Saturday, 2 May 2020

Escape plan | ജീവിതം മാറ്റി മറിച്ച NCCയും ആദ്യ ക്യാമ്പും | ഭാഗം 4


Escape plan | ജീവിതം മാറ്റി മറിച്ച NCCയും ആദ്യ ക്യാമ്പും | ഭാഗം 4

Credits: Money Heist


ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5


...........എന്തൊക്കെയായാലും വീട്ടിൽ പോയിട്ടേയുള്ളൂ എന്ന് ഞാൻ ഉറപ്പിച്ചു. ഇവിടുന്ന് രക്ഷപെട്ടിരിക്കും! എങ്ങനെയൊക്കെ അവിടുന്ന് ചാടിപ്പോകാം എന്നുള്ള ചിന്തകൾ മനസ്സിൽ തകൃതിയായി നടന്നു.

അങ്ങനെയിരിക്കുമ്പോളാണ് കുഞ്ഞായിക്ക് വയറു വേദന വരുന്നത്. ഞാൻ വിചാരിച്ചപോലെ അസുഖം പറഞ്ഞു ക്യാമ്പിൽ നിന്ന് പോകാനുള്ള അടവാണെന്നാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ വയറ്റിൽ നിന്ന് പോകാത്തതിന്റെ ആകാം. പക്ഷെ അവൻ വേദനയുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ഞങ്ങൾ അവനു അസുഖം ആണെന്ന് സീനിയറിനെ അറിയിച്ചു. അവനെ കൂട്ടി MI റൂമിൽ പോകുവാൻ സീനിയർ എന്നോട് പറഞ്ഞു. MI റൂം എന്നാൽ medical inspection റൂം  എന്നാണ് പൂർണ രൂപം. അവിടെ ആര് ചെന്ന് പനി എന്നുപറഞ്ഞാലും പാരസെറ്റമോൾ നൽകും എന്ന് എനിക്ക് മനസിലായി. ഏതായാലും അവൻ്റെ വയറു വേദനയ്ക്ക് ഡോക്ടറിനെ കാണിക്കണം എന്ന് MI റൂമിൽ നിന്ന് പറഞ്ഞു. വൈകുന്നേരം ഡോക്ടറിന്റെ വീട്ടിൽ കൊണ്ടുപോയി കാണിക്കാമെന്ന് ഏറ്റു. പുറത്തിറങ്ങാൻ കിട്ടുന്ന ഒരു അവസരം ആണ്. ഞാനും കൂടെ ചെല്ലണമെന്ന് പറഞ്ഞിട്ടുമുണ്ട്. വൈകുന്നേരം ഒരു ട്രക്ക് നിറയെ രോഗികളായ കുട്ടികളുമായി ഡോക്ടറിന്റെ വീട്ടിലോട്ട്. പകുതി കുട്ടികൾക്കും കള്ള അസുഖം ആണ്. മിക്കവർക്കും home sickness തന്നെയാണ് പ്രശ്നം. ഡോക്ടറിന്റെ വീട്ടിൽ എത്തിയപ്പോൾ ഡോക്ടറിന്റെ കുട്ടികളെയൊക്കെ കണ്ടപ്പോൾ ഞങ്ങൾക്കു വീണ്ടും വിഷമം ആയി. അതുപോലെ വീട്ടിൽ ഇരിക്കേണ്ടവരാണല്ലോ ഞങ്ങളും. "ഇപ്പൊ ഗോപു (കുഞ്ഞായിയുടെ ചേട്ടൻ) വീട്ടിലിരുന്ന് ടിവി കാണുകയായിരിക്കും" കുഞ്ഞായി വിഷമത്തോടെ പറഞ്ഞു. അതുകേട്ടപ്പോൾ വീണ്ടും എനിക്ക് വിഷമം ആയി. ഞാൻ ആണല്ലോ അവനെയും കുടുക്കിയത്. (ശരിക്കും കുഞ്ഞായി അപ്പോൾ കള്ളം പറഞ്ഞതാണെന്ന് ഞാൻ കരുതിയെങ്കിലും ആ വേദന സത്യമായിരുന്നു. ക്യാമ്പ് കഴിഞ്ഞു ഭേദമായെങ്കിലും ഒരു വർഷത്തിനുള്ളിൽ വീണ്ടും വേദന വരുകയും Appendicitis ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അൽപം ഗുരുതര അവസ്ഥ ആയതിനാൽ കുറച്ചുനാൾ കോട്ടയം മെഡിക്കൽ കോളേജ് ICUവിൽ വരെ അവനു കിടക്കേണ്ടി വന്നിരുന്നു)

അങ്ങനെ തിരുവോണ ദിവസം ആകാറായി. തിരുവോണത്തിന് എല്ലാവരും എന്റെ അച്ഛൻറെ വീട്ടിൽ കൂടാറുണ്ട്. കസിന്സും അമ്മച്ചിയും കൊച്ചച്ചന്മാരും ചിറ്റയും അപ്പച്ചിയും ഒക്കെയായി ഊഞ്ഞാലൊക്കെ ആടി ഓണ സദ്യയും എല്ലാം കൂടെ അടിപൊളി ആണ്. ഇത്തവണ അമ്മയുടെ വീട്ടിൽ നിന്നും കരോളിയമ്മയും സിദ്ധു ചേട്ടനും വരുമെന്ന് അവരും പറഞ്ഞിട്ടുണ്ട്. സിദ്ധു ചേട്ടനും ഞാനും നല്ല കൂട്ടാണ്. ഇതെല്ലം കൂടെ ഓർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത വിഷമം ആയി. ഞാനിവിടെയും അവരെല്ലാം അവിടെയും. ഞാൻ ക്യാമ്പിൽ നിന്ന് ചാടിയിട്ടേ ഉള്ളു, ഞാൻ തീരുമാനിച്ചു. എല്ലാ രാത്രിയും ബാഗിൽ തല വച്ച് കരയുമെങ്കിലും ക്യാമ്പിൽ നിന്ന് ചാടാമെന്ന പ്രതീക്ഷ ഒരു ആശ്വാസമായിരുന്നു. ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ലാൽ ബാബു ചേട്ടനെയൊക്കെ പറ്റിച്ചു ചാടി പോകാൻ പാടാണ്. അല്ലെങ്കിൽ തന്നെ ഒളിച്ചോടി പോകുന്നത് നല്ല കാര്യമല്ല എന്ന് ബോധ്യവുമുണ്ട്. വേറെന്തെങ്കിലും വഴി കണ്ടുപിടിക്കണം. ക്യാമ്പിലുള്ള ആരെയും വിശ്വസിക്കാൻ പറ്റില്ല. ഒറ്റികൊടുത്താൽ പോകാനും പറ്റില്ല പിന്നെ ശിക്ഷയും കിട്ടും. അതുകൊണ്ട് ഇതുമായി ബന്ധമില്ലാത്ത ആരുടെയെങ്കിലും സഹായമേ സ്വീകരിക്കാവുള്ളു. അങ്ങനെ ചാടാനുള്ള പദ്ധതികൾ ഞാൻ ആസൂത്രണം ചെയ്തു.

സാധാരണ പരേഡിന് പോകുമ്പോൾ ഞാൻ കോളേജിന്റെ അഡിമിനിസ്ട്രേഷൻ ഓഫീസ്‌ കാണാറുണ്ട്. ഓണ അവധിക്ക് ക്ലാസുകൾ ഇല്ലെങ്കിലും കോളേജ് ഓഫീസ്‌ പ്രവർത്തി ദിനത്തിൽ തുറക്കുമെന്ന് എനിക്ക് അറിയാം. ഒന്നാം ഓണത്തിന് തലേന്ന് പ്രവർത്തി ദിവസം ആണ്. അന്ന് അവിടെ ഓഫീസ് എന്തായാലും തുറക്കും. ഓഫീസിനു മുന്നിൽ ഒരു കോയിൻ ബോക്സ് ഞാൻ ശ്രദ്ധിച്ചിരുന്നു. എൻറെ കൈയിൽ ഒരു രൂപ കോയിനുകളും ഉണ്ട്. ആരും കാണാതെ അവിടെ പോയി വീട്ടിലേയ്ക്ക്  ഒന്ന് ഫോൺ വിളിക്കാൻ സാധിച്ചാൽ രക്ഷപെട്ടു. ഓഫീസ്‌ അടയ്ക്കുമ്പോൾ ആ കോയിൻ ബോക്സ് പൂട്ടി വയ്ക്കാറുണ്ട്. അതുകൊണ്ട് ഓഫീസ് ഉള്ളപ്പോളേ രക്ഷയുള്ളൂ. പക്ഷെ ആ സമയത്ത് പരേഡ് ഉള്ളതുകൊണ്ട് അവിടെ പോകാൻ സാധിക്കില്ല. പരേഡിൽ നിന്നും മുങ്ങിയാലേ കാര്യം നടക്കുകയുള്ളൂ. അതിനിനി എന്ത് ചെയ്യും എന്നാലോചിച്ചപ്പോളാണ് ആ കാര്യം ഓർമ്മ വന്നത്.

MI റൂമിൽ പോയി പനിയാണെന്ന് പറഞ്ഞാൽ പാരസെറ്റമോൾ ഗുളികകൾ കിട്ടും എന്നെനിക്ക് മനസിലായിരുന്നല്ലോ. മരുന്ന് കാണിച്ചാൽ Sick എന്ന് റിപ്പോർട്ട് എഴുതി പരേഡിൽ നിന്നും ഒഴിവാകാൻ പറ്റും. അങ്ങനെയുള്ളപ്പോൾ എല്ലാവരും ഗ്രൗണ്ടിൽ പോവുകയും ചെയ്യും ലാൽ ബാബു ചേട്ടന്റെയും നോട്ടവും വരില്ല. ആ സമയത്ത് കാര്യം നടത്താമെന്നു എനിക്ക് മനസിലായി. പിന്നെ ഒന്നും ആലോചിച്ചില്ല പനിയാണെന്ന് പറഞ്ഞു പാരസെറ്റമോൾ വാങ്ങി കൈയിൽ വച്ചു. രാവിലെ ആയപ്പോൾ ഒരു ക്ഷീണവും കൂടെ അഭിനയിച്ചു. പക്ഷെ ബുദ്ധിമാനായ ലാൽ ബാബു ചേട്ടന് ഒരു കാര്യം മനസ്സിലായി തുടങ്ങിയിരുന്നു. മിക്കവരും പനിയാണെന്ന് കള്ളത്തരം പറഞ്ഞു പരേഡിന് വരാതെയിരിക്കുകയാണെന്ന്. കാരണം ദിവസം പോകും തോറും sick ആൾക്കാരുടെ എണ്ണം കൂടുകയായിരുന്നു. അങ്ങനെ ഞാൻ പ്ലാൻ ചെയ്ത ദിവസം ലാൽ ബാബു ചേട്ടൻ sick ആയവരെ നേരിട്ട് പരിശോധിക്കാൻ എത്തി. ഞാൻ പിടിക്കപ്പെടുമെന്ന എനിക്ക് തോന്നി തുടങ്ങി. ഇന്നത്തെ അവസരം നഷ്ടപ്പെട്ടാൽ ഓണം കൂടാൻ പറ്റുകയുമില്ല. ഞാൻ ബാഗിൽ മുഖം അമർത്തി പിടിച്ച് നെറ്റി ചൂടാക്കി. പിന്നെ കരഞ്ഞു കരഞ്ഞു കണ്ണ് ചുവന്നിട്ടുള്ളതിനാൽ അങ്ങനെ ഒരു ഗുണവും ഉണ്ട്. ഏതായാലും തൊട്ടു നോക്കിയപ്പോൾ ചൂടുള്ളതിനാലും കണ്ടപ്പോൾ ക്ഷീണം തോന്നിയതിനാലും സംശയത്തിന്റെ ആനുകൂല്യത്തിൽ ലാൽ ബാബു ചേട്ടൻ എന്നെ വെറുതെ വിട്ടു. പകരം ബാക്കി അഭിനയക്കാരെ പരേഡിന് പിടിച്ചോണ്ട് പോയി. ലാൽ ബാബു ചേട്ടനെ പറ്റിക്കാൻ അത്രയ്ക്ക് പാടാണ്.

ഏതായാലും എൻ്റെ ആദ്യത്തെ കടമ്പ വിജയിച്ചു. ഇനി അടുത്തത് ആരും കാണാതെ കോളേജ് ഓഫീസിൽ പോകുക എന്നതാണ്. ഗ്രൗണ്ടിൽ പരേഡ് തുടങ്ങുന്ന സമയം എനിക്ക് അറിയാമല്ലോ. ആ സമയത്ത് ഡ്യൂട്ടികൾ ഉള്ളവർ ഒഴിച്ച് ബാക്കി എല്ലാവരുംതന്നെ  ഗ്രൗണ്ടിൽ തന്നെയാകും. ആ സമയത്തു പോയാൽ പിടിക്കപെടാൻ സാധ്യത വളരെ കുറവാണ്. ഞാൻ പോകാൻ തയ്യാറാകുമ്പോളാണ് മറ്റൊരു സുഹൃത്തും വിഷമിച്ച് ഇരിക്കുന്നത് കാണുന്നത്. എന്താ കാര്യം എന്ന് ഞാൻ ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല. "വീട്ടിൽ പോണോ?" ഞാൻ ചോദിച്ചു. അതുകേട്ടപാടേ അവൻ കരയാൻ തുടങ്ങി. എന്നെപ്പോലെ വേറെയും ആളുകൾ ഉണ്ടെന്ന് മനസിലായപ്പോൾ എനിക്ക് അൽപ്പം ഊർജമായി ആയി. നീ പേടിക്കണ്ട, ഞാൻ വഴിയുണ്ടാക്കാം.. ഞാൻ അവനു ഉറപ്പു നൽകി.. എന്റെ പദ്ധതി വിജയിച്ചാൽ അവനെയും സഹായിക്കാം എന്ന് ഞാൻ തീരുമാനിച്ചു. അല്ലെങ്കിലും വേറെ ആളുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ എനിക്ക് ആവേശം കൂടുതലാണ്. അങ്ങനെ ഞാൻ ബാരക്കിൽ നിന്നും ഇറങ്ങി സ്വാഭാവികത നടിച്ച് കോളേജ് ഓഫീസിൽ ലക്ഷ്യമാക്കി നടന്നു. പന്തികേട് തോന്നി ആരെങ്കിലും പിടിച്ചു നിർത്തിയാൽ പണി ആയില്ലേ. അങ്ങനെ നടന്നു നടന്നു ഞാൻ കോളേജ് ഓഫീസിന്റെ മുന്നിലെത്തി. ചുറ്റും NCC ആളുകൾ ആരുമില്ല. ഞാൻ ഓഫീസിൽ ഉള്ള സാറിനോട് കോയിൻ ബോക്സ് ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചു. "അയ്യോ മോനേ, ആ കോയിൻ ബോക്സ് വർക്ക് ചെയ്യുന്നില്ല" അദ്ദേഹത്തിന്റെ വാക്കുകകൾ കേട്ട് ഞാൻ തകർന്നു തരിപ്പണമായി. എൻ്റെ പ്രതീക്ഷകൾ എല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായില്ലേ. എന്നെയും പ്രതീക്ഷിച്ച് ഒരാൾ ബാരക്കിലും. അമ്മയും വീടും ഓണവും ആഘോഷവും, എല്ലാ പ്രതീക്ഷകളും വീണുടഞ്ഞപ്പോൾ കണ്ണീർ തുള്ളികൾ കണ്ണിലൂടെ വാർന്നിറങ്ങി. എനിക്ക് സങ്കടം അടക്കാനായില്ല. ആ ഓഫീസിൽ നിന്നു ഞാൻ കരഞ്ഞു. ഒരു നാണവും എനിക്കപ്പോൾ തോന്നിയില്ല. അല്ലെങ്കിൽ സങ്കടത്തിനു മുന്നിൽ നാണം ഒന്നുമില്ലായിരുന്നു. എന്റെ കരച്ചിൽ കണ്ട് ഓഫീസിലെ സാർ കസേരയിൽ നിന്നും എഴുന്നേറ്റു വന്നു കാര്യം ചോദിച്ചു. "എനിക്ക് എൻ്റെ വീട്ടിലൊട്ടൊന്ന് വിളിക്കണം" ഞാൻ കരച്ചിലിനിടെ കാര്യം പറഞ്ഞു. എൻ്റെ വിഷമം കണ്ട് അത്രയേ ഉള്ളോ എന്ന് ചോദിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ എന്റെ നേരെ നീട്ടി. സങ്കടച്ചുഴിയിൽ നിന്നും വിളിച്ചുകയറ്റിയ സഹായഹസ്തം പോലെ ആയിരുന്നു അത്. ഞാൻ ഒന്നും നോക്കിയില്ല, നേരെ അമ്മയുടെ നമ്പറിലേക്ക് കാൾ വിട്ടു. അമ്മ എടുക്കാതെ പോകല്ലേ എന്നാണ് മനസ്സിൽ. പിന്നെ ഒരു അവസരം ഇനിയില്ല. ഏതായാലും അഞ്ചോ ആറോ തവണ റിങ് കഴിഞ്ഞപ്പോൾ ഫോൺ എടുത്തു. ഏതാനും ദിവസങ്ങളെ കഴിഞ്ഞുള്ളു എങ്കിലും വർഷങ്ങൾ കഴിഞ്ഞു കേക്കുന്നതുപോലെ ഞാൻ ആ ശബ്ദം കേട്ടു. ശബ്ദം കേട്ടപ്പോൾ വീണ്ടും കരച്ചിൽ ആയി. ഞാൻ കാര്യം മൊത്തം പറഞ്ഞു. എനിക്ക് വീട്ടിൽ വരണം. കുഞ്ഞായിക്കും വയറു വേദന ആണ്. അവനും ഒട്ടും വയ്യ. നിങ്ങൾ വന്നു ഞങ്ങളെ കൊണ്ടുപോകണം, ഞാൻ നിർബന്ധം പറഞ്ഞു. അമ്മ ആദ്യം ഒന്ന് മടിച്ചെങ്കിലും വരാമെന്ന് ഏറ്റു. ഉച്ച കഴിയുമ്പോൾ കുഞ്ഞായിയുടെ അമ്മ ലീല ആന്റിയുമായി വരാമെന്നു അച്ഛനും അമ്മയും ഉറപ്പു പറഞ്ഞു. സമാധാനമായി, എങ്ങനെയേലും പോവുക തന്നെ. കുഞ്ഞായിയെയും രക്ഷപെടുത്തി. ഇനി മറ്റേ സുഹൃത്ത് ആണ്. ഞാൻ അവനോടും ഈ വഴി പറഞ്ഞു കൊടുത്തു. അവനെയും കൂട്ടി ചെന്ന് ആ സാറിന്റെ ഫോണിൽ നിന്നും വിളിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. അവനും സഹായം ചെയ്യാൻ പറ്റിയപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയി. വീണ്ടും പഴയ ഊർജമെല്ലാം തിരികെ വന്നപോലെ. ഞാൻ കുഞ്ഞായിയോട് രഹസ്യമായി ചെന്ന് കാര്യം പറഞ്ഞു. ഉച്ച കഴിയുമ്പോൾ നമ്മളെ കൂട്ടാൻ വീട്ടിൽ നിന്നും വരും!


ബാക്കി കഥ അടുത്ത ഭാഗത്തിൽ.. അവസാന ഭാഗം, "The Conclusion".

ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5


No comments :

Post a Comment

Related Posts Plugin for WordPress, Blogger...