Friday, 1 May 2020

ട്വിസ്റ്റ് ട്വിസ്റ്റ് | ജീവിതം മാറ്റി മറിച്ച NCCയും ആദ്യ ക്യാമ്പും | ഭാഗം 3

ട്വിസ്റ്റ് ട്വിസ്റ്റ് | ജീവിതം മാറ്റി മറിച്ച NCCയും ആദ്യ ക്യാമ്പും | ഭാഗം 3


ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5


........ അങ്ങനെ കാട്ടിലേയ്ക്കുള്ള ക്യാമ്പിന് വേണ്ടി കുറവിലങ്ങാട് ദേവമാതാ കോളേജിന് മുന്നിൽ എത്തി. ഗേറ്റിനു കാവൽ നിൽക്കുന്ന കോളേജിലെ NCC ചേട്ടന്മാർ കോളേജിൻറെ വലിയ ഇരുമ്പു ഗേറ്റ് ഞങ്ങൾക്കുവേണ്ടി തള്ളി തുറന്നു. അപ്പോളാണ് ഞാൻ എന്നെ മൊത്തത്തിൽ ഞെട്ടിച്ച ആ കാഴ്ചകൾ കാണുന്നത്.

ദേവമാതാ കോളേജ്, കുറവിലങ്ങാട് (കവാടം): ഫേസ്ബുക്കിൽ നിന്നും ലഭിച്ച ചിത്രമാണ്.

കവാടം കടന്നു അകത്തേയ്ക്ക് കയറുമ്പോൾ ഏകദേശം ഇരുന്നൂറു മീറ്ററോളം ദൂരം ടാർ ഇട്ട റോഡാണ് കോളേജ് കെട്ടിടത്തിലേക്ക്. അതുവഴി പല കോളേജിൽ നിന്നും സ്കൂളിൽ നിന്നുമുള്ള കുട്ടികളുടെ പരേഡും പണിഷ്‌മെന്റുകൾ നടക്കുകയാണ്. എൻ്റെ കാഴ്‌ചയിൽ തന്നെ നൂറോളം ആളുകളുണ്ട്. കോളേജിൽ നിന്നുള്ള കേഡറ്റുകളെ ഞാനപ്പോൾ ആദ്യമായിട്ടാണ് കാണുന്നത്. മൊത്തത്തിൽ ബഹളം തന്നെ. ഹിന്ദിയിലുള്ള വേർഡ് ഓഫ് കമാൻഡുകളും മലയാളത്തിലുള്ള വഴക്കുപറച്ചിലും😂. എൻ്റെ കാടും മേടും ടെന്റ് മോഹങ്ങളുമെല്ലാം അവിടെത്തന്നെ തകർന്നു വീണു. ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചപ്പോൾ കവാടത്തിനു കാവൽ നിന്ന ചേട്ടന്മാർ  ഗേറ്റ് അടച്ചു. "I am trapped😅" ഞാൻ മനസ്സിൽ വിചാരിച്ചു. ഒരു പരിചയവുമില്ലാത്ത അത്രയധികം കേഡറ്റുകളെ കണ്ടപ്പോൾ എനിക്കാകെ അന്ധാളിപ്പായി. എനിക്കറിയാത്ത NCCയുടെ മറ്റൊരു മുഖമാണ് ഞാൻ കാണുന്നത്. നെൽസൺ സാർ ഞങ്ങളെ കോളേജിന് മുന്നിലെ NCC റിസപ്ഷനിൽ കൊണ്ടുപോയി ഞങ്ങളുടെ ഫോമുകൾ നൽകി. നേരത്തെ കണ്ടുപരിചയമുള്ള ഉത്തരേന്ത്യക്കാരനായ പട്ടാളക്കാരൻ ഞങ്ങളുടെ പേരു വിളിച്ചു threesഇൽ മാറ്റി നിർത്തി ഞങ്ങളെ ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു. ചുറ്റും NCCയുടെ വണ്ടികളും പട്ടാളക്കാരും ക്യാമ്പ് തുടങ്ങുന്നതിന്റെ തിരക്കുകളിൽ ഓടി നടക്കുന്നു. അവരെ സഹായിക്കാൻ കോളേജിലെ ചേട്ടന്മാരായ കേഡറ്റുകളും. എവിടെ നോക്കിയാലും യൂണിഫോം മാത്രം. സിനിമയിൽ ഒരു പട്ടാള ക്യാമ്പ് കാണുന്നതുപോലെ. എനിക്ക് കണ്ടുപരിചയമില്ലാത്തതിനാൽ ആകാം, എല്ലാം അല്പം വിചിത്രമായി തോന്നി. കാടും മേടും, അല്പം ആളുകളെയും, സമാധാനവും ആഗ്രഹിച്ച് എത്തിയ ഞാൻ വലിയ ഒരു ബഹളത്തിന്റെ നടുക്ക് പെട്ടതുപോലെ. എല്ലായിടത്തും 17 (K) Bn NCC, Pala എന്ന് എഴുതിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. കേരള directoriate ഇലെ പാലായിലുള്ള പതിനേഴാം ബറ്റാലിയൻ എന്നാണ് അത് ഉദ്ദേശിക്കുന്നത്. പതിനേഴാം ബറ്റാലിയനിലെ ഒരു യൂണിറ്റ് ആണ് ഞങ്ങളുടെ സ്കൂൾ എന്ന് നേരത്തെ സീനിയർസ് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ പതിനേഴാം ബറ്റാലിയനിലെ എല്ലാ സ്കൂളിലേയും കോളേജിലേയും കുട്ടികൾ ക്യാമ്പിലുണ്ടെന്ന് എനിക്ക് മനസിലായി.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി പട്ടാളക്കാരൻ JD (ജൂനിയർ വിങ്) സീനിയറിനെ വിളിച്ചു വരുത്തി. ഇതുപോലെ ജൂനിയർ വിങ് (JW), സീനിയർ ഡിവിഷൻ (SD), സീനിയർ വിങ് (SW) എന്നിങ്ങനെയും വിഭാഗങ്ങൾ ഉണ്ട്. സീനിയർ ഡിവിഷൻ എന്നാൽ കോളേജിലെ ആൺകുട്ടികളും സീനിയർ വിങ് എന്നാൽ കോളേജിലെ പെൺകുട്ടികളുമാണ്. ജൂനിയർ വിങ്ങിൽ സ്കൂൾ തലത്തിലെ പെൺകുട്ടികൾ. ഞങ്ങൾ സ്‌കൂൾ തലത്തിലെ ആൺകുട്ടികൾ ആയതിനാൽ ജൂനിയർ ഡിവിഷൻ (JD). ഓരോ വിഭാഗത്തിനും ഓരോ സീനിയർ (ലീഡർ) കാണും. അവർ കോളേജിൽ നിന്നുള്ളവർ ആയിരിക്കും. പെൺകുട്ടികളുടെ വിഭാഗത്തിന് പെൺകുട്ടികൾ തന്നെയാകും സീനിയർ. അങ്ങനെ ഞങ്ങളുടെ JD സീനിയർ ആയ ലാൽ ബാബു ചേട്ടൻ എത്തി. ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജിൻറെ സീനിയർ ആണ് ലാൽ ബാബു ചേട്ടൻ. കാർക്കശ്യത്തിന്റെ ആൾരൂപം. കണ്ടാൽ നോർത്ത് ഇന്ത്യക്കാരൻ ആണെന്നൊക്കെ തോന്നും. ചിരിയുടെ ഒരംശം പോലും മുഖത്തു കാണാൻ കഴിയില്ല. മൊത്തത്തിൽ കലിപ്പ്. ബാഗൊക്കെ എടുത്ത് ബാരക്കിലേക്ക് പോകാം എന്ന് ലാൽ ബാബു ചേട്ടൻ പറഞ്ഞു. ബാരക്ക് എന്നാൽ ആർമിയിൽ പട്ടാളക്കാർ കിടക്കുന്ന മുറികൾക്ക് പറയുന്നതാണ്. അങ്ങനെ ലാൽ ബാബു ചേട്ടൻ മുന്നിൽ നടന്നു ഞങ്ങൾ വരിയായി പുറകേ നടന്നു. ബാരക്ക് എന്നത് ഒരു ടെന്റ് എങ്കിലും ആകണേ എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ സംഭവിച്ചത് വേറെയാണ്. ഒരു കോളേജ് ക്ലാസ് മുറിയാണ് ബാരക്ക്😐.  ഒരു സാധാരണ ക്ലാസ് മുറി, അതിലാണെങ്കിൽ ഒരു വശത്തു വേറെ സ്കൂളിൽ നിന്നുള്ള കുട്ടികളും ഉണ്ട്. ഞങ്ങളും കൂടിയായപ്പോൾ ബാരക്കിൽ നല്ല തിരക്കായി. ജയിൽ മുറിയിലേക്ക് വരുന്ന പുതിയ തടവുപുള്ളികളെ നിലവിലുള്ള തടവുപുള്ളികൾ നോക്കുന്നതുപോലെ അവർ ഞങ്ങളെ നോക്കി. ചിലർക്ക് ഞങ്ങളും വന്നത് തീരെ ഇഷ്ടപ്പെട്ടുമില്ല. റൂമിൽ മര്യാദക്ക് ശബ്ദമുണ്ടാക്കാതെ ഇരുന്നോണം എന്ന് പറഞ്ഞു പേടിപ്പിച്ചിട്ട് ലാൽ ബാബു ചേട്ടൻ പോയി. 'സംസാരിക്കാനും പറ്റില്ലേ?' ആകെ ബുദ്ധിമുട്ടാണല്ലോ എന്ന് എനിക്ക് തോന്നി. ബഹളമുണ്ടായാൽ ഞങ്ങളുടെയും അവരുടെയും സ്കൂൾ സീനിയർമാർക്ക് പണിഷ്മെന്റ് തരുമെന്ന് ലാൽ ബാബു ചേട്ടൻ മുന്നറിയിപ്പ് നൽകി. ഞങ്ങളുടെ സ്കൂൾ സീനിയറിനു പണിഷ്മെന്റ് കിട്ടിയാൽ അവരുടെ വക പണിഷ്മെന്റ് ഞങ്ങൾക്ക് കിട്ടും, അതാണ് NCCയിലെ ഒരു ലൈൻ. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ, തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനു പണിഷ്മെന്റ് നൽകിയാൽ അതിന്റെ വിഹിതം കൈമാറി കൈമാറി ഏറ്റവും താഴത്തെ തട്ടിലുള്ള ഞങ്ങൾക്ക് വരെ കിട്ടും. ഞാൻ നേരത്തെ സൂചിപ്പിച്ച ഘടനയുടെ ഒരു പ്രത്യേകതയാണ് അത്😂. ക്ലാസ്സിന്റെ ഒരു ഭാഗത്തു ബാഗുവച്ച് കിടക്കാനുള്ള സ്ഥലം തയ്യാറാക്കിക്കൊള്ളുവാൻ ഞങ്ങളുടെ സ്‌കൂൾ സീനിയർ പറഞ്ഞു. ക്ലാസ്സിലുള്ള ബെഞ്ചും ഡെസ്കും മുന്നേ വന്ന കുട്ടികൾ എടുത്തതിനാൽ നിലത്തുവേണം ഞങ്ങൾക്ക് കിടക്കാൻ. വീട്ടിൽ നിന്നും അമ്മ അലക്കി മടക്കി തന്ന നല്ല ബെഡ് ഷീറ്റ് പലർ ചവിട്ടി നടന്ന ആ തറയിൽ ഇടാൻ എന്നെ മനസ്സനുവദിച്ചില്ല. പക്ഷെ അത് ചെയ്യാതെ നിവർത്തിയില്ലലോ. അങ്ങനെ ഞാൻ കുഞ്ഞായിയുടെയും ടോണിയുടെയും നടുക്ക് സ്ഥലം പിടിച്ചു. മനസ്സിന് ഭാരം കൂടുന്നതുപോലെ... അറിയാത്ത കുറേയാളുകളുടെയിടക്ക്, എന്ത് ചെയ്യണം എന്നുപോലും അറിയാതെ ഇരിക്കുന്നു. സാധാരണ എവിടെപ്പോയാലും വീട്ടിൽ വിളിച്ച് 'എത്തി' എന്ന് പറയുന്ന ശീലമുണ്ട്. ഇതിപ്പോ വിളിച്ച് പറയാൻ ഒരു വഴിയുമില്ല. അന്നൊക്കെ മൊബൈൽ ഫോണൊന്നും കുട്ടികളുടെ കൈയിൽ ഇല്ലല്ലോ. അമ്മയെ  വിളിച്ച് കാര്യം പറയാഞ്ഞിട്ട് ഒരു സമാധാനവും കിട്ടുന്നില്ല. ഇനി നെൽസൺ സാറിനെ കണ്ടുപിടിച്ചാലേ രക്ഷയുള്ളൂ. പക്ഷെ റൂമിനു വെളിയിൽ പോകാൻ മാർഗമില്ല. അങ്ങനെയിരിക്കുമ്പോളാണ് ചായ കുടിക്കാൻ ചെല്ലാനുള്ള സന്ദേശം വരുന്നത്.  വീട്ടിൽ നിന്നും കൊണ്ടുവന്ന ഗ്ലാസ്സുമായി വേണം ചായ കുടിക്കാൻ പോകുവാൻ. ചായ കുടിക്കാൻ പോകുമ്പോളും വരിയായി വേണം പോകുവാൻ, അതൊന്നും എനിക്ക് ഒരു ശീലവുമില്ലാത്തതാണ്. കോളേജ് ഓഡിറ്റോറിയത്തിൽ ആണ് ചായ കിട്ടുന്നത്. ചായക്കായി വരിനിൽക്കുമ്പോളാണ്  നെൽസൺ സാർ അതിലെ കടന്നു പോകുന്നത് കാണുന്നത്. ഞങ്ങൾ സാറിനെ കൈ കാണിച്ചു വിളിച്ചു. ലൈനിൽ നിന്നും ഇറങ്ങിപ്പോയാൽ സീനിയർസ് വഴക്കു പറഞ്ഞാലോ. നെൽസൺ സാർ വന്ന് അദ്ദേഹം തിരികെ പോകുകയാണെന്ന് അറിയിച്ചു. മനസ്സിൽ ഇടി വെട്ടിയതുപോലെ. എല്ലാ പ്രതീക്ഷയും ഞങ്ങളുടെ അദ്ധ്യാപകൻ കൂടെ ഉണ്ടല്ലോ എന്നതായിരുന്നു, അതും നഷ്ടപ്പെട്ടു. നെൽസൺ സാർ പെട്ടെന്ന് യാത്രയും പറഞ്ഞു തിരികെ പോയി. എനിക്കാണെങ്കിൽ വീട്ടിൽ വിളിക്കാത്തതുകൊണ്ട് ഒരു സമാധാനവും കിട്ടുന്നില്ല. ക്യാമ്പിലെ ചിട്ടാവട്ടങ്ങളും നിയമങ്ങളും പെട്ടെന്നു ഉൾക്കൊള്ളാനും സാധിക്കുന്നില്ല. വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ നല്ലതുപോലെ ഒന്ന് യാത്ര പോലും പറഞ്ഞുമില്ല. വീട് എന്ന ചിന്ത വരുമ്പോൾ തന്നെ മനസ്സ് തകർന്നു വീഴുന്നു. പക്ഷെ ആ ചിന്ത മാറ്റാനും പറ്റുന്നില്ല. കൃത്യമായി പറഞ്ഞാൽ 'Home Sickness' അപ്പോൾ തന്നെ തുടങ്ങി. പത്തു ദിവസം പെട്ടെന്ന് പോയാൽ മതിയായിരുന്നു എന്ന് ആലോചിക്കുമ്പോൾ  പത്തു മിനിറ്റ് പോലും പെട്ടെന്ന് കടന്നു പോകുന്നില്ല. അപ്പോളാണ് ലാൽ ബാബു ചേട്ടൻ റൂമിൽ കയറി വരുന്നത്. ബാരക്കിൽ ആരോ ഹാൻസ് ഉപയോഗിച്ച് കവർ ജനാല വഴി പുറത്തേക്ക് ഇട്ടിരിക്കുന്നു. രണ്ടാം നിലയിലുള്ള ക്ലാസ് മുറിയാണ് ഞങ്ങളുടേത്. കവർ ജനാലയുടെ പുറത്തെ സൺ ഷേഡിൽ വീണുകിടക്കുന്നു എന്ന വിവരം കിട്ടി വന്നതാണ് ലാൽ ബാബു ചേട്ടൻ. ജനാലയുടെ വശത്തു മറ്റേ സ്കൂൾ കുട്ടികൾ ആണ് കിടക്കുന്നത്. അവരുടെ കൈയിൽ ഇല്ലാത്ത ഉഡായിപ്പുകളുമില്ല. അവര് തന്നെ ചെയ്തതാകണം. ഏതായാലും ലാൽ ബാബു ചേട്ടന്റെ വക പണിഷ്മെന്റ് എല്ലാവർക്കും കിട്ടി. വന്നു കയറിയപ്പോൾ തന്നെ നടയടി പോലെ ആദ്യത്തെ ശിക്ഷ. ബാഗുകൾ തിരഞ്ഞെങ്കിലും ഹാൻസ് ഒന്നും ലഭിച്ചില്ല. അതൊക്കെ കേട്ടപ്പോൾ തന്നെ ആ സ്കൂൾ കുട്ടികളോട് എനിക്ക് ഒരകൽച്ചയായി. ശരി, തെറ്റ് എന്നൊക്കെയുള്ള കാഴ്ചപ്പാടുകൾ എനിക്കുള്ള സമയമാണ്.

അങ്ങനെ സമയം സന്ധ്യയായി. ക്യാമ്പിൽ എല്ലാ ദിവസവും 'roll call' എന്ന പരേഡ് ഉണ്ട്. എല്ലാ കേഡറ്റ്സും ഗ്രൗണ്ടിൽ ഹാജരാകണം. ക്യാമ്പിൽ എല്ലാവരും ഉണ്ടെന്ന് ഉറപ്പു വരുത്തുവാനാണത്. അപ്പോളാണ് ഞാൻ അറിയുന്നത് ക്യാമ്പിൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഉണ്ടെന്ന്. NCCയുടെ Annual Training ക്യാമ്പ് ആണത് എന്നും. കാടുമില്ല ട്രക്കിങ്ങുമില്ല. റോൾ കാൾ പരേഡിൽ JD,JW,SD,SW എല്ലാ സീനിയോഴ്സും കുട്ടികളുടെ കണക്കെടുത്തു ക്യാമ്പ് സീനിയർ ആയ കേഡറ്റിന് കൈമാറും. സെൻറ് തോമസ് കോളേജിലെ ജെറോം ചേട്ടനായിരുന്നു ക്യാമ്പ് സീനിയർ എന്നാണ് ഓർമ. ക്യാമ്പ് സീനിയർ കണക്ക് ബറ്റാലിയൻ ഹവിൽദാർ മേജറിന് നൽകും അദ്ദേഹം ആ റിപ്പോർട്ട് സുബേദാർ മേജർക്ക് നൽകും അദ്ദേഹം റിപ്പോർട്ട് കമ്മാന്റിങ് ഓഫീസർക്ക് (CO) നൽകും. ഇതെല്ലം പരേഡ് രൂപത്തിലാണ് നടക്കുന്നത്. ആ സമയത്താണ് അടുത്ത ദിവസത്തെ പരിപാടികളും ക്യാമ്പിൽ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടോയെന്നും പറയുന്നത്. റോൾ കാൾ പരേഡിൽ കമ്മാന്റിങ് ഓഫീസർ ഞങ്ങളെ സ്വാഗതം ചെയ്‌തു. ലെഫ്റ്റനന്റ് കേണൽ ജി.ബി. നായർ ആയിരുന്നു അന്ന് കമ്മാന്റിങ് ഓഫീസർ. ഇനിയുള്ള പത്തു ദിവസം ഇതായിരിക്കും നിങ്ങളുടെ വീട്, നല്ലതുപോലെ ഈ അവസരം ഉപയോഗിക്കുക എന്നൊക്കെ അദ്ദേഹം പറഞ്ഞു. പത്തു ദിവസം, വീട് എന്നൊക്കെ കേക്കുമ്പോൾ എനിക്ക് ആകെ വിഷമമാകും. തളർന്നു പോകും എന്നതാണ് സത്യം. റോൾ കാൾ കഴിയുമ്പോളേക്കും ഇരുട്ടാകും. പകൽ വെളിച്ചം മാഞ്ഞപ്പോൾ എൻ്റെ മനസ്സിലും ഇരുട്ട് കയറി തുടങ്ങി. റൂമിലെത്തി ട്യൂബ് ലൈറ്റ് വെളിച്ചത്തിൽ ഞങ്ങൾ ഞങ്ങളുടെ ഇരിപ്പിടങ്ങളിൽ പോയിരുന്നു. ഞാൻ ഏതു സമയവും വീട്ടിലെ ചിന്തകളുമായിട്ടാണ് ഇരിക്കുന്നത്. കുഞ്ഞായിയും മിണ്ടാട്ടമില്ല. എനിക്ക് സംസാരിക്കാനും കഴിയുന്നില്ല.

രാത്രി ഭക്ഷണം കഴിക്കേണ്ട സമയമായി. ചോറും സാമ്പാറും ഒരു തോരനും പപ്പടവും അച്ചാറുമാണ് കിട്ടിയത്. അമ്മയുണ്ടാക്കുന്ന നല്ല സ്വാദുള്ള ഭക്ഷണം കഴിച്ചു വളർന്ന എനിക്ക് ആ ഭക്ഷണം തീരെ പിടിച്ചില്ല. ഭക്ഷണം കഴിക്കുന്ന ഓഡിറ്റോറിയത്തിലും കുട്ടികൾ സംസാരിക്കുന്നതിന്റെ ബഹളമാണ്. ആ ബഹളം വിഷമിച്ചിരിക്കുന്ന എൻ്റെ മനസിനെ അരോചകമാക്കി. ക്യാമ്പിലെ ഒരു കാര്യവും ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോളാണ് വയറ്റിൽ നിന്നും വിളി വരുന്നത്. 'ഇവിടെ ടോയ്‌ലറ്റ് എവിടെയാണ്?' കോളേജിന് പുറകിലെ കുന്നിൻ മുകളിൽ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ലാൽ ബാബു ചേട്ടൻ പറഞ്ഞിരുന്നു. ഒരു കാരണവശാലും കോളേജിൻറെ ടോയ്ലറ്റ് കേഡറ്സ് ഉപയോഗിക്കാൻ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അവിടെവച്ചു പിടികൂടിയാൽ നല്ല പണിഷ്മെന്റ് കിട്ടും എന്ന് മുന്നറിയിപ്പും ഉണ്ട്. എന്നാൽ ഞങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ കുന്നിൻ മുകളിലെ റബർ തോട്ടത്തിനുള്ളിലെ ടോയ്‌ലെറ്റിൽ പോയി നോക്കാമെന്നു വിചാരിച്ചു. അങ്ങനെ ഞാനും കുഞ്ഞായിയും വീട്ടിൽനിന്നും കൊണ്ടുവന്ന ബക്കറ്റുമായി കുന്നു കയറി. വഴി നീളെ ബൾബുകൾ തൂക്കിയിട്ടുണ്ട്. അങ്ങനെ മുകളിലെത്തിയപ്പോളാണ് ഞാനാ സത്യം മനസിലാക്കുന്നത്. അവിടെ കണ്ട ടോയ്ലറ്റ് കണ്ട് ഞാൻ ഞെട്ടിപ്പോയി. നീളത്തിൽ വലിയ മൂന്നോ നാലോ കുഴികൾ ഉണ്ട്. അതിനു മുകളിൽ തകിടുകൊണ്ടുണ്ടാക്കിയ ഒരു പ്ലാറ്ഫോമും. പ്ലാറ്റ്‌ഫോമിന് ഒരേ അകലത്തിൽ തുളകൾ ഉണ്ട്. അതാണ് കക്കൂസ്😂. ഓരോ തുളകളും മൂന്നു വശത്തുനിന്നും നീല പ്ലാസ്റ്റിക്കുകൊണ്ട് മറച്ചിട്ടുണ്ട്. എന്നാൽ മുൻവശം തുറന്നാണ് ഇരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ മുന്നിൽ ഇരിക്കുന്ന ആളുമായി മുഖാമുഖം സംസാരിച്ചുകൊണ്ട് കാര്യം സാധിക്കാം. മണം വരാതിരിക്കുവാൻ ക്ലോറിൻ പൊടി വിതറിയിട്ടുമുണ്ട്. ക്യാമ്പിൽ എന്നെ ഏറ്റവും ഞെട്ടിച്ച കാര്യം അത് തന്നെയായിരുന്നു. അടച്ചിട്ട ടോയ്‌ലെറ്റ് മാത്രം ഉപയോഗിച്ചിട്ടുള്ള എനിക്ക് അത് ഉപയോഗിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ ആ ടോയ്‌ലറ്റ് ഉപയോഗിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു. കുളിക്കുവാനും അതിനടുത്ത് തന്നെ പ്ലാസ്റ്റിക് ടാങ്കുകളിൽ വെള്ളം നിറച്ച് വച്ചിട്ടുണ്ട്. അവിടെ നിന്നുവേണം കുളിക്കുവാൻ. കുട്ടികൾ കുളിച്ച് അവിടെയാകെ ചെളിയാണ്. ആ ചെളിയിൽ നിന്ന് വേണം കുളിക്കുവാൻ. ആകെപ്പാടെ വൃത്തിയില്ലായ്‌മ. ഇതുകൂടെ കണ്ടപ്പോൾ ഞാൻ മൊത്തത്തിൽ തകർന്നു വീണു. പ്രധാന പ്രശ്നം  പത്തു ദിവസം ടോയ്‌ലെറ്റിൽ പോകാതെ എങ്ങനെ പിടിച്ചു നിൽക്കാനാണ് എന്നുള്ളതാണ്. ഞങ്ങൾ തിരികെ റൂമിലെത്തി. ടോയ്‌ലറ്റ് എങ്ങനെ ഉപയോഗികക്കാനാണ്‌ എന്ന് ടോണിയോട് വിഷമം പറഞ്ഞു. പക്ഷെ അൾട്രാ ലെജൻഡ് ആയ ടോണിക്ക് അതൊന്നും ഒരു വിഷയമല്ല. അതിനിപ്പോ എന്താടാ എന്നാണ് അവൻ്റെ ചോദ്യം, എനിക്ക് ആശ്ചര്യം തോന്നി. അങ്ങനെ ആ ഒരു കാരണം കൊണ്ട് മൂന്നു ദിവസമാണ് ഞാനും കുഞ്ഞായിയും ടോയ്‌ലെറ്റിൽ പോകാതെയിരുന്നത്. അവസാനം ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ ഞങ്ങൾ അത് ഉപയോഗിക്കുവാൻ തന്നെ തീരുമാനിച്ചു. ടോണിയാണ് പ്രോത്സാഹിപ്പിച്ചത്. അവൻ ഒരു മാർഗവും പറഞ്ഞു തന്നു. അതി രാവിലെ നാലുമണിയാകുമ്പോൾ പോയാൽ ആള് കുറവായിരിക്കും. ഇരുട്ടായതിനാൽ ഒരു വശത്തു വെളിച്ചം അധികം വരില്ല. അവിടെപോയിരുന്നാൽ കാര്യം ഈസിയായി നടക്കും, ടോണി പറഞ്ഞു തന്നു. എങ്കിൽ അത് പരീക്ഷിക്കുകയെ മാർഗമുള്ളൂ. അങ്ങനെ മൂന്നാമത്തെ ദിവസം രാവിലെയാണ് ഞങ്ങൾ കാര്യം സാധിക്കുന്നത്.ഒരു തവണ ഉപയോഗിച്ചപ്പോളാണ് അതൊന്നും വല്യ കാര്യമല്ല എന്ന് മനസിലായത്. ചിലപ്പോൾ സാഹചര്യം ഞങ്ങളെ പ്രാപ്തരാക്കിയതും ആകാം. പിന്നെ രാവിലെയെന്നോ പകലെന്നോ ഇല്ലാതെ മുന്നിലിരിക്കുന്ന ആളുമായി സംസാരിച്ചതായി കാര്യം സാധിക്കൽ😂.


ടോയ്‌ലറ്റ് പ്രശനം അവസാനിച്ചെങ്കിലും home sicknessഉം മറ്റു കാര്യങ്ങളും എന്നെ തളർത്തിക്കൊണ്ടിരുന്നു. ആദ്യത്തെ രാത്രി വിഷമിച്ചു ഉറങ്ങിപ്പോയി. അടുത്ത ദിവസം രാവിലെ തന്നെ പരിപാടികൾ ആരംഭിച്ചു. രാവിലെ ആറര മണി ആകുമ്പോൾ PT (Physical Training) പരേഡ് തുടങ്ങും. 6:30 എന്ന് സമയം പറയുമെങ്കിലും 5:45 ആകുമ്പോളേക്കും എല്ലാവരും തയ്യാറാകണം. ആദ്യം സ്കൂൾ സീനിയറിന്റെ വക കണക്കെടുപ്പ്. എല്ലാ സമയവും റൂമിനു ഒരാൾ കാവൽ വേണം, കൂടാതെ ക്യാമ്പിന്റെ പൊതു ഡ്യൂട്ടികൾക്കും ചിലർ പോകേണ്ടി വരും. അങ്ങനെയുള്ളവർക്ക് പരേഡിന് വരേണ്ട കാര്യമില്ല. അതുകൂടാതെ അസുഖങ്ങൾ ഉള്ളവരും റിപ്പോർട് ചെയ്യണം. അതുകൊണ്ട് ആദ്യം സ്കൂൾ സീനിയർ ഈ കണക്കുകൾ എടുക്കും. 6:10 ആകുമ്പോളേക്കും എല്ലാവരും വരിയായി അച്ചടക്കത്തോടെ ഗ്രൗണ്ടിൽ എത്തണം. ലാൽ ബാബു ചേട്ടൻറെ ഓർഡർ ആണത്. 6:15 ആകുമ്പോൾ ലാൽ ബാബു ചേട്ടന് എല്ലാ സ്കൂളിൽ നിന്നുള്ള സിനിയർമാരും കണക്ക് കൊടുക്കണം. ലാൽ ബാബു ചേട്ടൻ നല്ല സ്ട്രിക്ട് ആണ്. താമസിച്ചു വന്നാലോ വരുന്ന വഴിക്ക് വരിയല്ലാതെയൊ വന്നാൽ നല്ല ശിക്ഷയാണ്. ഒന്നെങ്കിൽ സ്കൂൾ സീനിയറിനു പണിഷ്മെന്റ് കൊടുക്കും, പിന്നെ സമയം കിട്ടുമ്പോൾ സ്കൂൾ സീനിയർ ഞങ്ങൾക്ക് ആ പണിഷ്മെന്റ് കൈമാറും. അല്ലെങ്കിൽ മൊത്തം സ്കൂളിനു തന്നെ ലാൽ ബാബു ചേട്ടൻ പണി തരും. അങ്ങനെയായാലും പിന്നീട് സ്കൂൾ സീനിയറിന്റെ പണി പിന്നെയും കിട്ടും. അങ്ങനെ പണിഷ്മെന്റ് കഴിഞ്ഞിട്ട് സമയമില്ല. മിക്കപ്പോളും പുഷ് അപ്പ് പൊസിഷനിൽ അഞ്ചോ പത്തോ മിനിറ്റ് നിർത്തി അടിയാണ് ശിക്ഷ. അല്ലെങ്കിൽ ദൂരെയുള്ള ഏതെങ്കിലും മരത്തിൽ പോയി തൊട്ടിട്ട് വരാൻ പറയും. ഓടി ക്ഷീണിച്ച് തീർന്നല്ലോ എന്ന് കരുതി വരുമ്പോൾ പിന്നെയും വിടും. അങ്ങനെ ഓരോരോ കൗതുകങ്ങൾ. ലാൽ ബാബു ചേട്ടനെയും കുറ്റം പറയാൻ പറ്റില്ല. കാരണം 6:30 നു PT തുടങ്ങണമെങ്കിൽ 6:20  കഴിയുമ്പോൾ ലാൽ ബാബു ചേട്ടൻ ക്യാമ്പ് സീനിയറിനു റിപ്പോർട്ട് കൊടുക്കണം. കൃത്യം 6:30 ആകുമ്പോൾ CO (കമ്മാന്റിങ് ഓഫീസർ)  സാബ് ഗ്രൗണ്ടിൽ എത്തും. അതിൽ താമസം വന്നാൽ CO സാബ് തൊട്ട് താഴെയുള്ള ആളെ വഴക്കു പറയും. പിന്നെ അവിടുന്നുള്ള പണിഷ്മെന്റ് ക്യാമ്പ് സീനിയർ വഴി ലാൽ ബാബു ചേട്ടൻറെ കൈയ്യിലെത്തി അവിടുന്ന് ഞങ്ങൾക്കും കിട്ടും. പട്ടാളത്തിലെ കൃത്യനിഷ്ഠയുടെ കാര്യം എല്ലാവര്ക്കും അറിയാമല്ലോ. ഇതാണ് അതിനുള്ള കാരണം. അതേതായാലും ഞങ്ങളും പഠിച്ചു. എന്തെങ്കിലും കാരണം കൊണ്ട് മിക്കപ്പോഴും പണി കിട്ടിക്കൊണ്ടേ ഇരിക്കും. ഒന്നാമതേ ഹോം സിക്ക്നെസ്സ് കാരണം തളർന്നിരിക്കുന്നു എനിക്ക് ഇങ്ങനെ പണിഷ്മെന്റ് കൂടി ആയപ്പോൾ സഹിക്കാനാകാതെയായി. അതുകഴിഞ്ഞു PT തുടങ്ങും. വല്യ physical fitness ഇല്ലാത്ത എനിക്ക് നിർത്താതെയുള്ള ഓട്ടം ശീലമില്ലല്ലോ. കുറേയൊടുമ്പോൾ കിതച്ചിട്ട് ശ്വാസം പോലും കിട്ടാതെ വരും. പക്ഷെ എന്റെ പിന്നീടുള്ള ദിവസങ്ങളിൽ PT ആണ് വല്യ സമാധാനം. കാരണം PT സമയത്ത് ക്യാമ്പസിനു പുറത്തുള്ള വഴിയിലൂടെ ഓടാൻ കൊണ്ടുപോകും. അപ്പോളാണ് ഞങ്ങൾ പുറത്തുള്ള ആളുകളെ കാണുന്നത്. അതുകാണുമ്പോൾ ഒരു ആശ്വാസമാണ്. ഓരോ വീടുകളും അവിടുത്തെ കാര്യങ്ങളും ഓടുന്നതിനിടെ ഞാൻ നോക്കി കാണും. എന്റെ വീട്ടിലും ഇപ്പൊ ഇങ്ങനെയൊക്കെ ആയിരിക്കുമല്ലോ എന്ന് ഞാൻ ഓർക്കും. ഏതു സമയവും വീട്ടിലെ ചിന്ത തന്നെ.

PT പരേഡ് കഴിഞ്ഞാൽ breakfast ആണ്. എല്ലാത്തിനും കൃത്യം സമയം ഉണ്ട്. മിക്ക ദിവസവും ഉപ്പുമാവും കടലക്കറിയും ആയിരിക്കും കിട്ടുന്നത്. ബാരക്കിൽ ചെന്ന് യൂണിഫോം ഇട്ട് പാത്രമെടുത്ത് ചെന്ന് ഭക്ഷണം കഴിക്കണം. കാരണം 8:30 ആകുമ്പോൾ അടുത്ത പരേഡ് തുടങ്ങും, യഥാർത്ഥ പരേഡ്. 8:30 എന്നുപറഞ്ഞാൽ എപ്പോൾ തയ്യാറാകാൻ തുടങ്ങണം എന്ന് നിങ്ങൾക്ക് അറിയാമല്ലോ. 8:30 മുതൽ  ഉച്ച വരെ പരേഡ് പരിശീലനം ആണ്. മാർച്ച് ചെയ്യുവാനും സല്യൂട്ട് ചെയ്യാനും അങ്ങനെ എല്ലാം പഠിക്കണം. തെറ്റിച്ചാൽ പണിഷ്മെന്റ്. NCC യുടെ ഒരു പ്രത്യേകതയാണ് ഒരാൾ തെറ്റിച്ചാൽ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും പണിഷ്മെന്റ് കിട്ടുക എന്നുള്ളത്. കാരണം, പട്ടാളത്തിലും മറ്റും ഗ്രൂപ്പ് ആയിട്ടുള്ള ഓപ്പറേഷൻസ്‌ നടക്കുമ്പോൾ ചിലപ്പോൾ ഒരാളുടെ ശ്രദ്ധക്കുറവ് മൊത്തം ഗ്രൂപ്പിനെ തന്നെ അപകടത്തിൽ ആക്കിയേക്കാം. അതിനാലാണ് ഇങ്ങനെയൊരു രീതി. ഓരോത്തരുടേയും തെറ്റ് എല്ലാവരും മനസിലാക്കിയിരിക്കും. പല തവണ തെറ്റിന് ശിക്ഷ കിട്ടുമ്പോൾ ടീമിൻറെ ഒത്തൊരുമ വർദ്ധിക്കും. പക്ഷെ ഇതൊന്നും എനിക്കപ്പോൾ അറിയില്ലല്ലോ. മാനസികമായി തളർന്ന എന്നെ ഇതെല്ലം തളർത്തികൊണ്ടേയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വൈകുന്നേരം 4:30 വരെ വിശ്രമിക്കാം. പക്ഷെ അനാവശ്യമായി പുറത്തിറങ്ങി നടക്കുവാനോ റൂമിൽ ബഹളം വയ്ക്കുവാനോ സാധിക്കില്ല. തെറ്റുകൾ കൃത്യമായി കണ്ടു പിടിക്കാൻ ലാൽ ബാബു ചേട്ടൻ മിടുക്കൻ ആണ്. എന്തൊക്കെ തെറ്റ് ചെയ്താലും അതെല്ലാം എണ്ണിയെണ്ണി പുള്ളി ശിക്ഷകൾ തരും. അതുകൊണ്ട് സ്വന്തം റൂമിൽ പോയി മിണ്ടാതെ ഇരിക്കുകയെ രക്ഷയുള്ളൂ. പുറത്തു പോകണമെങ്കിൽ എന്തെങ്കിലും ആവശ്യം വേണം. പോകുന്ന വഴി ഏതെങ്കിലും ഒരു സീനിയർ ചോദിക്കും എങ്ങോട്ടാണെന്ന്. കയ്യോടെ പിടിക്കുകയും ചെയ്യും. ഇപ്പോൾ ലോക്ക്ഡൗൺ കാലത്തേ പൊലീസുകാരെ പോലെ.

4:30 ആകുമ്പോൾ 'game parade' ആണ്. നമുക്ക് എന്തെങ്കിലും കളികൾ ഒക്കെ കളിക്കാം. പക്ഷെ ആ സമയത്തും എനിക്ക് അധികം സന്തോഷം കാണില്ല. Game parade കഴിഞ്ഞാൽ കുളിക്കാൻ പോകാം. കുളിച്ചു നല്ല സിവിൽ ഡ്രസ്സ് ധരിച്ച് roll call പരേഡിന് പോകണം. Roll call പരേഡിന് ബറ്റാലിയൻ ഹവിൽദാർ മേജർ (BHM) അന്നത്തെ തെറ്റുകുറ്റങ്ങളും മറ്റും പറയും, നമുക്കും അഭിപ്രായം പറയാനുള്ള അവസരം ഉണ്ട്. പക്ഷെ അതും നമ്മളുടെ സ്കൂൾ സീനിയർ വഴി ലാൽ ബാബു ചേട്ടൻ ആയിരിക്കും പറയുന്നത്, അല്ലാതെ എന്തെങ്കിലും പറയാൻ നോക്കിയാൽ പണി പിന്നെ കിട്ടും. ഞങ്ങളുടെ ഭാഗത്ത് നിന്ന് അന്നെന്തെങ്കിലും തെറ്റുണ്ടായാൽ BHM പ്രധാന സീനിയർമാരെ ശിക്ഷിക്കും, അതും കൈമാറി കൈമാറി ഞങ്ങൾക്ക് കിട്ടും. ഇങ്ങനെയൊരു അവസ്ഥയിൽ അച്ചടക്കത്തോടെ ജീവിച്ച അനുഭവം അതുവരെ എനിക്കില്ലായിരുന്നു. Home Sickness ഉം പണിഷ്‌മെന്റും കൂടെ ആയപ്പോൾ ഞാനാകെ തകർന്നു. Roll Call കഴിഞ്ഞാൽ ഭക്ഷ്ണം കഴിക്കാം. മിക്കപ്പോളും ഉച്ചയ്ക്കത്തെ അതെ വിഭവങ്ങൾ തന്നെയാകും രാത്രിയും. ഭക്ഷണം കഴിഞ്ഞാൽ പിന്നെ എനിക്ക് ഇഷ്ടമുള്ള പരിപാടിയാണ്. 'Cultural Programme', കച്ചറ പ്രോഗ്രാം എന്നും NCC യിൽ ഇത് അറിയപ്പെടും 😆 ആർക്കുവേണമെങ്കിലും പേരുകൊടുത്ത് സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാം. നല്ല പാട്ടു പാടുന്നവരും മറ്റും ക്യാമ്പിൽ ഉണ്ടാകും. കൂടാതെ കോമഡി സ്കിറ്റ് അവതരിപ്പിക്കുന്നവരും കാണും. അങ്ങനെ പാട്ടും തമാശയുമായി ആ സമയം എല്ലാ വിഷമവും മറക്കും. CO സാബ് ഉൾപ്പടെ എല്ലാവരും ആ സമയം അവിടെയുണ്ടാകും.

അങ്ങനെയിരിക്കുമ്പോളാണ് ക്യാമ്പിൽ ഒരു പൈസാ മോഷണം ഉണ്ടാകുന്നത്. ക്യാമ്പ് തുടങ്ങി രണ്ടാം ദിവസം ആണെന്നാണ് ഓർമ. മോഷണം ലാൽ ബാബു ചേട്ടന് ആ സ്കൂളിലെ സീനിയർ റിപ്പോർട് ചെയ്തു. കള്ളനെ പിടികിട്ടിയില്ല. എങ്ങനെ പിടിക്കാനാണ്? കടലിൽ ചൂണ്ടയിടുന്നപോലെയാകും അത്. പക്ഷെ പിന്നീടൊരു മോഷണം ഉണ്ടാകാതിരിക്കാനുള്ള പണിയാണ് അന്ന് ഞങ്ങൾക്ക് കിട്ടിയത്. കാള രാത്രി എന്ന് വേണമെങ്കിൽ പറയാം. കലി തുള്ളി ലാൽ ബാബു ചേട്ടൻ ബാരക്കിൽ വന്നു ആദ്യം കാര്യം ബോധിപ്പിച്ചു. പിന്നെ പണിഷ്മെന്റ്. ബാരക്കിലെ പണിഷ്മെന്റ് പോരാ എന്ന് തോന്നിയപ്പോൾ പുറത്തിറക്കി. കോളേജിന്റെ ഗ്രൗണ്ട് ഫ്ലോറിൽ നിന്നും സ്റ്റെപ്പിലൂടെ തവള ചാടിച്ച് മുകളിലത്തെ നിലവരെ കയറ്റി. പിന്നെ തിരിച്ചും. ആരോ ചെയ്ത കുറ്റത്തിന് ഒരു കള്ളത്തരവും ഇല്ലാത്ത എനിക്കും ശിക്ഷ കിട്ടിയപ്പോൾ എനിക്ക് അതൊട്ടും സഹിക്കാൻ പറ്റിയില്ല. കണ്ണിലൂടെ ഊർന്നു വന്ന കണ്ണുനീർ ഞാൻ ആരും കാണാതെ തുടച്ചുകൊണ്ടിരുന്നു. രാത്രിയുടെ ഇരുട്ട് ഭയാനകതയും വിഷമവും കൂട്ടി. ഇതൊക്കെ കാരണം ക്യാമ്പിലെ രാത്രി എനിക്ക് ഇഷ്ടമല്ല. എല്ലാ ശിക്ഷകളും കൈനിറയെ വാങ്ങി നേരെ ബാരക്കിൽ പോയികിടന്നു. മനസ്സിൽ ലാൽ ബാബു ചേട്ടനോടുള്ള ദേഷ്യം കൂടി കൂടി വന്നു. അദ്ദേഹത്തെ കാണുന്നത് തന്നെ ഇഷ്ടമല്ലാതായി. പുള്ളിയുടെ ഒരു ചിരിയെങ്കിലും കണ്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് തോന്നി. ബാരക്കിൽ എത്തിയപ്പോൾ സ്കൂൾ സീനിയർ വക ശിക്ഷ വേറെ. ഒരു സാധുവായിരുന്ന എൻ്റെ എല്ലാ അതിർവരമ്പുകളും തകർന്നു തുടങ്ങി. ലൈറ്റ് ഓഫ് ചെയ്തപ്പോൾ തലവയ്ക്കുന്ന എൻ്റെ ബാഗിൽ മുഖമമർത്തി ഞാൻ നല്ലതുപോലെ കരഞ്ഞു. വേറെ ആരെങ്കിലും കേട്ടാൽ എനിക്കത് നാണക്കേടല്ലേ. അപ്പോളാണ് 'ങ്ങീ ങ്ങീ' എന്ന് ഒരൊച്ച കേക്കുന്നത്. വേറൊന്നുമല്ല അടുത്ത് കിടക്കുന്ന കുഞ്ഞായി കരയുന്നതാണ്. അവനും സഹിക്കാനാകാതെ കരയുകയാണ്. ഞാൻ കാര്യം ചോദിച്ചു. എൻ്റെ അതേ കാരണം അല്ലാതെ അവനെന്തു പ്രത്യേക കാരണം😅 നീയൊറ്റ ഒരുത്തൻ ആണ് ഇതിനെല്ലാം കാരണം എന്നവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. സത്യമല്ലേ.... മര്യാദക്ക് വീട്ടിലിരിക്കേണ്ട അവനെ ഞാനാണ് കുടുക്കിയത് 😂 അങ്ങനെ ശബ്ദം അടക്കി ഞങ്ങൾ വിഷമം പങ്കുവച്ചു. ഉച്ച പുറത്തുവന്നാൽ ശിക്ഷ പിന്നെയും കിട്ടുമല്ലോ. ഇത്രയൊക്കെ ആയിട്ടും നമ്മളുടെ അൾട്രാലെജൻഡ് ആയ ടോണി തൊട്ടപ്പുറത്ത് നല്ല സുഖമായി കിടന്നു ഉറങ്ങുന്നുണ്ട്. അവനിതൊന്നും ഒരു പ്രശ്നമേ അല്ല. എനിക്ക് അത്ഭുതം തോന്നി. പിറ്റേ ദിവസവും കാര്യങ്ങൾ മുറയ്ക്ക് നടന്നു. എനിക്ക് സഹിക്കാനേ പറ്റുന്നില്ല. കുറഞ്ഞത്  വീട്ടിൽ  വിളിക്കാനെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന് ഓർത്തു. എപ്പോഴും ഞാൻ ദിവസം എണ്ണിക്കൊണ്ടേ ഇരിക്കും. സമയം ഒച്ചിനെ പോലെ ഇഴഞ്ഞാണ് നീങ്ങുന്നത്. പത്തു ദിവസം പത്തു വര്ഷം പോലെ ആയിരിക്കുമെന്ന് എനിക്ക് മനസിലായി. മെയിൻ റോഡ് സൈഡിൽ ഇരിക്കുമ്പോൾ ഞാൻ  റോഡിൽ സ്വാതത്ര്യത്തോടെ നടക്കുന്ന ആളുകളെ നോക്കും. പ്രായമായ അപ്പാപ്പന്മാരെ കണ്ടാൽ പപ്പയെ ഓർമ വരും, ചേച്ചിമാരെ കണ്ടാൽ അമ്മയെയും. അങ്ങനെ ആലോചിച്ച ഇരിക്കുമ്പോളാണ് ക്യാമ്പിൽ നിന്ന് ചാടിയാലോ എന്നുള്ള ആശയം വരുന്നത്. മെയിൻ റോഡ് സൈഡിലെ ഗ്രൗണ്ടിൽ പരേഡിന് വരുമ്പോൾ മതില് ചാടി ഓടിയാലോ എന്നൊക്കെ ആണ് ചിന്ത. പക്ഷെ പിടിക്കപ്പെട്ടാൽ നല്ല പണി കിട്ടും. ഇനി പോകാൻ പറ്റിയാൽ തന്നെ ചിലപ്പോൾ സ്കൂളിൽ അറിയിച്ച് അതും പ്രശ്നമാകും. എന്തെങ്കിലും അസുഖം വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. സാധാരണ മിക്കപ്പോളും പനി വന്നിരുന്ന എനിക്ക് ക്യാമ്പിൽ ഒരു ജലദോഷം പോലും വരുന്നില്ല. എന്തൊരു കഷ്ടമാണ് എന്ന് ഞാൻ ഓർത്തു. പക്ഷെ എന്തൊക്കെയായാലും വീട്ടിൽ പോയിട്ടേയുള്ളൂ എന്ന് ഞാൻ ഉറപ്പിച്ചു. ഇവിടുന്ന് രക്ഷപെട്ടിരിക്കും! Escape Plan!

Escape Plan അടുത്ത ഭാഗത്തിൽ പറയാം.

ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5No comments :

Post a Comment

Related Posts Plugin for WordPress, Blogger...