Tuesday, 21 July 2020

Last Part | ജീവിതം മാറ്റി മറിച്ച NCCയും ആദ്യ ക്യാമ്പും | ഭാഗം 5ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5

ഞങ്ങൾ ഒന്നുമറിയാത്തപോലെ റൂമിലിരുന്നു. അങ്ങനെ ഉച്ച കഴിഞ്ഞു വീട്ടുകാരെത്തി. ലാൽ ബാബു ചേട്ടൻ ഞങ്ങളെ വീട്ടുകാർ വന്ന കാര്യം അറിയിച്ചു. ഞങ്ങൾ വളരെ സന്തോഷത്തോടെ കോളേജിന് മുന്നിലേക്ക് ചെന്നു. ഞാനവിടെ എത്തിയപ്പോളേക്കും അച്ഛൻ അവിടെയുള്ള എല്ലാവരുമായി ചങ്ങാത്തത്തിൽ ആയി കഴിഞ്ഞിരുന്നു. അച്ഛൻറെ സുഹൃത്തായിരുന്ന ദേവമാതാ കോളേജിലെ അദ്ധ്യാപകൻ സിറിയക് സാറാണ് ഞങ്ങളുടെ ക്യാമ്പ് ANO എന്ന് അപ്പോളാണ് അച്ഛൻ അറിയുന്നത്. അച്ഛനും കോളേജ് അദ്ധ്യാപകൻ ആയതിനാൽ അവർ തമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നു. മലയാളം സംസാരിക്കുന്ന ആന്ധ്രാ സ്വദേശി ആയിരുന്ന റെഡ്‌ഡി സാർ ആയിരുന്നു അന്ന് സുബേദാർ മേജർ (SM). എല്ലാവരും ചങ്ങാത്തമായി, തമാശയായി. ഇതെല്ലം നോക്കി ഞങ്ങളും നിന്നു. അത്രയും ദിവസം മുഖം കറുപ്പിച്ച് മാത്രം കണ്ടിട്ടുള്ള എല്ലാവരും ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് അത്ഭുതമായി. ലാൽ ബാബു ചേട്ടൻറെയും മറ്റും ചിരിയും ഇടപെടലും കണ്ടപ്പോൾ അത്രയും നാളും അദ്ദേഹത്തെ പറ്റി കരുതിയതെല്ലാം ചുമ്മാതായിരുന്നല്ലോ എന്നായി എനിക്ക്. തമാശയെല്ലാം കഴിഞ്ഞു അവർ ഞങ്ങളുടെ നേരെ തിരിഞ്ഞു. "ഇവന്മാർക്കൊന്നും ഒരു ധൈര്യവുമില്ലന്നേ, ഈ പറ്റാത്ത പണിക്കൊന്നും പോകണ്ട എന്ന് ആദ്യമേ പറഞ്ഞതാ. ക്യാമ്പ് എന്നൊക്കെ പറഞ്ഞു ഓടി ചാടി പോന്നതാ" അച്ഛൻ പറഞ്ഞു. ഞാനാകെ നാണംകെട്ടുപോയി. NCCയിൽ വളരെ ആശിച്ചു ചേരുന്നിട്ട് ക്യാമ്പിൽ എത്തിയപ്പോൾ വെറും പരാജയപെട്ടവൻ ആയെന്ന് എനിക്ക് തോന്നി. എനിക്ക് ഇതൊന്നും ഒരിക്കലും പറ്റാത്തതാണോ എന്നൊക്കെ ഞാൻ സ്വയം ചോദിച്ചു. ഏതായാലും രണ്ടു ദിവസത്തേക്ക് ഔട്ട് പാസ് നൽകി വീട്ടിലേക്ക് വിട്ടു. പക്ഷെ വണ്ടിയിൽ കേറിയപ്പോൾ മുതൽ വീട്ടുകാർ കളിയാക്കൽ ആരംഭിച്ചു. "അമ്മ ഇല്ലാതെ പറ്റാത്ത ചെക്കൻ......" "സ്വന്തമായി ഒന്നും ചെയ്യാൻ അറിയാത്തവൻ....." എന്നൊക്കെ ആരോപണങ്ങൾ വന്നു തുടങ്ങി. എല്ലാം മിണ്ടാതെ ഇരുന്നു കേൾക്കുകയെ വഴിയുള്ളു. അത്രയ്ക്കാണല്ലോ ഒപ്പിച്ചു വച്ചത്.


ക്യാമ്പിൽ നിന്നും ഇറങ്ങിയപ്പോളാണ് ശരിക്കും ഞാൻ ചെയ്ത തെറ്റ് എനിക്ക് ബോധ്യമായത്. ഞാൻ ഓണം ആഘോഷിക്കാൻ പുറത്തിറങ്ങിയപ്പോൾ എൻ്റെ സുഹൃത്തുക്കൾ പലരും ആ ക്യാമ്പിൽ തന്നെയാണല്ലോ എന്ന് ഞാനോർത്തു. ഞാൻ വീട്ടിൽ എല്ലാ വിഭവങ്ങളോടെയും ഭക്ഷണം കഴിക്കുമ്പോൾ അവർ അവിടെ പരിമിതമായ സൗകങ്ങളിൽ ഒത്തൊരുമയോടെ ഓണം ആഘോഷിക്കും. അർഹിക്കപെടാത്ത എന്തോ ഞാൻ നേടിയെടുത്തതുപോലെ എനിക്ക് തോന്നി. വീട്ടിലെത്തിയപ്പോൾ കസിൻസിൻറെ വകയും കളിയാക്കൽ. ഞാൻ ഇവരെപറ്റിയെല്ലാം വിചാരിച്ചു കൂട്ടിയതെല്ലാം വെറുതേ ആയിരുന്നു എന്നെനിക്ക് മനസിലായി. ഞാൻ ആ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി വന്നിരുന്നെങ്കിൽ അവരെന്നെ അഭിനന്ദിച്ചേനെ. ഞാൻ ചെയ്ത തെറ്റുകൾ എനിക്ക് പൂർണമായും ബോധ്യമായി. NCCയിലെ ചിട്ടകളൊക്കെ ഒരു സംവിധാനത്തിന്റെ ഭാഗമായിരുന്നു. ഞാനത് മനസ്സിലാക്കാതെ പോയല്ലോ... പുറത്തിറങ്ങി ആലോചിച്ചപ്പോൾ ക്യാമ്പിലെ കാര്യങ്ങളെല്ലാം നല്ല രസകരമായിരുന്നല്ലോ എന്നെനിക്ക് തോന്നി. Home Sickness എന്ന തിമിരം ബാധിച്ചതിനാൽ രസകരമായതൊന്നും ഞാൻ ശരിക്കും കാണാതെ പോയി. Home Sicknessഇന് ഒരു അടിസ്ഥാനവും ഇല്ലെന്ന് പുറത്തിറങ്ങിയപ്പോൾ വ്യക്തവുമായി.  എൻ്റെ പ്രിയ സുഹൃത്തുക്കൾ ഇപ്പോളും ക്യാമ്പിൽ കഴിയുമ്പോൾ ഞാൻ പുറത്തിറങ്ങിയത് ഏറ്റവും വലിയ തെറ്റു തന്നെ. ക്യാമ്പിൽ കിട്ടിയിരുന്ന ശിക്ഷകൾ ശരിക്കും വിഷമിക്കേണ്ടതായിരുന്നില്ല ആസ്വദിക്കേണ്ടതായിരുന്നു എന്ന് എനിക്ക് മനസിലായി. അതിനെപറ്റിയെല്ലാം ആലോചിച്ചപ്പോൾ എല്ലാം ഒരു തമാശയായിട്ടാണ് തോന്നിയത്. കലിപ്പനായി നിന്ന ലാൽ ബാബു ചേട്ടനൊക്കെ യഥാർത്ഥത്തിൽ പാവം ആണെന്നും മനസിലായല്ലോ. എല്ലാം ഒരു അഭിനയം മാത്രം, ക്യാമ്പിൽ അച്ചടക്കം കൊണ്ടുവരുവാനുള്ള അഭിനയം മാത്രം. പട്ടാളത്തിലും ഇങ്ങനെ തന്നെയാണ്. നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും പട്ടാളക്കാരനോട് അവരുടെ പരിശീലന സമയത്തെ അനുഭവങ്ങൾ ചോദിച്ചാൽ അത് മനസിലാകും. സാധാരണക്കാരന് ചിലപ്പോൾ ചിന്തിക്കാൻ പോലും കഴിയാത്ത കഠിനമായ അവസ്ഥകളിലൂടെ പരിശീലന സമയത്ത് അവർക്ക് കടന്നുപോകേണ്ടി വരും. ശത്രുക്കളുടെ പിടിയിലായാൽ പോലും മനസാന്നിധ്യം കൈവിടാതെ നിൽക്കാൻ അതവരെ പ്രാപ്തമാക്കും. പാക്കിസ്ഥാന്റെ പിടിയിലായിട്ടും "I am not supposed to tell you that" എന്ന് ഉറച്ച ശബ്ദത്തോടെ പറഞ്ഞ അഭിനന്തൻ വർത്തമാനൻ എന്ന ഇന്ത്യൻ എയർ ഫോഴ്‌സ് പൈലറ്റിനെ നമ്മൾ എല്ലാവരും അഭിമാനത്തോടെ കണ്ടതാണ്. ആ ഒരു ധൈര്യം സേനകളിലെ പരിശീലനത്തിലൂടെ ലഭിക്കുന്നതാണ്.


മാറേണ്ടത് ഞാനാണെന്ന് എനിക്ക് മനസിലായി. എന്തൊക്കെ പ്രതീക്ഷകളായിട്ടാണ് NCCയിൽ ചേർന്നത്. പട്ടാളത്തിൽ ചേരണമെന്ന് ആഗ്രഹവും. എന്നിട്ടാണ് ഹോം സിക്ക്നെസ്സ്! ഇതുപോലെ എത്രയെത്ര പട്ടാളക്കാർ അതിർത്തിയിലും മറ്റും വീട്ടിലെ ഒരു ആഘോഷങ്ങൾക്കും വരാനാകാതെ വർഷങ്ങളായി ജോലിയെടുക്കുന്നുണ്ടാകും. അങ്ങനെ ഞാൻ തീരുമാനം എടുത്തു. ഞാൻ ക്യാമ്പിലേക്ക് തിരിച്ചു പോകുക തന്നെ ചെയ്യും. ഈ ഒരു ക്യാമ്പല്ല, ഇനി എത്ര ക്യാമ്പ് വരുമോ അതിനെല്ലാം ഞാൻ പോകും. ഇനി home sicknessഉമില്ല ഒന്നുമില്ല.


അങ്ങനെ ഞാൻ ഓണം കഴിഞ്ഞു പിറ്റേന്ന് തന്നെ ക്യാമ്പിൽ തിരിച്ചെത്തി. എന്തോ എനിക്ക് തിരികെ വീട്ടിലേയ്ക്ക് വന്നതുപോലെയാണ് തോന്നിയത്. കുറച്ച് ദിവസമായി ഒരു കുടുംബം പോലെ കഴിഞ്ഞതല്ലേ.ക്യാമ്പും ചുറ്റുപാടുമെല്ലാം വീടും പരിസരവുംപോലെ തോന്നി. കലിപ്പൻ ലാൽ ബാബു ചേട്ടൻ കലിപ്പ് മോഡിൽ തന്നെ ആണെങ്കിലും എനിക്കറിയാമല്ലോ ശരിക്കും ആളാരാണെന്ന്. പിന്നെ ഞാൻ ക്യാമ്പിൽ ഉഷാറായി. എല്ലാത്തിനും മുന്നിൽ തന്നെ നിന്നു. പണിഷ്മെന്റ് എന്ന് കേക്കുമ്പോൾ തന്നെ ചാടി നിന്ന് ചെയ്യും. ഓടാൻ പറഞ്ഞാൽ ഓടും ചാടാൻ പറഞ്ഞാൽ ചാടും. എനിക്ക് വളരെയേറെ ആത്മവിശ്വാസം വന്നെന്ന് എനിക്ക് മനസിലായി. എല്ലാവരും എന്നെ തിരിച്ചറിയുവാൻ തുടങ്ങി. അങ്ങനെ എല്ലാവരുമായി സൗഹൃദമായി. ഒരു കുടുംബം പോലെ തന്നെ. പലതരത്തിലുള്ള ആളുകൾക്കിടയിൽ എങ്ങനെ ജീവിക്കാം എന്ന് NCC പഠിപ്പിച്ചു തന്നു.


പിന്നീട് ഞാൻ ക്യാമ്പിലെ ഡ്യൂട്ടികളും മറ്റും ആവേശത്തോടെ എടുക്കുവാൻ തുടങ്ങി. മെയിൻ ഗേറ്റിലെ ഡ്യൂട്ടി, ക്വാർട്ടർ ഗാർഡ്, ബാരക്ക് സെൻറ്ററി എന്നിങ്ങനെ പലവിധ ഡ്യൂട്ടികൾ. രാത്രി എല്ലാവരും ഉറക്കത്തിലേയ്ക്ക് വീഴുമ്പോൾ രാത്രിയുടെ നിശബ്ദതയിൽ കാവൽ നിൽക്കുക എന്നത് ഒരു പ്രത്യേക സുഖമുള്ള ജോലിയാണ്. ഞാനതെല്ലാം ആസ്വദിച്ച് ചെയ്തു. എയർ ഫോഴ്‌സ് ആഗ്രഹങ്ങളെല്ലാം മാറി ഇനി പട്ടാളത്തിൽ ചേർന്നാൽ മതി എന്നുള്ള ആഗ്രഹങ്ങൾ വന്നു തുടങ്ങി. ഇന്ത്യയുടെ എല്ലാ കോണിലും സഞ്ചരിക്കാനാകുമെന്നുള്ളതും ജനത്തിനും സ്വത്തിനും കാവൽ നിൽക്കുമ്പോളുള്ള സുഖത്തിനോട് ലഹരി വന്നു തുടങ്ങിയതിനാലുമാണ് അങ്ങനെ ആഗ്രഹം വന്നുകയറിയത്. അങ്ങനെ ഒരു ദിവസം ബാരക്കിനു കാവൽ നിൽക്കുമ്പോളാണ് ഞങ്ങളുടെ സ്കൂളിൻറെ രണ്ടാം സീനിയർ ആയ അജോ ചേട്ടനെ പരിചയപ്പെടുന്നത്. 9Aയിൽ ആയിരുന്നു അജോ ചേട്ടൻ പഠിച്ചിരുന്നത്. അത്രയും കാലം ഞങ്ങൾ സംസാരിച്ചിരുന്നില്ല. ഞങ്ങളുടെ സീനിയർ ആണല്ലോ, അതുകൊണ്ട് സൗഹൃദ സംഭാഷണം ഉണ്ടാകില്ല എന്ന് ഞാൻ കരുതി. പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോളാണ് അജോ ചേട്ടനെ ശരിക്കും മനസ്സിലായത്. സ്വന്തം ജേഷ്ഠനെ പോലെ തോന്നി എനിക്ക്. പൊതുവെ ടെക്നോളജി ഇഷ്ടപ്പെട്ടിരുന്ന എനിക്ക് കിട്ടിയ പറ്റിയ സുഹൃത്ത് ആയിരുന്നു അജോ ചേട്ടൻ (അജോ ചേട്ടൻ പത്താം ക്ലാസ് കഴിഞ്ഞു സെമിനാരിയിൽ ചേർന്നു. ഇപ്പോൾ വൈദികനാണ്) മെമ്മറി കാർഡും പെൻ ഡ്രൈവും മൊബൈൽ ഫോണും കംപ്യൂട്ടറും എല്ലാം ഞങ്ങളുടെ സംസാര വിഷയമായി. അക്കാലത്താണ് പെൻഡ്രൈവോക്കെ പ്രചാരത്തിൽ വന്നത്. ക്യാമ്പിൽ ഒരു നല്ല സൗഹൃദം കൂടി. ക്യാമ്പ് വീണ്ടും മനസ്സിനോട് അടുത്തടുത്ത് വന്നു. 

അങ്ങനെ ക്യാമ്പിന്റെ അവസാന ദിവസം ആയിരിക്കുന്നു. അന്ന് രാത്രി ബഡാ ഘാനയും ക്യാമ്പ് ഫയറും ഉണ്ട്. അടുത്ത ദിവസം വീട്ടിൽ പോകാം. ആകെ ഉത്സവ പ്രതീതിയായിരുന്നു അവസാന ദിവസം. അത്രയും ദിവസത്തെ കഠിനമായ ദിവസങ്ങൾ കടന്നു സന്തോഷത്തിന്റെ രാത്രി. അത്രയും ദിവസം കലിപ്പനായി എല്ലാരേയും വിരട്ടി നടന്ന ലാൽ ബാബു ചേട്ടനൊക്കെ അന്ന് പിള്ളേരുടെ തോളത്തും കൈയിട്ടാണ് നടപ്പ്. അതല്ലെങ്കിലും അങ്ങനെയാണ്, NCCയിൽ നമ്മൾ ആദ്യം ഏറ്റവും കൂടുതൽ വെറുക്കുന്ന സീനിയർ ആയിരിക്കും അവസാനം നമ്മളുടെ ഏറ്റവും നല്ല സുഹൃത്ത്. അത്രയും ദിവസം കണ്ട ക്യാമ്പലായിരുന്നു അവസാന ദിവസം. അവസാന ദിവസം രാത്രി നല്ല സിവിൽ ഡ്രസ്സ് ഇട്ടാണ് നമ്മൾ പോകേണ്ടത്. യൂണിഫോം എല്ലാം പൊതിഞ്ഞു ബാഗിൽ വെക്കാം. അന്നാണ് ഞാൻ കുറെ ദിവസങ്ങൾ കൂടി എന്റെ നല്ല പാൻറ്സും ഷർട്ടും ഇടുന്നത്. പാന്റ്സ് ഇട്ടപ്പോൾ ഞാനാകെ ഞെട്ടി. ഇറുകിയിരുന്ന പാന്റ്സ് ഇപ്പോൾ  കൈകൊണ്ട്  പിടിച്ചില്ലെങ്കിൽ ഊരി പോകുന്ന അവസ്ഥയാണ്. കൈയിലുള്ള ബെൽറ്റിന് പുതിയ തുള ഇട്ടെങ്കിലേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അങ്ങനെ ഞാൻ പോലും അറിയാതെ NCC എന്നെ physically fit ആക്കിയെന്ന് എനിക്ക് ബോധ്യമായി. അവസാന ദിവസങ്ങളിൽ PTക്ക് നിർത്താതെ തന്നെ മുഴുവൻ ഓടി തീർക്കാൻ പറ്റിയതും കൂടുതൽ പുഷ് അപ്പുകൾ എടുക്കാൻ സാധിക്കുന്നതുമെല്ലാം ഞാൻ ഓർത്തു. എനിക്ക് വീണ്ടും സന്തോഷമായി. NCCയോടുള്ള ഇഷ്ടം വീണ്ടും കൂടി.


അന്ന് രാത്രി നല്ല ചിക്കൻ ബിരിയാണി കഴിച്ചു കൂട്ടുകാരോടൊപ്പം ഗ്രൗണ്ടിലെ ക്യാമ്പ് ഫയറിനു ചുറ്റും പാട്ടു പാടിയും നൃത്തം ചെയ്തും ആഘോഷിച്ചു. കലിപ്പൻ ലാൽ ബാബു ചേട്ടൻ ആണ് കുട്ടികളുടെ ഇടക്ക് നിന്ന് ഓളമുണ്ടാക്കുന്ന പ്രധാന ആള്. ക്യാമ്പ് തീർന്നല്ലോ, ഇനിയെന്തിനു കലിപ്പ് 😅


അങ്ങനെ എനിക്ക് ജീവിതത്തോടുള്ള കാഴ്‌ചപ്പാടുകൾ‌ തന്നെ NCC പലപ്പോഴായി മാറ്റിയെടുത്തു. ഞാൻ വീണ്ടും ക്യാമ്പുകൾക്ക് പോയി. അങ്ങനെ രണ്ടാം വർഷം സെന്റ് തോമസ് സ്കൂളിന്റെ പ്രധാന NCC സീനിയർ (ലീഡർ) ആയി എന്നെ നിയമിച്ചു. സർജന്റ് എന്ന റാങ്ക് ആണ് ലഭിച്ചത്. പോലീസ് കോൺസ്റ്റബിൾ മാരുടെ കൈയിൽ ഉണ്ടാകുന്നതുപോലെ three rank chevrons ലഭിക്കും. ടോണിയും സീനിയർ ആയി. അവൻ കോർപറൽ ആയിരുന്നു. പിന്നീട് കോളേജിലും NCCയിൽ ചേർന്നു. സ്കൂളിലും കോളേജിലുമായി പത്തിലധികം ക്യാമ്പുകൾക്ക് പോയി. അങ്ങനെ കോളേജിലും ഒരു സീനിയർ ആകുവാൻ സാധിച്ചു. Under Officer  ആയിരുന്നു റാങ്ക്. ആനുവൽ ട്രെയിനിങ് ക്യാമ്പ്, നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, റിപ്പബ്ലിക് ഡേ ക്യാമ്പിന്റെ ആദ്യ സെക്ഷൻ ക്യാമ്പുകൾ, മൗലങ്കാർ ക്യാമ്പ്, ആർമി അറ്റാച്മെന്റ് ക്യാമ്പ്, സൈക്കിൾ ഏസ്പീഡിഷൻ എന്നിങ്ങനെ പല ക്യാമ്പുകൾക്കും പോകാനായി. ആദ്യ ക്യാമ്പിലെ കാര്യം പറഞ്ഞു കളിയാക്കിയിരുന്നു അമ്മ അവസാനം ക്യാമ്പിൽ പോകുമ്പോൾ വല്ലപ്പോളെങ്കിലും വിളിക്കണേ മോനെ എന്നായി😅.


എപ്പോളും ഒരു സേഫ് സോണിൽ ജീവിച്ചിരുന്ന എനിക്ക് അതിനു പുറത്തേക്കുള്ള ജീവിതം അറിയില്ലായിരുന്നു. കഠിനമായ ജീവിത സാഹചര്യങ്ങൾ വന്നാൽ തീരുമാനങ്ങൾ എടുക്കാനാകാതെ നിന്നു പോയേനെ. അങ്ങനെയുള്ള എന്നെയാണ് NCC ഒരു പരിധി വരെ മാറ്റിയെടുത്തത്. ഇപ്പോൾ ഏതൊക്കെ കഷ്ടപ്പാടുള്ള സാഹചര്യങ്ങളിൽ ചെന്നാലും എനിക്ക് അതൊന്നും വല്യ പ്രശ്നങ്ങളായി തോന്നാറില്ല. അതെനിക്ക് മനസിലായത് ഇപ്പോളത്തെ ജോലിയുടെ ഭാഗമായി യാത്രകൾ പോകുമ്പോൾ ആണ്. ഏതു നാട്ടിൽ ചെന്ന് എന്ത് ഭക്ഷണം കിട്ടിയാലും എനിക്ക് കുറ്റം ഒന്നും തോന്നാറില്ല. നിനക്കെന്താ കുഴപ്പമില്ലാത്തത് എന്ന് കൂടെയുള്ളവർ ചോദിക്കാറുണ്ട്. കാരണം NCCയാണ്. കഠിനമായ ഭൂപ്രദേശങ്ങളിലൂടെയും പരിമിതമായ താമസ സൗകര്യങ്ങളിലും താമസിക്കേണ്ടി വരുമ്പോളും അതൊന്നും കുഴപ്പമില്ലാതെ തോന്നാൻ കാരണവും NCCയിൽ ലഭിച്ച പരിശീലനത്തിന് ഫലമാണ്. അങ്ങനെ ഞാൻ അറിയാതെ എന്തൊക്കെ മാറ്റങ്ങൾ ആണ്  എനിക്കുണ്ടായിരിക്കുന്നത്. NCCയിൽ ഉണ്ടായിരുന്ന ഏതൊരു  ആളെ ശ്രദ്ധിച്ചാലും അവരിലും ഇങ്ങനെ ചില പൊതുവായ കാര്യങ്ങൾ കാണാൻ സാധിക്കും. അതാണ് NCC! അതുകൊണ്ട് കുട്ടികളെ NCCയിൽ ചേർക്കുക. ഇനിവരുന്നത് Psychopath ഉകളുടെ കാലമാണെന്ന് എൻ്റെ സുഹൃത്ത് അരുൺ പറയുകയുണ്ടായി. സിനിമകളിലും മറ്റും നായകപ്രാധാന്യത്തോടെ psychopath കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കുട്ടികൾ അതൊരു ട്രെൻഡ് ആയിട്ട് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. "ഞാൻ ഒരു സൈക്കോ ആണ്" എന്ന് പറയുന്നത് ഇന്നൊരു ട്രെൻഡ് ആയി തുടങ്ങിയിട്ടുണ്ടല്ലോ. ഈയൊരു പ്രവണത ചിലപ്പോൾ ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്‌ടിച്ചേക്കാം. അതിനാൽ കുട്ടികളെ ചെറുപ്പത്തിൽ തന്നെ NCC പോലുള്ള പ്രസ്ഥാനങ്ങളിൽ ചേർത്താൽ നല്ലതായിരിക്കും. നിരവധി ആളുകളുമായി ഇടപെടാനും ടീം ആയി പ്രവർത്തിക്കുവാനും അവസരങ്ങൾ ലഭിക്കുമ്പോൾ നമ്മളുടെ കാഴ്ചപ്പാടുകളിൽ നമ്മളറിയാതെ തന്നെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ്.ലിങ്കുകൾ:
ഭാഗം 1       ഭാഗം 2     ഭാഗം 3   ഭാഗം 4  ഭാഗം 5

1 comment :

  1. വായിച്ച വന്നപ്പോ പഴയതുപോലെ ക്യാമ്പ് സിക്ക്നെസ്സ് അടിച്ചു തുടങ്ങി .....
    waiting for next camp .....

    ReplyDelete

Related Posts Plugin for WordPress, Blogger...