത്. 'റോഡ് പണി സമയത്ത് പൊട്ടിച്ചിട്ടതാണോ? ഇത്രയും വലിയ കഷണങ്ങൾ ഇത്രയേറെ അളവിൽ പൊട്ടിക്കുവോ?' ഈ ചോദ്യങ്ങൾ എൻ്റെ മനസിലേക്ക് പെട്ടെന്നെത്തി. പക്ഷെ ഒരു ഉത്തരമുണ്ടാക്കാതെ അതവിടെ അവസാനിച്ചു. ദാർച്ച പോലീസ് ചെക്ക് പോസ്റ്റ് എത്തി. "ഭൂകംപ്‌ സർവേ" വണ്ടിയിൽ നിന്ന് റെഡ്‌ഡി സാർ വിളിച്ചുപറഞ്ഞു. 'ഭൂകമ്പത്തെ പറ്റി പഠിക്കുന്ന സർവ്വേ' എന്നാണ് ആളുകൾക്ക് മനസിലാക്കുവാൻ ഞങ്ങൾ പറയാറുള്ളത്. ഹിമാചലിൽ പോലീസുകാർ നല്ല സൗമ്യരാണ്. ചിരിച്ചുകൊണ്ടു എന്തെങ്കിലും തമാശയോമറ്റോ പറഞ്ഞായിരിക്കും എപ്പോഴും മറുപടി പറയുക. "ഭൂകമ്പം വരുവാണേൽ ഞങ്ങളോടും കൂടി പറയണേ!" അവരുടെ മറുപടി കിട്ടി, ചെക്ക് പോസ്റ്റ് പൊങ്ങി. വളരെ നല്ല മനുഷ്യർ. ഇനിയങ്ങോട്ട് കയറ്റമാണ്. 3200 മീറ്റർ ഉയരമുള്ള ജിസ്പയിൽ നിന്നും 4900 മീറ്റർ ഉയരത്തിലുള്ള ബാരലാച്ച ലായിലേക്ക് കയറുന്നു. BRO നിർമിച്ച താത്കാലിക ഇരുമ്പു പാലത്തിലൂടെ ബാഗാ നദി കടന്നു മല കയറി തുടങ്ങി. അപ്പോഴാണ് വീണ്ടും ആ കൽകൂട്ടം മറുകരയിൽ എൻ്റെ ശ്രദ്ധയിൽ പെട്ടത്. 'മല ഇടിഞ്ഞു വീണതാണ്' എന്ന എൻ്റെ സംശയം വർധിപ്പിക്കുന്ന വിധമായിരുന്നു ആ കാഴ്ച. ഒത്തിരിയേറെ കല്ലുകൾ കൂടി കിടക്കുന്നു. മലയുടെ മുകളിൽ ഒരു ഭാഗം ഇടിഞ്ഞു പോയതുപോലെയും തോന്നുന്നുണ്ട്. പക്ഷെ അടുത്ത കാലത്തൊന്നുമല്ല. കല്ലുകൾക്കിടയിൽ ചെറിയ വൃക്ഷങ്ങളും ചെടികളും കാണുന്നുണ്ട്. കൂടാതെ കല്ലുകളുടെ നിറവും മാറിയിരിക്കുന്നു. എന്തെങ്കിലും ആകട്ടെ! നേരെ ബാരലാച്ച ലായിലേക്ക്. പോകുന്ന വഴിക്ക് തന്നെ അഞ്ചു കിലോമീറ്റർ ഇടവിട്ട് ഉപകരണങ്ങൾ വയ്ക്കുവാനുള്ള സ്ഥലങ്ങൾ നോക്കിക്കൊണ്ടിരുന്നു. അങ്ങനെ ബരലാച്ച മല മുകളിലെത്തി. എവിടെ നോക്കിയാലും വെള്ള നിറം മാത്രം. രോഹ്താങ്ങിൽ മഞ്ഞുകൊണ്ടുള്ള കായലായിരുന്നെകിൽ ഇവിടെ കടലാണെന്ന് തന്നെ പറയണം. തൂവെള്ള നിറത്തിൽ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന മഞ്ഞു മലകൾ. എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച. അതിൻ്റെ ആഹ്ളാദത്തിൽ മഞ്ഞിൻറെ മുകളിലൂടെ ഓടിയും മഞ്ഞെടുത്തെറിഞ്ഞും അല്പ സമയം. പക്ഷെ, ആഹ്‌ളാദം അധികനേരം നീണ്ടുപോയില്ല. മൂന്നു മാസത്തെ ജോലിക്കിടെ ആദ്യമായും അവസാനമായും വായുവിൻറെ കുറവ് എനിക്ക് അനുഭവപ്പെട്ട ദിവസം. ആദ്യമായി എത്തുന്ന ആർക്കും ഹിമാലയത്തിൽ വായുവിൻറെ കുറവ് അനുഭവപ്പെടാം. രണ്ടു ദിവസമെങ്കിലും വിശ്രമിച്ചതിനു ശേഷം മാത്രമേ പുറത്തേക്കിറങ്ങാവൂ എന്നാണ് സാധാരണ പറയാറുള്ളത്. അപ്പോഴാണ് ആദ്യ ദിവസം തന്നെ ഞാൻ ഏകദേശം 5 കിലോമീറ്റർ ഉയരത്തിൽ ഓടിക്കളിച്ചത്. എൻറെ കഴുത്തിലെ ഞരമ്പുകൾ ചെറുതായി വലിഞ്ഞു മുറുകുന്നതുപോലെ ആദ്യം തോന്നി. പിന്നെ ക്ഷീണം അനുഭവപെട്ടു തുടങ്ങി. 'എവിടെയെങ്കിലും ഒന്ന് കിടക്കണം' മനസ്സ് പറഞ്ഞു. ഞാൻ വണ്ടിയിലേക്ക് തിരികെപ്പോയി നിവർന്ന് കണ്ണടച്ച് കിടന്നു. ചെറുതായി തലവേദനയുമുണ്ട്. അപ്പോഴേക്കും ബാക്കിയുള്ളവരും എത്തി. അവർക്കും വന്ന സമയത്തു രണ്ടു ദിവസം ഇതൊക്കെ തന്നെ ആയിരുന്നത്രേ അവസ്ഥ. കുറെയേറെ വെള്ളംകുടിച്ച് ഞങ്ങൾ തിരികെ യാത്ര തുടങ്ങി. ജിസ്പയിലേക്ക്. തിരികെയെത്തിയെങ്കിലും അന്നു രാത്രിമുഴുവൻ തലവേദന തന്നെ. Acute Mountain Sickness (AMS) തന്നെ. വീണ്ടുമൊരു പുതിയ അനുഭവം 😊 പരമാവധി വെള്ളം കുടിക്കുകയും ചോക്ലേറ്റ് കഴിക്കുകയുമാണ് ചെയ്യേണ്ടത്. ഈയൊരു തവണ ഉണ്ടായതില്പിന്നെ പിന്നീടുള്ള മൂന്നു മാസം ഒരു ബുദ്ധിമുട്ടുപോലും ഉണ്ടായില്ല. നമ്മളുടെ ശരീരം സ്വയമായി പുതിയ സാഹചര്യവുമായി ഇണങ്ങിക്കൊള്ളും. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഉപയോഗിക്കാൻ ഓസ്‌സിജൻ സ്പ്രേയോ സിലണ്ടറോ കരുതുന്നത് നല്ലതുമാണ്.


വഴിയരികിൽ കൽക്കൂട്ടം ആദ്യം കണ്ടപ്പോൾ
മലമുകളിൽനിന്നുമുള്ള കൽക്കൂട്ടത്തിന്റെ കാഴ്ച്ച


മഞ്ഞുമൂടികിടക്കുന്ന ബരലാച്ചാ ലാ


ജിസ്പയിൽ സിഗ്നലുള്ള ഏക കമ്പനി BSNL ആണ്. BSNL ഡാ! 3G സിഗ്നൽ ഉണ്ടെങ്കിലും മുറ്റത്തെ മേശയിൽ ഒരു പ്രത്യേക ആംഗിളിൽ വച്ചാൽ മാത്രമാണ് സിഗ്നൽ ലഭിക്കുന്നത്. ഇന്റർനെറ്റ് കിട്ടിയാൽ കിട്ടി. 'ഉപ്പും മുളകും' സീരിയലാണ് ഏറ്റവും മിസ്സ് ചെയ്യുന്നത്. എങ്ങനെയെങ്കിലും ചില എപ്പിസോഡുകളെങ്കിലും കാണുവാൻ ശ്രമിക്കും. വാട്സ്ആപ്പ് മെസ്സേജുകൾ നോക്കും. അത്രതന്നെ. റൂമിനുള്ളിൽ പോയാൽ 2G സിഗ്നൽ മാത്രം. അതിൽ ഇന്റർനെറ്റ് ലഭ്യമല്ല. ഇനി വൈദ്യതിയില്ലെങ്കിലോ? ഒന്നുമില്ല. ടവർ ഓഫ് ആകും. ഇനി ശനിയാഴ്ച എവിടെയേലും കേബിൾ മുറിഞ്ഞു കണക്ഷൻ പോയാലോ? പിന്നെ തിങ്കളാഴ്ച നോക്കിയാൽ മതി. സർക്കാർ സംവിധാനം ആണല്ലോ!

അങ്ങനെ ഞങ്ങളുടെ ഉപകരണങ്ങൾ എത്തി. ഇനി പണി തുടങ്ങണം. ആദ്യമായി സഹായികളെ അന്വേഷിക്കണം. സാധനങ്ങളുമെടുത്തു മല കയറി ഇറങ്ങി നടന്നാൽ മൂന്നുമാസം കഴിയുമ്പോൾ ബാക്കിയുണ്ടാകില്ല. അങ്ങനെ ഹോട്ടൽ ഉടമയായ ടെൻസിനും ടെൻസിൻറെ അയൽക്കാരനായ രാജുവും ഞങ്ങളുടെ കൂടെ കൂടി. സാധനങ്ങൾ ചുമക്കുവാനും കുഴികളെടുക്കുവാനും അവർ സഹായിക്കും. ഹിമാലയത്തിൽ ജനിച്ചുവളർന്ന അവർക്ക് വായുവിന്റെ കുറവൊന്നും ഒരുപ്രശ്നമല്ല. അങ്ങനെ ഞങ്ങൾ ജോലികൾ ആരംഭിച്ചു. എല്ലാദിവസവും ദാർച്ചവഴി കടന്നുപോകുമ്പോൾ വഴിയരികിലെ കൽക്കൂട്ടം ഞാൻ കൗതുകത്തോടെ നോക്കും. വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയിട്ടില്ലല്ലോ! മലയിടിഞ്ഞതാണ് എന്നുറപ്പ്. അങ്ങനെയൊരു ദിവസമാണ് ടെൻസിൻ ആ കഥ പുറത്തുവിടുന്നത്. "ഈ കൽക്കൂട്ടത്തിന്റെയടിയിൽ ഒരു ഗ്രാമമുണ്ട്!" ഞാനൊന്ന് ഞെട്ടി. ഞാൻ കേട്ടതിന്റെ കുഴപ്പമാണോ? ഞാൻ റെഡ്‌ഡി സാറിനോട് ചോദിച്ചു, "Sir, what did he say?". റെഡ്‌ഡി സാർ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി തന്നപ്പോളും കാര്യം അതുതന്നെ. എനിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. "ടെൻസിൻജി, കാര്യം ശരിക്കുമോന്ന് പറയൂ" ഞാൻ തിടുക്കത്തിൽ ചോദിച്ചു. "അതെ അജിതാഭ് ജീ, ഈ കല്ലുകൾക്കടിയിൽ ഒരു ഗ്രാമമുണ്ട്". എൻ്റെ ഊഹം ശരിയായിരുന്നു. മലയിടിഞ്ഞത് തന്നെ. പണ്ട് മലയുടെ ഒരുഭാഗം ഇളകിവീണു കൂടികിടക്കുന്നവയാണത്. ആ കല്ലുകൾ കൂടികിടക്കുന്ന സ്ഥലത്ത് ഒരു ഗ്രാമമുണ്ടായിരുന്നു. മലയിടിഞ്ഞു വീണപ്പോൾ ആ ഗ്രാമം മുഴുവനായും അതിനടിയിലായിപ്പോയി. എൻ്റെ മനസ്സ് അസ്വസ്ഥമായി. "എന്നാണ് സംഭവം?" എൻ്റെ അടുത്ത സംശയം. സംഭവം കുറേ പണ്ടാണ്. കുറഞ്ഞത് നൂറു വർഷമെങ്കിലും മുന്നേയാണ്. "അപ്പോൾ അവിടെയുണ്ടായിരുന്ന ആളുകളോ?" ആ ഗ്രാമത്തിൽ ആരും ഉണ്ടായിരുന്നിരിക്കല്ലേ, ഞാൻ മനസ്സിൽ പറഞ്ഞു. "അന്നൊക്കെ എന്ത് ചെയ്യാനാ? ഇന്നത്തെപോലെ സാങ്കേതിക വിദ്യകളൊന്നും ഇല്ലല്ലോ. നല്ല റോഡ് പോലും ഉണ്ടായിരുന്നിരിക്കില്ല. ആ ഗ്രാമത്തിലുള്ള എല്ലാവരും അതിന്റെയടിയിൽ തന്നെയുണ്ട് ഇപ്പോളും!" ഞാൻ വണ്ടിയുടെ ജനലിലൂടെ കൽക്കൂട്ടത്തിലേക്ക് ഒന്നുകൂടെ നോക്കി. ടെൻസിൻ തുടർന്നു. "ആ സമയത്ത് ഗ്രാമത്തിലെ ഉത്സവം നടക്കുകയായിരുന്നു. അതുകൊണ്ട് എല്ലാവരും ആ സമയത്ത് അവിടെത്തന്നെ ഉണ്ടായിരുന്നു. ആകെ രക്ഷപെട്ടത് എന്തോ ആവശ്യത്തിനു ഗ്രാമത്തിനു പുറത്തുപോയ ഒരാൾമാത്രം. അയാളുടെ പിൻതലമുറക്കാർ ഇപ്പോളുമുണ്ടിവിടെ". എനിക്കെന്തോ ഹൃദയത്തിനു ഭാരം കൂടിയതുപോലെ. ബാഗാ നദി കടന്നു ബാരലാച്ചാലാ മല കയറിയപ്പോൾ മൂത്രമൊഴിക്കാനെന്നു പറഞ്ഞു വണ്ടി നിർത്തിച്ചു. അവിടെനിന്നാൽ മലയിടിഞ്ഞു കിടക്കുന്നതിൻറെ വ്യക്തമായ ദൂരക്കാഴ്ച ലഭിക്കും. ബാക്കിയുള്ളവർ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞ സമയത്ത് ഞാനല്പനേരം ആ കൽക്കൂട്ടത്തിലേക്ക് തന്നെ നോക്കിനിന്നു. ഉത്സവത്തിനിടക്ക് തന്നെ! എല്ലാവരും ആഘോഷത്തിൻറെ മുൾമുനയിൽ നിൽക്കുമ്പോൾ തന്നെ! എത്ര കുടുംബങ്ങൾ ഉണ്ടായിരുന്നിരിക്കാം! ഓരോത്തരുടേയും മനസ്സിലുണ്ടായിരുന്ന സ്നേഹം, ആഗ്രഹങ്ങൾ, ദേഷ്യം, വെറുപ്പ് അതെല്ലാം ഒന്നോ രണ്ടോ നിമിഷംകൊണ്ട് ഒന്നുമല്ലാതായി. ചിന്ത അവസാനിക്കുന്നയിടത്ത് തീർന്നല്ലോ എല്ലാം! ഇത്രയേയുള്ളൂ മനുഷ്യൻറെ കാര്യം. ഞാനാണ് ഈ ലോകത്തിൻറെ കേന്ദ്രം, ഞാൻ എല്ലാം നേടിയവനാണ്, എൻ്റെ വിഷമങ്ങളൊക്കെയാണ് ഏറ്റവും വലിയ പ്രശ്നം എന്നൊക്കെ വിചാരിച്ചിരിക്കുന്നവർക്കെല്ലാം ഒരേപോലെ ഓർക്കാവുന്ന ഒരു കാര്യമുണ്ട്. കോടാനുകോടി ആകാശഗംഗകളിൽ ഒരെണ്ണത്തിലെ കോടാനുകോടി നക്ഷത്രങ്ങളിലൊന്നിനെ ചുറ്റിത്തിരിയുന്ന ഒരു ഗ്രഹത്തിലെ കോടിക്കണക്കിനു ജീവചരാചരങ്ങളിൽ ഒരാള് മാത്രമാണ് നീ. അത്ര നിസ്സാരനാണ് മനുഷ്യൻ. നീ പുറത്തോട്ടിറങ്ങൂ, നിന്റെ ചുറ്റുമുള്ള ആളുകളെ ഒന്ന് ശ്രദ്ധിക്കൂ. ഉള്ള കഴിവുകളിൽ അഹങ്കരിച്ചിട്ടോ സ്വന്തം വിഷമങ്ങളാണ് ഏറ്റവും വലിയ പ്രശ്നം എന്നാലോചിച്ചിരുന്നിട്ടോ യാതൊരു കാര്യവുമില്ല. ഞാൻ സ്വയം എന്നെത്തന്നെ തണുപ്പിക്കുവാൻ പലസമയത്തും എന്നോടുതന്നെ പറയുന്ന ഒന്നാണിത്. ഈയൊരു ചിന്തയുമായി കോർത്തിണക്കാവുന്ന ഒരു ഉദാഹരണമാണ് ആ ഗ്രാമമെന്ന് എനിക്കുതോന്നി. വണ്ടിയെടുത്തു. പിന്നീടുള്ള മുന്നോട്ടുള്ള യാത്രയിൽ ചിന്ത മുഴുവൻ ആ ഗ്രാമമായിരുന്നു. ഓരോ തവണയും ദാർച്ച കടന്നുപോകുമ്പോൾ അവിടേയ്ക്ക് ഒന്നു നോക്കാതെ പോകാനുമാകില്ല.

അടുത്തതായി മനസ്സിനെ തൊട്ട വിശേഷം കേട്ടത് ബരലാച്ചാ ലായിൽ നിന്നുമാണ്. ഞങ്ങൾ വന്ന് രണ്ടാഴ്ച്ച കഴിഞ്ഞപ്പോളേക്കും തന്നെ ബരലാച്ച ലായിലെ മഞ്ഞുമുഴുവൻ അലുത്ത് പോയിരുന്നു. അപ്പോളാണ് മലയുടെ ഏറ്റവും മുകളിൽ റോഡരികിൽ ഒരു തകർന്നു കിടക്കുന്ന കെട്ടിടം കാണുവാൻ സാധിച്ചത്. പണ്ടെന്നോ ഉപേക്ഷിച്ച  പട്ടാള ക്യാമ്പ് തന്നെ. കാര്യങ്ങളറിയാൻ ഇഷ്ടമുള്ള എനിക്ക് അടുത്ത വിശേഷവുമായി ടെൻസിൻ എത്തി. "ഇതാണ് ഭൂത ബംഗ്ലാവ്" ടെൻസിങ് പറഞ്ഞു. 'ഏഹ് ഭൂത ബംഗ്ലാവോ?' എനിക്ക് ആകാംഷയായി. "അതെ, കുറെ വർഷങ്ങൾക്ക് മുന്നേ അൻപത്തി രണ്ട്‌ പട്ടാളക്കാർ ഇവിടെ മഞ്ഞിടിച്ചലിൽ മരിച്ചു, അതിനു ശേഷം എല്ലാവരും ഇതിനെ ഭൂത ബംഗ്ലാവ് എന്നാണ് വിളിക്കുന്നത്. രാത്രി ഇതുവഴി തനിയെ കടന്നുപോകുന്നവർ പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടത്രേ!" ടെൻസിൻ  അല്പം കടുത്ത സ്വരത്തിൽ പറഞ്ഞു. എനിക്കുള്ള അടുത്ത വിശേഷമായി. അതിനെക്കുറിച്ചായി അടുത്ത ചിന്ത. എപ്പോഴൊക്കെ അതുവഴി കടന്നുപോയാലും ഒന്നെത്തിവലിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ആ കെട്ടിടത്തിലേക്ക് നോക്കും. സംഭവം ഉണ്ടായിട്ട് പത്തു വര്ഷത്തിനടുത്തേ ആയിട്ടുള്ളു എന്നാണ് ടെൻസിൻ പറയുന്നത്. എങ്കിൽ വാർത്ത വന്നിട്ടുണ്ടാകണം. ഒരു ദിവസം ഇന്റർനെറ്റ് കിട്ടിയപ്പോൾ ഞാനൊന്ന് തപ്പി നോക്കി. വാർത്തയൊന്നും കാണാനില്ല. പക്ഷെ വേറൊരു കഥ കിട്ടി. എല്ലാ ശൈത്യകാലത്തും ഹിമാലയത്തിലെ എല്ലാ mountain passഉകളിലും പട്ടാളക്കാരെ നിയോഗിക്കുമത്രേ. ശൈത്യം അവസാനിക്കുന്നതുവരെ അവർ അവിടെ കാവൽ നിൽക്കണം. അങ്ങനെ ഒരു ശൈത്യകാലം അവസാനിച്ചപ്പോൾ BRO ജീവനക്കാർ മഞ്ഞു നീക്കി ബരലാച്ചാ ലായിൽ എത്തിയപ്പോൾ കാണുന്ന കാഴ്ച പട്ടാളക്കാരുടെ മൃതദേഹം ഭക്ഷിക്കുന്ന ഒരു മനുഷ്യനെയാണത്രേ. ഒരു കത്തിയുമായി ആക്രമിക്കാൻ വന്ന ആ മനുഷ്യനെ BRO ജീവനക്കാർ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് കഥ. പക്ഷെ അങ്ങനെയൊരു മനുഷ്യനെപ്പറ്റി അടുത്തുള്ള ഗ്രാമമായ ജിസ്പയിലുള്ളവർക്ക് അറിവേ ഉണ്ടായിരുന്നില്ലത്രേ. പിന്നീട് അവിടെ നിയോഗിക്കപ്പെട്ട പട്ടാളക്കാർക്ക് വിചിത്രമായ അനുഭവങ്ങളുണ്ടായിപോലും. രാത്രിയിൽ അലറിവിളിക്കുന്ന മനുഷ്യ ശബ്ദവും മറ്റും അവരെ ഭയപ്പെടുത്തി. അങ്ങനെ ആർമി ബാരലാച്ചാ ലായിലെ ക്യാമ്പ് ഉപേക്ഷിച്ചു എന്നാണ് ഇൻറർനെറ്റിൽ പടച്ചുവിട്ട ഒരു കഥ. പക്ഷെ അങ്ങനൊരു കഥ ജിസ്പയിലുള്ളവർക്കറിയില്ല 😃  ടെൻസിൻ പറഞ്ഞതുതന്നെ സത്യം. ബരലാച്ചാ ലാ യാത്രികർക്ക് ഒരു പേടിസ്വപ്നം എന്ന് കഴിഞ്ഞ ഭാഗത്തിൽ പറയാൻ കാരണം ഇതാണ്. ഭൂത ബംഗ്ലാവ് തന്നെ.  ഏതായാലും കുറച്ചു ദിവസങ്ങൾക്ക് ശേഷം ഭൂത ബംഗ്ലാവിന്റെ അടുത്ത് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുവാൻ ഞാൻ തീരുമാനിച്ചു. ഇൻസ്റ്റാൾ ചെയ്‌തു തീരുംവരെ ഞാൻ ആ കെട്ടിടാവശിഷ്ടങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നു. ഭാരതത്തിൻറെ ഏതോ നാട്ടിൽ ജനിച്ച്, രാജ്യ സേവനം തിരഞ്ഞെടുത്ത്, പ്രതികൂല കാലാവസ്ഥയുമായും സാഹചര്യങ്ങളുമായും പോരാടി ജീവിക്കുന്ന പട്ടാളക്കാർ. നിയോഗിക്കപ്പെട്ട കടമ നിർവഹിക്കുന്നതിനിടെ തടയാൻ പറ്റാത്ത പ്രകൃതി ക്ഷോഭത്തിൽ വീരമൃത്യു വരിച്ചവർ. അൻപത്തി രണ്ടു കുടുംബങ്ങളുടെ അവസ്ഥ ഓർത്തുനോക്കൂ. ഇങ്ങനെയെത്രയെത്ര കുടുംബങ്ങൾ. അവർ നെയ്തുകൂട്ടിയ ജീവിതവും ആഗ്രഹങ്ങളുമെല്ലാം ഇല്ലാതായിപോയിരിക്കുന്നു. സ്ഥിരം മഞ്ഞിടിച്ചിൽ ഉണ്ടാകുന്നതുകൊണ്ടാകാം ബാരലാച്ചാ ലായിലെ ക്യാമ്പ് ആർമി ഉപേക്ഷിച്ചത്. പ്രകൃതി ക്ഷോഭങ്ങൾ മാറ്റി നിർത്താം. ഈ ലോകത്ത് നടക്കുന്ന യുദ്ധങ്ങളിലും ആക്രമണങ്ങളിലും മരിച്ചു വീഴുന്നവരോ? അവർക്കുമില്ലേ നമ്മളുടേതുപോലെയുള്ള കുടുംബങ്ങൾ? അവർക്കുമില്ലേ അവരെ ഇഷ്ടപ്പെടുന്നവരും അവരിഷ്ടപെടുന്നവരും? എന്തിനാണ് ഈ യുദ്ധങ്ങളും കൊലപാതകങ്ങളുമൊക്കെ? ഞാൻ ഇങ്ങനെയോരോ ചോദ്യങ്ങളും എന്റേതായ ഉത്തരങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നു. ഏതായാലും രാത്രിയെന്നോ പകലെന്നോ നോക്കാതെ നിരവധി തവണ ബരലാച്ചാ ലാ കടന്നുപോയിട്ടുണ്ടെങ്കിലും നമ്മളെ തൊടാൻ ഏതായാലും ഒരു ഭൂതവും ധൈര്യം കാണിച്ചില്ല.

ഞങ്ങളുടെ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നിടത്തുനിന്നുമുള്ള ഭൂത ബംഗ്ലാവിൻറെ കാഴ്ച്ച 

ഭൂത ബംഗ്ലാവ് 

ഈ സംഭവങ്ങളെപ്പറ്റി കേട്ടിരിക്കുന്ന സമയത്താണ് കേരളത്തിൽ കനത്ത മഴയെതുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നിരവധിയാളുകൾ മണ്ണിനടിയിലായ വാർത്ത കേൾക്കുന്നത്. കേരളത്തിൽ പെയ്തപോലെ മഴപെയ്താൽ ഹിമാലയം മുഴുവൻ ഒലിച്ചുപോകുമെന്നു എനിക്ക് തോന്നി. അത്രയ്ക്ക് പരിസ്ഥിതി ലോലമായ പ്രദേശങ്ങളാണ് അവിടെയുള്ളത്. കേരളത്തിൽ നിന്നുവന്ന ഹൃദയഭേദകമായ വാർത്തകൾ കേട്ടപ്പോൾ കൂടെ ദാർച്ചയിലെ ഗ്രാമവും ബരലാച്ചാ ലായിലെ പട്ടാള ക്യാമ്പും മനസ്സിലേക്കെത്തി. അമ്മ പറയുന്നതുപോലെ 'ഇത്രയേ ഉള്ളൂ മനുഷ്യൻറെ കാര്യം'. നിസ്സാരരാണ് നമ്മളോരോരുത്തരും. പക്ഷെ പലപ്പോഴും നമ്മളാണ് വലിയ സംഭവം എന്നുള്ള ഒരു ചിന്ത നമ്മളിലുണ്ടാകും, നമ്മളുടെ പ്രശ്നങ്ങളാണ് ഏറ്റവും വലിയ പ്രശ്നങ്ങൾ എന്നൊക്കെ തോന്നിപോകാം. സ്വാഭാവികം. നമ്മൾ ഒരു നിസ്സാരനാണ് എന്ന് മനസിലാക്കുന്നയിടത്ത് പ്രശ്നങ്ങൾ അവസാനിക്കുന്നു. അതുകൊണ്ട് ഉള്ള സമയത്ത് സഹജീവികളെ സ്നേഹിച്ച് നല്ലത് മാത്രം ചിന്തിച്ചും ചെയ്തും ജീവിക്കാം. . 'ഓം മണി പദ്‌മേ ഹും, സർവ മംഗളം'(ചില സാങ്കേതിക കാരണങ്ങളാൽ ഈ ഭാഗത്തിൽ 11 ഓഗസ്റ്റ് 2020 വരെ ലഭിച്ച കമെന്റുകൾ കഴിഞ്ഞ ഭാഗത്തിലാണ് (മൂന്നാം ഭാഗം) കാണുവാൻ സാധിക്കുന്നത്. ഈ ഭാഗത്തിൽ കാണുന്ന കമെന്റുകൾ കഴിഞ്ഞ ഭാഗത്തിലേതുമാണ്.) 5 comments :

Related Posts Plugin for WordPress, Blogger...