Wednesday, 29 April 2020

പണി വരുന്നുണ്ടവറാച്ചാ | ജീവിതം മാറ്റി മറിച്ച NCCയും ആദ്യ ക്യാമ്പും | ഭാഗം 2

Credits: Trance (Malayalam)

ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5

......പത്തുമുപ്പതു പേരുടെ ഗ്രൂപ്പുകളായിട്ടാണ് ഓടിക്കുന്നത്. അതിൽ ആദ്യം എത്തുന്ന കുറച്ചുപേരെ എടുക്കും. അങ്ങനെയാണ് സെലക്ഷൻ. അങ്ങനെ എൻ്റെ അവസരം എത്തി. ഞങ്ങളെ നിരത്തി നിർത്തി  ഒരു പട്ടാളക്കാരൻ ഓടുവാനുള്ള വിസിൽ അടിച്ചു. ഓടിക്കോ!!!!! 🏃🏃🏃


കൂടുതൽ ആലോചിക്കാൻ ഒന്നും സമയം കിട്ടിയില്ല, രണ്ടും കല്പിച്ചു ഒറ്റയൊരോട്ടം! വേറെ ആരെയും ശ്രദ്ധിക്കാനും പോയില്ല. ലക്ഷ്യം ദൂരെ നിൽക്കുന്ന പട്ടാളക്കാർ മാത്രം. ശാരീരിക ശക്തിയേക്കാൾ മാനസിക ശക്തി പുറത്തുവന്ന സമയം. എങ്ങനെയും ജയിക്കണം എന്ന ഏക ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ശരീരം മനസ്സിനൊപ്പം കൂടെ കൂടി. അങ്ങനെ ഫിനിഷിങ് പോയിന്റിൽ നിന്ന പട്ടാളക്കാരനെയും മറികടന്ന് ഞാൻ മുന്നോട്ട് പോയി. എന്നിട്ട് ഞാൻ പിന്നിലേക്കൊന്നു നോക്കി.. യുറേക്കാ, ഞാൻ പാസ്സ് ആയിരിക്കുന്നു. ആദ്യം എത്താൻ പറ്റിയില്ലെങ്കിലും നടുകഷണമായി  ഞാനും ഫിനിഷ് ചെയ്തിരിക്കുന്നു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായി. പ്രധാനമായും എന്നെക്കൊണ്ട് സാധിക്കില്ല എന്നു വിചാരിച്ച ഒരു കാര്യം ചെയ്യാൻ പറ്റിയതിന്റെ ആഹ്‌ളാദമായിരുന്നു അത്. അത് എൻ്റെ ആത്മവിശ്വാസം വല്ലാതെ ഉയർത്തി. പിന്നെയങ്ങോട്ട് ഫുൾ കോൺഫിഡൻസ്. "എവിടെ, അടുത്ത ടാസ്ക് പോരട്ടെ! ramanan.jpg" പിന്നെയുള്ള ടാസ്കുകൾ വളരെ എളുപ്പമായിരുന്നു. ഒരു കണ്ണടച്ചു ഉന്നം പിടിക്കാൻ സാധിക്കുമോ എന്നതായിരുന്നു അടുത്ത പരിശോധന. തോക്കുപയോഗിക്കണമെങ്കിൽ അതിനു സാധിക്കണം. സൈറ്റ് അടിച്ചു കാണിച്ചു ശീലമുള്ള ആർക്കും പാസ് ആകാൻ പറ്റുന്ന ടാസ്ക്. അതും വിജയിച്ചു. പിന്നീട് അവർ കൈകൾ നീട്ടി പിടിക്കുവാൻ ആവശ്യപ്പെട്ടു. കൈമുട്ടുകൾ കൂട്ടിമുട്ടിയാൽ ഔട്ട് ആക്കും. അതും പാസ് ആയി. അങ്ങനെ തിരഞ്ഞെടുത്ത ഞങ്ങൾ കുറച്ചുപേരെ അവർ മാറ്റി നിർത്തി. LP സ്കൂൾ മുതലേ ഒരേ ക്ലാസ്സിൽ കൂടെയുള്ള ടോണിക്കും സെലക്ഷൻ കിട്ടി. എൻ്റെ വീടിനടുത്ത് തന്നെയാണ് ടോണിയുടേയും വീട്. മുഴുവൻ പേര് ടോണി എസ് ചാവറ. ഞങ്ങൾ നല്ല സുഹൃത്തുക്കളും ആണ് (ഇപ്പോൾ ടോണി മർച്ചൻറ് നേവിയിൽ ഓഫീസർ ആണ്). അങ്ങനെയിരിക്കുമ്പോൾ ആദ്യത്തെ ഓർഡർ എത്തി. "Fall in threes" മൂന്നു പേർ ഒരു വരിയിൽ പുറകിലായി നിന്ന് പല വരികൾ ഉണ്ടാക്കുന്നതിനുള്ള കമാൻഡ് ആണത്. അതായത് മൊത്തത്തിൽ മൂന്നു row ആകും ഉണ്ടാവുക. ആർമിയിൽ അച്ചടക്കത്തിന്റെ ഭാഗമായി സാധാരണയായി പരേഡിന്റെ സമയത്തും ഉയർന്ന ഉദ്യോഗസ്ഥർ അഭിസംബോധന ചെയ്യുമ്പോളും അങ്ങനെയാണ് പട്ടാളക്കാർ അണിനിരക്കേണ്ടത്. എന്തോ പട്ടാളത്തിൽ ചേർന്നപോലെ, അഭിമാനത്തോടെ ഞാനും ആ വരിയിൽ നിന്നു. "Yes, എന്നെയും NCCയിൽ എടുത്തിരിക്കുന്നു." ജീവിതത്തിൽ ആദ്യമായി ആഗ്രഹിച്ചും കഷ്ടപ്പെട്ടും നേടിയ ഒരു കാര്യമായതിനാലാകാം എനിക്ക് എന്തെന്നില്ലാത്ത ഒരു അഭിമാനം അപ്പോൾ തോന്നിയത്. ഒരു കാര്യം നേടണമെന്ന് വളരെ ശക്തമായി നമ്മൾ ആഗ്രഹിച്ചാൽ അത് ഉറപ്പായും നേടാനാകും എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നിയ നിമിഷം. ഞങ്ങളുടെ പേര് വിവരങ്ങളുമെല്ലാം എഴുതിയെടുത്ത് സെലക്ഷൻ പൂർത്തിയാക്കി പട്ടാളക്കാർ തിരികെ പോയി. ഞാൻ എന്തെന്നില്ലാത്ത സന്തോഷത്താൽ വീട്ടിൽ ചെന്നയുടനേ തന്നെ പപ്പയെ വിളിച്ച് വിശേഷം അറിയിച്ചു. നേരെ കുഞ്ഞായിയുടെ അടുത്തപോയി കാര്യങ്ങൾ വിവരിച്ചു. ഞാനും ഒരു NCC കേഡറ്റായി!

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു NCCയുടെ നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി പരേഡുകൾ ആരംഭിച്ചു. ഇനിമുതൽ NCCയിൽ ഞാൻ അജിതാഭ് എന്നല്ല അല്ല, പകരം KER/JD/07/50553 CDT AJITHABH KS എന്നാണ് പറയേണ്ടത്. KER എന്നാൽ KERALA എന്നാണ്. കേരള directorateൻറെ കീഴിൽ ജൂനിയർ ഡിവിഷണലിൽ (JD) 2007ഇൽ 50553 എന്ന എൻറോൾമെൻറ് നമ്പറിൽ തിരഞ്ഞെടുത്ത കേഡറ്റ് (CDT) റാങ്കിൽ ഉള്ള അജിതാഭ് എന്നാണ് അതിൻ്റെ പൂർണരൂപം 😅. NCCയിലെ ഏറ്റവും ചെറിയ റാങ്കാണ് കേഡറ്റ്. ഷാജി സാർ ആദ്യത്തെ ദിവസം വന്നു യൂണിഫോമും മറ്റും തന്നു. എൻ്റെ വണ്ണത്തിനും മറ്റും പാകമാകുന്ന യൂണിഫോം ഏതായാലും കിട്ടി. പാസ് ഔട്ട് ആയ കുറച്ച് കേഡറ്റ്‌സ് സാധനങ്ങൾ തിരികെ കൊടുക്കാതെ കൊണ്ടുപോയതിനാൽ ആകെ കിട്ടിയത് യൂണിഫോമും കീറിയ ഒരു ഷൂസും മാത്രമാണ്. ബെൽറ്റിനൊക്കെ ക്ഷാമമാണ്. എനിക്ക് അൽപ്പം വിഷമം തോന്നി. ഫുൾ യൂണിഫോമിൽ നിന്നില്ലെങ്കിൽ എന്ത് രസമാണുള്ളത്? അങ്ങനെ പരേഡിന്റെ ബാലപാഠങ്ങൾ പട്ടാളക്കാരും സീനിയർ കേഡറ്റ്സും ചേർന്ന് പഠിപ്പിക്കുവാൻ തുടങ്ങി. "ഏക് ദോ ഏക്" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് വേണം പരേഡ് ചെയ്യാൻ. പരേഡിന് കോർഡിനേഷൻ കിട്ടുവാനാണ് അത്. ഇടത്തെ കാൽ വേണം ഏക് എന്ന് പറയുമ്പോൾ മുന്നിലേയ്ക്ക് വയ്ക്കുവാൻ. അപ്പോൾ വലത്തേ കൈ പുറകിലേക്ക് പോകണം. പിന്നെ ദൈനേ മൂഡ് (വലത്തേക്ക് തിരിയുക) ബായേ മൂഡ് (ഇടത്തേക്ക് തിരിയുക), അങ്ങനെ പഠനങ്ങൾ തകൃതിയായി നടന്നു. തെറ്റിച്ചു കഴിഞ്ഞാൽ സീനിയർസിന്റെ വക ശിക്ഷാനടപടികൾ ഉണ്ടാകും. തവള ചാട്ടം, പുഷ് അപ്പുകൾ, ഓട്ടം എന്നിങ്ങനെയൊക്കെയാണ് രീതികൾ. പുഷ് അപ്പ് പൊസിഷനിൽ നിർത്തി നിതംബത്തിൽ ചൂരലുകൊണ്ട് അടിക്കുന്നത് എല്ലാ NCC സീനിയർസിന്റെയും ഒരു ഇഷ്ട വിനോദം ആണ്. സീനിയർസിന് എന്തും ചെയ്യാം, അനുസരിച്ചേ പറ്റൂ (ഒരു പരിധിയിൽ കൂടുതൽ ചെയ്യില്ല കേട്ടോ). അച്ചടക്കത്തിന്റെ ഭാഗമായിട്ടാണ് അത്. പ്രതിരോധ സേനകളിലേക്ക് വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്നത് NCC യുടെ ഒരു ലക്ഷ്യം ആണല്ലോ. അതിനു ഈ അച്ചടക്കം ശീലിച്ചേ മതിയാകൂ. മുതിർന്ന ഉദ്യോഗസ്ഥൻ എന്ത് ഓർഡർ നൽകിയാലും 'എന്തിന്?' എന്ന ചോദ്യമില്ലാതെ അനുസരിക്കുക എന്നത് സേനകളിലെ അടിസ്ഥാന അച്ചടക്കത്തിന്റെ ഭാഗമാണ്. ഇതെല്ലം ഉൾക്കൊണ്ടതിനാൽ അച്ചടക്കം പാലിച്ച് ഞാനും പരിശീലനങ്ങളിൽ പങ്കെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂൾ വിടുമ്പോളാണ് NCC പരിശീലനം നൽകുന്നത്. ആ ദിവസങ്ങൾ ആകുവാൻ ഞാൻ കാത്തിരിക്കും. പരിശീലനത്തിന് ശേഷം ചേടത്തിയുടെ ഹോട്ടലിൽ നിന്നും രണ്ടു പൊറോട്ടയും ഉള്ളി കറിയും ലഭിക്കും (ആ വർഷങ്ങളിൽ വിലക്കയറ്റം കാരണം അന്നത്തെ അലവൻസ് വച്ച് മുട്ട കറി ലഭിക്കില്ലായിരുന്നു😅). എന്തായാലും അടിപൊളി. 

സ്കൂളിലെ NCC കാര്യങ്ങൾ നോക്കുന്ന അദ്ധ്യാപകനെ ANO എന്നാണ് പറയുന്നത്. Associate NCC Officer എന്നാണ് പൂർണ രൂപം. അവർക്കും ആർമിയിലെ ഓഫീസർമാരുടെ അതേ പദവിയാണ്. സെൻറ് തോമസ് സ്കൂളിലെ ANO ആയ ഷാജി സാറിനു പൊലീസിലെ DYSP റാങ്കിന് തുല്യമായ പവർ ആണെന്നൊക്കെ സീനിയഴ്സ് പറയുമായിരുന്നു. ഏതായാലും ഷാജി സാറിനു ആ വർഷം ആദ്യം തന്നെ സ്ഥലം മാറ്റം വന്നതിനാൽ ANO പദവി ഉപേക്ഷിച്ചു പോകേണ്ടി വന്നു. പകരം താത്‌കാലികമായി ചുമതലകൾ നെൽസൺ സാറിനു കിട്ടി. അങ്ങനെ ദിവസങ്ങൾ കടന്നുപോയി, ഓണപരീക്ഷാ സമയമായി. അപ്പോളാണ് പരീക്ഷയ്ക്കിടെ ഒരു നോട്ടീസ് വരുന്നത്. NCC യിൽ രണ്ടാം വർഷ വിദ്യാർഥികളിൽ ക്യാമ്പിന് പങ്കെടുത്തിട്ടില്ലാത്തവർ നെൽസൺ സാറിനെ കാണണം, ഓണം ക്യാമ്പിൽ പങ്കെടുക്കണം എന്ന്. ഞാൻ കാത്തിരുന്ന ദിവസം വന്നിരിക്കുന്നു. 'പക്ഷെ ഞാൻ ഒന്നാം വർഷം ആണല്ലോ'. ഞാൻ മനസ്സിൽ ഓർത്തു. എന്നാലും സാരമില്ല ഒന്ന് പോയി ചോദിച്ചു കളയാം. കാട്ടിൽ പോയി ടെന്റ് ഒക്കെ അടിച്ചുള്ള ക്യാമ്പ് സ്വപ്നം ആണല്ലോ. ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കുവാനായുള്ള തിടുക്കമായിരുന്നു എനിക്ക്. പരീക്ഷ കഴിഞ്ഞയുടനെ തന്നെ ഞാൻ നെൽസൺ സാറിനെ കാണുവാൻ പോയി. ഒന്നാം വർഷ കേഡറ്റ്സിനെ ഈ ക്യാമ്പിന് വിടാൻ പറ്റില്ലായെന്നു നെൽസൺ സാർ കടുപ്പിച്ചു പറഞ്ഞു. ജൂനിയർ ഡിവിഷനിൽ രണ്ടു വർഷത്തെ ട്രെയിനിങ് കാലാവധിയിൽ ഒരു ക്യാമ്പ് നിർബന്ധം ആണ്. എങ്കിൽ മാത്രമേ അവസാനം NCC 'A' സർട്ടിഫിക്കറ്റ് പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളു. കുറെയധികം രണ്ടാം വർഷ കേഡറ്റ്‌സ് ക്യാമ്പ് കൂടിയിട്ടില്ലാത്തതിനാൽ ഒന്നാം വർഷ വിദ്യാർത്ഥികളെ വിടേണ്ട എന്നാണ് തീരുമാനം. എനിക്കാകെ വിഷമമായി. എന്നാലും ഞാൻ എന്നും പരീക്ഷ കഴിയുമ്പോൾ നെൽസൺ സാറിനെ കാണാൻ പോകും. "സാർ, ദയവു ചെയ്തു എന്നെയും ക്യാമ്പിന് വിടണം" ഞാൻ അപേക്ഷിക്കും. അവസാനം രണ്ടാം വർഷ കേഡറ്റ്സ് ആരെങ്കിലും ക്യാമ്പിന് പോകാൻ തയ്യാറല്ലെങ്കിൽ എന്നെയും വിടാമെന്ന് സാർ പറഞ്ഞു. കുറച്ച് സമാധാനമായി. അങ്ങനെ പരീക്ഷ തീരാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോൾ എന്നെയും കൂട്ടുകാരൻ ടോണിയേയും ക്യാമ്പിന് വിടാമെന്ന് സാർ സമ്മതിച്ചു. അപ്പോളാണ് നെൽസൺ സാർ രണ്ടാം വർഷ കേഡറ്റുകളുടെ ലിസ്റ്റ് കാണിക്കുന്നത്. ഇതിൽ ക്യാമ്പിന് പോകാതെ ഒളിച്ചു നടക്കുന്ന കുറച്ചുപേരുടെ പേരുകൾ സാർ മാർക്ക് ചെയ്തു വച്ചിട്ടുണ്ട്. അതിൽ ആരെയെങ്കിലും അറിയാമോ എന്ന് സാർ എന്നോട് ചോദിച്ചു. ഞാൻ ലിസ്റ്റ് നോക്കി നോക്കി വന്നപ്പോളാണ് ആ പേര് ഞാൻ കാണുന്നത്. 'അനന്തകൃഷ്ണൻ' അതെ നമ്മളുടെ കുഞ്ഞായി തന്നെ! 'അമ്പട കള്ളാ സണ്ണി കുട്ടാ! നീ സാറിനെയും പറ്റിച്ചു നടക്കുവായിരുന്നല്ലേ' ഞാൻ മനസ്സിൽ പറഞ്ഞു. "സാർ ധൈര്യമായി ഇവൻറെ പേര് എഴുതിക്കോ, ഇവനും ക്യാമ്പിന് വരും" ഞാൻ സാറിനു ഉറപ്പു നൽകി. കുഞ്ഞായിയും കുടുംബവും എനിക്ക് എന്റെ സ്വന്തം കുടുംബം പോലെ തന്നെയാണ്. മിക്ക സമയവും ഞാൻ അവരുടെ വീട്ടിൽ കുഞ്ഞായിയുടെയും അവൻ്റെ ചേട്ടൻ 'ഗോപു ചേട്ടനുമായാണ്' ചിലവഴിക്കാറുള്ളത്. കുഞ്ഞായിക്ക് സമ്മതമല്ലെങ്കിലും അവൻ്റെ അമ്മയായ ലീല ആന്റിയെ പറഞ്ഞു സമ്മതിപ്പിക്കാൻ എന്ന ഉറപ്പിലാണ് ഞാൻ സാറിനു വാക്ക് കൊടുത്തത്. ഞാൻ നേരെ കുഞ്ഞായിയുടെ വീട്ടിലേയ്ക്ക് പോയി. ഓണം ഓഫറിൽ വാങ്ങിയ പുതിയ ടിവിയിൽ എതോ പരിപാടികൾ ഒക്കെ കണ്ട് സുഖിച്ചിരിപ്പാണ് കുഞ്ഞായി. ഞാൻ ലീല ആന്റിയോട്‌ അവൻ ക്യാമ്പിന് പോകാതെ മുങ്ങിയ കാര്യം പറഞ്ഞുകൊടുത്തു. നല്ല ഒന്നാംതരം ഒറ്റുകൊടുക്കൽ😆. കാര്യം അറിഞ്ഞ ലീല ആന്റി നീ പോയേ പറ്റൂ എന്ന് കട്ടായം പറഞ്ഞു. അവനന്നറിയാവുന്ന എല്ലാ തെറിയും അവനെന്നേ വിളിച്ചു. പുതിയ ടിവി വാങ്ങി ഒന്ന് കൊതിപോലും തീർന്നിട്ടില്ല എന്നതാണ് അവൻ്റെ പ്രധാന വിഷമം. ഓണ അവധിക്ക് മുഴുവനിരുന്നു സിനിമ കാണാൻ ആയിരുന്നു അവൻ്റെ പദ്ധതി. അതാണ് ഞാൻ തകർത്തത്. നീയും കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒരു കൂട്ടാകുമല്ലോ, നീയുംകൂടെ വാടാ എന്നൊക്കെ പറഞ്ഞപ്പോൾ ഏതായാലും അവസാനം അവനും സമ്മതം മൂളി. 

അങ്ങനെ അടുത്ത ദിവസം അവസാനത്തെ പരീക്ഷയും കഴിഞ്ഞു നെൽസൺ സാറിനെ കാണാൻ പോയി. സാർ ക്യാമ്പിന് പോകാൻ പൂരിപ്പിക്കേണ്ട ഫോമും മറ്റും നൽകി. ഗവണ്മെന്റ് ആശുപത്രിയിൽ പോയി മെഡിക്കൽ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങണം. കുറവിലങ്ങാട് ദേവമാതാ കോളേജിൽ ആണ് ക്യാമ്പ് എന്ന് സാർ അപ്പോളറിയിച്ചു. "ദേവമാതാ കോളേജ് ഓ? അതെന്താ കോളേജ്? കാട്ടിലല്ലേ ക്യാമ്പ്?" മനസ്സിൽ ചോദ്യങ്ങൾ വന്നു. "ചിലപ്പോൾ അവിടെ പോയി നിന്നിട്ടായിരിക്കും പിന്നെ കാട്ടിലോട്ട് പോകുന്നത്" ഞാൻ കരുതി. ഏതായാലും സർട്ടിഫിക്കറ്റ് എല്ലാം തയ്യാറാക്കി. അച്ഛൻറെ ഒരു ഒപ്പൊക്കെ വേണം. എന്തെങ്കിലും അപകടം സംഭവിച്ചാൽ കുഴപ്പമില്ലാ  എന്നതിനുള്ള ഒപ്പാണത്. ഞാനാണെങ്കിൽ ഇതെല്ലം കണ്ട് എന്തോ വല്യ ധീര കൃത്യം ചെയ്യാൻ പോകുന്ന മൂഡിലും ആയി. രണ്ടു ദിവസം കഴിഞ്ഞാൽ ക്യാമ്പ് തുടങ്ങുകയാണ്. എൻ്റെ വീട്ടിൽ അവധിയായാൽ തിരുവനന്തപുരത്തുള്ള അമ്മയുടെ ചേച്ചി കരോളിയമ്മയും എൻ്റെ കസിൻ സിദ്ധു ചേട്ടനുമൊക്കെ വരും. ഇത്തവണ കരോളിയമ്മ നേരത്തേയെത്തി. എനിക്ക് ക്യാമ്പിന് കൊണ്ടുപോകാനായി ഒരു ബാഗ് വേണം. കരോളിയമ്മ അതെനിക്ക് വാങ്ങി തരാമെന്ന് ഏറ്റു. അങ്ങനെ പാലാ ടൗണിൽ പോയി കടും പച്ച നിറത്തിലുള്ള ഒരു ബാഗ് വാങ്ങി. പട്ടാള ക്യാമ്പിലോട്ടല്ലേ പോകുന്നത്, പിന്നെ കാടും. അപ്പോൾ കടും പച്ചയാണ് നല്ലതെന്ന് എനിക്ക് തോന്നി. അങ്ങനെ ആ ദിവസവും കടന്നുപോയി. അടുത്ത ദിവസം രാവിലെ തന്നെ ക്യാമ്പിന് പോകാനായി സ്കൂളിൽ എത്തണം. സാധാരണ സ്കൂൾ ടൂറിനു തലേന്ന് സംഭവിക്കുന്നപോലെ ഉറക്കം വരാത്ത രാത്രി. രാത്രി തന്നെ വസ്ത്രങ്ങൾ എല്ലാം പാക്ക് ചെയ്തു വച്ചു. രാവിലെ എണീക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഞാൻ പോകുന്നു എന്നുപറഞ്ഞു നേരെ കുഞ്ഞായിയുടെ വീട്ടിൽ പോയി അവനെയും കൂട്ടി നേരെ സ്കൂളിലോട്ട്. നേരെ ചൊവ്വേ വീട്ടിൽ ഒന്ന് യാത്ര പറയാൻ പോലും ഞാൻ നിന്നില്ല. അത്രയ്ക്ക് ആകാംഷയായിരുന്നു.

അങ്ങനെ സ്കൂളിലെത്തിയപ്പോൾ ഞാൻ കാണുന്ന കാഴ്ച്ച ഏകദേശം നാൽപതു പേരോളം കേഡറ്റുകൾ ക്യാമ്പിന് പോകാൻ തയ്യാറായി നിൽക്കുന്നതാണ്. സീനിയേഴ്‌സ് കൂടാതെ ഏതാനും ഒന്നാം വർഷ വിദ്യാർത്ഥികളും ഉണ്ട്. ടോണിയും അപ്പോളേക്ക് എത്തി. എനിക്കാകെ സംശയമായി. ഇത്രയും പേരെ കാട്ടിൽ കൊണ്ടുപോയി താമസിപ്പിക്കാൻ പറ്റുമോ? എൻ്റെ ഒരു കണക്കുകൂട്ടലിൽ പതിനഞ്ചു പേരൊക്കെയാണെങ്കിൽ കുഴപ്പമില്ല. പക്ഷെ ഇത് കുറേ പേരുണ്ടല്ലോ. പല ഗ്രൂപ്പ് ആയിട്ടാകും കൊണ്ടുപോകുക, ഞാൻ പിന്നെയും ആശ്വസിച്ചു. നെൽസൺ സാറെത്തി ഫോം എല്ലാം മേടിച്ചു യാത്ര തിരിക്കാമെന്ന് പറഞ്ഞു. 'പക്ഷെ ആർമി ട്രക്ക് വന്നില്ലല്ലോ?' എൻ്റെ അടുത്ത സംശയം. ക്യാമ്പിന് പോകുമ്പോളെങ്കിലും അതിലൊന്ന് കയറിപോകണമെന്ന് എനിക്ക് ആശയുണ്ടായിരുന്നു. അപ്പോളാണ് സാർ പറയുന്നത് ബസ് സ്റ്റോപ്പിൽ ചെന്ന് ബസ്സിൽ വേണം പോകുവാൻ. "ഇതെന്താണിത് ലൈൻ ബസ്സിലാണോ ക്യാമ്പിന് പോകുന്നേ?" പിന്നെയും മനസ്സ് മടുത്തു. എന്തെങ്കിലും ആകട്ടെ ക്യാമ്പിൽ ചെന്നിട്ട് നോക്കാം. അങ്ങനെ എൻ്റെ വീടിനു അടുത്തുള്ള ബസ് സ്റ്റോപ്പിന് മുന്നിലൂടെ ബസ്സിൽ ഞങ്ങൾ കുറവിലങ്ങാട്ടേക്ക് യാത്ര തിരിച്ചു. ബസ്സിൻറെ ഏറ്റവും മുൻവശത്തെ പെട്ടിയിലിരുന്ന് ഞാൻ പാലാ കടന്നുപോകുന്നത് നോക്കിക്കൊണ്ടിരുന്നു. അപ്പോളൊന്നും ഞാൻ ഒരിക്കലും കരുതിയില്ല അത് ജീവിതം മാറ്റിമറിക്കാൻ പോകുന്ന ഒരു യാത്ര ആയിരിക്കും എന്ന്. 

അങ്ങനെ കാട്ടിലേയ്ക്കുള്ള ക്യാമ്പിന് വേണ്ടി കുറവിലങ്ങാട് ദേവമാതാ കോളേജിന് മുന്നിൽ എത്തി. ഗേറ്റിനു കാവൽ നിൽക്കുന്ന കോളേജിലെ NCC ചേട്ടന്മാർ കോളേജിൻറെ വലിയ ഇരുമ്പു ഗേറ്റ് ഞങ്ങൾക്കുവേണ്ടി തള്ളി തുറന്നു. അപ്പോളാണ് ഞാൻ എന്നെ മൊത്തത്തിൽ ഞെട്ടിച്ച ആ കാഴ്ചകൾ കാണുന്നത്. പണി വരുന്നുണ്ടവറാച്ചാ......!

ഇനിയാണ് കഥയിലെ ട്വിസ്റ്റ് 😂 NCC ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവർക്ക് ട്വിസ്റ്റ് എന്താണെന്ന് മനസിലായിട്ടുണ്ടാകും. ബാക്കി അടുത്ത ഭാഗത്തിൽ എഴുതാം.

അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴും ഗുലുമാൽ... ഗുലുമാൽ...


ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5


Credits: Ramji Rao Speaking (Malayalam)No comments :

Post a Comment

Related Posts Plugin for WordPress, Blogger...