Monday, 27 April 2020

NCC സെലക്ഷൻ | ജീവിതം മാറ്റി മറിച്ച NCCയും ആദ്യ ക്യാമ്പും | ഭാഗം 1ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5

NCC സെലക്ഷൻ | ജീവിതം മാറ്റി മറിച്ച NCCയും ആദ്യ ക്യാമ്പും! ഭാഗം 1

കുട്ടിക്കാലത്ത് (രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ ആയിരിക്കണം) കയ്യൂരെ (അമ്മ വീട്) പറമ്പിലൂടെ നടക്കുമ്പോൾ ആകാശത്തുകൂടെ വിമാനം പോകുമ്പോൾ പപ്പ (അമ്മയുടെ അച്ഛൻ) പറയും 'വിമാനം ഓടിക്കുന്നവരാണ് പൈലറ്റുമാർ' എന്ന്. അപ്പോൾ ഞാൻ പറയും എനിക്ക് തോക്കൊക്കെ ഉപയോഗിക്കണം, എന്നാ പൈലറ്റും ആകണം. "അതിനു നീ എയർ ഫോഴ്‌സിൽ ചേരണം" പപ്പ പറഞ്ഞു. വിമാനത്തിൽ യുദ്ധങ്ങൾ ചെയ്യുന്നവരാണത്രേ  എയർ ഫോഴ്‌സ് പൈലറ്റുമാർ. അന്നുതൊട്ടുള്ള ആഗ്രഹമാണ് എയർ ഫോഴ്‌സ് പൈലറ്റ് ആകണം എന്നുള്ളത്. വർഷങ്ങൾ കടന്നുപോയി, ഡിഫെൻസിൽ ചേരണം എന്നുള്ള ആഗ്രഹവും കൂടെ വളർന്നുവന്നു. പാലാ സെൻറ് തോമസ് ടി.ടി.ഐ. സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് (അതായത് വർഷം 2006) ചിക്കൻ പോക്സ് പിടികൂടുന്നത്. അതും സ്കൂൾ തുറന്നിട്ട് അധികമായിട്ടില്ല. ഒരാഴ്ച്ച വീട്ടിൽ തന്നെ ഇരിക്കണം. Quarantine എന്ന് ഇപ്പോൾ പറയാം. ഒരാഴ്ച സ്കൂളിൽ പോകാതെ ചുമ്മാ ടീവിയും കണ്ടിരിക്കാനുള്ള സുവർണ്ണാവസരം. സിനിമകളും POGO ടിവിയിലെ താകീഷി കാസിൽ എന്ന പരിപാടിയുമാണ് പ്രധാനമായും കാണാറുള്ളത്. അങ്ങനെ ചാനൽ മാറ്റി കളിച്ചപ്പോൾ ആണ് ഡിസ്‌കവറി ചാനലിൽ ഒരു പരിപാടി കാണുന്നത്. കാക്കി യൂണിഫോം ഒക്കെ ധരിച്ച് കുറച്ച് കുട്ടികൾ കാട്ടിൽ ട്രക്കിങ്ങ് നടത്തുന്നു. കാട്ടിൽ രാത്രി ടെന്റ് അടിച്ചാണ് അവർ താമസിക്കുന്നത്. സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് വല്ലപ്പോഴും വീട്ടിലേയ്ക്ക് വിളിക്കാം. ആ പരിപാടി എന്നെ ഒത്തിരി ആകർഷിച്ചു. എനിക്കും അങ്ങനെയൊക്കെ ചെയ്യണം എന്ന മോഹം മനസ്സിൽ കയറി. ഇതൊക്കെ ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ പുറത്ത് നല്ല പെരുമഴയാണ്. മൊത്തത്തിൽ ഒരു കുളിർമ. ആ കുളിർമ മനസിലെ മോഹത്തിനു വളമായി.

അങ്ങനെ എൻ്റെ ചിക്കൻ പോക്സ്  സീസൺ ഒക്കെ കഴിഞ്ഞു സ്കൂളിൽ പോകാൻ തുടങ്ങി. ആ വർഷം തൊട്ട് കാൽനടയായിട്ടാണ് സ്കൂളിലോട്ട് പോകുന്നത്. തൊട്ടടുത്തുള്ള പാലാ സെൻറ് തോമസ്  ഹൈസ്കൂളിനു മുന്നിലൂടെയാണ് കുറച്ച് അകലെയുള്ള എൻറെ UP സ്കൂളിലോട്ട് പോകേണ്ടത്. അങ്ങനെ സ്കൂൾ വിട്ട് ഒരു വൈകുന്നേരം വീട്ടിലേക്ക് തിരികെ വരുമ്പോളാണ് സെൻറ് തോമസ്  ഹൈസ്കൂളിനു ഉള്ളിൽ കാക്കി യൂണിഫോം ഒക്കെ ധരിച്ച് വിദ്യാർഥികൾ പരേഡ് ചെയ്യുന്നത് കാണുന്നത്. 'ഇതെന്താണിത്? ഒരു ഉത്തരേന്ത്യക്കാരൻ പട്ടാളക്കാരൻ ആണ് അവരെ നിയന്ത്രിക്കുന്നത്. ഇനി  ഇവരെയും പട്ടാളം ആക്കിയോ?' ഞാൻ മെയിൻ റോഡിലെ ഫുട്പാത്തിൽ നിന്നും മതിലിനിടയിലെ ചെറിയ വിടവുകളിലൂടെ നോക്കിക്കൊണ്ട് ആലോചിച്ചു. "ഏക് ദോ ഏക്" എന്നുറക്കെ പറഞ്ഞുകൊണ്ട് അവർ ചെയ്യുന്ന പരേഡ് കാണാൻ നല്ല രസം. അങ്ങനെ നോക്കുമ്പോൾ ആണ് അതിൽ തൊട്ടടുത്ത വീട്ടിലെ കുഞ്ഞായിയും (അനന്തകൃഷ്ണൻ എന്നാണ് ശരിക്കുമുള്ള പേര്) നിൽക്കുന്നത് കാണുന്നത്. എൻ്റെ പ്രധാന സുഹൃത്താണ് ആണ് കുഞ്ഞായി. അവൻ എന്നെക്കാളും ഒരു വയസ്സ് മൂത്തതാണ്, അന്ന് അവൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ വൈകീട്ട് കുഞ്ഞായിയുടെ വീട്ടിൽ ചെന്ന് കാര്യം അന്വേഷിച്ചു. "എന്താണ് ആ സംഭവം? നിന്നെ പട്ടാളത്തിൽ എടുത്തോ? " ഞാൻ ആകാംഷയോടെ ചോദിച്ചു. അവൻ കുറച്ച് ജാഡയിൽ പറഞ്ഞു. "അത് NCC ആണെടെയ്. പട്ടാളക്കാരുടെ ട്രെയിനിങ് ഒക്കെ തരും. തോക്കുപയോഗിക്കാനും ഒക്കെ പറ്റും, 10 ദിവസത്തെ ഒരു ക്യാമ്പും കാണും. സ്കൂളിൽ സെലക്ഷൻ ഉണ്ടായിരുന്നു. എനിക്ക് സെലക്ഷൻ കിട്ടി". പെട്ടെന്ന് എനിക്ക് ഡിസ്കവറി ചാനലിൽ കണ്ട ട്രക്കിങ് മനസ്സിൽ വന്നു. "കാട്ടിലൊക്കെ ക്യാമ്പ് കാണുമോ?" ഞാൻ കൗതുകത്തോടെ ചോദിച്ചു. "പിന്നല്ലാതെ, കാട്ടിൽ പോകുന്ന ക്യാമ്പ് ഒക്കെയുണ്ട്" കുഞ്ഞായി പറഞ്ഞു. എനിക്ക് ഭയങ്കര ആകാംഷയായി. NCCയിൽ ചേർന്നാൽ ഡിസ്കവറിയിൽ കണ്ടതുപോലെ കാട്ടിൽ ടെന്റ് ഒക്കെ ആയി കിടക്കാമല്ലോ, അടിപൊളി! കുഞ്ഞായി അവനു ഫ്രീ ആയി കിട്ടിയ കാക്കി യൂണിഫോംഉം പട്ടാളക്കാരുടെ ബെൽറ്റും  ഒന്നാന്തരം ഒരു ബൂട്ടും എന്നെ കാണിച്ചു തന്നു. അതെല്ലാം കണ്ടിട്ട് എങ്ങനെയേലും അതൊക്കെ എനിക്കും നേടണം എന്ന ആഗ്രഹമായി എനിക്ക്. പാറ്റാ ഗുളികയുടെ മണമുള്ള യൂണിഫോം. ആ മണം എൻ്റെ മനസ്സിൽ കയറിക്കൂടി. പിന്നീട് എനിക്ക് NCCയുടെ മണം അതാണ്. കുഞ്ഞായി അവൻ്റെ യൂണിഫോം വേണമെങ്കിൽ ഒന്ന് ഇട്ടു നോക്കിക്കോളുവാൻ പറഞ്ഞു. ഒരു കൊച്ചു തടിയനായ ഞാൻ മെലിഞ്ഞ അവൻ്റെ യൂണിഫോം കുത്തി കയറ്റി. "ശ്ശെടാ, വണ്ണം കുറക്കണമല്ലോ!"  ഞാൻ കുഞ്ഞായിയോട് പറഞ്ഞു. "വണ്ണം കുറച്ചാൽ മാത്രം പോരാ. സെലക്ഷന് ഓട്ട മത്സരം ഒക്കെയുണ്ട്. പിന്നെയും ചെറിയ കുറച്ച് ടെസ്റ്റുകൾ. അതൊക്കെ പാസ്സ് ആയാലേ സെക്ഷൻ കിട്ടുകയുള്ളു" കുഞ്ഞായി പറഞ്ഞു. എനിക്ക് ആകെ ടെൻഷൻ ആയി. എനിക്ക് അതിനുള്ള ശാരീരിക ക്ഷമത ഉണ്ടോയെന്നൊക്കെ എനിക്ക് സംശയം തോന്നി തുടങ്ങി. സാധാരണ കൂട്ടുകാരുമായി ഓട്ട മത്സരം വച്ചാൽ എൻ്റെ തടിയുമായി ഞാൻ അവസാനം ആയിരിക്കും ഫിനിഷ് ചെയ്യുന്നത്. ആ ഒരു അപകർഷതാ ബോധം എനിക്കുണ്ടായിരുന്നു. എന്നാലും സാരമില്ല. അടുത്ത വർഷം ഏതായാലും സെൻറ് തോമസ് സ്കൂളിൽ തന്നെ ചേരണം, ഞാൻ മനസ്സിൽ ഉറപ്പിച്ചു. NCC യിൽ ചേരണം എന്നത് മാത്രമാണ് ലക്ഷ്യം. ഞാൻ ആ ഒരു വർഷം അതിനു വേണ്ടി തയ്യാറെടുത്തു. ഓടി ജയിക്കുവാൻ പറ്റുമോ എന്നത് മാത്രമാണ് സംശയം. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല, ആ ഒരു വർഷം ഞാൻ എന്നും NCCയിൽ ചേരുന്നതിനെ പറ്റി ചിന്തിക്കുമായിരുന്നു. സെൻറ് തോമസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ അഡ്മിഷൻ കിട്ടാനൊക്കെ പ്രയാസമാണെന്ന് കേട്ട് ഏഴാം ക്ലാസ് ഒക്കെ കഷ്ടപെട്ടിരുന്നു പഠിച്ച ഒരു ബാല്യം! 😂

സെൻറ്. തോമസ് ഹൈസ്‌കൂൾ, പാലാ (Source: Facebook)


അങ്ങനെ ഏഴാം ക്ലാസ് ശടപടേയെന്നു കഴിഞ്ഞു. വേനൽ അവധിക്കാലം ആരംഭിച്ചു. എൻ്റെ NCC ആഗ്രഹം ഞാൻ പങ്കുവച്ചിരുന്നത് പപ്പയുമായിട്ടായിരുന്നു. എന്നെ ഏറ്റവും മനസിലാക്കിയിട്ടുള്ളതും, എന്തൊക്കെ മണ്ടത്തരം പറഞ്ഞാലും ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്തിരുന്ന ആളാണ് പപ്പ. വേനൽ അവധിക്കാലത്ത് ഞാൻ മുഴുവൻ സമയത്തും അമ്മ വീട്ടിൽ ആയിരിക്കും. പതിവിനു വിപരീതമായി ആ വേനൽ അവധിക്കാലം ഒന്നു തീർന്നാൽ മതിയെന്നേ ഉള്ളു അന്നെനിക്ക്. "എനിക്ക് NCCയിൽ സെലക്ഷൻ കിട്ടുവോ പപ്പേ? ഒരു പ്രശ്നമേ ഉള്ളു.. എനിക്ക് കുറച്ച് തടി കൂടുതൽ ആണ്" ഞാൻ ഒരു ആശ്വാസത്തിന് പാപ്പയോടു ചോദിക്കും. "നീ നോക്കിക്കോടാ, നിനക്ക് കിട്ടും, ഉറപ്പാ. ഞാനല്ലേ പറയുന്നേ. നിനക്ക് അത്രയ്ക്ക് തടിയൊന്നുമില്ല. കുറച്ച് ഉണ്ടേൽ തന്നെ NCCയിൽ ചേരുമ്പോൾ ശരിയായിക്കോളും" പപ്പാ ആത്മവിശ്വാസം തന്നു. ഞാൻ എൻ്റെ കുടവയറിലൊട്ടും ഒന്ന് നോക്കി😂. ഞാൻ ഏതായാലും ഓട്ടമൊക്കെ ചെറുതായി പരിശീലിക്കാൻ തുടങ്ങി. ചുമ്മാ വീട്ടിലോട്ടുള്ള വഴിയിലൂടെ ഓടി നോക്കും. അത്ര തന്നെ! അങ്ങനെ വേനൽ അവധി തീർന്ന് അടുത്ത കാല വർഷം തുടങ്ങി. പെരുമഴയത്തുകൂടെ പുതുമണം മാറാത്ത ബാഗും പുസ്തകങ്ങളും കുടയുമൊക്കെയായി എട്ടാം ക്ലാസ്സിലോട്ട്. സ്കൂളിൽ എത്തുമ്പോളേക്കും അരയ്ക്ക് താഴേയ്ക്ക് മുഴുവനായി നനഞ്ഞിട്ടുണ്ടാകും. വീടിനു തൊട്ടടുത്ത് തന്നെയാണ് സ്കൂൾ. സ്കൂളിൽ നിന്ന് ഒന്നുറക്കെ കൂവിയാൽ വീട്ടിൽ കേൾക്കാം, അത്രയ്ക്ക് അടുത്താണ്. സ്കൂൾ തുറന്ന് ഒരു മാസം കഴിയുമ്പോൾ NCC സെലക്ഷൻ ഉണ്ടാകുമെന്ന് കുഞ്ഞായി പറഞ്ഞിട്ടുണ്ട്. ക്ലാസ്സിൽ ഒരു നോട്ടീസ് വരും. NCCയിൽ ചേരുവാൻ താല്പര്യമുള്ളവർ ഉച്ചകഴിഞ്ഞു ഗ്രൗണ്ടിൽ എത്തണമെന്ന് പറഞ്ഞുള്ള നോട്ടീസ്. ആ ദിവസം നഷ്ടപ്പെടാതിരിക്കുവാൻ ഞാൻ ഒരു ദിവസം പോലും അവധിയെടുക്കാതിരിക്കാൻ ശ്രമിച്ചു. പിന്നീട് ആ ദിവസത്തിനായുള്ള കാത്തിരിപ്പായി.

അങ്ങനെ ആ ദിവസം വന്നെത്തി. ഞാൻ കാത്തിരുന്ന ആ നോട്ടീസ് ക്ലാസ്സിൽ എത്തി. ക്ലാസ്സിൽ ഉണ്ടായിരുന്ന സന്തോഷ് സാർ നോട്ടീസ് വായിച്ചു. 'NCCയിൽ ചേരുവാൻ താല്പര്യമുള്ളവർ ഇന്ന ദിവസം ഉച്ചകഴിഞ്ഞു സ്കൂൾ ഗ്രൗണ്ടിൽ എത്തണം'. മനസ്സിൽ ആധിയായി. ഞാൻ കഴിഞ്ഞ ഒരു വർഷമായി കാത്തിരുന്ന ആ ദിവസം അടുത്തിരിക്കുന്നു. എങ്ങാനും സെലക്ഷൻ കിട്ടിയില്ലെങ്കിലോ? ആകപ്പാടെ ടെൻഷൻ തന്നെ. ഓടി കയറാൻ പറ്റുമോ എന്നത് മാത്രമാണ് പേടി. എന്തായാലും നേടിയേ പറ്റൂ. ഞാൻ കുഞ്ഞായിയോട് ഉപദേശം ചോദിച്ചു ചെന്നു. "വല്യ കാര്യമൊന്നും ഇല്ലടാ, ഈസിയായി ഓടി കയറാവുന്നതേയുള്ളു.." അവൻ എന്നെ ആശ്വസിപ്പിച്ചു. പക്ഷെ എൻ്റെ അപകർഷതാ ബോധം അങ്ങനെതന്നെ നിൽക്കുകയാണ്. അങ്ങനെ ആ ദിവസം ആയി, സെലക്ഷൻ ദിവസം! ഓരോ നിമിഷവും ശ്രദ്ധയോടെ ചിലവഴിച്ച ദിവസം. ഉച്ചയോടെ സെലക്ഷന് വേണ്ടി പട്ടാളക്കാർ സ്കൂളിൽ എത്തി. ഒരു ആർമി ട്രക്കിൽ കുറച്ച് പട്ടാളക്കാർ. പറഞ്ഞ സമയത്ത് തന്നെ ഞാൻ ഗ്രൗണ്ടിൽ എത്തി. സ്കൂളിലെ NCC പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് സ്കൂളിലെ ഷാജി സാർ ആണ് . ഷാജി സാർ സെലക്ഷൻ പട്ടാളക്കാരെ ഏൽപ്പിച്ചു. ഞാൻ എല്ലാം ശ്രദ്ധയോടെ നോക്കി നിന്നു. എൻ്റെ ഒരു അബദ്ധംകൊണ്ട് സെലക്ഷൻ കിട്ടാതെ പോകരുതല്ലോ. പട്ടാളക്കാർ ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു. ഒത്തിരി കുട്ടികൾ വന്നതുകൊണ്ട് ഓട്ട മത്സരം ആണ് ആദ്യം. അതിൽ ആദ്യം എത്തുന്ന കുറച്ചു പേരെയേ എടുക്കുകയുള്ളു, ഷാജി സാർ മലയാളത്തിൽ പരിഭാഷപ്പെടുത്തി തന്നു. എൻ്റെ ഹൃദയം JBL വൂഫർ അടിക്കുന്നതുപോലെ അടിക്കുവാൻ തുടങ്ങി. ഗ്രൗണ്ടിന്റെ ഒരറ്റത്തു നിന്ന് അപ്പുറത്തെ അറ്റത്ത് ഓടിയെത്തണം. കൂടെയുള്ളവർ ഒക്കെ പാന്റ് മുട്ടുവരെ മടക്കി വച്ച് ഓടുവാൻ തയ്യാറെടുത്തു, തനി ഓട്ടക്കാർ. ഞാൻ ഇതുവരെ ഒരു ഓട്ട മത്സരത്തിനുപോലും ജയിച്ചിട്ടുമില്ല. ഏതായാലും ഞാനും അവരെപ്പോലെ തയ്യാറായി. ഇപ്പൊ ഓടി ജയിച്ചാൽ രക്ഷപെട്ടു, അല്ലെങ്കിൽ ആഗ്രഹങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും! പത്തുമുപ്പതു പേരുടെ ഗ്രൂപ്പുകളായിട്ടാണ് ഓടിക്കുന്നത്. അതിൽ ആദ്യം എത്തുന്ന കുറച്ചുപേരെ എടുക്കും. അങ്ങനെയാണ് സെലക്ഷൻ. അങ്ങനെ എൻ്റെ അവസരം എത്തി. ഞങ്ങളെ നിരത്തി നിർത്തി  ഒരു പട്ടാളക്കാരൻ ഓടുവാനുള്ള വിസിൽ അടിച്ചു. ഓടിക്കോ!!!!! 🏃🏃🏃ബാക്കി കഥ അടുത്ത ദിവസം! 😊 

ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5


1 comment :

Related Posts Plugin for WordPress, Blogger...